അന്നു ഹർത്താലിന്റന്ന് നടന്നുപുറത്തുപോയിട്ട് വിയർത്തുകുളിച്ചുവന്ന മീനാക്ഷീടെരൂപം മനസ്സിൽവന്നതും തലപോയാലുംശെരി മലകയറിയേതീരൂന്ന് ഞാനും മനസ്സിലുറപ്പിച്ചു…
അപ്പോഴാണ്,
“”…മേലേയ്ക്ക് വണ്ടിപോവോ ചേട്ടാ..??”””_ ന്നുള്ള മീനാക്ഷിയുടെ ചോദ്യം…
…നടന്നാൽ മൂക്ക് തറയിലിടിയ്ക്കുന്നപോലുള്ള മലനോക്കി ചോദിയ്ക്കാൻപറ്റിയ ചോദ്യം…
അതിന്,
…ഇവളിതെവിടുന്നു വരുന്നെടാന്നൊരുഭാവം കടക്കാരന്റെ മുഖത്തേയ്ക്കുവരുന്നത് ഞാൻകണ്ടു…
എങ്കിലും ഇന്ത്യൻകോഫീഹൗസിലെ സപ്ലെയറെക്കാട്ടിലും ക്ഷമാശീലമുള്ളയാ ചേട്ടൻ,
“”…ഇല്ല… മലയിലേയ്ക്കു വണ്ടിയൊന്നും പോകത്തില്ല… പിന്നെ, നടക്കാൻ തീരെവയ്യെങ്കിൽ ഇതിലേ വലത്തേയ്ക്കുപോയാൽ ശില്പമൊക്കെയുള്ളൊരു സ്ഥലമുണ്ട്… അവിടത്തേയ്ക്കു വണ്ടിപോകും..!!”””_ ന്നും മീനാക്ഷിയോടു പറയുന്നകേട്ടു…
അതുകേട്ടതും സെഞ്ച്വറിയടിച്ച കൊഹ്‌ലിയുടെ സന്തോഷത്തോടെ അവളെന്നെനോക്കി…
എന്നാലതു മൈൻഡാക്കാതെ കടക്കാരനു നേരേതിരിഞ്ഞ ഞാൻ;
“”…ചേട്ടാ… ഈ മലകേറാൻ പാസ്സെന്തേലും വേണോ..??”””_ ന്ന സംശയംപ്രകടിപ്പിച്ചതും, എന്റുദ്ദേശം മനസ്സലാക്കിയ മീനാക്ഷിയുടനേ;
“”…എടാ… വേണ്ടടാ… നമുക്കാ ശില്പങ്കാണാമ്പോവാടാ..!!”””_ ന്നും പറഞ്ഞെനിയ്ക്കു വിലങ്ങനേ നിന്നു…
എന്നാലപ്പോൾ,
“”…ഏയ്.! ഇവിടെ പാസ്സൊന്നുംവേണ്ട… നിങ്ങളു ധൈര്യായി കേറിയ്ക്കോ..!!”””_ ന്ന കടക്കാരന്റെ മറുപടിയുമെത്തി…
കേട്ടതും മീനാക്ഷിയെയൊന്നു നോക്കുകകൂടിച്ചെയ്യാതെ അവിടെക്കണ്ടൊരു മരത്തിന്റെ ചുവട്ടിലേയ്ക്ക് ബുള്ളറ്റുംപാർക്കുചെയ്ത് ഞാൻനേരേ ഇല്ലിപ്പടർപ്പുനിറഞ്ഞ ഇടത്തേയ്ക്കുള്ളവഴിയേ വെച്ചുപിടിച്ചു…
എനിയ്ക്കാ മലകയറാനുള്ള ഉദ്ദേശമാണെന്നു മനസ്സിലായതും മീനാക്ഷിയുടെ സർവ്വകിളിയും പറന്നുകാണണം…
അതുകൊണ്ടാവും അവളോടിവന്നെന്റെ മുന്നിൽക്കേറി വട്ടംപിടിച്ചതും…
“”…എടാ.! ഈ മലയൊക്കെ ചുമ്മാ കേറാന്നേയുള്ളൂ… കാണാനത്ര ഭംഗിയൊന്നുവില്ല… വാ… നമുക്ക് ശില്പങ്കാണാമ്പോവാം..!!”””_ കൊച്ചുകുഞ്ഞുങ്ങളെ വിളിച്ചിട്ടുപോണഭാവത്തിൽ എന്റെ കൈപിടിച്ചു വലിച്ചുകൊണ്ടു മീനാക്ഷിപറഞ്ഞു…
“”…ശില്പം നീപോയ് കണ്ടോ… എനിയ്ക്കു മലയ്ക്കുമേലെ കാണണം..!!”””_ അവൾടെ കൈതട്ടിമാറ്റിക്കൊണ്ടായ്രുന്നൂ എന്റെമറുപടി…
ഉടനെ,
“”…ദേ… മലേടെ മേലൊക്കെ വലിഞ്ഞുകേറിയാൽ പേടിയാവും… താഴേയ്ക്കുവല്ലതും വീണാൽപ്പിന്നെ പറഞ്ഞിട്ടു കാര്യവില്ല..!!”””_ എന്നെ ഏതുവിധേനെയും മലകയറുന്നതിൽനിന്നും പിന്നോട്ടുവലിയ്ക്കാനായി പറഞ്ഞതിനൊപ്പം,
“”…ഞാനെന്തായാലും ശില്പങ്കാണാൻ പോവുവാ… ഭയങ്കരലുക്കാന്നാ ആതിരപറഞ്ഞത്… നെനക്കുവേണേൽ കൂടെവരാം..!!”””_ എന്നൊരോഫറുംവെച്ച്
കടക്കാരൻപറഞ്ഞവഴിയേ അവൾ തിരിഞ്ഞുനടക്കാനായി തുടങ്ങി…
“”…ഓഹ്.! എനിയ്ക്കത്രവല്യ ലുക്കൊന്നും കാണണോന്നില്ല… നീവേണേൽ പൊയ്ക്കോ… ഞാനെന്തായാലുമീ മലകേറീട്ടേയുള്ളൂ… ഒന്നൂല്ലേലും ഹൈറേഞ്ചിലൊക്കെവന്നിട്ട് മലകേറീല്ലേലതു മോശല്ലേ..??”””
അതുപറയുമ്പോഴേയ്ക്കും ഞാൻ മലകയറിത്തുടങ്ങിയിരുന്നു…
ചുറ്റും വളർന്നുപൊന്തിയ കുറ്റിച്ചെടികൾക്കിടയിലൂടെ കാൽവെയ്ക്കുമ്പോൾ മീനാക്ഷിയും പിന്നാലേയുണ്ടാവണേന്ന ഒറ്റപ്രാർത്ഥനേയുണ്ടായ്രുന്നുള്ളൂ…
അല്ലേൽപ്പിന്നെ പകുതികേറി തിരിച്ചിറങ്ങേണ്ടി വരും…
“”…ഞാനൊറ്റയ്ക്കു പോവാനോ..?? എനിയ്ക്കു പറ്റത്തില്ല… നീയും വാ..!!”””_ അടുത്തുകണ്ട കുഞ്ഞൊരു പാറക്കഷ്ണത്തിലേയ്ക്കു കാലെടുത്തുവെച്ചതും മീനാക്ഷിയുടെ സ്വരമുയർന്നുകേട്ടു…
അതിനു തിരിഞ്ഞുനോക്കാൻ മെനക്കെടാതെ,
“”…അതൊന്നും സീനില്ല… പോകുന്നപോക്കിന് വഴിയിൽനിൽക്കുന്ന ഏതവനേലുംനോക്കി നീയൊന്നിളിച്ചു കാട്ടിയാൽമതി… പിന്നൊറ്റയ്ക്കാവോന്നു പേടിയ്ക്കണ്ട..!!”””_ എന്നു ഞാനും വിളിച്ചുപറഞ്ഞു…
പക്ഷേ, അതിനു മറുപടിയൊന്നും വന്നില്ല…
പിന്നീടുള്ള ഓരോ അടിയും മീനാക്ഷിയുടെ വാക്കുകൾക്കായി കാതോർത്താണു നടന്നതെങ്കിലും ഒരു മുരടനക്കലുപോലും കേൾക്കാതെവന്നപ്പോൾ ഞാനൊന്നു ഭയന്നു; ഇനിയൊറ്റയ്ക്ക് ശില്പംകാണാൻ പോയിട്ടുണ്ടാവോ..??
