പാർവണം – 8 12അടിപൊളി  

രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ഞാനും അമ്മയും പാർവണയും ഹാളിലെ സോഫയിലിരുന്ന് വെറുതെ നാട്ടുകാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അവൾ എന്റെ തൊട്ടരികിൽ തന്നെ ചേർന്നിരിപ്പുണ്ട്. പെട്ടെന്നാണ് വീടിന്റെ കോളിംഗ് ബെൽ മുഴങ്ങിയത്.

​”ആരാത് ഈ രാവിലെത്തന്നെ…”

എന്ന് ചോദിച്ചുകൊണ്ട് അങ്ങോട്ട് പോകാനായി പാർവണ എഴുന്നേൽക്കാൻ തുടങ്ങിയതും, ഞാൻ അവളുടെ കയ്യിൽ പിടിച്ച് അവിടെ ഇരുത്തി.

​”നീ ഇരിക്ക്… ഞാൻ പോയി നോക്കാം,”

എന്ന് പറഞ്ഞ് ഞാൻ വാതിൽക്കലേക്ക് നടന്നു.

​മുൻവാതിൽ തുറന്നതും ഉമ്മറത്ത് നിൽക്കുന്ന ആളെകണ്ട് ഞാൻ സംശയത്തോടെ നിന്നുപോയി. ഏകദേശം ഇരുപത്തിനാലോ ഇരുപത്തഞ്ചോ വയസ്സ് പ്രായം തോന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരൻ. ഇളം നീലനിറത്തിലുള്ള ഫുൾസ്ലീവ് ഷർട്ടും

കറുത്ത പാന്റും ഇൻ ചെയ്ത് വളരെ ഡീസന്റ് ആയൊരു വേഷം. നന്നായി ചീകിയൊതുക്കിയ മുടിയും, മുഖത്ത് ചെറിയൊരു ടെൻഷൻ കലർന്നൊരു ചിരിയുമുണ്ട്. ഒറ്റനോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടം തോന്നുന്ന, നല്ല ഐശ്വര്യമുള്ള ഒരു പ്രകൃതം.

​എന്നെ കണ്ടതും ആ ചിരി ഒന്നുകൂടി വിടർന്നു. എന്നിലെ സംശയം മനസ്സിലാക്കിയിട്ടാകണം അവൻ സ്വയം പരിചയപ്പെടുത്തി.

​”ഞാൻ അരവിന്ദ്… അനഘയുടെ കൂടെ ബാംഗ്ലൂരിൽ വർക്ക് ചെയ്യുന്നതാ…”

​ആ പേര് കേട്ടതും എന്റെ ഓർമ്മകൾ ഒറ്റയടിക്ക് കഴിഞ്ഞ ആഴ്ചയിലേക്ക് പോയി. അവൻ ഈ ആഴ്ച നാട്ടിലേക്ക് വരുമെന്നും ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ടെന്നും ചേച്ചി ഫോണിൽ വിളിച്ച് പറഞ്ഞത് ഞാൻ പെട്ടെന്ന് ഓർത്തു. ഞാൻ അവനെ അടിമുടി ഒന്നുകൂടി സൂക്ഷിച്ചു നോക്കി.

എന്റെ പെങ്ങളുടെ ഭർത്താവായി ഈ വീട്ടിലേക്ക് കയറിവരാൻ പോകുന്നവനാണ്. ഒരു ഏട്ടന്റെ സകല അധികാരങ്ങളോടെയുമാണ് ഞാൻ അവനെ നോക്കിയത്. കാഴ്ചയിലോ പെരുമാറ്റത്തിലോ യാതൊരു കുറവുകളും എനിക്ക് തോന്നിയില്ല.

​”ആഹ്… മനസ്സിലായി. ചേച്ചി പറഞ്ഞിട്ടുണ്ടായിരുന്നു. അകത്തേക്ക് വാ…”

ഞാൻ ചിരിച്ചുകൊണ്ട് അവനെ അകത്തേക്ക് ക്ഷണിച്ചു. അവനെ ഹാളിലേക്ക് കയറ്റി. അപരിചിതനായ ഒരാളെ കണ്ടതിന്റെ ചെറിയൊരു സംശയത്തിൽ സോഫയിലിരിക്കുകയായിരുന്ന അമ്മയും എഴുന്നേറ്റു നിന്നു. ഞാൻ പോയി പാർവണയുടെ അടുത്തായി ഇരുന്നുകൊണ്ട്, ഞങ്ങൾക്ക് എതിർവശത്തുള്ള സോഫ ചൂണ്ടിക്കൊണ്ട് അവനോട് പറഞ്ഞു.

​”അരവിന്ദ്… ഇരിക്ക്.”

​അവൻ വല്ലാത്തൊരു ഭയത്തോടെ, വലിയൊരു ബഹുമാനത്തോടെ അമ്മയെ ഒന്ന് നോക്കിയിട്ട് ആ സോഫയുടെ ഒരറ്റത്തായി ഇരുന്നു.

കാമുകിയുടെ വീട്ടിലേക്ക് ആദ്യമായി വരുന്നതിന്റെ സകല വിറയലും ആ ഇരിപ്പിലുണ്ടായിരുന്നു.

​”അമ്മേ… ഇത് അരവിന്ദാ. ചേച്ചിയുടെ കൂടെ ബാംഗ്ലൂരിൽ വർക്ക് ചെയ്യുന്ന പയ്യനാ…”

ഞാൻ അമ്മയ്ക്ക് അവനെ പരിചയപ്പെടുത്തിക്കൊടുത്തു.

​അതുകേട്ടതും അമ്മയുടെ മുഖത്തെ ഭാവം ഒറ്റയടിക്ക് മാറി. ഇത്രയും നാൾ മനസ്സിൽ പേടിയോടെ കൊണ്ടുനടന്ന ആളെയാണ് നേരിട്ട് കാണുന്നത്. അമ്മ അവനെ വളരെ സൂക്ഷിച്ചൊന്ന് നോക്കി. ആ നോട്ടത്തിൽ ഒരു അമ്മയുടെ സകല ചോദ്യങ്ങളുമുണ്ടായിരുന്നു.

​അമ്മ പതുക്കെ സോഫയിലേക്ക് ഇരുന്നുകൊണ്ട് ഗൗരവത്തിൽ ചോദിച്ചു.

​”നാട് എവിടെയാ മോനെ?”

​”പത്തനംതിട്ടയിലാ അമ്മേ…”

അവൻ വളരെ വിനയത്തോടെ, തല അല്പം കുനിച്ചുപിടിച്ച് മറുപടി പറഞ്ഞു. ആ വിളി അമ്മയുടെ

ഉള്ളിലൊന്ന് തട്ടിയെന്ന് അമ്മയുടെ മുഖത്തെ മാറ്റത്തിൽ നിന്നും എനിക്ക് മനസ്സിലായി.

​”വീട്ടിൽ ആരൊക്കെയുണ്ട്? അച്ഛനെന്ത് ചെയ്യുവാ?”

അമ്മയുടെ ചോദ്യങ്ങൾ തുടർന്നു.

​”അച്ഛൻ ശേഖരൻ. നാട്ടിൽത്തന്നെ കൃഷിയാ അമ്മേ. പിന്നെ അമ്മയുണ്ട് രേവതി. കൂടെപ്പിറപ്പായിട്ട് എനിക്കൊരു ചേച്ചിയാ ഉള്ളത് ആരതി. ചേച്ചീടെ കല്യാണം കഴിഞ്ഞു, അവരിപ്പൊ ഭർത്താവിന്റെ കൂടെ ദുബായിലാ…”

അവൻ യാതൊരു പതർച്ചയുമില്ലാതെ ഓരോന്നിനും വ്യക്തമായി മറുപടി നൽകി.

​അവന്റെ ആ സംസാരവും പെരുമാറ്റവും അമ്മയുടെ മനസ്സിലെ പാതിയോളം ഭാരം കുറച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നി. ആ വലിയ വീർപ്പുമുട്ടൽ മാറ്റാനായി, എന്റെ അരികിലിരുന്ന പാർവണ വളരെ സ്നേഹത്തോടെ അവനോടായി ചോദിച്ചു.

Updated: August 20, 2026 — 3:47 pm

Leave a Reply

Your email address will not be published. Required fields are marked *