എന്റെ ഇസ Likeഅടിപൊളി  

എന്റെ നാലാമത്തെ വയസ്സ് തൊട്ട് ഞാൻ എന്റെ മാതാപിതാക്കളെ വെറുത്തു തുടങ്ങിയിരുന്നു. എന്റെ അഞ്ചാമത്തെ വയസ്സിലാണ് ഞാൻ അവരെ അവസാനമായി ‘അച്ഛൻ’, ‘അമ്മ’ എന്ന് വിളിച്ചത്. അതുകഴിഞ്ഞ്‌ ഇന്നുവരെ ആ വാക്കുകള്‍ കേള്‍ക്കുന്നത് തന്നെ എനിക്ക് വെറുപ്പാണ്.

അവർ പോയ ശേഷം അവർ എപ്പോഴും വിളിച്ച് എന്നോട് സംസാരിക്കും. അവർ ചോദിക്കുന്നതിന് മാത്രം ഞാൻ മറുപടി കൊടുക്കും. എനിക്ക് എട്ട് വയസ്സുള്ളപ്പോഴാണ് അവരോടുള്ള സംസാരം ഞാൻ അവസാനിപ്പിച്ചത്.

എനിക്ക് പത്ത് വയസ്സുള്ളപ്പോഴാണ് അവർ ആദ്യമായി നാട്ടില്‍ വന്നത്. പക്ഷേ അവരെ കണ്ടതും എനിക്ക് പേടിയാണ് തോന്നിയത്.

എന്റെ ആന്റിയുടെ അടുത്ത് നിന്ന് എന്നെ പറിച്ചെടുത്ത് കൊണ്ട്‌ പോകും എന്ന പേടി. എന്റെ ആന്റിയെ എനിക്ക് വല്യ ഇഷ്ടം ആയിരുന്നു. ആന്റി എന്നെ അത്രത്തോളം സ്നേഹിച്ചു.

എന്റെ റൂം ഞാൻ അകത്ത് നിന്നും പൂട്ടി എന്റെ അച്ഛനെയും അമ്മയെയും നോക്കാൻ പോലും ഞാൻ കൂട്ടാക്കിയില്ല. അച്ഛനോ അമ്മയോ കതകിൽ തട്ടി വിളിക്കുമ്പോള്‍ എല്ലാം ഞാൻ ഭയന്ന് വിറച്ച് കൊണ്ട്‌ ഉറക്കെ കരഞ്ഞു.

എന്റെ കരച്ചില്‍ കേൾക്കുമ്പോൾ എല്ലാം എന്റെ ആന്റി എന്റെ അച്ഛനെയും അമ്മയെയും വഴക്ക് പറയുന്നത് ഞാൻ കേട്ടു.

രാവിലെ പൂട്ടിയ കതക്‌ പാതിരാത്രി ആയിട്ടും ഞാൻ തുറന്നില്ല. കഴിക്കാൻ പോലും ഞാൻ റൂം തുറന്ന് പുറത്ത്‌ വന്നില്ല.

പാതിരാത്രി കഴിഞ്ഞ് ആന്റി വന്നു കതകിൽ തട്ടി. ഞാൻ പിന്നെയും പേടിച്ച് കരഞ്ഞു. കതക്‌ ഞാൻ തുറന്നില്ല.

എന്റെ അച്ഛനും അമ്മയും പോയെന്ന് ആന്റി ഉറക്കെ പറഞ്ഞു. അപ്പോഴാണ് ഞാൻ കതക്‌ തുറന്നത്. ഞാൻ ഒരു പ്രാന്തന്‍ കണക്ക് ആന്റിയെ നോക്കി. ഞാൻ പേടിച്ച് നല്ലപോലെ വിറകുകയായിരുന്നു. എന്റെ മുഖം വിളറി വെളുത്തിരുന്നു. എന്റെ മാനസികാവസ്ഥ മനസ്സിലാക്കിയ ആന്റി എന്നെ ചേര്‍ത്ത് പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു.

“എന്റെ മോന്‍ ആരെ കണ്ടും പേടിക്കേണ്ട, ആന്റി നിന്നെ ആര്‍ക്കും വിട്ടുകൊടുക്കില്ല…” ആന്റി കരഞ്ഞുകൊണ്ട് പറഞ്ഞു.

പിന്നെ എല്ലാ വര്‍ഷവും എന്റെ അച്ഛനും അമ്മയും നാട്ടില്‍ വരും. എന്നെയും കാണാൻ വരും. പക്ഷേ എന്റെ പേടി മാറിയിരുന്നു. ആന്റി എന്നെ ആര്‍ക്കും കൊടുക്കില്ല എന്ന വിശ്വസം എനിക്ക് ഉണ്ടായിരുന്നു.

അതുകൊണ്ട്‌ പിന്നീട് ഒരിക്കലും ഞാൻ ഒളിച്ച് നിന്നില്ല, പക്ഷേ ഒരു വാക്ക് പോലും ഞാൻ എന്റെ അച്ഛനോടും അമ്മയോടും സംസാരിക്കാൻ കൂട്ടാക്കിയില്ല എന്ന് മാത്രം. എല്ലാ പ്രാവശ്യവും ദുഃഖത്തോടെ അവർ രണ്ട് പേരും തിരിച്ച് പോകും.

എപ്പോഴോ അവർ രണ്ടുപേരും പിന്നെയും ഒരുമിച്ച് ജീവിക്കാൻ തുടങ്ങി എന്നാണ് ആന്റി പറഞ്ഞത്. എന്നെയും കാനഡയില്‍ കൊണ്ട്‌ പോകണമെന്ന് ആന്റിയോട് അവർ ഒരിക്കല്‍ പറഞ്ഞു നോക്കി. ഞാൻ സമ്മതിച്ചില്ല…. ആന്റി പോലും സമ്മതിച്ചില്ല…… തോമസ് അങ്കിള്‍ അവരെ തെറി പറഞ്ഞില്ല എന്നേയുള്ളു.

വാതിലിൽ ആരോ മുട്ടി. എന്റെ ചിന്തയില്‍ നിന്നും ഞാൻ ഉണര്‍ന്നു.

ഞാൻ പോയി വാതിൽ തുറന്നു.

“അമ്മ കഴിക്കാൻ വിളിക്കുന്നു.” ഇസ മുഖം വീറ്പ്പിച്ചു കൊണ്ട് എന്നെ നോക്കാതെ പറഞ്ഞിട്ട് താഴേ പോയി.

ഇവരെല്ലാം ഇത്ര പെട്ടന്ന് വന്നോ? എന്റെ മൊബൈലില്‍ ഞാൻ സമയം നോക്കി. ങേ…. സമയം ഒന്‍പത് മണി കഴിഞ്ഞിരുന്നു.

എനിക്ക് വിശപ്പ് ഒട്ടും ഇല്ല. പക്ഷെ ആന്റി വിഷമിക്കും…. അതുകൊണ്ട്‌ ഞാൻ താഴേ പോയി കഴിച്ചു. എന്നോട് ഇസയും ആന്റിയും സംസാരിച്ചില്ല. രണ്ട് പേരും മുഖം കറുപ്പിച്ച് ഇരുന്നു.

അവരുടെ പിണക്കം കണ്ടിട്ട് ഞാൻ വിഷമിച്ചു.

കഴിച്ച ശേഷം ഞാൻ ബൈക്കും എടുത്ത് പുറത്ത്‌ പോയി. രണ്ട് കിലോമീറ്റര്‍ മാറി ചെറിയൊരു മല പ്രദേശം ഉണ്ട്. നൂറ് മീറ്റർ ഉയരവും അര കിലോമീറ്റര്‍ ചുറ്റളവുമുള്ള ചെറിയൊരു മല എന്ന് വേണമെങ്കിലും പറയാം.

അതിന്റെ ഏറ്റവും മുകളില്‍ കുറെ മരങ്ങളും, വലുതും ചെറുതുമായ കുറെ പാറകളും, ചെടിയും കൊടിയും എല്ലാമുണ്ട്. എപ്പോഴും തണുത്ത കാറ്റും, ചെടികളില്‍ പൂക്കുന്ന പൂക്കളുടെ സുഗന്ധവും എന്റെ മനസ്സിനെ എപ്പോഴും തണുപ്പിച്ചിരുന്നു.

എന്റെ ചെറു പ്രായം തൊട്ടേ, വര്‍ഷങ്ങളായി എന്നും അതിരാവിലെ വീട്ടില്‍ നിന്നും ഞാൻ ജോഗിങ് ചെയ്ത്‌ ഇവിടെ വന്ന് ഈ മലയില്‍ കയറി കുറച്ച് നേരം വിശ്രമിക്കുന്നത് പതിവാക്കിയിരുന്നു. ചില സമയങ്ങളില്‍ ഇവിടെ നിന്നും വർക്ക് ഔട്ട് ചെയ്യാറുണ്ട്.

വല്ലപ്പോഴും ആരെങ്കിലും ഇവിടെ വന്ന് പോകാറുണ്ട്. കുത്തനെയുള്ള മല അല്ലെങ്കിൽ പോലും കയറാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. അതുകാരണം, ചിലര്‍ ഒഴികെ, ആളുകൾ ഇടുപ്പിൽ കൈയും കൊടുത്തു മുകളില്‍ നോക്കുന്നതല്ലാതെ, കേറാന്‍ മുതിരില്ല.

ഞാൻ സ്ഥിര സന്ദര്‍ശകൻ ആയതുകൊണ്ട്, വര്‍ഷങ്ങളോളം ഇതിൽ കയറി അനുഭവപ്പെട്ടത് കാരണം ഒരു പ്രയാസവും ഇല്ലാതെ ഞാൻ വേഗം മുകളില്‍ എത്തി. ഒരു മരച്ചുവട്ടില്‍ കിടന്ന് കൊണ്ട്‌ എന്തെല്ലാമോ ആലോചിച്ച് കൂട്ടി.

പെട്ടന്നുണ്ടായ മൊബൈൽ റിംഗ് ടോൺ കേട്ട് ഞാൻ ഞെട്ടി. അടുത്ത് വെച്ചിരുന്ന മൊബൈലില്‍ ഞാൻ നോക്കി.

വിൻസൻ ചേട്ടൻ…., ഇസ യുടെ ചേട്ടൻ ആയിരുന്നു. എന്നെക്കാളും മൂന്ന് വയസ്സിന് സീനിയര്‍.

ഗ്രേസി ആന്റിക്കും തോമസ് അങ്കിളിനും രണ്ട് കുട്ടികളാണ് ഉള്ളത്. മൂത്തത് വിൻസൻ. വിന്നി എന്നാണ് ഞാൻ വിളിക്കാറ്. വിന്നി ചേട്ടൻ ഇപ്പോൾ എന്റെ അച്ഛന്റെ കൂടെ കാനഡയില്‍ ആണ്. അവിടെ വലിയൊരു യൂണിവേഴ്‌സിറ്റി യിൽ പഠിക്കുന്നു. എന്റെ അച്ഛനമ്മമാരേ പോലെ ഡോക്ടർ ആകാനാണ് പ്ലാൻ — അവരെപ്പോലെ തല തിരിഞ്ഞ് പോകാതിരുന്നാൽ മതിയായിരുന്നു…..!

“വിന്നി ചേട്ടാ….” മൊബൈൽ കാതിൽ വെച്ചുകൊണ്ട് ഞാൻ സന്തോഷത്തോടെ പറഞ്ഞു.

“ഡാ ഡേവി…. നി വീട്ടില്‍ എല്ലാവരോടും പിണങ്ങി പുറത്തിറങ്ങി പോയെന്ന് ഇസ എനിക്ക് മെസേജ് ചെയ്തു. ഞാൻ കേട്ടത് നേരാണോട…?”

“ചേട്ടന് അറിയാമല്ലോ അവള്‍ക്ക് വട്ടാണെന്ന്….. ഈയിടെയായി എന്നെ കുറ്റം പറയാന്‍ മാത്രമേ ഇപ്പോൾ അവള്‍ക്ക് സമയമുള്ളു…”

വിന്നി ചേട്ടൻ പൊട്ടിച്ചിരിച്ചു. “എന്നാ നി പറ, എന്താ സംഭവിച്ചത്…. അവളോട് ചോദിച്ചിട്ട് അവളൊന്നും പറഞ്ഞില്ല…”

“അത് പച്ച കള്ളം….. അവള്‍ നിങ്ങളോട് എല്ലാം പറഞ്ഞ്‌ കാണും…. ആ വിഷയം നമുക്ക് ഒഴിവാക്കാം ചേട്ടാ…. പ്ളീസ്….”

വിന്നി ചേട്ടൻ കുറച്ച് നേരത്തെ മൌനത്തിനു ശേഷം പറഞ്ഞു, “ദുബായില്‍ നിന്നും എന്റെ പപ്പ എന്നെ വിളിച്ചിരുന്നു….. അങ്കിളും ആന്റിയും — അതുതന്നെ, നിന്റെ അച്ഛനും —, എന്റെ പപ്പയോട് എപ്പോഴും സങ്കടം പറച്ചിലാണ്. നിന്റെ അച്ഛനോടും അമ്മയോടും നി സംസാരിക്കാതെ ഇപ്പോൾ പത്ത് കൊല്ലമായി ഡേവി….! ഇനിയും ഇത് തുടരാനാണോ നിന്റെ ഭാവം?”

“എനിക്ക് അതിനെ കുറിച്ച് ഒന്നും പറയാനില്ല….” ഞാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *