സ്റ്റിഫിയ തുണി ഒന്ന് ഉയർത്തി പരിശോധിച്ചു. അവളുടെ കൈകൾ നനഞ്ഞ് തണുത്തിരുന്നു. അവൾ വീണ്ടും അലക്കുകല്ലിൽ തുണി വച്ച് അമർത്തി തുടങ്ങി.
യൂസഫ് ചായക്കപ്പ് താഴെ വച്ച് അവളെ നോക്കി നിന്നു. അവന്റെ ശ്വാസം മന്ദഗതിയിലായിരുന്നു. അവൻ അവളുടെ ഓരോ ചലനവും നിരീക്ഷിച്ചു അപ്പോളാണ് സ്റ്റിഫിയ യുസഫ് അവളെയും നോക്കിയിരിക്കുന്നത് കാണുന്നത്
യൂസഫിനെ കണ്ടതും സ്റ്റിഫിയ ചെറുപുഞ്ചിരിയോടെ ചോദിച്ചു.
“എപ്പോഴാണ് എഴുന്നേറ്റത്?”
മറുപടിയായി യൂസഫ് ഒന്ന് ചിരിച്ചു.
സ്റ്റിഫിയ തുണി അലക്കിക്കൊണ്ടുതന്നെ വീണ്ടും ചോദിച്ചു.
“ഇന്നലെ ഇവിടെ നല്ല ആഘോഷമായിരുന്നല്ലോ?”
യൂസഫ് ചായയുടെ ഒരു കവിൾ കുടിച്ച ശേഷം പറഞ്ഞു.
“അതെ… ചെറുതായിട്ട് ഒന്ന് ആഘോഷിച്ചു.”
അൽപനേരം അവളെ നോക്കിനിന്ന ശേഷം അയാൾ വീണ്ടും ചോദിച്ചു.
“എന്തിനാണെന്ന് അറിയണോ?”
സ്റ്റിഫിയ അലക്കിക്കൊണ്ടിരുന്ന കൈകൾ നിർത്താതെ തന്നെ യൂസഫിനെ നോക്കി.
യൂസഫ് പതിയെ പറഞ്ഞു.
“നമ്മൾ ജയിച്ചു… നാളെ നിന്റെ കെട്ടിയോന് ജയിൽമോചനം ലഭിക്കും.”
അത് കേട്ട സ്റ്റിഫിയയുടെ മുഖഭാവം മാറി അവളുടെ കണ്ണുകൾ നിറഞ്ഞു.
അവളുടെ പ്രതികരണം ശ്രദ്ധിച്ചുകൊണ്ട് യൂസഫ് തുടർന്നു.
“എനിക്ക് നിന്നോട് കുറച്ച് പ്രധാനപ്പെട്ട കാര്യങ്ങൾ പറയാനുണ്ട്. ജോലി കഴിഞ്ഞിട്ട് ഹാളിലേക്ക് വരണം… കേട്ടോ?”
സ്റ്റിഫിയ ഒന്നും പറയാതെ പതിയെ തലയാട്ടി. പിന്നെ വീണ്ടും അലക്കാനുള്ള തുണികളിലേക്ക് ശ്രദ്ധ തിരിച്ചു.
യൂസഫ് ഹാളിലേക്ക് പോയി സോഫയിൽ ഇരുന്നു.
അതേസമയം, തുണികളെല്ലാം അലക്കി വിരിച്ച ശേഷം സ്റ്റിഫിയ വീടിനുള്ളിലേക്ക് വന്നു.
ഹാളിലെത്തിയ അവൾ സോഫയിൽ ഇരിക്കുന്ന യൂസഫിനെ നോക്കി ചോദിച്ചു.
“എന്താണ് സാർ… പറയാനുണ്ടെന്ന് പറഞ്ഞത്?”
യൂസഫ് അവളോട് ഇരിക്കാൻ ആംഗ്യം കാണിച്ചു.
“ഇവിടെ ഇരിക്ക്.”
സ്റ്റിഫിയ സോഫയുടെ ഒരറ്റത്ത് ഇരുന്നു.
അൽപനേരം മിണ്ടാതിരുന്ന
ശേഷം യൂസഫ് പറഞ്ഞു.
“നാളെ നിന്റെ കെട്ടിയോൻ ജയിലിൽ നിന്ന് പുറത്തിറങ്ങും. പക്ഷേ അവൻ വന്നെന്ന് കരുതി പഴയതുപോലെ സ്നേഹവും അടുപ്പവും കാണിക്കരുത്. അങ്ങനെ ചെയ്താൽ ഇതുവരെ നമ്മൾ ചെയ്തതെല്ലാം വെറുതെയാകും.”
സ്റ്റിഫിയ നിശ്ശബ്ദമായി തലയാട്ടി.
യൂസഫ് തുടർന്നു.
“നിന്റെ ഈ ദുരിതം നിറഞ്ഞ ജീവിതത്തിന് അറുതി വരുത്താൻ ഞാൻ കളിച്ച കളിയാണ് ഇതെല്ലാം. പക്ഷേ അതൊന്നും അവൻ ഒരിക്കലും അറിയാൻ പാടില്ല. പതിയെ അവനെ മാറ്റിയെടുക്കാം. അതിന് നീയും എന്റെ കൂടെ സഹകരിക്കണം.”
ഒരു മടിയും കൂടാതെ സ്റ്റിഫിയ മറുപടി പറഞ്ഞു.
“ഞാൻ സാർ പറയുന്നതുപോലെ എന്തും ചെയ്തോളാം.”
അതുകേട്ട് യൂസഫ് സംതൃപ്തിയോടെ ചിരിച്ചു.
“അത്രമതി.”
ആ സംഭാഷണത്തിന് ശേഷം സ്റ്റിഫിയ വീട്ടിലേക്ക് മടങ്ങി.
ആ രാത്രി… ഏറെ നാളുകൾക്ക് ശേഷം, മനസ്സിൽ ചെറിയൊരു പ്രതീക്ഷയുമായി അവൾ സ്വന്തം വീട്ടിൽ സമാധാനമായി ഉറങ്ങാൻ കിടന്നു.
പക്ഷെ യുസഫ് മറ്റ് ചില കണക്ക് കുട്ടലുകളിൽ ആയിരുന്നു.
പിറ്റേന്ന് ഉച്ചയോടെ മനുവിന് ജാമ്യം ലഭിച്ചു. മാസങ്ങളോളം നീണ്ട ദുരിതജീവിതത്തിന് താൽക്കാലികമായി അറുതിവന്നിരുന്നു. ജയിലിന്റെ ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങിയ മനുവിനെ കാത്തുനിന്നത് ഹംസയായിരുന്നു.
മനു പതിയെ ഹംസയുടെ അടുത്തേക്ക് നടന്നു.
ഹംസ അവനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു.
“എല്ലാം വിധി… അത്ര തന്നെ.”
അൽപനേരം സംസാരിച്ച ശേഷം ഹംസ ഒരു ഓട്ടോ വിളിച്ച് മനുവിനൊപ്പം അടുത്തുള്ള ബാറിലേക്ക് പോയി.
ബാർ കണ്ടതും മനു ഒന്ന് മടിച്ചു.
“എനിക്ക് വേണ്ട… എനിക്ക് സ്റ്റിഫിയയെ കാണണം.”
എന്നാൽ ഹംസ അവനെ സമാധാനിപ്പിച്ചു.
“വാ… കുറച്ച് നേരം ഇരിക്കാം. അതിന് ശേഷം നേരെ വീട്ടിലേക്ക് പോകാം.”
മനുവിന് താൽപര്യമില്ലായിരുന്നെങ്കിലും ഹംസയുടെ നിർബന്ധത്തിന് വഴങ്ങി അവൻ അകത്തേക്ക് കയറി.
ഹംസ ഒരു ബിയർ ഓർഡർ ചെയ്ത് ഒരു ഗ്ലാസ് മനുവിന്റെ മുന്നിലേക്ക് നീക്കി.
“ഇതാ…”
മനു ഉടൻ തന്നെ അത് മാറ്റിവെച്ചു.
“വേണ്ട… എനിക്ക് സ്റ്റിഫിയയെ മാത്രം കണ്ടാൽ മതി.”
