”റാന്നിയിലാണോ… അപ്പൊ അത്യാവശ്യം നല്ല ദൂരമുണ്ടല്ലോ”
എന്ന് പറഞ്ഞ് അമ്മ പപ്പടം പൊട്ടിച്ചു കഞ്ഞിയിലേക്കിട്ടു.
അപ്പോഴാണ് എന്റെ മുഖത്തേക്ക് നോക്കി
ചെറിയൊരു സംശയത്തോടെ പാർവണ ചോദിച്ചത്.
”അല്ല ആദീ… ഇത്രേം ദൂരം നമ്മളിപ്പൊ എങ്ങനെയാ പോകുന്നേ?”
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഞാൻ എന്റെയൊരു ഫ്രണ്ടിന്റെ കാർ ചോദിച്ചിട്ടുണ്ട്. അവൻ നാളെ വൈകുന്നേരത്തോടെ വണ്ടി ഇങ്ങോട്ട് കൊണ്ടുവന്നു തരും. മറ്റന്നാൾ രാവിലെ നമുക്ക് അതിൽത്തന്നെ പോകാം.”
അതുകേട്ടപ്പോൾ അമ്മയ്ക്കും അവൾക്കും വലിയ ആശ്വാസമായി. പിന്നെ ഊണുമേശയിലെ സംസാരം മുഴുവൻ വരാനിരിക്കുന്ന ആ യാത്രയെക്കുറിച്ചും, അരവിന്ദിന്റെ കുടുംബത്തെക്കുറിച്ചും ഒക്കെയായിരുന്നു. യാത്രയുടെ ക്ഷീണമുള്ളതുകൊണ്ട് ഭക്ഷണം കഴിഞ്ഞയുടനെ ഞങ്ങൾ ഉറങ്ങാനായി മുറിയിലേക്ക് പോയി. പാലക്കാടൻ കാറ്റിന്റെ തണുപ്പില്ലായിരുന്നെങ്കിലും, സ്വന്തം വീടിന്റെ വല്ലാത്തൊരു സുരക്ഷിതത്വത്തിൽ അന്ന് നല്ല ഉറക്കം കിട്ടി.
പിറ്റേന്ന് ശനിയാഴ്ചയായിരുന്നു. വലിയ തിരക്കുകളൊന്നുമില്ലാത്ത, വളരെ ശാന്തമായൊരു അവധിദിവസം. പാലക്കാട്ടെ ഇന്ദ്രനീലത്തിൽ നിന്നും തിരികെ വന്നതിന്റെ ചെറിയൊരു ക്ഷീണം ശരീരത്തിലുണ്ടായിരുന്നതുകൊണ്ട് അന്ന് കുറച്ചു വൈകിയാണ് ഞങ്ങൾ എഴുന്നേറ്റത്. ഞാൻ ഉണരുമ്പോൾ തന്നെ പാർവണ താഴെ അടുക്കളയിൽ അമ്മയ്ക്കൊപ്പം കൂടിയിരുന്നു.
താഴേക്ക് ചെല്ലുമ്പോൾ, ഇന്ദ്രനീലത്തിലെ വിശേഷങ്ങൾ വലിയൊരു ആവേശത്തോടെ അമ്മയോട് പറയുകയായിരുന്നു അവൾ. മുത്തശ്ശനെയും മുത്തശ്ശിയെയും, കുറിച്ചൊക്കെ പറയുമ്പോൾ അവളുടെ കണ്ണുകളിൽ വലിയൊരു തിളക്കമുണ്ടായിരുന്നു. അമ്മയാകട്ടെ, അതൊക്കെ വലിയ കൗതുകത്തോടെ കേട്ടുനിൽക്കുന്നുമുണ്ട്. രണ്ടുദിവസം ഞങ്ങളെ കാണാതിരുന്നതിന്റെ എല്ലാ പരിഭവവും മാറ്റി, ആ വീട് പഴയതുപോലെ വലിയൊരു സന്തോഷത്തിലേക്ക് തിരികെ വന്നിരുന്നു.
അന്നത്തെ പകൽ ഞങ്ങൾ അധികം പുറത്തേക്കൊന്നും പോയില്ല. നാളത്തെ യാത്രയ്ക്കുള്ള ഒരുക്കങ്ങളിലായിരുന്നു എല്ലാവരും. ഉച്ചകഴിഞ്ഞപ്പോൾ എന്റെ സുഹൃത്ത് വന്ന് കാർ ഉമ്മറത്ത് കൊണ്ടിട്ടുപോയി. വണ്ടി വന്നതോടെ അമ്മയുടെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങിയിരുന്നു. സ്വന്തം മകളുടെ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നവരെ ആദ്യമായി കാണാൻ പോകുന്നതിന്റെ വലിയൊരു ആകാംക്ഷ ആ അമ്മമനസ്സിൽ വ്യക്തമായി കാണാമായിരുന്നു.
വൈകുന്നേരമായപ്പോഴേക്കും നാളെ ഉടുക്കാനുള്ള വസ്ത്രങ്ങളൊക്കെ തേച്ചൊതുക്കി വെക്കുന്ന തിരക്കിലായിരുന്നു പാർവണ. ഒരു പെങ്ങളുടെ സ്ഥാനത്തുനിന്നുകൊണ്ട്, നാളത്തെ യാത്രയുടെ എല്ലാ കാര്യങ്ങളും അവളാണ് മുന്നിട്ടുനിന്ന് നോക്കിയിരുന്നത്. അങ്ങനെ ആ ശനിയാഴ്ചയും പതിയെ പടിയിറങ്ങി. പുതിയൊരു ദിവസത്തിനായുള്ള കാത്തിരിപ്പിൽ ആ വീട് ഉറക്കത്തിലേക്ക് വീണു.
ഞായറാഴ്ച പുലർച്ചെ അഞ്ചുമണിക്ക് തന്നെ എന്റെ ഫോണിലെ അലാറം അടിച്ചു. എഴുന്നേൽക്കാൻ ചെറിയൊരു മടിയുണ്ടായിരുന്നെങ്കിലും, ഇന്നത്തെ ദിവസത്തിന്റെ
പ്രാധാന്യം ഓർത്ത് ഞാൻ വേഗം എഴുന്നേറ്റു. എഴുന്നേറ്റ് നോക്കുമ്പോൾ പാർവണ മുറിയിലുണ്ടായിരുന്നില്ല. അവൾ നേരത്തെ തന്നെ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് താഴെ പോയിട്ടുണ്ടായിരുന്നു.
ഞാൻ വേഗം ഫ്രഷ് ആയി താഴേക്ക് വരുമ്പോൾ, ഇളം നീലനിറത്തിലുള്ള മനോഹരമായൊരു ചുരിദാറണിഞ്ഞ്, മുടിയിൽ കുറച്ചു തുളസിക്കതിരും ചൂടി ഉമ്മറത്ത് നിൽക്കുകയായിരുന്നു അവൾ. ഒപ്പം നല്ലൊരു കസവ് സാരിയുടുത്ത് പ്രാർത്ഥനയോടെ അമ്മയും തയ്യാറായി നിൽപ്പുണ്ടായിരുന്നു. പുലർകാലത്തെ മഞ്ഞിന്റെ ചെറിയൊരു തണുപ്പ് ആ മുറ്റത്ത് അപ്പോഴും ബാക്കിയുണ്ടായിരുന്നു.
”നീ കാറിന്റെ താക്കോൽ എടുത്തോ ആദീ?”
അമ്മ ഉമ്മറപ്പടിയിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങിക്കൊണ്ട് ചോദിച്ചു.
”എടുത്തു അമ്മേ…”
ഞാൻ പോക്കറ്റിൽ നിന്നും താക്കോൽ എടുത്ത് കാണിച്ചു.
”എന്നാ വാ, നമുക്ക് അധികം വൈകാതെ ഇറങ്ങാം. ഒരുപാട് ദൂരം പോകേണ്ടത് അല്ലെ എന്തൊക്കെ തടസ്സങ്ങള ഉണ്ടാവുമെന്ന് പറയാൻ പറ്റില്ല്ലോ,”
