അജ്ഞാതന്‍റെ കത്ത് – 9 2

” അപ്പോൾ എങ്ങനെയാണ് വേദമാഡം ഫോർമുല എവിടെയാണെന്നു പറയുകയല്ലേ….. “

വക്രിച്ച ചിരിയുമായി അയാൾ സോഫയിൽ നിന്നുമെഴുന്നേറ്റു.

” തന്നാൽ നിനക്ക് തിരികെ പോകാം ഞാനോ എന്റെ ആളുകളോ നിന്നെ ഉപദ്രവിക്കില്ല. മറിച്ചായാൽ നീ ബുദ്ധിമുട്ടും. നിന്റെ അതിബുദ്ധി പ്രവർത്തിക്കരുത്.”

“നിങ്ങളോടെന്താ പറഞ്ഞാൽ മനസിലാവില്ലേ എനിക്കറിയില്ല അതെവിടെയാണെന്ന് “

എന്റെ കണ്ണ് നിറഞ്ഞത് എന്റെ നിസ്സഹായാവസ്ഥ കൊണ്ടായിരുന്നു.

“നീ മിടുക്കിയാ. നിന്നേക്കാൾ മിടുക്കെനിക്കുണ്ട് അതിനാൽ മാത്രമാണ് എതിർത്ത ഒരെണ്ണം പോലും ഈ ഭൂമിക്ക് മീതെ അവശേഷിക്കാത്തതിന്റെ കാരണവും ഇത് മാത്രമാണ്. വിജയം മാത്രം മുന്നിൽ കണ്ടാണ് ഞാനെന്റെ മേലുള്ള രക്തബന്ധനങ്ങൾ പോലും മുറിച്ചെറിഞ്ഞത്. “

“നിങ്ങൾ എന്നെ കൊല്ലുമെന്ന് പറഞ്ഞാലും എന്റെ വായിൽ നിന്നും അതേ പറ്റിയൊന്നും അറിയില്ല. അഥവ അറിഞ്ഞാലും എന്നിൽ നിന്നും ഒന്നുംകേൾക്കാൻ പോവുന്നില്ല.”

കണ്ണിൽ നിന്നും പൊന്നീച്ച പറന്നു പോയപ്പോഴാണ് അയാളുടെ അടിയിൽ ഞാൻ കറങ്ങി സെറ്റിയിൽ നിന്നും താഴെ വീണെന്നു മനസിലായത്. വായയിൽ ചോരചുവ.എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴേക്കും എന്റെ വലതു കൈപ്പത്തി അയാളുടെ ഷൂവിനടിയിൽ കിടന്ന് ഞെരിഞ്ഞു.

“ലോകം മുഴുവൻ 90% ഭ്രാന്തന്മാരാൽ നിറയണം. അവർക്കുള്ള രക്ഷകനായി എനിക്കീ ഭൂമിയുടെ അധിപനാവണം. ഈ ലോകം മുഴുവൻ എന്റെ ചൊൽപ്പൊടിക്കു കീഴെ….. ഹ ഹ ഹ ഹ …. “

അയാൾക്ക് ശരിക്കും ഭ്രാന്താണെന്ന് തോന്നിയെനിക്ക്.

” നീയും നിന്റെ ആളുകളും ചേർന്ന് പിടിച്ച് വെച്ച തൗഹയെ ഞാൻ 24 മണിക്കൂറിനുള്ളിൽ ഇറക്കും.കാരണം ജീവൻ പോയാലും ഒറ്റുകൊടുക്കില്ല അവൻ…”

“നിങ്ങളിതൊക്കെ ചെയ്തു കൂട്ടുന്നത് എന്തിനാ”

അയാൾ വീണ്ടും ഉറക്കെചിരിച്ചു.
പിന്നെ എനിക്കു നേരെ മുഖം താഴ്ത്തി പതിയെ ഒരു പ്രത്യേക ചേഷ്ട കാണിച്ചു. സിഗരറ്റിന്റെ പുക മുഖത്തിനു നേരെ ഊതിക്കൊണ്ട് സൈക്കോയെ പോലെ സംസാരിച്ചു തുടങ്ങി.

” കൊല്ലും കൊലയും എന്റെ ലക്ഷ്യമല്ല. മുന്നിൽ എതിരെ വരുന്നവരെ വകവരുത്താതെ ജീവിക്കാൻ വഴിയില്ല. എന്റെ ലോകം വേറെയാണ്.”

“നിങ്ങളുടെ സ്ഥാപനങ്ങളുടെ ഒരു ലിസ്റ്റ് ഞാൻ സി.എം നു അയച്ചിട്ടുണ്ട്. അതിനു പിന്നിലെ നിഗൂഡ ലക്ഷ്യങ്ങളും. എന്നെ നിങ്ങൾ ഇല്ലാതാക്കിയാലും എന്റെച്ഛൻ ശേഖരിച്ചു വെച്ച രഹസ്യങ്ങളുടെ രേഖകൾ കൊണ്ടു നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടാം.”

അയാളുടെ മുഖത്തെ ചിരി മാഞ്ഞു, വിഷാദം വന്നു ഒടുവിൽ വിഷാദത്തിനു പകരം പക കലർന്ന ചിരിയോടെ സോഫയിലേക്ക് ചാഞ്ഞു.. കാലിന്മേൽ കാൽ കയറ്റി വെച്ച് വിറപ്പിച്ചു കൊണ്ടേയിരുന്നു.
” നീയാദ്യം പണി തുടങ്ങൂ….. “

അനുയായിയെ നോക്കി അയാൾ പറഞ്ഞു. അനുയായിക്ക് നിർദ്ദേശം കിട്ടേണ്ട താമസം അയാളുടെ കൈയിലെ ഇരുമ്പുദണ്ഡ് ഉയർന്നു താണു. എന്റെ വലതേ കാൽമുട്ടിനു താഴെ ആദ്യം ഷോക്കടിച്ച പ്രതീതീ. എതിർക്കാനോ ഉരുണ്ടു മാറാനോ കഴിഞ്ഞില്ല. രണ്ടുവട്ടം
വീണ്ടും ഇരുമ്പുദ്ദണ്ഡ് ഉയർന്നുതാണു.
വേദന കൊണ്ട് ഞാൻ പുളഞ്ഞു.
അയാൾ പൊട്ടിച്ചിരിച്ചു കൊണ്ടേയിരുന്നു.

“മിസ് വേദാ പരമേശ്വർ എന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ല നാളെ പുലരുമ്പോൾ എന്നെ ഈ ലോകം പൂവിട്ടു പൂജിക്കും. അറിയപ്പെടുന്ന ഒരു സൈന്റിസ്റ്റന്ന ബഹുമതിയിലേക്ക് ഇനിയേതാനും മണിക്കൂറുകൾ മാത്രം. സുബോധം നഷ്ടമായവരെ ബോധതലത്തിലേക്കെത്തിക്കാനുള്ള ഒരു മെഡിസിൻ ഞാൻ കണ്ടെത്തിയിട്ടുണ്ട്.ഒരു നേരത്തെ മെഡിസിന് ലക്ഷങ്ങൾ വിലയുള്ള മെഡിസിൻ.”

എന്റെ തലയ്ക്ക് പിന്നിൽ എന്തോ വന്നിടിച്ചു.കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു വെറും ഇരുട്ടു മാത്രം.

കണ്ണു തുറക്കുമ്പോൾ ഞാനാ സെറ്റിയിൽ കിടക്കുകയാണ്. സിഗരറ്റിന്റെ രൂക്ഷഗന്ധം മൂക്കിൽ തുളഞ്ഞു കയറുന്നുണ്ട്. മുകളിൽ കറങ്ങുന്ന ഫാനിന്റെ ലീഫുകൾ പിന്നെ കത്തുന്ന വർണവെളിച്ചം വിതറുന്ന ബൾബുകൾ .തല പൊളിയുന്ന വേദനയുണ്ട്. കൈ വെച്ച് തൊട്ടു നോക്കിയപ്പോൾ തലയിൽ ചുറ്റി ബാൻഡെയ്ഡ് കെട്ടിയ പോലെ തുണി കെട്ടിയിട്ടുണ്ട്.
ഒരു ഞെരക്കം പോലെ കേട്ടു.തറയിൽ കിടന്നു പുളയുന്ന അനുയായി. കൈകൾ പിന്നിലേക്കാക്കി കെട്ടിയിട്ടിട്ടുണ്ട്.
ഇതെങ്ങനെ?
എതിരെയുള്ള സോഫയിൽ ഇരിക്കുന്ന കഷണ്ടിക്കാരന്റെ കടവായിലൂടെ ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. അയാൾക്ക് ബോധമുണ്ടോ എന്നത് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഒടിഞ്ഞു തൂങ്ങിയ കഴുത്തിനു ബലമില്ലാത്തതുപോലെ.
തെല്ലുമാറി അവിനാഷും കിടക്കുന്നു അവന്റെയും കൈകൾ പിന്നിലേക്കാക്കി കെട്ടിയിട്ടുണ്ട്..
ആരോ നടന്നു വരുന്ന ബൂട്ടിന്റെ ശബ്ദം. ഞാൻ എഴുന്നേൽക്കും മുന്നേ എന്റെ കണ്ണാടി പരതി. അത് നഷ്ടമായിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *