അത് കേട്ട സ്റ്റിഫിയ ഭയത്തോടെ പറഞ്ഞു.
“അയ്യോ… ചേട്ടായിയെ ഒന്നും ചെയ്യരുത്. ഒന്ന് കാര്യം പറഞ്ഞ് മനസ്സിലാക്കാമോ? ഞാൻ പറഞ്ഞിട്ട് ചേട്ടായി ഒന്നും കേൾക്കുന്നില്ല.”
യൂസഫ് കുറച്ചുനേരം ആലോചിക്കുന്നതുപോലെ മിണ്ടാതിരുന്നു. ശേഷം ശാന്തമായി പറഞ്ഞു.
“ശരി… ഞാൻ അവനോട് സംസാരിക്കാം. നീ പേടിക്കണ്ട.”
അൽപസമയം കഴിഞ്ഞപ്പോൾ യൂസഫ് സ്റ്റിഫിയയെയും കൂട്ടി മനുവിന്റെ വീട്ടിലേക്ക് തിരിച്ചു.
വരാന്തയിൽ ദേഷ്യത്തോടെ ഇരിക്കുകയായിരുന്നു മനു.
പക്ഷേ… വീടിന്റെ മുറ്റത്തേക്ക് ഒരു കറുത്ത കാർ പതിയെ കയറിവരുന്നത് കണ്ട നിമിഷം, അവന്റെ മുഖത്തെ ദേഷ്യം ഒരു നിമിഷം കൊണ്ട് മാഞ്ഞുപോയി.
പകരം… ഭയം.
അവന്റെ നെഞ്ചിടിപ്പ് പോലും കൂടിത്തുടങ്ങി.
കാർ വീടിന്റെ മുന്നിൽ വന്ന് നിന്നു.
എഞ്ചിൻ ഓഫ് ആയതോടെ അവിടമാകെ ഒരു അസ്വാഭാവിക നിശ്ശബ്ദത.
ഡ്രൈവിങ് സീറ്റിന്റെ വാതിൽ പതിയെ തുറന്നു.
യൂസഫ് പുറത്തേക്കിറങ്ങി.
അയാൾ പതിയെ മനുവിന് നേരെ നടന്നു. ആ ചുവടുകൾ കേൾക്കുമ്പോൾ തന്നെ മനുവിന്റെ
തൊണ്ട വരണ്ടുപോയിരുന്നു.
യൂസഫ് ഒന്നും പറയാതെ കുറച്ചുനേരം അവനെ നോക്കി നിന്നു.
ആ നോട്ടം മാത്രം മതിയായിരുന്നു.
മനു അറിയാതെ തന്നെ എഴുന്നേറ്റുനിന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ യൂസഫിനെ അവഗണിച്ചിരുന്ന മനുവിന് ഇന്ന് അയാൾ ഒരു പേടിസ്വപ്നമായിരുന്നു.
ഒരു ചെറിയ പുഞ്ചിരിയോടെ യൂസഫ് ചോദിച്ചു.
“എന്താടാ… വലിയ ദേഷ്യത്തിലാണെന്നാണല്ലോ ഞാൻ അറിഞ്ഞത്?”
മനുവിന്റെ ചുണ്ടുകൾ അനങ്ങിയെങ്കിലും ശബ്ദം പുറത്തുവന്നില്ല.
യൂസഫ് പിന്നിലേക്ക് തിരിഞ്ഞ് കാറിനുള്ളിൽ ഇരുന്ന സ്റ്റിഫിയയെ നോക്കി.
“ഇറങ്ങിവാ… പേടിക്കണ്ട.”
സ്റ്റിഫിയ പതിയെ പുറത്തിറങ്ങി.
അവളുടെ കണ്ണുകൾ ആദ്യം പതിഞ്ഞത് മനുവിലായിരുന്നു.
ദേഷ്യത്തോടെ അലറിക്കൊണ്ടിരുന്ന അതേ മനുഷ്യൻ… ഇപ്പോൾ തലകുനിച്ച് നിൽക്കുകയാണ്.
അത് അവൾക്ക് വിശ്വസിക്കാനായില്ല.
യൂസഫ് മനുവിന്റെ അടുത്തേക്ക് ചെന്നു. അവന്റെ കൈയിലുണ്ടായിരുന്ന പൊട്ടിയ താലിമാല വാങ്ങിയെടുത്തു.
ഒരു നിമിഷം പോലും മടിക്കാതെ അത് സ്റ്റിഫിയയുടെ കഴുത്തിൽ വീണ്ടും അണിയിച്ചു.
സ്റ്റിഫിയ ഞെട്ടലോടെ യൂസഫിനെ നോക്കി.
യൂസഫ് മനുവിന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
“കണ്ടല്ലോ…ഇവൾ ഇപ്പോഴും നിന്റെ ഭാര്യയാണ്.
പക്ഷേ ഇനി മുതൽ ഇവളുടെ ദേഹത്ത് കൈവെച്ചാൽ…
നീ കാണുന്നത് എന്റെ ഈ മുഖമാവില്ല.”
ആ അവസാന വാക്കുകൾ കേട്ടതും മനു അറിയാതെ തലകുനിച്ചു.
ഒരു മറുപടി പോലും പറയാനുള്ള ധൈര്യം അവനുണ്ടായില്ല.
യൂസഫ് സ്റ്റിഫിയയെ നോക്കി പതിയെ പറഞ്ഞു.
“അകത്തേക്ക് പൊയ്ക്കോ.”
സ്റ്റിഫിയ വീടിനുള്ളിലേക്ക് നടന്നു.
വാതിൽക്കൽ എത്തിയപ്പോൾ അവൾ ഒരിക്കൽ കൂടി തിരിഞ്ഞുനോക്കി.
അവിടെ… ഭയന്ന് വിറച്ച് നിൽക്കുന്ന മനുവിനെയായിരുന്നു അവൾ കണ്ടത്.
‘എന്നെ അടിച്ചിറക്കിയ ആളിതാണോ…?’
അവൾക്ക് വിശ്വസിക്കാനായില്ല.
ആ നിമിഷം, യൂസഫിനോടുള്ള അവളുടെ വിശ്വാസം അറിയാതെ തന്നെ വർധിച്ചു.
അന്ന് മുതൽ മനു സ്റ്റിഫിയോട് ശബ്ദമുയർത്തിയില്ല.
അവളുടെ കണ്ണിൽ നോക്കി സംസാരിക്കാനുള്ള ധൈര്യം പോലും അവന് നഷ്ടമായി.
ആ സംഭവം കഴിഞ്ഞ് ദിവസങ്ങൾ ശാന്തമായി കടന്നുപോയി.
പക്ഷേ… ആ ശാന്തത അധികനേരം നീണ്ടുനിന്നില്ല.
ഒരു രാത്രി…
ഡൈനിങ് ടേബിളിന് മുന്നിലിരുന്ന് സ്റ്റിഫിയ വിളമ്പിയ ഭക്ഷണം കഴിക്കുകയായിരുന്നു മനു. വീടിനുള്ളിൽ അസ്വാഭാവികമായൊരു നിശ്ശബ്ദത.
പെട്ടെന്ന് വീടിന് പുറത്തുനിന്ന് ഒരു പരുക്കൻ ശബ്ദം ഉയർന്നു.
“ഇവിടെ ആരുമില്ലേ…?”
ആ ശബ്ദം കേട്ടതും മനു ഭക്ഷണം കഴിക്കുന്നത് നിർത്തി. കൈയിലുണ്ടായിരുന്ന പാത്രം പോലും ചെറുതായി വിറച്ചു.
സ്റ്റിഫിയ മനുവിനെ നോക്കി മൃദുവായി പറഞ്ഞു.
“ചേട്ടായി കഴിച്ചോളൂ… ഞാൻ പോയി നോക്കാം.”
അവൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.
മുറ്റത്ത് അറുപതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. അയാളുടെ കണ്ണുകളിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നെങ്കിലും, അതിനുള്ളിൽ ഒളിഞ്ഞിരുന്നത് ഭീഷണിയായിരുന്നു.
