മറുതലക്കൽ നിന്നും ചേച്ചിയുടെ പൊട്ടിച്ചിരി കേൾക്കാമായിരുന്നു.
”നിനക്കും ബോധിച്ചെങ്കിൽ പിന്നെ എനിക്കൊന്നും നോക്കാനില്ല മോളെ,”
ചേച്ചി സ്നേഹത്തോടെ പറഞ്ഞു.
“ആദിയോട് കാര്യങ്ങളൊക്കെ പറഞ്ഞതിന് ശേഷം വീട്ടിൽ എന്തുനടക്കുമെന്നോർത്ത് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. അവിടെ അമ്മയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ നീയും കൂട്ട് നിന്നതുകൊണ്ട് എന്റെ ഈ അനിയത്തിക്കുട്ടിക്ക് സ്പെഷ്യൽ ആയിട്ട് ഞാൻ ഒരു ഉമ്മ തരാം.”
”ഉമ്മയൊന്നും പോരാ…”
പാർവണ എന്റെ മുഖത്തേക്ക് നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
“ചേച്ചീടെ കല്യാണത്തിന് എനിക്ക് നല്ല ഒന്നാന്തരം ഒരു പട്ടുസാരി എടുത്തു തരണം.”
”അതിനെന്താ… നിനക്ക് ഏറ്റവും നല്ല സാരി തന്നെ ഞാൻ എടുത്തു തരാം.”
ചേച്ചി നിറഞ്ഞ മനസ്സോടെ പറഞ്ഞു.
” ശരി എന്നാ വയ്ക്കുവട്ടോ ”
പാർവണ ഫോൺ കട്ട് ചെയ്ത് എന്റെ കയ്യിലേക്ക് തിരികെ തന്നു.
ആ വീടിന്റെ ഉമ്മറത്ത് വലിയൊരു സമാധാനം വന്ന് നിറയുന്നതുപോലെ എനിക്ക് തോന്നി. ഒരു വലിയ കടമ്പ കടന്നതിന്റെ ആശ്വാസത്തിൽ കണ്ണുകൾ നിറഞ്ഞ അമ്മയെയും, കൊഞ്ചലോടെ എന്റെ തോളിലേക്ക് ചാരിയിരിക്കുന്ന എന്റെ പെണ്ണിനെയും നോക്കി ഇരിക്കുമ്പോൾ, ജീവിതം അതിന്റെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെ കടന്നുപോകുകയാണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. പുതിയൊരു കല്യാണത്തിന്റെ ഒരുക്കങ്ങളിലേക്ക് ആ വീട്
പതുക്കെ ഉണരുകയായിരുന്നു.
അരവിന്ദ് വന്ന് പോയതുകൊണ്ട് അന്ന് ഞാൻ പ്ലാൻ ചെയ്ത കാര്യങ്ങളൊന്നും നടന്നില്ല. അവളെയും കൊണ്ട് ഒരു സിനിമയ്ക്ക് പോകാനോ, അന്ന് പോയതുപോലെ കടൽ കാണാൻ പോകാനോ കഴിഞ്ഞില്ല. അതൊക്കെ പിന്നെ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാമെന്ന് കരുതി അന്ന് വീട്ടിൽ തന്നെ നിന്നു.
പിന്നെ കുറച്ചു ദിവസങ്ങൾ പതിവുപോലെ തന്നെ കടന്നുപോയി. രാവിലെ എഴുന്നേൽക്കുക, ഓഫീസിൽ പോകുക, തിരിച്ചു വീട്ടിൽ വരിക, അമ്മയോടും അവളോടും ഒപ്പം സമയം ചിലവഴിക്കുക… അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയത് അറിഞ്ഞതേയില്ല. കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ രണ്ടു മാസം കഴിഞ്ഞിരിക്കുന്നു.
ഇതിനിടയ്ക്ക് അവളുടെ തറവാട്ടിൽ നിന്നും ഭദ്രമ്മയും അമ്മായിമാരും ഒക്കെ അങ്ങോട്ട് വിരുന്നിന് വരാൻ പറഞ്ഞ് വിളിക്കുന്നുണ്ടായിരുന്നു. കല്യാണം കഴിഞ്ഞിട്ട് രണ്ടു മാസമായിട്ടും ഇതുവരെ ഞങ്ങൾക്ക് അങ്ങോട്ട് പോകാൻ സാധിച്ചില്ല. തിരക്കുകൾ കാരണം സമയം കിട്ടിയില്ല എന്ന് വേണം പറയാൻ. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം ഭദ്രമ്മ വീണ്ടും വിളിച്ചപ്പോൾ, അടുത്ത ദിവസം പുലരുമ്പോൾ ഞാനും അവളും തറവാട്ടിൽ എത്തും എന്ന് ഞാൻ വാക്ക് കൊടുത്തത്.
പിറ്റേന്ന് രാവിലത്തെ ട്രെയിൻ ബുക്ക് ചെയ്ത് ഞാനും അവളും പാലക്കാട്ടെ ഇന്ദ്രനീലത്തിലേക്ക് യാത്ര തിരിച്ചു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ശബരി എക്സ്പ്രസ്സിലായിരുന്നു ഞങ്ങളുടെ യാത്ര. ഒരുപാട് നാളുകൾക്ക് ശേഷം സ്വന്തം നാട്ടിലേക്കും തറവാട്ടിലേക്കും പോകുന്നതിന്റെ വലിയൊരു ആവേശത്തിലായിരുന്നു അവൾ.
പാലക്കാട് എത്താറായപ്പോൾ തന്നെ പ്രകൃതിയുടെ ഭാവം മാറിത്തുടങ്ങിയിരുന്നു. ജനാലയിലൂടെ അടിച്ചുവീശുന്ന കാറ്റിന് വല്ലാത്തൊരു ശക്തിയും കുളിർമയുമുണ്ടായിരുന്നു. സഹ്യപർവ്വതത്തിന്റെ മടിത്തട്ടിൽ പച്ചപ്പുതച്ചു കിടക്കുന്ന സുന്ദരമായ ഭൂപ്രകൃതി. ദൂരെ കോടമഞ്ഞണിഞ്ഞ മലനിരകളും, എങ്ങോട്ട് തിരിഞ്ഞാലും കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങളും കാണാമായിരുന്നു. ആ നെൽച്ചെടികൾക്കിടയിലൂടെ കാറ്റ് കടന്നുപോകുമ്പോൾ ഉണ്ടാകുന്ന നേർത്ത ശബ്ദം ഒരു സംഗീതം പോലെ എനിക്ക് തോന്നി. കാറ്റത്ത് ഇളകുന്ന ആ കരിമ്പനയോലകൾ കണ്ടപ്പോൾ, അവളെ ആദ്യമായി കാണാനായി ഒരുപാട് പ്രതീക്ഷകളോടെ ഞാൻ ഇതേ ട്രെയിനിൽ വന്ന ആ പഴയ ദിവസം എന്റെ ഓർമ്മകളിലേക്ക് വന്നു. പഴയ തറവാടുകളുടെ വാസ്തുവിദ്യ പഠിക്കാൻ പോകുന്നവന്റെ കള്ളവുമായി അന്ന് വണ്ടി കയറുമ്പോൾ, എന്റെ മനസ്സിൽ ആ നീലക്കണ്ണുകൾ മാത്രമായിരുന്നു
