“ആരാണ്?” സ്റ്റിഫിയ ചോദിച്ചു.
“ഞാൻ അവറാച്ചൻ… ഒരു പാവം പലിശക്കാരൻ. മനു സാർ വീട്ടിലുണ്ടോ?”
സ്റ്റിഫിയ അറിയാതെ ഹാളിലേക്ക് തിരിഞ്ഞുനോക്കി.
അവിടെ…
കസേരയിൽ ഇരുന്നിരുന്ന മനുവിന്റെ മുഖത്തെ നിറമെല്ലാം മാഞ്ഞിരുന്നു. ഭയം
അവന്റെ കണ്ണുകളിൽ വ്യക്തമായിരുന്നു.
ആ ഒരു നോട്ടത്തിൽ തന്നെ സ്റ്റിഫിയയ്ക്ക് കാര്യം മനസ്സിലായി.
അവൾ പതറിയ ശബ്ദത്തിൽ പറഞ്ഞു.
“ചേട്ടായി… ഇവിടെ ഇല്ല. പുറത്തേക്ക് പോയിരിക്കുകയാണ്.”
അത് കേട്ട അവറാച്ചൻ ചെറുതായി ചിരിച്ചു.
“ഷോ… ഈ കൊച്ച് കള്ളം പറയാൻ ഇനിയും പഠിച്ചിട്ടില്ലല്ലോ.”
അയാൾ വീടിനുള്ളിലേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു.
“മനു സാറേ… പുറത്തേക്ക് വരുമോ? അതോ ഞാൻ അകത്തേക്ക് കയറണോ?”
ആ വാക്കുകൾ കേട്ടതും മനുവിന് ഒളിച്ചിരിക്കാൻ കഴിഞ്ഞില്ല.
അവൻ പതിയെ പുറത്തേക്ക് നടന്നു.
അവറാച്ചൻ അവനെ ഒന്ന് അടിമുടി നോക്കി.
“എവിടെയാ എന്റെ മുതലും പലിശയും? മാസം കുറേയായല്ലോ.”
മനുവിന്റെ ചുണ്ടുകൾ അനങ്ങിയെങ്കിലും മറുപടി പുറത്തുവന്നില്ല.
അവൻ തലകുനിച്ച് നിന്നു.
ഇതെല്ലാം കണ്ട സ്റ്റിഫിയ ഇടയിൽ കയറി ചോദിച്ചു.
“എത്ര രൂപയാണ്?”
“അഞ്ച് ലക്ഷം.”
ആ മറുപടി കേട്ട നിമിഷം സ്റ്റിഫിയയുടെ കണ്ണുകൾ വിടർന്നു.
അവൾ വിശ്വസിക്കാനാകാതെ മനുവിനെ നോക്കി.
മനു ഒന്നും പറഞ്ഞില്ല.
തലകുനിച്ച് നിൽക്കുക മാത്രമാണ് ചെയ്തത്.
കുറച്ചുനേരം നിശ്ശബ്ദത നിറഞ്ഞുനിന്നു.
ശേഷം സ്റ്റിഫിയ ധൈര്യം സംഭരിച്ച് അവറാച്ചനോട് ചോദിച്ചു.
“കുറച്ച് സമയം കൂടി നീട്ടിത്തരാമോ?”
അവറാച്ചൻ സ്റ്റിഫിയയെ അടിമുടി ഒന്ന് നോക്കി.
ശേഷം ഒരു ചെറുചിരിയോടെ പറഞ്ഞു.
“ശരി… മോളു പറഞ്ഞതുകൊണ്ട് രണ്ട് ആഴ്ച സമയം തരാം. പക്ഷേ അതിനുള്ളിൽ മുഴുവൻ പണവും എന്റെ കൈയിൽ എത്തിയിരിക്കണം. ഇല്ലെങ്കിൽ പിന്നെ ഞാൻ വേറൊരു രീതിയിലായിരിക്കും സംസാരിക്കുക.”
അയാളുടെ സ്വരത്തിലെ തണുപ്പ് തന്നെ ഭീഷണിയായിരുന്നു.
സ്റ്റിഫിയയ്ക്ക് തലയാട്ടുകയല്ലാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ല.
“തരാം…”
അവളുടെ ശബ്ദം പതറിയിരുന്നു.
അത് കേട്ട ശേഷം അവറാച്ചൻ തിരിഞ്ഞുനടന്നു. അയാളുടെ കാൽച്ചുവടുകളുടെ ശബ്ദം അകന്നുപോകുമ്പോഴും, ആ വീട്ടിലെ നിശ്ശബ്ദത കൂടുതൽ ഭാരമുള്ളതായിരുന്നു.
ആ രാത്രി…
ആ അഞ്ചുലക്ഷം എങ്ങനെ കണ്ടെത്തുമെന്ന ചോദ്യമാണ് മനുവിനെയും സ്റ്റിഫിയയെയും വേട്ടയാടിയത്.
രണ്ടുപേർക്കും ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല.
മുറിയിലെ ഇരുട്ടിൽ കട്ടിലിൽ കിടക്കുകയായിരുന്നു മനു. കണ്ണുകൾ അടച്ചിരുന്നെങ്കിലും ഉറക്കം അവനെ തേടിയെത്തിയിരുന്നില്ല.
പെട്ടെന്ന് അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“സ്റ്റിഫിയ… ഒരു കാര്യം പറയട്ടെ.”
“എന്താ ചേട്ടായി?”
കുറച്ചുനേരം മിണ്ടാതിരുന്ന ശേഷം മനു പറഞ്ഞു.
“ഈ അവറാച്ചൻ… അത്ര നല്ല ആളൊന്നുമല്ല. പണ്ട് ഗോപി എന്നൊരാളുടെ കടം തിരിച്ചുകിട്ടാതായപ്പോൾ അയാളുടെ കുടുംബം തകർത്തവനാണ്. ഇന്ന് ഗോപിയുടെ ഭാര്യ അനുപമ പോലും അവന്റെ വീട്ടിലാണെന്ന് കേട്ടിട്ടുണ്ട്.”
സ്റ്റിഫിയ അത്ഭുതത്തോടെ മനുവിനെ നോക്കി.
“അതൊക്കെ എന്തിനാ ഇപ്പോൾ എന്നോട് പറയുന്നത്?”
മനു മറുപടി പറഞ്ഞില്ല.
മുറിയിലാകെ വീണ്ടും നിശ്ശബ്ദത നിറഞ്ഞു.
ആ നിശ്ശബ്ദത ഭേദിച്ചുകൊണ്ട് സ്റ്റിഫിയ പറഞ്ഞു.
“ചേട്ടായി… പേടിക്കണ്ട. നമുക്ക് യൂസഫ് ഇക്കയോട് സഹായം ചോദിക്കാം. അദ്ദേഹം നമ്മളെ കൈവിടില്ല.”
ആ പേര് കേട്ടതും മനുവിന്റെ മുഖം കടുത്തു.
“വേണ്ട.”
അതായിരുന്നു അവന്റെ ഏക മറുപടി.
അടുത്ത ദിവസങ്ങൾ മുഴുവൻ മനു പണം കണ്ടെത്താനുള്ള ഓട്ടത്തിലായിരുന്നു.
പരിചയക്കാരെയും സുഹൃത്തുക്കളെയും തേടി.
പഴയ ബന്ധങ്ങൾ തേടി.
പക്ഷേ…
എല്ലായിടത്തും അടഞ്ഞ വാതിലുകൾ മാത്രം.
അങ്ങനെ അവറാച്ചൻ പറഞ്ഞ ദിവസം എത്തി.
രാത്രി…
ഒരു ജീപ്പ് വീടിന്റെ മുറ്റത്ത് വന്ന് നിന്നു.
അതിൽ നിന്ന് അവറാച്ചനും കൂടെ മൂന്ന് പേരും ഇറങ്ങി.
അവറാച്ചൻ വീടിന്റെ അകത്തേക്ക് കയറി സോഫയിൽ ഇരുന്നു.
അവറാനെ കണ്ടതും സ്റ്റിഫിയയും മനുവും പരസ്പരം നോക്കി.
