” ഇതല്ലേ താൻ നോക്കുന്നത്.?”
പരിചിതമായ സ്വരം! അലോഷിയുടെ!
കണ്ണുകൾ നിറഞ്ഞു. രക്ഷകനാണെന്നറിയാമായിരുന്നെങ്കിലും ഇവിടെ രക്ഷകനായി എത്തുമെന്നുറപ്പില്ലായിരുന്നു.
“കുറച്ചു പേടിച്ചു ല്ലേ?”
കണ്ണാടി എന്റെ മുഖത്ത് വെച്ചു കൊണ്ടാണ് അലോഷി ചോദിച്ചത്.
വിഷാദമായ പുഞ്ചിരിയായിരുന്നു ഞാൻ നൽകിയത്.
“സർ എങ്ങനെ ഇവിടെ?”
സംശയത്തോടെ ഞാൻ തിരക്കി.
എനിക്കടുത്തായി സോഫയിൽ വന്നിരുന്നു അലോഷി.
” വിളിച്ചിട്ട് കിട്ടാതായതോടെ നീ ഇവരുടെ കൈയിൽ അകപ്പെട്ടു എന്ന് എനിക്കുറപ്പായിരുന്നു.പിന്നീട് ഒരിക്കൽ ഫോൺ ലൊക്കേഷൻ ട്രെയ്സ് ചെയ്യാൻ പറ്റി, അവിടെ എത്തിയപ്പോൾ അതൊരു ബാറായിരുന്നു.അതു പോലെ ഒന്നു രണ്ടു തവണ പറ്റി. ഒടുവിൽ നിന്നെയും കൊണ്ട് മുണ്ടക്കയത്തു നിന്നും വണ്ടിയെടുത്തപ്പോൾ മുതൽ ഞാൻ ഫോളോ ചെയ്യുന്നുണ്ടായിരുന്നു.
ഇവരെ പിടിക്കാൻ എപ്പഴേ കഴിയുമായിരുന്നു ഇവരെ അറസ്റ്റ് ചെയ്താൽ യഥാർത്ഥ കൊലപാതകിക്ക് രക്ഷപ്പെടാൻ ചാൻസുമാവും അത്.പക്ഷേ ഞാൻ വിരിച്ച വല കൊമ്പൻ സ്രാവിനുള്ളതായിരുന്നു.”
“സർ, ഇനിയെന്താണ് പ്ലാൻ?”
“പോലീസിൽ ഏൽപിക്കണ്ടെ?”
“വേണം. അതിനു മുന്നെ കുറേ പരിപാടികളുണ്ട്. “
പെടുന്നെനെ കറണ്ട് പോയി.
അലോഷിയുടെ പിന്നിൽ ഒരു നിഴലുപോലെ ആരോ നടന്നത് പോലെ തോന്നി. കഴുത്തിൽ ഒരു ലോഹത്തണുപ്പ്. അതൊരു തോക്കിൻ കുഴലാണെന്നു തിരിച്ചറിഞ്ഞു.
” അലോഷി സാർ?…..”
ഞാൻ വിളിച്ചു. പക്ഷേ സാറിന്റെ ശബ്ദമെങ്ങുമില്ല. എവിടെയോ എന്തൊക്കെയോ തട്ടിമറിയുന്ന ശബ്ദവും അട്ടഹാസങ്ങളും.
” പേടിക്കണ്ട ശത്രുവല്ല ഞാൻ “
ചെവിക്കരികിൽ ഒരു സ്ത്രീ സ്വരം. അതും പരിചിതമായത്.
എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി നോക്കി ഞാൻ കാൽ തറയിൽ കുത്താൻ പറ്റുന്നില്ല.
സിഗാർ ലൈറ്റ് കത്തിക്കുന്നതിന്റെ ശബ്ദം. ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചത്തിൽ ഞാനാ ഇരുട്ടിന്റെ നിഴലു കണ്ടു. ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി ഒരു സ്ത്രീ.മൂക്കിൽ തൂങ്ങി നിൽക്കുന്ന മൂക്കുത്തി.
” നിങ്ങളാരാ?”
അവരൊന്നും മിണ്ടിയില്ല. തൊട്ടു മുന്നിൽ എന്തോ വന്നു വീണു. അതൊരു മനുഷ്യ രൂപമാണെന്നു തോന്നി.ഭയം ഇരട്ടിച്ചു. ഞാൻ സെറ്റിയിൽ നിന്നൂർന്നിറങ്ങാൻ ശ്രമിച്ചു..
“എനിക്കടുത്ത് നീ സുരക്ഷിതയാണ്.”
(സ്ത്രീ സ്വരം വീണ്ടും. കുറച്ചു നേരത്തേക്ക് അവർ ഒന്നും സംസാരിച്ചിരുന്നില്ല.
പുറത്തൊരു വാഹനത്തിന്റെ ശബ്ദം. വന്നതോ പോയതോ? അകത്തെ കോലാഹലങ്ങൾക്കിടയിൽ അത് വ്യക്തമായില്ല.
കറണ്ട് വന്നു. ഹാളിൽ രണ്ടിലധികം ആളുകൾ തമ്മിലടിക്കുന്നു. ബോധമില്ലാതെ കിടന്ന കഷണ്ടിക്കാരനും അലോഷിയും തന്നിൽ പൊരിഞ്ഞ അടി.പ്രശാന്തും വേറെയൊരു ഗുണ്ടയും.ഇത് കൂടാതെ തറയിൽ അഞ്ചാറു പേർ വീണു കിടക്കുന്നു.
എന്റെ കണ്ണു തളളിപ്പോയി. അതിലും അത്ഭുതം തൊട്ടടുത്തുണ്ടായിരുന്ന ആ സ്ത്രീ അപ്രത്യക്ഷയായിരിക്കുന്നു.
.അതിസാഹസികമായി തന്നെ കഷണ്ടിക്കാരനെ അലോഷി ബന്ധിച്ച ശേഷം സെറ്റിയിലിരുന്നു.
” ഒന്നും രണ്ടുമല്ല മൂന്ന് വർഷമാണ് ഞാൻ തനിക്കു പിന്നാലെ വരാൻ തുടങ്ങിയിട്ട്. അഡ്വക്കേറ്റ് പരമേശ്വറിന്റെ മരണത്തിൽ ദുരൂഹത തോന്നിയത് യൂനുസ് ഖന്നയുടെ ഭാര്യയുടെയും കുഞ്ഞുങ്ങളുടേയും തിരോധാനത്തിലാണ്. മാസങ്ങൾക്ക് ശേഷമാണ് ആൾത്താമസമില്ലാതെ കിടക്കുന്ന അവരുടെ തറവാട്ട് വീട്ടിൽ അഴുകി തുടങ്ങിയ ബോഡികൾ കണ്ടത്.. മൃതദേഹത്തിനടുത്ത് നിന്നും കേരളാ പോലീസിന് തുമ്പൊന്നും കിട്ടിയില്ലാ എന്നു മാത്രമല്ല അവിടുന്നു കിട്ടിയ KTമെഡിക്കൽസിലെ ലേബെൽ ഒട്ടിച്ച ഉറക്കഗുളിക ബോട്ടിൽ അവർ നിസാരവൽക്കരിച്ചു കാണിക്കുകയും ചെയ്തു. എനിക്കത് കച്ചിത്തുരുമ്പ് ആയിരുന്നു. നിന്നിലേക്കെത്താനുള്ള കച്ചിത്തുരുമ്പ്. എന്തിന് നീയത് ചെയ്തു എന്നതറിയാൻ കാത്തിരുന്നപ്പോൾ നീ പല ജീവനുകൾ തീർത്തു കൊണ്ടേ ഇരുന്നു.. നാളേയ്ക്ക് നീ വിളിച്ചു കൂട്ടിയ പത്രസമ്മേളനം എനിക്കതിനുള്ള ഉത്തരം നൽകി.”
പക്ഷേ കഷണ്ടിക്കാരനിൽ പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ല..
