അമ്മ പറഞ്ഞു.
”ഞാൻ കുറച്ചു കഴിഞ്ഞ് ഇറങ്ങും. ഉച്ചയ്ക്ക് കഴിക്കാൻ നിൽക്കുന്നില്ല. അടുത്ത തവണ വരുമ്പോൾ എന്തായാലും ഞാൻ ഇവിടെ നിന്നേ കഴിക്കൂ,”
അവൻ വളരെ സ്നേഹത്തോടെ തന്നെ അത് നിരസിച്ചു.
ആദ്യമായി വരുന്ന വീട്ടിൽ നിന്ന് കൂടുതൽ സ്വാതന്ത്ര്യമെടുക്കാൻ അവന് ചെറിയൊരു മടിയുള്ളത് എനിക്ക് മനസ്സിലായി.
”അതൊന്നും പറഞ്ഞാൽ പറ്റില്ല. ഊണ് കൊടുക്കാതെ പറഞ്ഞയച്ചതിന് ഞങ്ങൾക്കാവും അവൾടെ വഴക്ക് മുഴുവൻ കിട്ടുക,”
ഞാൻ ചിരിച്ചുകൊണ്ട് ഇടപെട്ടു.
“ഉച്ചയ്ക്ക് നമുക്ക് ഒരുമിച്ച് കഴിക്കാം.”
അവൻ ചെറിയൊരു ചിരിയോടെ സമ്മതിച്ചു.
പിന്നീട് ഞങ്ങൾക്കിടയിലുള്ള സംസാരം കുറച്ചുകൂടി സ്വാതന്ത്ര്യമുള്ളതായി മാറി. ബാംഗ്ലൂരിലെ ജോലിയെക്കുറിച്ചും, അവന്റെ കുടുംബത്തെക്കുറിച്ചും ഒക്കെ ഞാൻ ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു. എല്ലാം കേട്ട്, പൂർണ്ണമായ തൃപ്തിയോടെ അമ്മയും ഞങ്ങളോടൊപ്പം ഇരുന്നു. അവളുടെ തിരഞ്ഞെടുപ്പിൽ യാതൊരു തെറ്റുമില്ലെന്ന് എനിക്കും ബോധ്യപ്പെടുന്ന നിമിഷങ്ങളായിരുന്നു അത്. അരവിന്ദിനെപ്പോലൊരു പയ്യന്റെ കയ്യിൽ അവൾ പൂർണ്ണ സുരക്ഷിതയായിരിക്കുമെന്ന് എനിക്ക് ഉറപ്പായി. ഈ കുടുംബത്തിലേക്ക് പുതിയൊരു അംഗം കൂടി കടന്നുവരുന്നതിന്റെ ആഹ്ലാദം ആ വീടിന്റെ അന്തരീക്ഷത്തിൽ തന്നെ നിറഞ്ഞുനിൽപ്പുണ്ടായിരുന്നു.
ഉച്ചയ്ക്ക് ഊണും കഴിഞ്ഞ് വളരെ സന്തോഷത്തോടെയാണ് അരവിന്ദ് മടങ്ങിയത്. വൈകുന്നേരത്തെ ചായയും കുടിച്ച് ഞാനും അമ്മയും പാർവണയും ഹാളിലെ സോഫയിൽ വെറുതെ സംസാരിച്ചിരിക്കുമ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്. സ്ക്രീനിൽ ‘അനഘ ചേച്ചി’ എന്ന പേര് കണ്ടതും എന്റെ ചുണ്ടിലൊരു ചിരി വിടർന്നു. ഞാൻ പ്രതീക്ഷിച്ചതുപോലെ തന്നെ അവളുടെ വിളിയെത്തിയിരിക്കുന്നു.
ഞാൻ ഫോൺ എടുത്തപാടെ, ശ്വാസം വിടാൻ പോലും സമയം കളയാതെ അവൾ വെപ്രാളത്തോടെ സംസാരങ്ങൾ എറിഞ്ഞു തുടങ്ങി.
“എടാ ആദീ… അരവിന്ദ് എന്നെ വിളിച്ചിരുന്നു. അമ്മയോട് സംസാരിച്ചെന്നും അമ്മയ്ക്ക് പൂർണ്ണമായിട്ടും ഓക്കെ ആണെന്നും അവൻ പറഞ്ഞു. എടാ… എനിക്ക് ഒത്തിരി സന്തോഷമായെടാ…”
അവളുടെ ആ വാക്കുകളിൽ, ഒരുപാട് നാളായി മനസ്സിലടക്കിവെച്ച വലിയൊരു ആഗ്രഹത്തിന്റെ സാഫല്യമുണ്ടായിരുന്നു. ആശ്വാസം കൊണ്ടുള്ള ചെറിയൊരു തേങ്ങൽ ആ ശബ്ദത്തിൽ എനിക്ക് കേൾക്കാമായിരുന്നു.
”ഞാൻ നിന്നോട് പറഞ്ഞില്ലേ എന്റെ പൊന്നുചേച്ചീ… അമ്മയെക്കൊണ്ട് ഞാൻ സമ്മതിപ്പിക്കുമെന്ന്. നീ വെറുതെ ഓരോന്നോർത്ത് ടെൻഷനടിച്ചതല്ലേ…”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
എന്റെ സംസാരം കേട്ട് അരികിലിരുന്ന പാർവണയുടെയും അമ്മയുടെയും മുഖത്ത് സന്തോഷം വിടർന്നിരുന്നു. അമ്മ പെട്ടെന്ന് എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി കാതിലേക്ക് വെച്ചു.
”അനഘേ…”
അമ്മയുടെ സ്വരത്തിൽ വലിയൊരു വാത്സല്യമുണ്ടായിരുന്നു.
“എനിക്ക് ആ കുട്ടിയെ ഒരുപാട് ഇഷ്ടായി. നല്ല അടക്കവും
ഒതുക്കവുമുള്ള പയ്യൻ. സംസാരമൊക്കെ കേട്ടപ്പോ എനിക്ക് നല്ല ബോധ്യം വന്നു. ഇനിയിപ്പൊ നമ്മൾക്ക് കാര്യങ്ങൾ നീട്ടിക്കൊണ്ടുപോവണ്ട. എത്രയും പെട്ടെന്ന് അവരുടെ വീട്ടിൽ പോയി അവന്റെ അച്ഛനെയും അമ്മയെയും കണ്ട് കാര്യങ്ങൾ സംസാരിച്ച് ഉറപ്പിക്കാം. ഞങ്ങൾ പോകുമ്പോ നീയും വരുന്നോ?”
”ഇല്ലമ്മേ…”
ചേച്ചിയുടെ സ്വരം വല്ലാതെ ശാന്തമായിരുന്നു അപ്പോൾ.
“എനിക്കിനി ഈ അടുത്തെങ്ങും ലീവ് കിട്ടില്ല. കഴിഞ്ഞ ആഴ്ചയല്ലേ ഞാൻ ഇങ്ങോട്ട് വന്നത്. അമ്മയും ആദിയും പാർവണയും കൂടി പോയി സംസാരിച്ചാൽ മതി.”
അമ്മ ചിരിച്ചുകൊണ്ട് ഫോൺ പാർവണയ്ക്ക് നേരെ നീട്ടി. അവൾ വലിയൊരു ആവേശത്തോടെ ഫോൺ ചെവിയിലേക്ക് ചേർത്തു.
”ഹലോ നാത്തൂനേ…”
അവൾ ആ പഴയ കുസൃതിയോടെ വിളിച്ചു.
“ചേച്ചിയിപ്പൊ അവിടെ ഒറ്റയ്ക്കിരുന്ന് സന്തോഷിച്ച് തുള്ളിച്ചാടുവാണെന്ന് എനിക്കറിയാം. എന്തായാലും ചേച്ചീടെ സെലക്ഷൻ സൂപ്പർ ആട്ടോ… അമ്മയ്ക്കും ആദിക്കും മാത്രമല്ല, എനിക്കും പുതിയ ആളെ നന്നായിട്ട് ബോധിച്ചു.”
