ഉണ്ടായിരുന്നത്. ഇന്നവൾ എന്റെ സ്വന്തമായി എന്റെ തൊട്ടരികിൽ തന്നെയുണ്ട്. സന്തോഷത്തോടെ ഞാൻ അവളെത്തന്നെ നോക്കിയിരുന്ന് പോയി.
ജനാലയ്ക്കപ്പുറത്തെ കാഴ്ചകളിൽ നിന്നും കണ്ണെടുക്കാതെ തന്നെ കാറ്റിന്റെ മൂളലിനിടയിലൂടെ അവൾ പെട്ടെന്ന് എന്നോട് ചോദിച്ചു.
”ആദീ… അരവിന്ദേട്ടന്റെ വീട്ടില് പോക്ണത് ഈ വരണ ഞായറാഴ്ച അല്ലെ?”
ഞാൻ അവളുടെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങിയിരുന്ന് പറഞ്ഞു.
”അതെ… ഈ ഞായറാഴ്ച തന്നെയാ. എന്തെ പെട്ടെന്ന് ഇപ്പൊ അത് ചോദിക്കാൻ?”
”അല്ല… നമ്മളിപ്പൊ ഇന്ദ്രനീലത്തില് പോയിട്ട് എന്നാ തിരിച്ചു വരിക എന്ന് ആലോയിച്ചതാ. ചേച്ചീടെ കല്യാണക്കാര്യം സംസാരിക്കാൻ അങ്ങ്ട് പോവണ്ടേ… അതിന് മുൻപ് നമുക്ക് തിരിച്ച് വീട്ടിൽ എത്തണ്ടേ…”
ആ നാട്ടുഭാഷയുടെ വല്ലാത്തൊരു ഭംഗി അവളുടെ സംസാരത്തിലുണ്ടായിരുന്നു.
”നമ്മൾ രണ്ടു മാസത്തിന് ശേഷം ആദ്യമായിട്ടല്ലേ നിന്റെ തറവാട്ടിലേക്ക് പോകുന്നത്. അവിടെ ചെന്ന് രണ്ടു ദിവസമെങ്കിലും നിൽക്കാതെ എങ്ങനെയാ?”
ഞാൻ അവളുടെ വിരലുകളിൽ കോർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.
“വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ നമുക്ക് തിരിച്ചു പോരാം. ഞായറാഴ്ച അരവിന്ദിന്റെ വീട്ടിൽ പോകാൻ എന്തായാലും നമ്മൾ ഇവിടെ ഉണ്ടാകും. ചേച്ചിക്ക് ലീവ് കിട്ടില്ല എന്ന്
പറഞ്ഞതുകൊണ്ട്, അമ്മയും നമ്മളും കൂടി പോയി അവരുടെ വീട്ടുകാരുമായി സംസാരിച്ച് കാര്യങ്ങൾ ഉറപ്പിക്കാം. അതുകൊണ്ട് എന്റെ പെണ്ണ് അതൊന്നും ഓർത്ത് ടെൻഷനാവണ്ട. സ്വന്തം നാടും വീടുമൊക്കെ കണ്ട് കൊതിതീരുവോളം അവിടെ നിന്നിട്ട് നമുക്ക് പോരാം.”
എന്റെ ആ വാക്കുകൾ കേട്ടപ്പോൾ അവൾക്ക്സ
മാധാനമായി.
”എനിക്കിപ്പൊ വല്ലാത്തൊരു കൊതിയാവ്ണ്ണ്ട് ആദീ, എത്രയും വേഗം ഇന്ദ്രനീലത്തില് എത്താൻ. അമ്മേനേം മുത്തശ്ശനേം മുത്തശ്ശീനേം ഒക്കെ കാണാൻ വല്ലാണ്ട് തോന്ന്വാ…”
അവൾ ആവേശത്തോടെ പറഞ്ഞു.
”അപ്പൊ ഈ ആദിയോടുള്ള സ്നേഹമൊക്കെ കുറഞ്ഞോ എന്റെ ദേവതയ്ക്ക്?”
ഞാൻ ചെറുതായിട്ടൊന്ന് അവളെ കളിയാക്കി.
”ഓ… വല്ലാത്തൊരു കുശുമ്പ് തന്ന്യ…”
അവൾ കള്ളച്ചിരിയോടെ എന്റെ തോളിലേക്ക് പതുക്കെ ചാഞ്ഞു.
“ആദി എന്റെ കൂടെയുള്ളതുകൊണ്ടല്ലേ എനിക്ക് ഈ സന്തോഷമൊക്കെ…”
ആ വാക്കുകളിൽ വലിയൊരു പ്രണയമുണ്ടായിരുന്നു. സഹ്യന്റെ മടിത്തട്ടിലൂടെ പാഞ്ഞുകൊണ്ടിരിക്കുന്ന ആ ട്രെയിനിലിരുന്ന്, അവളുടെ മുടിയിലെ ആ പഴയ ചന്ദനഗന്ധവും ശ്വസിച്ച് കൊല്ലങ്കോട്ടേക്കുള്ള ആ യാത്ര ഞാൻ ശരിക്കും ആസ്വദിക്കുകയായിരുന്നു.
പാലക്കാട് സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുമ്പോൾ സമയം
ഉച്ചയോടടുത്തിരുന്നു. സ്റ്റേഷന് പുറത്തുനിന്നും കൊല്ലങ്കോട്ടേക്ക് ഞങ്ങൾ ഒരു ടാക്സി വിളിച്ചു. ടൗണിന്റെ തിരക്കുകൾ പതിയെ പിന്നിലായി കാർ ഗ്രാമത്തിന്റെ ശാന്തതയിലേക്ക് കടന്നു.
കൊല്ലങ്കോടിന്റെ അതിർത്തിയിലേക്ക് എത്തിയപ്പോൾ പ്രകൃതി അതിന്റെ ഏറ്റവും മനോഹരമായ പച്ചപ്പുടവ അണിഞ്ഞുനിൽക്കുകയായിരുന്നു. കാറിന്റെ ഗ്ലാസ്സ് പതുക്കെ താഴ്ത്തിക്കൊണ്ട് അവൾ ആ പാടവരമ്പുകളെ തഴുകിവരുന്ന കാറ്റിലേക്ക് മുഖം വെച്ചു. ദൂരെ ആകാശത്തെ തൊട്ടുനിൽക്കുന്ന നെല്ലിയാമ്പതി മലനിരകൾ കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്നു. വലിയൊരു കോട്ടപോലെ കൊല്ലങ്കോടിന് കാവൽ നിൽക്കുന്ന ആ പർവ്വതനിരകളിൽ തട്ടിത്തിരിച്ചുവരുന്ന കാറ്റിന് വല്ലാത്തൊരു കുളിർമയുണ്ടായിരുന്നു. റോഡിന് ഇരുവശത്തും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പണിഞ്ഞ നെൽപ്പാടങ്ങൾ. അതിരുകളിൽ കാവൽക്കാരെപ്പോലെ തലയുയർത്തി നിൽക്കുന്ന കരിമ്പനകൾ. ആ കരിമ്പനയോലകൾ കാറ്റിലുരസുമ്പോഴുണ്ടാകുന്ന ശബ്ദവും, നനഞ്ഞ മണ്ണിന്റെ ഗന്ധവും ആ നാടിന്റെ മാത്രം പ്രത്യേകതയായിരുന്നു. അവളുടെ വേരുകൾ ഉറങ്ങിക്കിടക്കുന്ന ആ മണ്ണിലൂടെയുള്ള യാത്ര എന്റെ മനസ്സിലും വല്ലാത്തൊരു ശാന്തത നിറച്ചു.
കാർ ഇന്ദ്രനീലത്തിന്റെ വലിയ പടിപ്പുരയ്ക്ക് മുന്നിൽ വന്നു നിന്നു. ഡ്രൈവർക്ക് പൈസ കൊടുത്ത് ബാഗുകളുമെടുത്ത് ഞങ്ങൾ പടിപ്പുര കടന്ന് ആ വലിയ മുറ്റത്തേക്ക് നടന്നു.
