പാർവണം – 8 12അടിപൊളി  

കുറച്ചുനേരം നോക്കിനിന്നു പോയി.

​”നീ ഇതെങ്ങോട്ടാ പെണ്ണേ ഈ സമയത്ത്?”

എന്റെ നോട്ടം കണ്ട് ചമ്മലോടെ നിൽക്കുന്നവളോട് ഞാൻ ചോദിച്ചു.

​അവൾ പതുക്കെ എന്റെ അടുത്തേക്ക് വന്ന് കുസൃതിയോടെ എന്റെ തലയിലൊന്ന് പതുക്കെ കിഴുക്കി.

​”കാവില് വിളക്ക് വെക്കാൻ… ആദി വരണുണ്ടോ കൂടെ?”

അവൾ ചോദിച്ചു.

​”ഇല്ല… ഞാൻ ഫ്രഷ് ആയി വരാൻ കുറച്ച് ടൈം എടുക്കും. നീ പോയിട്ട് വാ,”

ഞാൻ മറുപടി നൽകി.

​അതുകേട്ട് അവൾ എന്നെയൊന്ന് നോക്കി ചിരിച്ചിട്ട് വാതിൽ തുറന്ന് പുറത്തേക്ക് പോയി.

​ആ ഉറക്കച്ചടവ് മാറ്റാനായി ഞാനും വേഗം പോയി കുളിച്ചു ഫ്രഷ് ആയി. പുതിയൊരു ഷർട്ടും മുണ്ടുമെടുത്ത് ഉടുത്ത് ഞാൻ താഴേക്ക് ചെന്നു. ഉമ്മറത്തെ ആ വലിയ ചാരുപടിയിൽ ഇരിക്കുകയായിരുന്നു മുത്തശ്ശൻ. അദ്ദേഹത്തെ ശല്യം ചെയ്യാതെ ഞാൻ പതുക്കെ മുറ്റത്തേക്ക് ഇറങ്ങി. ഇന്ദ്രനീലത്തിന്റെ ആ വലിയ മുറ്റത്തുകൂടി ഞാൻ വെറുതെ നടന്നു. മുറ്റത്തിന്റെ നടുക്കുള്ള തുളസിത്തറയും, അതിനപ്പുറത്ത് നിൽക്കുന്ന ഇലഞ്ഞി മരവും എല്ലാം എന്നിൽ പഴയ ഓർമ്മകൾ നിറച്ചു. അന്ന് രാവിലെ ആ തുളസിതറയുടെ ചുവട്ടിൽ അവൾ കോലം വരച്ചു നിന്നത് എനിക്ക് പെട്ടെന്ന് ഓർമ്മവന്നു. കാറ്റത്ത് കരിമ്പനയോലകൾ ഉരയുന്ന ശബ്ദത്തിന് ഇപ്പോഴും ആ പഴയ കുളിർമ തന്നെയുണ്ടായിരുന്നു.

അങ്ങനെ മുറ്റത്ത് നിൽക്കുമ്പോഴാണ് ഹരിനാരായണൻ അമ്മാവനും ശ്രീനാരായണൻ അമ്മാവനും ഗേറ്റ് കടന്ന് വരുന്നത് ഞാൻ കണ്ടത്. എന്നെ കണ്ടതും വലിയൊരു സന്തോഷത്തോടെ അവർ ഓടി എന്റെ അടുത്തേക്ക് വന്നു.

​”ആഹാ… ഇതെപ്പൊ എത്തി ആദീ?”

ശ്രീനാരായണൻ അമ്മാവൻ എന്റെ തോളിൽ തട്ടിക്കൊണ്ട് ചോദിച്ചു.

​”ഞങ്ങൾ ഇന്ന് ഉച്ചയ്ക്ക് എത്തി അമ്മാവാ,”

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

​”അവളെവിടെ? പാർവണയെ കണ്ടില്ലല്ലോ?”

ഹരിനാരായണൻ അമ്മാവൻ ഉമ്മറത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.

​”അവള് വിളക്ക് വെക്കാൻ കാവിലേക്ക് പോയതാ അമ്മാവാ,”

ഞാൻ പറഞ്ഞു.

​അതുകേട്ടതും അമ്മാവൻമാർ പരസ്പരം നോക്കി ചിരിച്ചു.

​”അവളിനി ഇപ്പൊ എവിടെ ആയിരുന്നാലും

സന്ധ്യക്ക് ഈ കാവിൽ വന്ന് വിളക്ക് വെച്ചില്ലെങ്കിൽ അവൾക്കൊരു സമാധാനം ഉണ്ടാവില്ല,”

ശ്രീനാരായണൻ അമ്മാവൻ ചിരിയോടെ പറഞ്ഞു.

​പിന്നെ എന്നോട് വീട്ടിലെ വിശേഷങ്ങളൊക്കെ ചോദിച്ചുകൊണ്ട് അവർ ഉമ്മറപ്പടി കയറി

അകത്തേക്ക് പോയി. അവർ പോയതിന് ശേഷം ഞാൻ വെറുതെ ആ തെക്കേത്തൊടിയിലുള്ള വലിയ കുളപ്പുരയുടെ അടുത്തേക്ക് നടന്നു. കവുങ്ങിൻതോട്ടങ്ങൾക്കിടയിലൂടെയുള്ള ആ ചെറിയ ഇടവഴി ചെന്നവസാനിക്കുന്നത് വിശാലമായ ആ കരിങ്കൽപ്പടവുകളിലേക്കാണ്. കുളത്തിലെ പച്ചവെള്ളത്തിൽ ഇലഞ്ഞി മരത്തിന്റെയും കാഞ്ഞിരത്തിന്റെയും നിഴലുകൾ വീണുകിടപ്പുണ്ടായിരുന്നു. കുളപ്പുരയുടെ പഴയ ഓടുമേഞ്ഞ മേൽക്കൂരയും ആ പടവുകളും എന്നിൽ അവളോടുള്ള ആദ്യകാല പ്രണയത്തിന്റെ ഓർമ്മകൾ വീണ്ടും കൊണ്ടുവന്നു.

​ഞാൻ പതുക്കെ ആ കരിങ്കൽപ്പടവുകളിലേക്ക് ഇരുന്നു. അന്ന് അവൾ വെള്ളത്തിൽ കാലിട്ട് എന്നോട് അവളുടെ ഇഷ്ടങ്ങളെക്കുറിച്ച് സംസാരിച്ച ആ സായാഹ്നം എന്റെ മനസ്സിൽ വീണ്ടും വന്ന് നിറഞ്ഞു. ആ കുളപ്പുരയുടെ പറഞ്ഞറിയിക്കാൻ കഴിയാത്ത ശാന്തതയിൽ, കാവിലെ വിളക്കുവെച്ച് തിരികെ വരുന്ന എന്റെ പെണ്ണിനെയും കാത്ത് ആ പാലക്കാടൻ കാറ്റും കൊണ്ട് ഞാൻ അങ്ങനെ ഇരുന്നു…

കുളപ്പുരയിലെ ആ മനോഹരമായ സായാഹ്നത്തിന് ശേഷം ഇന്ദ്രനീലത്തിൽ ചിലവഴിച്ച ബാക്കിയുള്ള ദിവസങ്ങൾ വേഗത്തിലാണ് കടന്നുപോയത്.

പ്രിയപ്പെട്ടവർക്കൊപ്പം, ആ പഴയ തറവാടിന്റെ സ്നേഹത്തണലിൽ, പാലക്കാടൻ കാറ്റിന്റെ കുളിർമയേറ്റ് കൊഴിഞ്ഞുപോയ ഓരോ നിമിഷവും ഒരു കാവ്യം പോലെയായിരുന്നു ഞങ്ങൾക്ക്. പഴയ ഓർമ്മകൾ ഉറങ്ങുന്ന ഓരോ ഇടനാഴികളിലൂടെയും അവളോടൊപ്പം നടക്കുമ്പോൾ, സമയം എത്ര പെട്ടെന്നാണ് പോയിമറഞ്ഞതെന്ന് ഞാൻ അറിഞ്ഞതേയില്ല.

​അങ്ങനെ വെള്ളിയാഴ്ച പുലർന്നു. തിരികെ തിരുവനന്തപുരത്തേക്ക് പോകാനുള്ള ദിവസമാണ്. രാവിലത്തെ ഭക്ഷണവുമൊക്കെ കഴിഞ്ഞ്, യാത്രയ്ക്കുള്ള ബാഗുകളുമെടുത്ത് ഞങ്ങൾ പടിയിറങ്ങി ഉമ്മറത്തേക്ക് വരുമ്പോൾ ആ വലിയ തറവാട്ടിൽ വല്ലാത്തൊരു മൂകത തളംകെട്ടി നിന്നിരുന്നു.

Updated: August 20, 2026 — 3:47 pm

Leave a Reply

Your email address will not be published. Required fields are marked *