അത് കഴിഞ്ഞ് ഞാൻ തൊടാത്തതായി ഒന്നും തന്നെ വീട്ടില്‍ ഇല്ല എന്ന സ്ഥിതിയിലായി.
പിന്നെ അയല്‍ വാസികൾ പോലും എന്നെ വിശ്വസിച്ച് റിപ്പയര്‍ ചെയ്യാനും അതുപോലെത്ത കാര്യങ്ങള്‍ക്കും എന്നെ വിളിക്കാൻ തുടങ്ങി.
എട്ടില്‍ പഠിക്കുമ്പോൾ ടൗണിലെ കടകളില്‍ നിന്ന് പോലും അവരെന്നെ വിളിച്ച് ചെറുതും വലുതുമായ ജോലികള്‍ തന്ന് തുടങ്ങി. അന്ന് കടയില്‍ ഉള്ളവർ കാശ് തന്നില്ല. ഞാനും ചോദിച്ചില്ല.
പുതിയൊരു എക്സ്പീരിയൻസ് കിട്ടി എന്ന സന്തോഷം. അത്രതന്നെ. പക്ഷേ എന്റെ പതിനഞ്ചാമത്തെ വയസ്സില്‍ ഇലക്ട്രോണിക്സ് നെ കുറിച്ച് അറിയാത്തതായി ഒന്നും തന്നെ ഇല്ല എന്ന നിലയില്‍ ഞാൻ മാറിയിരുന്നു… അതിൽ കമ്പ്യൂട്ടർ പോലും ഉള്‍പ്പെടും.
അങ്ങനെ എന്റെ പതിനഞ്ചാമത്തെ വയസില്‍ ഒരു ദിവസം രാത്രി പതിനൊന്ന് മണി കഴിഞ്ഞിട്ടും ഞാൻ എന്തൊക്കെയോ ജോലി ചെയ്യുകയായിരുന്നു.
“ആ പണി നിര്‍ത്തിയിട്ട് ആ ലൈറ്റ് ഓഫ് ചെയ് ചേട്ടാ… എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. എന്നും ഇതുതന്നെയാണ് നിങ്ങളുടെ ജോലി. ഉറങ്ങാനും സമ്മതിക്കാത്ത……” ഇസ ചിണുങ്ങി.
“ഇതൊരു ശല്യം ആയല്ലോ…. നിനക്ക് സ്വന്തമായി റൂം ഉണ്ടല്ലോ. നിനക്ക് അവിടെ പോയി സുഖമായി ഉറങ്ങാന്‍ കഴിയുമല്ലോ….? അത് ചെയ്യാതെ എന്തിനാ നി എന്റെ റൂമിൽ വന്ന് എന്നെ ശല്യം ചെയ്യുന്നേ…? ഈ ശല്യം ഞാനിനി എത്ര ദിവസം സഹിക്കണം….” കുറച്ച് ചൂടായി തന്നെ ഞാൻ ചോദിച്ചു. പക്ഷെ അവസാനത്തെ വാക്ക് പറയേണ്ടി ഇരുനില്ല എന്ന് പിന്നീടാണ് തോന്നിയത്.
അന്നാണ് ആദ്യമായി ഞാൻ അവളോട് അങ്ങനെ സംസാരിച്ചത്. ആ വാക്ക് അവളെ വല്ലാതെ നോവിച്ചു.
“നിങ്ങള്‍ക്ക് എന്നെ ഇഷ്ടമല്ല. ഞാൻ ഇവിടെ വരുന്നത് നിങ്ങള്‍ക്ക് ഇഷ്ടമല്ല എന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്.”
“ഇസ, ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞില്ല….”
“എങ്ങനെ ഉദ്ദേശിച്ചാലും വേണ്ടില്ല…. ഇനി ഒരിക്കലും ഞാൻ ഈ മുറിയില്‍ വരില്ല….” അത്രയും പറഞ്ഞിട്ട് കരഞ്ഞ് കൊണ്ടാണ് അവള്‍ ഇറങ്ങി പോയത്.
രാവിലെ അവളോട് ഞാൻ ക്ഷമ ചോദിച്ചു. അവളെന്നെ മൈന്റ് ചെയ്തില്ല.
അന്ന് അങ്കിളും നാട്ടില്‍ തന്നെ ഉണ്ടായിരുന്നു.
“അവളോട് അങ്ങനെ സംസാരിച്ചത് ഒട്ടും ശരിയായില്ല ഡേവി.” എന്നെ ഒറ്റക്ക് പുറത്ത് കൊണ്ട് പോയിട്ട് അങ്കിള്‍ പറഞ്ഞു. “നിനക്ക് തരുന്നതിന്റെ പകുതി സ്നേഹം പോലും അവള്‍ട സ്വന്തം സഹോദരൻ വിൻസൻ ന് അവള്‍ കൊടുക്കുന്നില്ല. നി കഴിഞ്ഞ് മാത്രമേ ഞങ്ങൾക്ക് പോലും അവളുടെ മനസില്‍ സ്ഥാനമുള്ളു. എന്നിട്ട് പോലും നി അവളെ കരയിച്ചില്ലെ….”
“നേരം വെളുക്കും മുന്നേ അവള്‍ വന്ന് കുറ്റം പറഞ്ഞോ….?” ഞാൻ കുറ്റബോധത്തോടെ ചോദിച്ചു.
അങ്കിള്‍ ചിരിച്ചു. “നേരം വെളുത്തപ്പോള്‍ അല്ല ഡേവി…. ഇന്നലെ പാതിരാത്രി നിന്റെ അടുത്ത് നിന്നും ഞങ്ങളുടെ മുറിയില്‍ വന്ന് വാതിലിൽ തട്ടി വിളിച്ചു….. എന്നിട്ട് കോച്ച് കുഞ്ഞിനെ പോലെ കരഞ്ഞ് കൊണ്ട് അവളുടെ വിഷമം പറഞ്ഞിട്ടാ ഇസ പോയത്. പോരാത്തതിന് അപ്പോ തന്നെ കാനഡയില്‍ നില്‍ക്കുന്ന വിൻസൻ ന് പോലും വാട്സപ് മെസേജ് ചെയ്ത് അവനോട് സങ്കടം പറഞ്ഞു. നേരം വെളുക്കും മുന്നേ അവനും എന്നെ വിളിച്ചിരുന്നു.”
“സോറി അങ്കിള്‍….. ഞാൻ —”
“നി ഒന്നും പറയേണ്ട. അവള്‍ നിന്നോട് ഒരിക്കലും സംസാരിക്കില്ല എന്ന വാശീലാണ്….. പക്ഷേ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാല്‍ അത് മാറും.”
“ഞാൻ അവളോട് സംസാരിക്കാം അങ്കിള്‍.
“ഇതുപോലെ വെറുതെ ഓരോന്നും പറഞ്ഞ് അവളെ വിഷമിപ്പിക്കരുത് എന്ന് മാത്രമാണ് എനിക്ക് നിന്നോട് പറയാനുള്ളത്.” അങ്കിള്‍ പറഞ്ഞു.
ഒരാഴ്ച വരെ ഞാൻ അവൾട പുറകെ നടന്ന് ക്ഷമ ചോദിച്ചു. അവള്‍ എവിടെ പോയാലും ഞാൻ പുറകെ നടന്നു.
അങ്ങനെ ഞാൻ അവള്‍ക്ക് പുറകെ നടക്കുന്നത് ഇസക്ക് ഇഷ്ടമാണെന്ന് അവളുടെ മുഖത്ത് നിന്ന് എനിക്ക് മനസ്സിലായി.
ഒരാഴ്ച കഴിഞ്ഞ് മാത്രമാണ് ഇസ എന്നോട് സംസാരിച്ചത്. പക്ഷേ അന്നത്തെ ദിവസം കഴിഞ്ഞ് ഇപ്പോഴാണ്, മൂന്ന് വര്‍ഷം കഴിഞ്ഞ്, ഇസ എന്റെ മുറിയില്‍ ഉറങ്ങുന്നത്.
