മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വണ്ടി ഇറങ്ങുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. സ്റ്റേഷനിൽ നിന്നും ഒരു ഓട്ടോ പിടിച്ച് കഴക്കൂട്ടത്തെ വീട്ടിലേക്ക് പോകുമ്പോൾ നഗരത്തിൽ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. ഓട്ടോയുടെ പിൻസീറ്റിലിരുന്ന് നഗരത്തിലെ വെളിച്ചങ്ങളിലേക്ക് നോക്കുമ്പോൾ അവളുടെ മുഖത്തെ സങ്കടമൊക്കെ പതിയെ മാറി അവിടെ പഴയ സന്തോഷം തിരികെ വന്നിരുന്നു.
ഓട്ടോ വീട്ടിലെത്തി ഗേറ്റിന് മുന്നിൽ നിന്നതും, കാൽപ്പെരുമാറ്റം കേട്ടാകണം അമ്മ വേഗം ഉമ്മറത്തേക്ക് ഇറങ്ങിവന്നു. ഞാൻ പൈസ കൊടുത്ത് ബാഗുകളുമെടുത്ത് ഗേറ്റ് കടക്കുമ്പോൾ, വലിയൊരു സന്തോഷത്തോടെ ഞങ്ങളെയും നോക്കി നിൽക്കുകയായിരുന്നു അമ്മ. രണ്ടുദിവസം ഞങ്ങളെ കാണാതിരുന്നതിന്റെ സകല പരിഭവവും സ്നേഹവും ആ മുഖത്തുണ്ടായിരുന്നു.
മുറ്റത്തേക്ക് കയറിയ പാടെ പാർവണ ഓടിച്ചെന്ന് അമ്മയെ ഇറുകെ കെട്ടിപ്പിടിച്ചു.
”അമ്മേ…”
സ്നേഹത്തോടെ അവൾ വിളിച്ചു.
“ഞങ്ങൾ ഇല്ലാത്തോണ്ട് അമ്മയ്ക്ക് വല്ലാതെ ബോറടിച്ചോ ഇവിടെ?”
അവളുടെ ആ കൊഞ്ചൽ കേട്ട് അമ്മയുടെ മുഖത്ത് വലിയൊരു ചിരി വിടർന്നു. അമ്മ വളരെ വാത്സല്യത്തോടെ അവളുടെ മുടിയിഴകളിൽ തലോടി.
”ഏയ് ബോർ ഒന്നും അടിച്ചില്ല?…”
അമ്മ വെറുതെ കള്ളപ്പരിഭവം നടിച്ചു.
“എന്തായാലും എന്റെ കുട്ട്യോള് വന്നല്ലോ, അതുമതി.”
പിന്നെ എന്റെ നേരെ നോക്കി അമ്മ ചോദിച്ചു.
“മുഖത്തൊക്കെ നല്ല ക്ഷീണമുണ്ടല്ലോടാ. അവിടെ എല്ലാവർക്കും സുഖം തന്നെയല്ലേ? ഭദ്രയ്ക്കും മുത്തശ്ശനും മുത്തശ്ശിക്കും ഒക്കെ…”
”എല്ലാവർക്കും സുഖാ അമ്മേ,”
ഞാൻ ബാഗ് ഉമ്മറത്തെ തിണ്ണയിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു.
“ട്രെയിനിലിരുന്നതിന്റെ ചെറിയൊരു ക്ഷീണം, അത്രേയുള്ളൂ. പിന്നെ ഭദ്രമ്മയും അമ്മായിമാരും ഒക്കെ അമ്മയോട് പ്രത്യേകം
അന്വേഷണം പറഞ്ഞിട്ടുണ്ട്. ചേച്ചീടെ കല്യാണത്തിന് എല്ലാവരും തലേദിവസം തന്നെ ഇങ്ങോട്ടെത്താമെന്ന് പറഞ്ഞിട്ടുണ്ട്.”
അതുകേട്ടപ്പോൾ അമ്മയുടെ മുഖത്ത് വലിയൊരു ആശ്വാസം വന്നുനിറഞ്ഞു.
”അത് എന്തായാലും നന്നായി. എല്ലാം നമ്മൾ വിചാരിച്ചതുപോലെ ഭംഗിയായിട്ട് നടക്കും,”
അമ്മ ചിരിയോടെ പറഞ്ഞു.
“ബാക്കി വിശേഷങ്ങളൊക്കെ പിന്നെ പറയാം. രണ്ടാളും വേഗം പോയി കുളിച്ചിട്ട് വാ. ഞാൻ നല്ല ചൂട് കഞ്ഞിയും പയറും പപ്പടവും എടുത്തു വെക്കാം. ഈ യാത്രാഷീണം അത് കുടിക്കുമ്പോഴേക്കും മാറിക്കോളും.”
”എന്നാ ഞാൻ വേഗം കുളിച്ചിട്ട് വരാം അമ്മേ…”
എന്ന് പറഞ്ഞ് പാർവണ എന്റെ കയ്യിലിരുന്ന ഒരു ബാഗും വാങ്ങി വലിയൊരു ഉന്മേഷത്തോടെ അകത്തേക്ക് നടന്നു.
അവളുടെ ആ പോക്കും നോക്കി നിൽക്കുമ്പോൾ, എനിക്ക് വല്ലാത്തൊരു അഭിമാനം തോന്നി. പാലക്കാട്ടെ ഇന്ദ്രനീലത്തിൽ നിന്നും എന്റെ കൈപിടിച്ച് ഈ പടിപ്പുര കടന്നുവന്നവൾ, ഇന്ന് ഈ വീടിന്റെയും എന്റെ അമ്മയുടെയും ജീവനായി മാറിയിരിക്കുന്നു. ഞാനും പതിയെ അകത്തേക്ക് നടന്നു.
യാത്രയുടെ മുഴുവൻ ക്ഷീണവും മാറ്റുന്നൊരു കുളിയും കഴിഞ്ഞ് ഫ്രഷ് ആയി ഞാനും പാർവണയും താഴേക്ക് വരുമ്പോൾ, അമ്മ പറഞ്ഞതുപോലെ തന്നെ ഊണുമേശയിൽ ആവി പറക്കുന്ന കഞ്ഞിയും ചെറുപയറും പപ്പടവും ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. നഗരത്തിലെ വലിയ ഹോട്ടലുകളിലെ ഭക്ഷണത്തേക്കാൾ എനിക്കെപ്പോഴും ഇഷ്ടം ഈ ചൂട് കഞ്ഞിയോടായിരുന്നു. വിശപ്പിന്റെ വലിയൊരു വിളിയോടെ ഞാൻ കസേരയിലേക്ക് ഇരുന്നു. എന്റെ തൊട്ടടുത്തായി പാർവണയും, ഞങ്ങൾക്ക് എതിർവശത്തായി അമ്മയും ഇരുന്നു.
കഞ്ഞി കുടിക്കുന്നതിനിടയിൽ, മനസ്സിൽ കിടന്നിരുന്ന ചെറിയൊരു സംശയം അമ്മ ചോദിച്ചു.
”ആദീ… നീ അവരുടെ വീടിന്റെ അഡ്രസ്സ് ഒക്കെ കൃത്യമായിട്ട് വാങ്ങിയിരുന്നോ? അല്ലാതെ നമ്മൾ
എങ്ങനെയാ അങ്ങോട്ട് പോവുക?”
ചൂട് കഞ്ഞി ഒന്ന് ഊതിക്കുടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
”അതൊക്കെ ചേച്ചി നേരത്തെ തന്നെ എനിക്ക് അയച്ചു തന്നിട്ടുണ്ട് അമ്മേ. പത്തനംതിട്ടയിൽ റാന്നിയിലാ വീട്. അവിടെ ചെന്നിട്ട് ‘ശേഖരന്റെ വീട്’ എവിടെയാണെന്ന് ചോദിച്ചാൽ അവിടെയുള്ള ആരും കാണിച്ചുതരുമെന്നാ ചേച്ചി പറഞ്ഞത്. എന്തായാലും നമുക്ക് പോയി നോക്കാം. വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല.”
