ആണോ എനിക്കത്ര രസമൊന്നും തോന്നുന്നില്ല
അത് ഉണ്ണിയേട്ടൻ എപ്പോഴും കാണുന്ന കൊണ്ടാ
ദാ ആ നടുക്കായിട്ട് ഒരു കൊച്ചു വീട് വെക്കണം
എന്നിട്ടവിടെ താമസിക്കണം എന്ത് രസമായിരിക്കും
ഇത് മൊത്തം ഒരാളുടെയാണോ ഉണ്ണിയേട്ടാ
ഒരാളുടെയല്ല ഒൻപതു പേരുടേയാ
മ്മ്മ്മ്മ്മ്മ്….അവൾ പാവ തലയാട്ടും പോലെ തലയാട്ടി കൊണ്ടു മൂളി
ആ തെങ്ങിൻ തോപ്പോ
അവൾ ദൂരേക്ക് കൈ ചൂണ്ടി
അതും അവരുടേയാണോ
ആ മല കണ്ടോ അവിടന്നു ഇവിടെ വരെയുള്ള മുഴുവൻ സ്ഥലവും അവരുടേയാ പെണ്ണെ
അപ്പൊ ഇത് എന്തോരം സ്ഥലമുണ്ടാവും
ഒരു ആയിരമേക്കരറി ൽ കൂടുതലുണ്ടാവും
ആയിരമേക്കറോ ഹോ അവരീ പൈസയൊക്കെ എന്ത് ചെയ്യുമല്ലേ
അവരുടെ കടയിൽ നിന്നാ നമ്മളിപ്പോ സ്വർണ്ണവും തുണിയുമൊക്കെ വാങ്ങിയേ
ങ്ങാ…..അത് പറ അവർക്കൊരുപാട് ഉള്ള കൊണ്ടാ അവരിങ്ങനെ ഫ്രീ കൊടുക്കുന്നെ
അല്ലെ ഉണ്ണിയേട്ടാ
മ്മ്മ്മ്മ് അതെയതെ
അവളുടെ പൊട്ടത്തരം കേട്ട് വീട്ടിലെത്തിയത് അറിഞ്ഞില്ല
ഇതാണോ ഉണ്ണിയേട്ടന്റെ വീട്
അതേ നീ ഷൂ ഊരിയിട്ടിട്ട് വലതു കാല് വെച്ചു കയറി വാ
രണ്ട് വലിയ കവറും ഷോൾഡർ ബാഗും തൂക്കി പിടിച്ചു അവളകത്തേക്ക് കയറി
വല്യേടത്തി പൂമുഖത്ത് തന്നെ നിറഞ്ഞ ചിരിയോടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു
അവനെന്തിയെ ഏട്ടത്തി
ഇപ്പൊ ഒന്നങ്ങു ഉറങ്ങിയേയുള്ളു
വാ മോളെ ഏടത്തി വന്നവളെ കെട്ടിപിടിച്ചു
കൗസല്യേ
ഒരു സ്ത്രീ ഓടി വന്നു
മോളുടെ കയ്യിൽ നിന്ന് ആ കവറെല്ലാം വാങ്ങി കൊണ്ടു പോ
അവർ രണ്ട് കവറുകളും വാങ്ങി
അത് ഉണ്ണിയുടെ മുറിയിലേക്ക് വെച്ചേക്കു
അവരതുമായി അകത്തേക്ക് പോയി
വാ മോളെ
അവളെ ചേർത്തു പിടിച്ചു കൊണ്ടു തന്നെ ഏടത്തി അകത്തേക്ക് നടന്നു
എവിടെയാ ചേച്ചി പുതിയ വാവ
അവൻ പാല് കുടിക്കുവാ അതാ അവൾ എഴുനേറ്റ് വരാഞ്ഞേ
ഞങ്ങൾ ചെറിയേടത്തിയുടെ മുറിയിലേക്ക് നടന്നു
വാടാ കൊച്ച ച്ഛ…..
ഏടത്തി കട്ടിലിൽ കിടന്നു കൊണ്ട് തന്നെ വിളിച്ചു
ഞാൻ ചെന്നു പാല് കുടിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ എടുത്തു
അവൻ കുറച്ചു നേരം ചിണുങ്ങിയെങ്കിലും എന്റെ കയ്യിൽ തന്നെയിരുന്നു പെട്ടെന്ന് ഉറങ്ങി
സമീറ അവന്റെ കുഞ്ഞു കാലിലും കയ്യിലുമൊക്കെ തൊട്ടു നോക്കി
ഞാനെടുക്കട്ടെ ഉണ്ണിയേട്ടാ
വേണ്ട മോളെ കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് മോളുടെ കയ്യിൽ തരാം
ഗിരിജേടത്തി പറഞ്ഞു
നേരിട്ട് കണ്ടിട്ടില്ലെങ്കിലും എന്നും ഫോണിൽ സംസാരിച്ചു അവൾക്ക് വീട്ടിലുള്ള എല്ലാവരെയും അറിയാവുന്ന കൊണ്ട് ഒട്ടും അപരിചിതത്വമില്ലാരുന്നു
അതെന്നാ ചേച്ചി അപ്പൊ ഉണ്ണിയേട്ടൻ എടുത്തല്ലോ
എനിക്കുണ്ടായ മോനെ ആദ്യം വാങ്ങിയത് ഇവനാ മോളെ
ഞങ്ങളെക്കാൾ വശമാ കുഞ്ഞിനെയെടുക്കാൻ കണ്ടില്ലേ കള്ളചെക്കൻ ഉറങ്ങുന്നത്
വല്യേടത്തി പറഞ്ഞു
വേറേ ആരേലുമാ എടുത്തതെങ്കിൽ അവനിപ്പോ കീറി പൊളിച്ചേനെ ചീവിടാ തനി ചീവിട് ചെറിയേടത്തി അവന്റെ കയ്യിൽ പിടിച്ചു ഇളക്കി
എന്തൊരു ഉറക്കമാന്നു നോക്കിയേടി
ഞാൻ സാവധാനം അവനെ ഏട്ടത്തിയുടെ അടുത്ത് കിടത്തി കുഞ്ഞി കണ്ണു തുറന്നു എല്ലാവരെയും ഒന്ന് നോക്കി
ഒന്ന് വിതുമ്പി പിന്നെ കരച്ചിൽ തുടങ്ങി
ഏടത്തി മുലക്കണ്ണ് എടുത്തു കുഞ്ഞു വായിലേക്ക് തിരുകി വിതുമ്പിക്കൊണ്ട് തന്നെ അവൻ കുടിച്ചു തുടങ്ങി
നമുക്കിനി അടുത്ത ആളെ കാണണ്ടേ വാ മോളെ
ഏടത്തി അവളുടെ കൈ പിടിച്ചു അടുത്ത റൂമിലേക്ക് നടന്നു
പതു പതുത്ത പുതപ്പിനുള്ളിൽ
ആള് നല്ല ഉറക്കത്തിലാണ്
സമീറ ബാഗിൽ നിന്നു തളകൾ എടുത്തു
ചേച്ചി ഇത് ഇവനുള്ളത്
ഇത് അവനുള്ളത്
സ്വർണ്ണത്തിന്റെ ബോക്സ് കണ്ടതും ഏട്ടത്തി ചിരിച്ചു
എന്താ ചേച്ചി ചിരിക്കണേ
ഒന്നൂല്ല മോളെ ഇപ്പൊ ഇവന്മാർക്ക് സ്വർണ്ണം ഇടാറായില്ല നൂല് കെട്ടിന്റെ അന്ന് എല്ലാവരെയും കൂട്ടി മോള് വരണം നമുക്കിതു അന്നിടിക്കാം ട്ടോ
ഉണ്ണിയേട്ടാ ആ കവർ എന്തിയെ
അതെന്റെ മുറിയിൽ വെച്ചിട്ടുണ്ട്
വാ അതെടുത്തു നമുക്കിവനെ ഇടുവിക്കാം
എന്റെ പൊന്നു മോളെ അവനിപ്പോ ഉറങ്ങിയേയുള്ളു മോളിങ്ങു തന്നാ മതി ഞാൻ പിന്നെ ഇടീച്ചോളാം
എവിടാ ഉണ്ണിയേട്ടന്റെ മുറി
ചെല്ലെടാ കൊച്ചിന് വീടെല്ലാം ഒന്ന് കാണിച്ചു കൊടുക്കു അപ്പോഴേക്കും ഞാൻ ചോറെടുത്ത് വെക്കാം
