” പിന്നെ എവിടേക്കാ…?”
അവന്റെ നെഞ്ചിൽ നിന്നും അവൾ മുഖമുയർത്തി …
കരഞ്ഞു ചുവന്ന കണ്ണുകളിൽ പീള കെട്ടിയത് അവൻ കണ്ടു …
ഇടം കൈയുടെ ചൂണ്ടുവിരലാൽ അവളുടെ കണ്ണിലെ പീള തോണ്ടി, അവൻ വിരൽ കൊണ്ട് തെറുപ്പിച്ചു കളഞ്ഞു..
” ഫാം ഹൗസിലേക്ക് …. ബാക്കി അവിടെ ചെന്നിട്ട് കരയാം ….”
അവൾ ചമ്മലോടെ മുഖം താഴ്ത്തി ..
“നീ ഇന്നലെ പറഞ്ഞതു പോലെ തെളിഞ്ഞു വരുന്നുണ്ട്…”
ചമ്മൽ മാറ്റാനായി അകലെ കോടമഞ്ഞ് അനാവൃതമായ മൊട്ടക്കുന്നുകളിലേക്ക് നോക്കി അവൾ പറഞ്ഞു…
” എങ്കിൽ അതിനപ്പുറം ഒരു പൂക്കാലവുമുണ്ടാകും. … ”
അജയ് പറഞ്ഞു …
” ജ്യോത്സ്നാണോ ….?”
” അല്ല … റിമി ടോമി … ”
അവൻ കെറുവോടെ മുഖം തിരിച്ചു …
“പിന്നെ പ്രവചിക്കുന്നവനെ ജ്യോത്സ്യൻ എന്നല്ലേ പറയുക …?”
” നമ്മുടെ ജീവിതം പ്രവചിക്കാൻ അത്രത്തോളം പഠിക്കണ്ട ….”
അഭിരാമി മുഖമുയർത്തി …
” ധനനഷ്ടം, മാനഹാനി, ചിലപ്പോൾ ഒത്തു വന്നാൽ കാരാഗൃഹവാസവും … ”
” ഞാനത് മറന്നിരിക്കുകയായിരുന്നു … ”
അവൾ സങ്കടപ്പെട്ടു …
” ഇടയ്ക്കിടെ ഒന്ന് ഓർമ്മിക്കുന്നത് നല്ലതാ…”
പറഞ്ഞിട്ട് അവൻ തിരിഞ്ഞു ..
അവർ തിരികെ എത്തുമ്പോൾ മുനിച്ചാമി അവരെ കാത്ത് നിൽപ്പുണ്ടായിരുന്നു …
” പോയില്ലായിരുന്നോ …? ”
” വൈകുന്നേരം … ” അയാൾ പറഞ്ഞു …
“ഡാമിലെ മീനാ …” അയാൾ ഇടതു കൈയിൽ തൂക്കിപിടിച്ച കവർ മുന്നോട്ട് നീട്ടി …
അജയ് കൈ നീട്ടി അത് വാങ്ങി …
അഭിരാമി അതും ചാവിയും അവന്റെ കയ്യിൽ നിന്നും വാങ്ങി അകത്തേക്ക് കയറി പോയി …
” മീനിനെത്രയായി …?” അവൻ ചോദിച്ചു …
” അതെന്നുടെ സന്തോഷം ….”
“അത് പറ്റില്ല … ” അജയ് തീർത്തു പറഞ്ഞു ….
അവൻ അകത്തു പോയി പണമെടുത്തു കൊടുത്തു ..
പ്രതീക്ഷിച്ചതിലധികം പണം കിട്ടിയതിനാൽ അയാളുടെ കണ്ണുകൾ തിളങ്ങി …
” തിങ്കളാഴ്ച പാക്കലാം…”
അയാൾ പോകാനൊരുങ്ങി …
വീണ്ടും അയാൾ തിരിഞ്ഞപ്പോൾ വരം തരാനാകുമെന്ന് കരുതി അജയ് നിന്നു …
” എന്നുടെ ഷെഡ്ക്ക് മുന്നാടി ബൈക്കിറിക്കും … വൺഡേ നീങ്ക യൂസ് പണ്ണുങ്കോ…”
അതിനു ശേഷം വണ്ടിയിൽ തന്നെ ചാവി വെക്കുന്ന സ്ഥലം അയാൾ കാണിച്ചു കൊടുത്തു…
അയാളൊരു നല്ല മനുഷ്യനാണെന്ന് അജയ് ക്ക് തോന്നി …
മുനിച്ചാമി പോയ ശേഷം മീൻ വൃത്തിയാക്കി ചോറും വെച്ച് ഇരുവരും ഭക്ഷണം കഴിച്ചു…
നേരം പോകാൻ ഒരു വഴിയുമില്ല …
ഇപ്പോൾ കാലാവസ്ഥയുമായി ശരീരം പൊരുത്തപ്പെട്ടു വരുന്നുണ്ട് …
” നമുക്ക് ഒന്നുകൂടി പുറത്തു പോയാലോ …?”
ഇരുന്നു മടുത്തപ്പോൾ അവൻ ചോദിച്ചു ….
ഒന്നും പറഞ്ഞില്ലെങ്കിലും അഭിരാമി അവനോടൊപ്പം ഇറങ്ങി …
മൺറോഡിലൂടെ അവർ മുന്നോട്ടു നടന്നു …
അത്ര ദൂരം നടന്നിട്ടും ഒരു മനുഷ്യ ജീവിയെപ്പോലും കാണാത്തതിൽ അവർക്ക് അത്ഭുതം തോന്നി ….
” ഇതൊരു വല്ലാത്ത നാടാണല്ലോ അമ്മാ….”
അവളതിനും മറുപടി പറഞ്ഞില്ല …
അരമണിക്കൂർ നടന്നപ്പോഴേക്കും അവർ മുനിച്ചാമിയുടെ ഷെഡ് കണ്ടുപിടിച്ചു … പക്ഷേ അപ്പോഴേക്കും അഭിരാമി തളർന്നിരുന്നു …
മുനിച്ചാമിയുടെ ഷെഡിന്റെ വാതിൽ പൂട്ടിയിരുന്നു …
അയാൾ നാട്ടിലേക്ക് പോയിക്കാണുമെന്ന് അവനൂഹിച്ചു.
” ഞാൻ മടുത്തെടാ ….”
അഭിരാമി തിണ്ണയിലെ സിമന്റ് തറയിലേക്കിരുന്നു …
സ്വേദകണങ്ങൾ അവളുടെ മുഖത്ത് മൊട്ടിട്ടു വരുന്നത് അവൻ കണ്ടു …
“വിയർത്തല്ലോ ….”
താർപായക്കു കീഴെ നിന്ന് വണ്ടി തള്ളിയിറക്കുന്നതിനിടയിൽ അവൻ പറഞ്ഞു …
“എത്ര കാലമായി നടന്നിട്ട് ….”
തപ്പി നോക്കിയപ്പോൾ മുനിച്ചാമി പറഞ്ഞ സ്ഥലത്തു നിന്നും ചാവി കിട്ടി …
ആദ്യമായിട്ടാണ് ടി.വി. എസ് ഓടിക്കുന്നത് …
അഭിരാമി പിന്നിൽ കയറി വശം ചേർന്നിരുന്നു …
മെയിൽ റോഡിലേക്ക് കയറിയപ്പോൾ ജനങ്ങളും വാഹനങ്ങളും കണ്ടു തുടങ്ങി….
കുറച്ചകലെയായി ബിൽഡിംഗുകളും വീടുകളും കണ്ടു …
അജയ് പതിയെ ആണ് വണ്ടി ഓടിച്ചത് .. അല്ലെങ്കിലും ഒരു പരിധി കഴിഞ്ഞ് ആ വാഹനം ഓടിക്കാൻ സാധിക്കുമായിരുന്നില്ല ..
അഭിരാമി പിൻവശത്തിരുന്ന് കാഴ്ചകൾ കണ്ടു തുടങ്ങി …
“നല്ല സ്ഥലം അല്ലേ മ്മാ ….?”
അവൾ പിന്നിലിരുന്ന് മൂളി …
ഒരു സിഗ്നൽ ബോർഡ് കണ്ടപ്പോൾ അവൻ വണ്ടിയുടെ വേഗം കുറച്ചു …
