പാർവണം – 8 12അടിപൊളി  

​”അരവിന്ദേട്ടൻ രാവിലെ എവിടുന്നാ തിരിച്ചത്? വീട്ടിൽ നിന്നാണോ? ബ്രേക്ക്ഫാസ്റ്റ് വല്ലതും കഴിച്ചായിരുന്നോ? ഞാൻ എടുക്കട്ടെ?”

​പാർവണയുടെ ആ ചോദ്യം അവന് വലിയൊരു ആശ്വാസമായി. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“വേണ്ട സിസ്റ്റർ… ഞാൻ രാവിലെ പത്തനംതിട്ടയിൽ നിന്ന് തിരിച്ചതാ. വഴിയിൽ നിന്നൊക്കെ കഴിച്ചു. ഇനിയിപ്പൊ ഒന്നും വേണ്ട…”

​”സിസ്റ്ററോ…”

ഞാൻ ചിരിച്ചുകൊണ്ട് ഇടപെട്ടു.

“ചേച്ചി പറഞ്ഞിട്ടുണ്ടാവും അല്ലോ ഇവൾ എന്റെ ഭാര്യ പാർവണ അതുകൊണ്ട് സിസ്റ്റർ ഒന്നും വേണ്ട അനിയത്തി കുട്ടി അങ്ങനെ വിളിച്ചാൽ മതി …”

​എന്റെ ആ ഡയലോഗ് കേട്ടതും അവൻ ചെറിയൊരു ചമ്മലോടെ ചിരിച്ചു. പാർവണ എന്റെ കാലിൽ പതുക്കെയൊന്ന് നുള്ളിയിട്ട് അവന് കുടിക്കാൻ എന്തെങ്കിലും എടുക്കാനായി അടുക്കളയിലേക്ക് പോയി. അമ്മയുടെ മുഖത്തും അപ്പോഴേക്കും വലിയൊരു സമാധാനം വന്ന് നിറഞ്ഞിരുന്നു. സ്വന്തം മകളുടെ തിരഞ്ഞെടുപ്പ് ഒരിക്കലും തെറ്റിയിട്ടില്ലെന്ന് ആ അമ്മമനസ്സ് പതുക്കെ തിരിച്ചറിയുകയായിരുന്നു. അവരുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങളെക്കുറിച്ച് ചോദിക്കാൻ അമ്മ കുറച്ചുകൂടി മുന്നോട്ടാഞ്ഞിരുന്നു.

​”രണ്ടുപേരും ഒരേ കമ്പനിയിലാണോ മോനെ വർക്ക് ചെയ്യുന്നത്? എത്ര നാളായി പരിചയം?”

​അമ്മയുടെ ആ ചോദ്യത്തിൽ പതുക്കെ കാര്യങ്ങൾ ചോദിച്ചറിയാനുള്ള ഒരു താല്പര്യമുണ്ടായിരുന്നു.

​”അതെ അമ്മേ, ഞങ്ങൾ ഒരേ ഫീൽഡിൽ കഴിഞ്ഞ മൂന്നു വർഷമായിട്ട് ഒരുമിച്ചാ വർക്ക് ചെയ്യുന്നത് ”

അവൻ വളരെ ശാന്തനായി മറുപടി നൽകി.

​അമ്മ ഒന്നു മൂളി. എന്നിട്ട് അല്പം ഗൗരവത്തിൽ, എന്നാൽ ഒരുപാട് വാത്സല്യത്തോടെ പറഞ്ഞു.

​”പെട്ടെന്ന് അവൾ ഇങ്ങനെയൊരു കാര്യം പറഞ്ഞപ്പോ

എനിക്ക് ആദ്യം വലിയ ടെൻഷനായിരുന്നു. പെൺകുട്ടികളല്ലേ… വല്ല കുരുക്കിലും പോയി ചാടുമോ എന്നൊരു പേടിയുണ്ടായിരുന്നു. എന്തായാലും അത് മാറിക്കിട്ടി. പിന്നെ, ഈ കാര്യം മോന്റെ വീട്ടിൽ അവതരിപ്പിച്ചിട്ടുണ്ടോ? അവർക്ക് എന്തെങ്കിലും എതിർപ്പുണ്ടോ?”

​ഒരു സാധാരണ അമ്മയുടെ ഏറ്റവും വലിയ ചോദ്യമായിരുന്നു അത്. ആ ചോദ്യത്തിന് അവൻ നൽകുന്ന മറുപടിയിലായിരുന്നു ആ കൂടിക്കാഴ്ചയുടെ ബാക്കി ഭാവി ഇരിക്കുന്നത്.

​”ഞാൻ വീട്ടിൽ സംസാരിച്ചിട്ടുണ്ട്,”

അവൻ ഒട്ടും പതറാതെ വളരെ കൃത്യമായി പറഞ്ഞു.

“അച്ഛനും അമ്മയ്ക്കും സന്തോഷമേയുള്ളൂ. അമ്മയോട് ഈ കാര്യം പറയാൻ അനഘയ്ക്ക് ചെറിയൊരു പേടിയുണ്ടായിരുന്നു, അതാ ഇത്രയും വൈകിയത്. അമ്മയ്ക്ക് എപ്പോ വേണമെങ്കിലും ഞങ്ങളുടെ വീട്ടിലേക്ക് വരാം. അച്ഛനോടും അമ്മയോടും സംസാരിച്ച്, കാര്യങ്ങളൊക്കെ അന്വേഷിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രം മതി ബാക്കി തീരുമാനങ്ങൾ.”

​വളരെ പക്വതയുള്ള അവന്റെ ആ സംസാരം കേട്ടപ്പോൾ അമ്മയുടെ മുഖത്ത് അതുവരെയുണ്ടായിരുന്ന അവസാനത്തെ സംശയവും മാഞ്ഞുപോയിരുന്നു. സ്വന്തം വീട്ടിലേക്ക് മരുമകനായി കയറിവരാൻ പോകുന്നവന്റെ ആ ഉറപ്പ് അമ്മയുടെ ഹൃദയത്തെ ശരിക്കും സ്പർശിച്ചു.

​”എനിക്കിപ്പൊ സമാധാനമായി മോനെ,”

അമ്മയുടെ മുഖത്ത് നല്ലൊരു ചിരി വിടർന്നു.

“നേരിട്ട് കണ്ട് സംസാരിച്ചാലല്ലേ നമുക്കും ഒരാശ്വാസം കിട്ടൂ. എന്തായാലും ഞങ്ങളൊന്ന് അങ്ങോട്ട് വരുന്നുണ്ട്. നിന്റെ അച്ഛനെയും അമ്മയെയും ഒക്കെ ഒന്ന് കണ്ട് സംസാരിക്കണമല്ലോ.”

​അപ്പോഴേക്കും മൂന്ന്ഗ്ലാസ്സുകളിൽ നല്ല തണുത്ത ജ്യൂസുമായി പാർവണ ഹാളിലേക്ക് വന്നു. ഒരു ഗ്ലാസ്സ് അവന് നേരെ നീട്ടിയിട്ട്, മറ്റേത് എനിക്കും അമ്മയ്ക്കും നേരെ വെച്ചു. അവൻ ചെറിയൊരു ചിരിയോടെ ആ ഗ്ലാസ്സ് വാങ്ങി.

​”എന്തായാലും ഉച്ചയ്ക്ക് ഇവിടെനിന്ന് ഊണ് കഴിച്ചിട്ടേ പോകാൻ പാടുള്ളൂ,”

പാർവണ അവനോട് പറഞ്ഞു.

“അരവിന്ദേട്ടൻ വരുമ്പോ സ്പെഷ്യൽ ആയിട്ട് എന്തെങ്കിലും ഉണ്ടാക്കി കൊടുക്കണം എന്ന് ചേച്ചി പ്രത്യേകം പറഞ്ഞിരുന്നു.”

​അതുകേട്ടതും അവൻ പെട്ടെന്ന് തലകുനിച്ചു. ആ മുഖത്ത് ഒരു കാമുകന്റെ നാണമുണ്ടായിരുന്നു.

​”അതെയതെ… ഉച്ചയ്ക്ക് ഊണ് കഴിച്ചിട്ട് പോയാൽ മതി.?”

Updated: August 20, 2026 — 3:47 pm

Leave a Reply

Your email address will not be published. Required fields are marked *