ഇസ ഉടനെ എന്നിലേക്ക് ചേര്‍ന്ന് നിന്ന് വിറച്ചു. നല്ല പനി ഉണ്ട്. ഇന്ന് രാത്രി ആന്റിയുടെ ഉറക്കം പോക്ക് തന്നെ…… അവളെയും കൊണ്ട് ഞാൻ പതിയെ പടിയിറങ്ങി താഴേ വന്നു.
“ആന്റി…..” ഞാൻ വിളിച്ചു.
ആന്റി അവരുടെ റൂമിൽ നിന്നും നെറ്റി തടവിക്കൊണ്ട് പുറത്ത് വന്നു. വിക്സ്സിന്റെ മണം എന്റെ മൂക്കില്‍ തുളച്ച് കേറി.ങേ ആന്റിക്ക് തല വേദന ആണോ…. പാവം ആന്റി… ഇസ ഇന്ന് ആന്റിയെ കൊല്ലും.
എന്റെ മേല്‍ ചാരി എന്റെ കഴുത്തില്‍ രണ്ട് കൈയും കൊണ്ട് വളയം ചുറ്റി പിടിച്ച് ഇസയുടെ കുഴഞ്ഞുള്ള നില്‍പ്പ് കണ്ടിട്ട് ആന്റി ധൃതിയില്‍ നടന്ന് ഞങ്ങൾക്കടുത്ത് വന്ന് അവളെ നോക്കി.
“ദൈവമേ…..!, ഇവൾക്ക് പനിയാണോ ഡേവി…?” ആന്റി നെഞ്ചത്ത് കൈ വെച്ചുകൊണ്ട് പേടിയോടെ ചോദിച്ചു. “എനിക്കിന്ന് ഈ നാശം പിടിച്ച തല വേദന തന്നിട്ട് ഇന്നുതന്നെ അവള്‍ക്ക് നി പനിയും കൊടുത്താലോ….. ഈ ചതി എന്നോട് വേണ്ടായിരുന്നു….. ഈ തല വേദന ക്കിടയിൽ ഇവളുടെ ശല്യം ഞാൻ എങ്ങനെ സഹിക്കും മാതാവേ…..”
ഞാൻ പൊട്ടിച്ചിരിച്ചു.
“അമ്മേ….” ഇസ ചൂടായി.
ഞാൻ കൂടുതൽ ചിരിച്ചു.
“ദേ ചേട്ടാ…… ഞാനിപ്പോ കരയും….” ഇസ പറഞ്ഞു.
“മാതാവേ…. ഇപ്പോഴേ അവൾ തുടങ്ങി…..” ആന്റി വിഷമം പറഞ്ഞു.
“ഞങ്ങൾ ക്ലിനികിൽ പോയിട്ട് വരാം….” ഞാൻ ആന്റിയോട് പറഞ്ഞു.
“ഉറക്ക ഗുളിക കൊടുത്താൽ ഇവള്‍ ആരെയും ശല്യം ചെയ്യാതെ ഉറങ്ങുമോന്ന് ഡോക്ടർ ഓട് ചോദിച്ചിട്ട് രണ്ട് ഉറക്ക ഗുളിക കൂടി വാങ്ങിക്ക്….” ആന്റി എന്നോട് പറഞ്ഞു.
“ദേ അമ്മേ…. ഇനി വായ് തുറന്നാല്‍ ഞാൻ നിങ്ങളെ കൊല്ലും…. കഴിഞ്ഞ രണ്ട് കൊല്ലം മാത്രമല്ലേ അമ്മ എന്നെ നോക്കിയത്…., അതിന് മുമ്പ് എന്റെ ഡെവി ചേട്ടനാണ് എന്നെ നോക്കിയത്. പക്ഷേ ചേട്ടൻ പോലും എന്നെ ഇതുവരെ കുറ്റം പറഞ്ഞിട്ടില്ല.”
ഞാനും ആന്റിയും ചിരിച്ചു. ഞാൻ അവളെയും കൊണ്ട് വീട്ടിനു പുറത്ത് വന്നു.
“നിനക്ക് ബൈക്കില്‍ ഇരിക്കാൻ കഴിയുമോ…?” സംശയത്തോടെ അവളോട് ഞാൻ ചോദിച്ചു. “അല്ലെങ്കിൽ ഓട്ടോ പിടിച്ച് പോയാലോ…?”
“ഓരോന്ന് ചോദിച്ച് എന്നെ കൊല്ലല്ലേ ചേട്ടാ…. ബൈക്ക് മതി. ഞാൻ ചേട്ടനെ പിടിച്ച് കൊണ്ട് വീഴാതെ ഇരുന്നോളാം. യോ….!, എനിക്കിപ്പോ കണ്ണും കാണുന്നില്ല, ഞാനിപ്പോ ചാവും…..” ഇസ പുലമ്പി തുടങ്ങി.
ആന്റി വാ പൊത്തി ചിരിച്ചു. “എടി… സമയം ഏഴ് കഴിഞ്ഞു. നേരം ഇരുട്ടി…. അല്ലാതെ നിനക്ക് കണ്ണ് കാണാത്തത് കൊണ്ടല്ല.
ആന്റിയെ പിടിച്ചുകൊണ്ട് ഇസ ബൈക്കില്‍ കേറി. രണ്ട് കാലും രണ്ട് വശത്തായി ഇട്ടാണ് അവള്‍ ഇരുന്നത്. എന്റെ രണ്ട് തോളിലും പിടിച്ചുകൊണ്ട് അവളുടെ നെറ്റി എന്റെ പുറം കഴുത്തില്‍ മുട്ടിച്ച് ഇസ കിടന്നു.
വെറും ഒരു കിലോമീറ്റര്‍ അകലെ ഒരു ക്ലിനിക് ഉണ്ട്. ഞാൻ അവളെ അവിടെ കൊണ്ടുപോയി. എന്റെ മേല്‍ നെറ്റി കുത്തി കിടക്കുന്ന അവളെ കണ്ടിട്ട് ഒരു നേഴ്സ് ഓടിവന്ന് ഇസയേ ബൈക്കില്‍ നിന്നും ഇറങ്ങാന്‍ സഹായിച്ചു.
അങ്ങനെ ഡോക്ടരേയും കണ്ട് മരുന്നും വാങ്ങി അവിടെ നിന്നും ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.
ഇസക്ക് പനി വന്നാല്‍ കൂടെ ഉള്ളവരോട് രാത്രി മുഴുവനും അവള്‍ വാ തോരാതെ സംസാരിക്കും….. കൂടെയുള്ള ആരെയും ഉറങ്ങാൻ സമ്മതിക്കില്ല….. അര്‍ത്ഥമില്ലാത്ത നൂറോളം ചോദ്യങ്ങള്‍ ചോദിക്കും…. ഉത്തരം കിട്ടിയിട്ടില്ല എങ്കിൽ വഴക്ക്, കരച്ചില്‍, പിണക്കം, ബഹളം ആയിരിക്കും…. അവളുടെ കുഞ്ഞി കാലം തൊട്ടേ അതാണ് അവസ്ഥ.
അഞ്ചാമത്തെ വയസില്‍ ആണ് ആദ്യമായി ഇങ്ങനെ തുടങ്ങിയത്. അന്ന് ആന്റി പേടിച്ചിരുന്നു. വല്ല മാനസിക രോഗം ആയിരിക്കും എന്ന് ആന്റി ഭയന്നു.
ദുബായില്‍ വലിയൊരു കമ്പനിയില്‍ പ്രോജക്റ്റ് മാനേജര്‍ ആയ അങ്കിള്‍ നാട്ടില്‍ പറന്ന് വന്നു. സിറ്റിയിലും, നാട്ടിലും, അടുത്ത സ്റ്റേറ്റിൽ പോലും ഉള്ള വല്യ പേരുകേട്ട ആശുപത്രികളിൽ എല്ലാം കൊണ്ട് കാണിച്ചു. പേടിക്കണ്ട കാര്യമില്ല എന്നാണ് എല്ലാ ഡോക്ടർ സും പറഞ്ഞത്. പനി വന്നാല്‍ ഒരു സൈഡ് ഇഫക്റ്റ് പോലെ എന്നാണ് അവർ പറഞ്ഞത്. പല ഡോക്ടർ മാരുടെ വായിൽ നിന്നും ഒരേ ഉത്തരം വന്നപ്പോൾ മാത്രമാണ് എല്ലാവർക്കും സമാധാനം ആയത്.
