മുറ്റവും നടുവിലെ തുളസിത്തറയും പിന്നിട്ട് ഞങ്ങൾ ഉമ്മറത്തേക്ക് കയറുമ്പോൾ, അവിടെ ചാരുപടിയിൽ നരച്ച താടിയും തടവി പുറത്തേക്ക് നോക്കിയിരിപ്പുണ്ടായിരുന്നു മുത്തശ്ശൻ. ഞങ്ങളുടെ കാൽപ്പെരുമാറ്റം കേട്ട് അദ്ദേഹം പതിയെ തിരിഞ്ഞുനോക്കി. ഞങ്ങളെ കണ്ടതും ആ മുഖത്തെ ഗൗരവമൊക്കെ ഒറ്റയടിക്ക് മാറി അവിടെ വലിയൊരു ചിരി വിടർന്നു.
”ആഹാ… നോക്കിയേതാരാ വന്നിരിക്കുന്നേന്ന്… നമ്മുടെ എഞ്ചിനീയർ കുട്ടിയല്ലേ അത്? കൂടെ തറവാട്ടിലെ തമ്പുരാട്ടിയും ഉണ്ടല്ലോ…”
മുത്തശ്ശൻ ചാരുപടിയിൽ നിന്നും വലിയ സന്തോഷത്തോടെ എഴുന്നേറ്റു.
”ഇങ്ങോട്ടുള്ള വഴി ഈ ആദിക്ക് അങ്ങനെ മറക്കാൻ പറ്റുമോ മുത്തശ്ശാ…”
ഞാൻ ചിരിച്ചുകൊണ്ട് അങ്ങോട്ട് ചെന്ന് ആ കാലുകളിൽ തൊട്ടു വന്ദിച്ചു. പിന്നാലെ എന്റെ പാർവണയും.
മുത്തശ്ശന്റെ ഉച്ചത്തിലുള്ള ആ സംസാരം കേട്ടാണ് അകത്തുനിന്നും അവർ ഓരോരുത്തരായി പുറത്തേക്ക് വന്നത്. ആദ്യം ഓടിവന്നത് ഭദ്രമ്മയായിരുന്നു. പിന്നാലെ സാവിത്രി അമ്മായിയും രമ അമ്മായിയും, ഒരു വടിയും കുത്തിപ്പിടിച്ച് പതിയെ നടന്ന് മുത്തശ്ശിയും ഉമ്മറത്തേക്ക് വന്നു.
രണ്ടു മാസത്തിന് ശേഷം സ്വന്തം മകളെ കാണുന്ന ഒരമ്മയുടെ സകല വിങ്ങലും ഭദ്രമ്മയുടെ മുഖത്തുണ്ടായിരുന്നു.
വാക്കുകൾ പുറത്തുവരുന്നതിന് മുൻപേ ഭദ്രമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. യാതൊരു നിയന്ത്രണവുമില്ലാതെ പാർവണ ഓടിച്ചെന്ന് അമ്മയുടെ നെഞ്ചിലേക്ക് വീണ് ഇറുകെ കെട്ടിപ്പിടിച്ചു. ആ വലിയ തറവാടിന്റെ ഉമ്മറത്ത് രണ്ടുമാസത്തെ വിരഹത്തിന്റെ സകല സങ്കടങ്ങളും സന്തോഷവും ആ അമ്മയും മകളും പങ്കുവെക്കുകയായിരുന്നു. ഭദ്രമ്മ അവളെ തന്നിലേക്ക് ഒന്നുകൂടി അമർത്തിപ്പിടിച്ച് ആ നെറുകയിൽ തുരുതുരാ ഉമ്മവെച്ചു.
”എന്റെ മോള്… ഈ രണ്ടു മാസം എനിക്ക് രണ്ടു കൊല്ലം പോലെയാർന്നു കുട്ട്യേ…”
ഭദ്രമ്മയുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങുന്നുണ്ടായിരുന്നു.
”അമ്മേ…”
എന്ന് വിതുമ്പിക്കൊണ്ട് അവൾ അമ്മയുടെ നെഞ്ചിലേക്ക് ഒന്നുകൂടി ഒതുങ്ങി. ആ കണ്ണുനീർ ഭദ്രമ്മയുടെ തോളുകളെ നനയ്ക്കുന്നുണ്ടായിരുന്നു.
അവരുടെ ആ നിൽപ്പ് കണ്ട് സാവിത്രി അമ്മായിയുടെയും രമ അമ്മായിയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. മുത്തശ്ശി പതിയെ വന്ന് പാർവണയുടെ തലയിൽ വാത്സല്യത്തോടെ തലോടി.
”അതേയ്… കല്യാണം കഴിഞ്ഞ് ആദ്യായിട്ട് വിരുന്നിന് വന്നതാ കുട്ട്യോള്. അപ്പൊത്തന്നെ ഇങ്ങനെ കെട്ടിപ്പിടിച്ച് കരയാൻ നിന്നാ എങ്ങനെയാ ഭദ്രേ? അവരൊന്ന് കേറി ഇരിക്കട്ടെ. നമ്മടെ ആദി എന്ത് വിചാരിക്കും…”
മുത്തശ്ശി സ്നേഹത്തോടെ ഭദ്രമ്മയെ ശാസിച്ചു.
അതുകേട്ട് ഭദ്രമ്മ വേഗം സാരിത്തുമ്പുകൊണ്ട് കണ്ണുതുടച്ച് എന്റെ നേരെ തിരിഞ്ഞു. ആ മുഖത്ത് എന്നോടുള്ള വലിയൊരു വാത്സല്യമുണ്ടായിരുന്നു. സ്വന്തം മകളുടെ ജീവന് കാവലായി നിന്നവനോടുള്ള ഒരമ്മയുടെ സ്നേഹം.
”ആദിക്ക് സുഖല്ലേ മോനേ? ഭാമയ്ക്കും അനഘയ്ക്കും ഒക്കെ സുഖല്ലേ അവിടെ?”
ഭദ്രമ്മ എന്റെ കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു.
”എല്ലാവർക്കും സുഖാമ്മേ. അമ്മയും ചേച്ചിയുമൊക്കെ എല്ലാവരോടും പ്രത്യേകം അന്വേഷണം പറയാൻ പറഞ്ഞിട്ടുണ്ട്,”
ഞാൻ വലിയൊരു ചിരിയോടെ പറഞ്ഞു.
“കുറച്ചു ദിവസത്തേക്ക് ഇവളെ ഞാൻ ഇങ്ങോട്ട് ഏൽപ്പിക്കുവാ… എന്റെ പെണ്ണിന് സ്വന്തം നാടും വീടും കാണാൻ വല്ലാത്ത കൊതിയായിരുന്നു.”
”ഇത്രേം ദൂരം യാത്ര ചെയ്ത് വന്നതല്ലേ രണ്ടാളും. കേറി വാ ആദീ…”
സാവിത്രി അമ്മായി വലിയ സന്തോഷത്തോടെ എന്നെ അകത്തേക്ക് ക്ഷണിച്ചു.
രമ അമ്മായി പാർവണയുടെ കയ്യിൽ പിടിച്ച്,
“വാ മോളെ… രണ്ടാളും പോയി കുളിച്ച് ഫ്രഷ് ആവ്, ഞാൻ കുടിക്കാൻ എന്തെങ്കിലും എടുത്തു വെക്കാം,”
രമ അമ്മായി പറഞ്ഞതുപോലെ കുളിച്ച് ഫ്രഷ് ആവാനായി ഞങ്ങൾ നേരെ മുകളിലത്തെ നിലയിലേക്ക്
നടന്നു. എനിക്കായി അന്ന് അവർ തുറന്നുതന്ന അതേ തെക്കിനിയിലെ മുറി! തടിയിൽ തീർത്ത ഭിത്തികളും വലിയ ജനലുകളുമുള്ള ആ പഴയ മുറിയിലേക്ക് അവൾക്കൊപ്പം കയറുമ്പോൾ എന്റെ മനസ്സിലേക്ക് പഴയ ഓർമ്മകൾ ഓടിയെത്തി. അന്ന് ഒരു അപരിചിതനെപ്പോലെ ഈ മുറിയിലേക്ക് വന്ന എനിക്ക്, അവൾ ആ ജനലുകൾ തുറന്നിട്ടപ്പോൾ പുറത്തെ കരിമ്പനക്കാടുകളിൽ നിന്നടിച്ച കാറ്റിന് വല്ലാത്തൊരു കുളിർമയുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ കാറ്റിനേക്കാൾ വലിയൊരു കുളിർമ എന്റെ നെഞ്ചോട് ചേർന്നുനിൽക്കുന്നവൾക്കാണ്.
