“അയ്യടാ!!! എന്റെ ചെക്കന്റെ ഒരു ആശ… ഒന്നെങ്കിലും കിട്ടിയാൽ മതിയായിരുന്നു.. എന്റെ ചെക്കന് തരാൻ.. എനിക്ക് വേണം എന്റെ ചെക്കന്റെ ഒരു കുഞ്ഞിനെ എങ്കിലും. ”
“എല്ലാം നടക്കും … എന്റെ പെണ്ണ് സങ്കടപെടാതിരുന്നാൽ മതി.”
അപ്പോഴാണ് വാതിലിന് മുട്ട് കേട്ടത്.. പവി ചെന്ന്. വാതിൽ തുറന്നു.. പവിത്ര ആയിരുന്നു വാതിലിനു മുട്ടിയത്.
പവിത്രയെ കണ്ട ഉടനെ ടീച്ചർ കെട്ടിപിടിച്ചു കരഞ്ഞു.. അതിനു ശേഷം പവിത്രയുടെ മുഖത്തു നിറയെ ഉമ്മ വെച്ചു. വീണ്ടും കരഞ്ഞു.
“മതി മതി ടീച്ചറും കുട്ടിയും സങ്കടം പറഞ്ഞു കരഞ്ഞത്.. അനുഭവിക്കാൻ ഉള്ളത് അനുഭവിച്ചു കഴിഞ്ഞില്ലേ? പറയാൻ ഉള്ളത് പറഞ്ഞും… ഇനിയും പറയാൻ സമയം ഉണ്ട്.. ഇപ്പോൾ രണ്ടാളും പോയി ഒന്ന് കറങ്ങിയിട്ട് വാ.. തോട്ടത്തിൽ എല്ലാം ഒന്ന് പോയിട്ട് വാ.. ആദ്യ രാത്രിക്ക് ഇനിയും സമയം ഉണ്ട്.. അപ്പോഴേക്കും ഞാൻ മണിയറ ഒരുക്കട്ടെ ” പവിത്ര പറഞ്ഞു..
“ഇവിടെ ടീച്ചറും ഇല്ല കുട്ടിയും ഇല്ല.. ഞങ്ങളെ ഭാര്യയും ഭർത്താവും ആണ്… അല്ലാതെ ടീച്ചറും കുട്ടിയും അല്ല.. ” ടീച്ചർ പറഞ്ഞു.
“എന്നിട്ട് ഇപ്പോഴും ഏട്ടൻ നാത്തൂനെ ടീച്ചറേ എന്നാണല്ലോ വിളിക്കുന്നത്..” പവിത്ര പറഞ്ഞു.
“അതിന് എന്താ എന്റെ ഭർത്താവ് എന്നെ എന്ത് വിളിച്ചാലും എനിക്ക് സന്തോഷം ആണ്… ഏട്ടാ എന്നാലും എന്റെ പേര് വിളിക്കുമോ? എന്റെ നാത്തൂൻ ഒന്ന് കേട്ടോട്ടെ?”
“ഏട്ടനോ അത് എപ്പോൾ മുതൽ? പവിയൊക്കെ പോയി ഇപ്പോൾ ഏട്ടൻ ആയോ? പവിത്ര ചിരിച്ചുകൊണ്ട് ചോദിച്ചു..
ടീച്ചറും ചിരിച്ചു.. കൂടെ പവിയും ..
“എടി മോളെ ടീച്ചർ കുറേ നേരം ബസ്സിൽ ഇരുന്നു വന്നതല്ലേ? കുറച്ചു നേരം വിശ്രമിച്ചോട്ടെ. തോട്ടത്തിൽ ഇനിയും പോകാലോ ” പവി പറഞ്ഞു.
“അപ്പോൾ ഏട്ടനോ? ഏട്ടനും അതേ ബസ്സിൽ അല്ലേ വന്നത്..? എന്തായാലും ഇപ്പോൾ തോട്ടത്തിലെ പണിക്കാരൊക്കെ വരും . അവരൊക്കെ വന്നു പോയ ശേഷം രണ്ടാളും പോയി വിശ്രമിച്ചോ.. ഇപ്പോൾ മുന്നിലേക്ക് വാ ” പവിത്ര അതും പറഞ്ഞു പോയി.
“പവി ഈ പവിത്രയുടെ കല്യാണം കഴിഞ്ഞതാണോ? അല്ല. അവൾ കല്യാണം വേണ്ട എന്ന് പറഞ്ഞു നിൽക്കുകയാ … എന്റെ കാര്യം കഴിഞ്ഞിട്ട് മതി എന്നൊക്കെ ഇടക്ക് പറഞ്ഞിരുന്നു. ഇനി മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്നറിയില്ല.. ഇനി അതൊക്കെ ടീച്ചറുടെ പണിയാ.”
“പവി.. എന്നെ ടീച്ചർ എന്ന് വിളിക്കാതെ പേര് വിളിച്ചൂടെ ? പ്രിയ എന്ന്? ”
“പ്രിയ എന്ന് വിളിക്കണോ അതോ എന്തെങ്കിലും കൂട്ടി പ്രിയ എന്ന് വിളിക്കണോ? ”
“നമ്മൾമാത്രം ഉള്ളപ്പോൾ എന്ത് കൂട്ടിവേണമെങ്കിലും വിളിച്ചോ.. അല്ലാത്തപ്പോൾ പ്രിയ എന്ന് വിളിച്ചൂടെ.? . ടീച്ചറെ എന്ന് വിളിക്കുമ്പോൾ ഇപ്പോൾ എനിക്കും എന്തോ പോലെ. ആ വിളികേൾക്കാൻ എനിക്ക് ഒരു യോഗ്യതയും ഇല്ല ”
“ടീച്ചർ..ടീച്ചർ എന്ന് വിളിച്ചു ശീലിച്ചു പോയതല്ലേ ടീച്ചറെ? നമുക്ക് പതിയെ അത് മാറ്റം വരുത്താം. ”
പവിയും ടീച്ചറും കൈ കോർത്തു പിടിച്ചു നടന്നു. വീടിന്റെ മുന്നിൽ തന്നെ പവിയുടെ അമ്മ ഇരിക്കുന്നുണ്ടായിരുന്നു. പവിയേയും ടീച്ചറേയും കണ്ട ഉടനെ പവിയുടെ അമ്മ കൈകാട്ടി വിളിച്ചു . രണ്ടുപേരെയും അടുത്ത് ഇരുത്തി.
“എന്തിനാ ഇങ്ങനെ കരയുന്നത്.. ഞങ്ങൾക്കൊന്നും മോളോട് ഒരു ദേഷ്യവും ഇല്ല.. സ്നേഹം മാത്രമേ ഉള്ളൂ. മോള് ഇന്നുമുതൽ ഞങ്ങളുടെ കുട്ടിയാ.. ഞങ്ങളുടെ മോളാ.. മോള് ഒന്നും ഓർക്കേണ്ട.. ഒന്നും ചോദിക്കാനും പറയാനും നിൽക്കേണ്ട… സ്നേഹത്തോടെ സന്തോഷത്തോടെ കഴിയുക . എന്റെ മോന്റെ പെണ്ണായിട്ട്. ഇനിയും കരഞ്ഞാൽ അമ്മയുടെ കൈയിൽ നിന്നും നല്ല അടികിട്ടും. ഡാ മോനെ പവി.. നിന്റെ പെണ്ണാ ഇത് ഇവൾ കരയാതെ നോക്കേണ്ടത് ഇനി നിന്റെ കടമയാ. അതുകൊണ്ട് മോൻ നിന്റെ പെണ്ണിനേയും വിളിച്ചോണ്ട് ജീപ്പ് എടുത്തു ഒന്ന് കറങ്ങിയിട്ട് വാ.. എന്നിട്ട് നേരത്തെ തന്നെ കയറി കിടന്നോ ഒരുപാട് ദൂരം യാത്ര ചെയ്തു വന്നതല്ലേ രണ്ടാളും. ”
