യാത്ര പറയാൻ ഉമ്മറത്ത് നിൽക്കുന്ന എല്ലാവരുടെയും മുഖത്ത് സങ്കടം നിഴലിച്ചു നിൽപ്പുണ്ട്. രമ അമ്മായിയുടെയും സാവിത്രി അമ്മായിയുടെയും മുഖത്തെ ആ പഴയ ചിരിയൊക്കെ എങ്ങോട്ടോ മാഞ്ഞിരുന്നു. നിറകണ്ണുകളുമായി നിൽക്കുകയായിരുന്നു ഭദ്രമ്മ.
അമ്മയുടെ ആ നിൽപ്പ് കണ്ട് അതുവരെ പിടിച്ചുനിന്ന പാർവണയുടെ നിയന്ത്രണം പൂർണ്ണമായും വിട്ടുപോയി. അവൾ വേഗം എന്റെ കൈവിട്ട് ഓടിച്ചെന്ന് ഭദ്രമ്മയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. ഭദ്രമ്മ അവളെ നെഞ്ചോട് ഇറുകെ ചേർത്ത് ആ നെറുകയിൽ തലോടുമ്പോഴും, ആ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. രണ്ടുമാസത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ സന്തോഷം പെട്ടെന്ന് തീർന്നുപോയല്ലോ എന്ന സങ്കടം ആ അമ്മയുടെയും മകളുടെയും തേങ്ങലുകളിൽ എനിക്ക് വ്യക്തമായി
കേൾക്കാമായിരുന്നു.
ഈ യാത്രയയപ്പ് ഇനിയും നീണ്ടാൽ ഇവളുടെ സങ്കടം ഒന്നുകൂടി കൂടുമെന്ന് എനിക്ക് തോന്നി. ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് ചെന്ന് ആ തോളിൽ വാത്സല്യത്തോടെ പിടിച്ചു.
”ചേച്ചീടെ കല്യാണത്തിന് നിങ്ങളെല്ലാവരും മറക്കാതെ തലേദിവസം തന്നെ എത്തണം കേട്ടോ… എന്നാ ഇനി നിന്ന് വൈകിക്കുന്നില്ല ഞങ്ങൾ ഇറങ്ങാ ട്ടോ…”
എന്റെ വാക്കുകളിലെ സങ്കടം മറച്ചുപിടിച്ച് ഞാൻ എല്ലാവരെയും നോക്കി ഒരു ചെറിയ ചിരിയോടെ പറഞ്ഞു.
ഭദ്രമ്മ പാർവണയുടെ കണ്ണുനീർ സാരിത്തുമ്പുകൊണ്ട് തുടച്ചുമാറ്റിയിട്ട് നിറഞ്ഞ കണ്ണുകളോടെ എന്റെ നേരെ തിരിഞ്ഞു.
”എന്റെ കുട്ടീനെ ഞാൻ വീണ്ടും നിന്റെ കൈയ്യിൽ ഏൽപ്പിക്കുവാ മോനേ…”
ഭദ്രമ്മ വല്ലാത്തൊരു സ്നേഹത്തോടെ എന്റെ കൈകളിൽ പിടിച്ചു.
“കല്യാണം കഴിഞ്ഞിട്ട് സ്വന്തം വീട് വിട്ടു നിൽക്കുന്നതിന്റെ യാതൊരു സങ്കടവും ഇല്ലാതെ അവളെ പൊന്നുപോലെ നോക്കുന്ന നിന്നെയും നിന്റെ വീട്ടുകാരെയും കാണുമ്പോഴാ ഈ അമ്മയ്ക്ക് ശരിക്കും സമാധാനമാവുന്നത്. യാത്രാക്ഷീണം ഉണ്ടാവും, അവിടെച്ചെന്നിട്ട് എന്നെ വിളിക്കാൻ മറക്കരുത് ട്ടോ…”
അതുകേട്ട് ഞാൻ ചിരിയോടെ തലകുലുക്കി സമ്മതിച്ചു. അപ്പോഴേക്കും സാവിത്രി അമ്മായിയും രമ അമ്മായിയും പാർവണയുടെ അടുത്തേക്ക് വന്നു.
”കരയാതെ പോയിട്ട് വാ മോളെ. ആദി പറഞ്ഞതുപോലെ അനഘ മോളുടെ കല്യാണത്തിന് തലേന്ന് തന്നെ ഞങ്ങൾ എല്ലാവരും എന്തായാലും അങ്ങോട്ടേക്ക് എത്തും. നിങ്ങൾ രണ്ടാളും സൂക്ഷിച്ച് പോയിട്ട് വാ,”
സാവിത്രി അമ്മായിയും രമ അമ്മായിയും സ്നേഹത്തോടെ അവളെ ചേർത്തുപിടിച്ചു പറഞ്ഞു.
മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കാലുതൊട്ട് അനുഗ്രഹം വാങ്ങി, അമ്മാവൻമാരോടും യാത്രാമൊഴി പറഞ്ഞ് ഞങ്ങൾ പതിയെ പടിപ്പുര കടന്നു. ഗേറ്റിന് പുറത്ത് ഞങ്ങളെയും കാത്ത് ടാക്സി കിടപ്പുണ്ടായിരുന്നു. ബാഗുകൾ ഡിക്കിയിൽ വെച്ച് വണ്ടിയിൽ കയറി ഇരിക്കുമ്പോഴും അവളുടെ കണ്ണുകൾ ആ പടിപ്പുരയിലും ഉമ്മറത്തും തന്നെയായിരുന്നു. വണ്ടി പതിയെ മുന്നോട്ട് നീങ്ങിത്തുടങ്ങി. ആ പഴയ തറവാടും പ്രിയപ്പെട്ടവരും കാഴ്ച്ചയിൽ നിന്നും മറയുന്നതുവരെ അവൾ ഗ്ലാസ്സിലൂടെ പുറത്തേക്ക് തന്നെ നോക്കിയിരിപ്പുണ്ടായിരുന്നു.
ഓർമ്മകളുടെ വലിയൊരു സുഗന്ധം ബാക്കിവെച്ച്, പാലക്കാടൻ ഗ്രാമവഴികളിലൂടെ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി ഞങ്ങളുടെ കാർ കുതിക്കുമ്പോൾ, എന്റെ നെഞ്ചോട് ചേർന്നിരുന്ന് വിതുമ്പുന്ന എന്റെ കാട്ടുദേവതയെ ഞാൻ ഒന്നുകൂടി മുറുകെ ചേർത്തുപിടിച്ചു. വരാനിരിക്കുന്ന പുതിയൊരു മംഗല്യത്തിന്റെ
പ്രതീക്ഷകളുമായി ആ തീവണ്ടി യാത്രയ്ക്കായി ഞങ്ങൾ പ്ലാറ്റ്‌ഫോമിലേക്ക് നടന്നു…
ട്രെയിനിന്റെ ജനാലയ്ക്കരികിൽ ഇരുന്ന് ദൂരേക്ക് നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ അപ്പോഴും നേരിയൊരു നനവുണ്ടായിരുന്നു. പാലക്കാടൻ കാറ്റും കരിമ്പനക്കാടുകളും പതിയെ പിന്നിലേക്ക് മറയുമ്പോൾ, സ്വന്തം വേരുകളിൽ നിന്നും വീണ്ടും അടർന്നുമാറുന്നതിന്റെ സങ്കടം ആ മുഖത്ത് വ്യക്തമായി കാണാമായിരുന്നു. ഞാൻ പതുക്കെ അവളുടെ തോളിലൂടെ കയ്യിട്ട് അവളെ എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു. ആ ചേർത്തുപിടിക്കലിൽ അവൾക്ക് വല്ലാത്തൊരു ആശ്വാസം കിട്ടിയതുപോലെ തോന്നി. ട്രെയിനിന്റെ താളത്തിനൊപ്പം, ജനാലയിലൂടെ വന്ന കാറ്റേറ്റ് അവൾ പതിയെ എന്റെ നെഞ്ചിൽ കിടന്ന് മയങ്ങി.
