യാത്രയുടെ ക്ഷീണം മാറ്റാനായി കുളിയൊക്കെ കഴിഞ്ഞ് ഞങ്ങൾ താഴെ വലിയ ഊണുമുറിയിലേക്ക് ചെന്നു. പണ്ട് വമ്പൻ സദ്യകൾ വിളമ്പിയിരുന്ന ആ വലിയ മരമേശയ്ക്ക് ചുറ്റുമായി ഞങ്ങൾ ഇരുന്നു. ഞങ്ങൾക്ക് വിളമ്പിക്കൊടുക്കാനുള്ള വലിയ ആവേശത്തിലായിരുന്നു ഭദ്രമ്മയും സാവിത്രി അമ്മായിയും രമ അമ്മായിയും. രണ്ടുമാസത്തിന് ശേഷം മകൾ തിരികെ വന്നതിന്റെ സകല സന്തോഷവും അവരുടെ വിളമ്പലിൽ ഉണ്ടായിരുന്നു.
വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് ഭദ്രമ്മ എന്നെ നോക്കി ചോദിച്ചത്.
“അല്ല മോനേ… അനഘ മോളുടെ കാര്യം എന്തായി? ഈ അടുത്ത് തന്നെ കല്യാണം കാണുമോ?”
ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ, ചോറുണ്ണുന്നതിനിടയിൽ നിന്ന് പാർവണ ആവേശത്തോടെ പറഞ്ഞു തുടങ്ങി.
“അതമ്മേ… ഞങ്ങള് ഈ വരണ ഞായറാഴ്ച അവര്ടെ വീട്ടില് പോയി സംസാരിച്ച് ഉറപ്പിക്കും. ബാക്കി കല്യാണക്കാര്യങ്ങളൊക്കെ അപ്പൊ അവിടുവെച്ച് നമ്മളും അവരും കൂടി അങ്ങ്ട് തീരുമാനിക്കും. എന്തായാലും നിങ്ങളെല്ലാരും കല്യാണത്തിന്റെ തലേന്ന് തന്നെ അങ്ങ്ട് എത്തണം ട്ടോ…”
ആ പഴയ പാലക്കാടൻ ശൈലിയിൽ അവൾ വലിയ അധികാരത്തോടെ പറഞ്ഞു.
അതുകേട്ട് സാവിത്രി അമ്മായിയും രമ അമ്മായിയും വാത്സല്യത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു.
“പിന്നെന്താ മോളെ… ഞങ്ങളുടെ കുട്ടീടെ നാത്തൂന്റെ കല്യാണമല്ലേ, ഞങ്ങൾ എന്തായാലും തലേന്ന് തന്നെ അങ്ങോട്ടെത്തും.”
അപ്പോഴും ഭദ്രമ്മയുടെ മുഖത്ത് ഒരമ്മയുടെ കരുതൽ ബാക്കിയുണ്ടായിരുന്നു.
“പയ്യൻ എങ്ങനെയാ മോനേ?”
ഭദ്രമ്മ ചോദിച്ചു.
”നല്ല പയ്യനാ അമ്മേ. അവൻ വീട്ടിൽ വന്നിരുന്നു. ഞങ്ങൾക്ക് എല്ലാവർക്കും കണ്ടിട്ട് നല്ല ബോധ്യമായി. ചേച്ചിയുടെ സെലക്ഷൻ അല്ലെ അമ്മേ, അത് ഒരിക്കലും മോശമാവില്ലല്ലോ,”
ഞാൻ ചിരിയോടെ മറുപടി കൊടുത്തു.
അതുകേട്ടതോടെ ഭദ്രമ്മയുടെ മുഖത്തും സന്തോഷം വിടർന്നു. പിന്നെ ആ വലിയ
ഊണുമുറിയിൽ സംസാരങ്ങളുടെ വലിയൊരു ഘോഷയാത്ര തന്നെയായിരുന്നു. രണ്ടു മാസത്തെ ഞങ്ങളുടെ കുടുംബവിശേഷങ്ങളും, തറവാട്ടിലെ കാര്യങ്ങളും, തമാശകളും പൊട്ടിച്ചിരികളുമായി ആ ഉച്ചയൂണ് ശരിക്കും ഗംഭീരമായി.
ഭക്ഷണം കഴിഞ്ഞ് അല്പനേരം എല്ലാവരുമായി സംസാരിച്ചിരുന്ന ശേഷം, ഒരു ഉച്ചമയക്കത്തിനായി ഞാനും അവളും വീണ്ടും ആ പഴയ തെക്കിനി മുറിയിലേക്ക് തന്നെ നടന്നു.
മുറിയിലെത്തി വാതിലടച്ചതും അവൾ പോയി ജനാലകൾ പതുക്കെ തുറന്നിട്ടു. കരിമ്പനകളെ തഴുകി വന്ന കാറ്റ് ആ മുറിയിലാകെ പരന്നു. എന്റെ ഓർമ്മകൾ വീണ്ടും ആ ആദ്യത്തെ രാത്രിയിലേക്ക് പോയി. അന്ന് എല്ലാവരും ഉറങ്ങിയെന്ന് കരുതി, എനിക്ക് കുടിക്കാൻ വെള്ളമുള്ള ഒരു ചെറിയ മൺകൂജയുമായി ഈ വാതിൽക്കൽ വന്ന് പതുങ്ങിനിന്നവൾ. മുത്തശ്ശനോട് ഞാൻ പറഞ്ഞ കള്ളം പൊളിയുമെന്ന് പറഞ്ഞ് എന്നെ കള്ളഗൗരവം കാണിച്ച് പേടിപ്പിക്കാൻ ശ്രമിച്ചു പോയവൾ.
ഞാൻ പതുക്കെ പിന്നിലൂടെ ചെന്ന് ജനാലയ്ക്കരികിൽ നിൽക്കുന്ന അവളെ എന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു.
”എന്താ ആദീ…”
അവൾ കുസൃതിയോടെ ചോദിച്ചു.
”ഒന്നുമില്ല… അന്ന് ആ മൺകൂജയുമായി വന്ന് എന്നെ പേടിപ്പിച്ചു പോയവൾ ഇന്ന് എന്റെ സ്വന്തം ആണല്ലോ എന്നോർത്ത് പോയതാ…”
ഞാൻ അവളുടെ കാതോരം പതുക്കെ പറഞ്ഞു.
അവൾ നാണത്തോടെ എന്റെ നെഞ്ചിലേക്ക് ഒന്നുകൂടി മുഖമമർത്തി. ആ തെക്കിനി മുറിയുടെ തടിഭിത്തികൾക്കുള്ളിൽ, പാലക്കാടൻ കാറ്റിന്റെ നേർത്ത മൂളലിനൊപ്പം, പഴയ ഓർമ്മകളുടെ വലിയൊരു സുഗന്ധത്തിൽ ഞങ്ങൾ പതുക്കെ ഉറക്കത്തിലേക്ക് വീണു..
വൈകുന്നേരം നല്ല ഉറക്കച്ചടവോടെ കണ്ണും തിരുമ്മിയാണ് ഞാൻ എഴുന്നേറ്റത്. കട്ടിലിൽ നിന്നെഴുന്നേറ്റ് നോക്കുമ്പോൾ, കുളിയൊക്കെ കഴിഞ്ഞ് ദാവണിയുടുത്ത് കണ്ണാടിക്ക് മുന്നിൽ നിൽക്കുകയായിരുന്നു പാർവണ. ഇളം മഞ്ഞ നിറത്തിലുള്ള പാവാടയും അതിന് ചേരുന്ന കസവ് ദാവണിയുമായിരുന്നു അവളുടെ വേഷം. കുളികഴിഞ്ഞ് ഈറൻ മാറാത്ത കാർകൂന്തൽ അവൾ പിന്നിലേക്ക് ഒതുക്കിയിട്ടിരുന്നു. ആ നനഞ്ഞ മുടിയിഴകളിൽ നിന്നും വെള്ളം ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു. വശ്യമായ ആ അരക്കെട്ടിലൂടെ ചുറ്റിപ്പടർന്നു കിടക്കുന്ന ദാവണിയുടെ കസവ് കരകൾ ജനാലയിലൂടെ വന്ന കാറ്റിൽ നേരിയതായി ഇളകുന്നുണ്ട്. നെറ്റിയിൽ ചുവന്ന കുങ്കുമപ്പൊട്ടും കണ്ണുകളിൽ കണ്മഷിയും, ഒപ്പം ആ കുഞ്ഞി ജിമിക്കി കമ്മലുകളും അവളെ ശരിക്കുമൊരു ദേവതയെപ്പോലെ സുന്ദരിയാക്കിയിരുന്നു. ആ നിൽപ്പ് കണ്ടപ്പോൾ ഞാൻ അറിയാതെ
