ഒരു പ്രണയകഥ

അമ്മ ഉമ്മറത്തേക്ക് ഓടി വന്നെങ്കിലും ഞാൻ ബൈക്ക് എടുത്തു എങ്ങോട്ട് എന്നില്ലാതെ ഓടിച്ചു.. എത്തിച്ചേർന്നത് ലോവേർസ് ഹിൽ ആണ്..

ബൈക്ക് നിർത്തി ഇറങ്ങി അന്ന് ഞാനും അച്ചുവും ഇരുന്ന മരച്ചുവട്ടിൽ പോയി ഇരുന്നു.. നല്ല ക്ഷീണം ഉണ്ടായിരുന്നു.. ഒന്നു മയങ്ങി പോയി..

ഫോൺ റിങ് ചെയ്തു.. കണ്ണ് തുറന്നപ്പോൾ അച്ചുവിന്റെ അമ്മ ആണ്..

എടുത്തു..

“ഹലോ…”

“ഡാ കുട്ടാ.. നീ എവിടെ ആണ്?”

“ഇവിടെ ഉണ്ട്… എന്താ?”

“ഒന്നും ഇല്ല.. നിന്നെ ഒന്ന് കാണണമല്ലോടാ…?”

“എന്തിനാ അമ്മെ? എന്നെ അങ്ങ് മറന്നേക്ക്.. നിങ്ങൾ പണക്കാർക്ക് ചവുട്ടി മെതിക്കാൻ ഉള്ളതല്ലേ ഞങ്ങളുടെ ഒക്കെ ജീവിതം? ഇപ്പൊ സ്വന്തം അമ്മ പോലും മിണ്ടാതെ ആയി…”

“മോനെ… “

“ഞാൻ വേറെ എന്ത് പറയാൻ ആണ് അമ്മെ? എന്റെ അനിയത്തി ഉള്ളതുകൊണ്ടാണ്.. അല്ലെങ്കിൽ ഞാൻ പോയി ചത്തേനെ…”

“ഡാ കിട്ടും നിനക്ക്… “

“വെക്കുവാ അമ്മെ..” അതും പറഞ്ഞു ഞാൻ ഫോൺ വച്ചു..

അല്ലെങ്കിലും എന്ത് പറയാൻ ആണ്..

തിരിച്ചു വീട്ടിൽ എത്തി.. അകത്തേക്ക് കയറിയ ഞാൻ ഞെട്ടി.. അശ്വിനിയും അവളുടെ അമ്മയും ഇരിക്കുന്നു..

“കാർ മാറ്റി ഇട്ടു.. അത് കണ്ടാൽ നീ വരില്ല എന്നറിയാം… “

അവർ മെല്ലെ പറഞ്ഞു.. ഞാൻ ഒന്നും മിണ്ടിയില്ല..

“മോനെ.. ക്ഷമിക്കണം.. അമ്മ കാര്യം അറിയാതെ….”

എന്റെ അമ്മ എന്റെ മുൻപിൽ വന്നു…

“അമ്മയോട് ഞാൻ പറഞ്ഞതല്ലേ വെറുതെ വാക്കുകൾ എടുത്തു വീശരുത് എന്ന്? അന്ന് ഇത് പറയാൻ ആണ് വന്നത്.. ഒന്ന് ചോദിച്ചോ എന്റെ ഭാഗം?”

എന്റെ ശരീരം ചൂട് പിടിക്കാൻ തുടങ്ങി..

“ഇതാ ഇവൾ…” ഞാൻ തല കുനിച്ചു ഇരിക്കുന്ന അശ്വിനിയെ നോക്കി..

“അവൾ എന്നെ സ്നേഹിക്കുന്നു എന്ന് വരെ പറഞ്ഞതാണ്.. ഇതാണോ സ്നേഹം? സത്യമാണ് ആർക്കും സംശയം വരാം.. എന്നാലും എന്റെ ഭാഗം കേൾക്കാത്തവൾ ആണ് അവളും പിന്നെ എന്റെ അമ്മയും.. എന്റെ അനിയത്തി.. അവൾക്കറിയാം ഞാൻ ആരെയും ചതിക്കില്ല എന്ന്… അതിന്റെ ഒരു അംശം സ്നേഹം ഉണ്ടോ നിങ്ങൾക്കൊക്കെ എന്നോട്? ഇല്ല….”

എന്റെ ഒച്ച വല്ലാതെ പൊങ്ങി..

“എന്നെപോലെ ഒന്നും ഇല്ലാത്തവർ ചതിയനും വഞ്ചകനും ഒക്കെ ആകും.. നിങ്ങൾ പണം ഉള്ളവർ മാത്രം വലിയ ദൈവങ്ങൾ.. “

എന്റെ ദേഷ്യം അടങ്ങിയില്ല..

“അർജുൻ ചത്തു എന്നങ്ങു കൂട്ടിയാൽ മതി.. നിങ്ങളും…. “ ഞാൻ അമ്മയുടെ നേരെ വിരൽ ചൂണ്ടി പറഞ്ഞു.. റൂമിൽ കയറി കതക് ആഞ്ഞു അടച്ചു…

അത്രയും പറഞ്ഞപ്പോൾ എനിക്ക് ഒരു സമാധാനം തോന്നി… ഒപ്പം കുറെ ദിവസമായി കൊണ്ടുനടന്ന വിഷമം കരഞ്ഞു തീർക്കാൻ എനിക്ക് കഴിഞ്ഞു… ഒത്തിരി കരഞ്ഞു…

***

ഉറക്കം എണീറ്റപ്പോൾ എനിക്ക് ഇന്നലെ നടന്നതൊക്കെ ഓർമ വന്നു.. അത്രയും പറഞ്ഞത് മോശം ആയോ എന്നൊരു തോന്നൽ…

വളർത്തി വലുതാക്കിയ അമ്മ ഒന്ന് തെറ്റിദ്ധരിച്ചെങ്കിൽ അതിൽ എന്താ ഇത്ര തെറ്റ്?

ഞാൻ റൂം തുറന്നു പുറത്തിറങ്ങി.. ബാത്‌റൂമിൽ പോയി കുളിച്ചു വന്നു.

അമ്മ അടുക്കളയിൽ ഉണ്ടായിരുന്നു എങ്കിലും എനിക്ക് മിണ്ടാൻ ഒരു മടി..

ഞാൻ ഡ്രസ്സ് മാറി പുറത്തു വന്നു.. അമ്മ ഭക്ഷണം വിളമ്പി വച്ചിട്ടുണ്ട്..

“അജു.. വന്നു കഴിക്ക്…”

അമ്മ ഉറച്ച ശബ്ദത്തിൽ പറഞ്ഞു..

“എനിക്ക് വേണ്ട…”

പോകണം എന്ന് ഉണ്ടായിരുന്നെങ്കിലും എനിക്ക് അങ്ങനെ പറയാൻ ആണ് തോന്നിയത്..

അമ്മ അടുത്ത് വരുന്നത് കണ്ടു..

കിട്ടി ഒരെണ്ണം മുഖത്തിന്… അധികം വേദന തോന്നിയില്ല.. എന്നാലും കവിൾ പൊത്തിപിടിച്ചു ഞാൻ അമ്മയെ നോക്കി..

“പോയി ഇരിക്കഡാ അവിടെ….!”

അമ്മ കൈ മേശയിലേക്ക് ചൂണ്ടി… ഇരുന്നില്ലെങ്കിൽ അടുത്തതും കിട്ടും.. ഞാൻ ചെന്നു ഇരുന്നു..

അമ്മ നല്ല ഇഡലിയും ആവി പറക്കുന്ന സാമ്പാറും എന്റെ മുൻപിൽ വച്ചു… ചായയും..

“കഴിക്ക്… “

എന്ന് പറഞ്ഞു എന്റെ കവിളിൽ ഒരു ഉമ്മയും തന്നു.. അതോടെ പിടിച്ചു
നിർത്തിയ എല്ലാം പൊട്ടി.. ഒരു കരച്ചിലോടെ ഞാൻ അമ്മയുടെ വയറിലേക്ക് മുഖം അമർത്തി വച്ച് കരഞ്ഞു..

അമ്മ ഒന്നും മിണ്ടാതെ എന്റെ പുറത്തു തട്ടി.. എന്റെ കരച്ചിൽ ഒന്ന് ഒതുങ്ങിയപ്പോൾ അമ്മ പറഞ്ഞു..

“അമ്മമാർ അങ്ങനെ വല്ലതും ഒക്കെ പറയും.. ചിലപ്പോൾ തല്ലും.. അത് സ്നേഹം കൊണ്ടാണ്.. കേട്ടോ? ചെയ്യാത്ത തെറ്റിനാണ് നിന്നെ തല്ലിയത്.. നീ പറയാനുള്ളത് കെട്ടും ഇല്ല.. തെറ്റാണ്.. എന്നാലും ഞാൻ നിന്റെ അമ്മ അല്ലെ? എന്നോടും ഇങ്ങനെ ഒക്കെ സംസാരിക്കാമോ?”

അത് പറഞ്ഞപ്പോൾ അമ്മയും ഒന്ന് തേങ്ങി..

“സോറി അമ്മേ… “

ഞാൻ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.. കുറച്ചു നിമിഷം കഴിഞ്ഞപ്പോൾ രണ്ടുപേരും ശാന്തരായി…

അമ്മയുടെ കവിളിൽ ഒരു ഉമ്മ കൊടുത്ത ശേഷം ഞാൻ എന്റെ അടുത്ത് പിടിച്ചു ഇരുത്തി.. ഇഡലി മുറിച്ചു സാമ്പാറിൽ മുക്കി ഒരു കഷണം അമ്മയുടെ വായിൽ വച്ച് കൊടുത്തു…

എല്ലാം അവിടെ ഉരുകി തീരുകയായിരുന്നു… അല്ലെങ്കിലും ഒരു അമ്മയ്ക്കും മകനും എത്രനാൾ തെറ്റി ഇരിക്കാൻ കഴിയും?

***

ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ കുറെ അധികം മിസ്ഡ് കാൾസ് ഉണ്ടായിരുന്നു. അശ്വിനി ആണ്.. ഞാൻ തിരിച്ചു വിളിച്ചില്ല..

ടൗണിൽ ടാക്സി ഇട്ടു കാത്തു കിടക്കുമ്പോൾ ഒരാൾ വന്നു വണ്ടിയിൽ കയറി..

അശ്വിനി..

ഞാൻ അവളെ ദേഷ്യത്തോടെ നോക്കി..

“ഒരു ഓട്ടം പോണം…ഞാനൊരു യാത്രക്കാരി ആണ്..

“എങ്ങോട്ട്?”

“മുൻപോട്ടു വിട്ടോ. ഞാൻ പറയാം എങ്ങോട്ടു തിരിയണം എന്ന്…”

ഞാൻ വണ്ടി എടുത്തു.

“അജു..? എന്നോട് ക്ഷമിക്കണം.. എനിക്ക് കുറച്ചു മച്യുരിറ്റി കുറവുണ്ട്.. മറ്റവൻ ചതിച്ചതാണ് എന്റെ മനസ്സിൽ വന്നത്.. അതാണ് ഞാൻ അങ്ങനെ മിസ്ബീഹെവ് ചെയ്തത്… “

ഞാൻ ഒന്നും മിണ്ടിയില്ല… വണ്ടി ഓടിക്കുന്നതിൽ ശ്രദിച്ചു..

“അജു പ്ളീസ് ഞാൻ കാല് പിടിക്കാം….”

“ഐ ഹേറ്റ് യു എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു അഭിനയം?”

നീണ്ട റോഡ് ആണ്. ഞാൻ വണ്ടി നല്ല സ്പീഡിൽ ഓടിച്ചു..

“ഞാൻ അഭിനയിക്കുകയാണ് എന്ന് അജുവിന്‌ തോന്നുന്നുണ്ടോ?”

ഞാൻ ഒന്നും പറഞ്ഞില്ല..

“മുഖത്തു നോക്കി പറ അജു… ഞാൻ അഭിനയിക്കുകയാണ് എന്ന് പറ…? ക്രൂരമായി ചതിക്കപെട്ടവൾ ആണ് ഞാൻ… അതൊക്കെ ആലോചിച്ചപ്പോൾ എല്ലാം കയ്യിൽ നിന്ന് പോയി.. എനിക്ക് തെറ്റ് പറ്റി.. ഞാൻ പ്രതികരിക്കുന്നതിനു മുൻപേ നിന്നോട് ചോദിച്ചില്ല.. ഈ ജീവിതകാലം മൊത്തം അജുവിനെ സ്നേഹിച്ചു ഞാൻ അതിനു മാപ്പ് ചോദിക്കാം… പ്ളീസ് അജു.. പ്ളീസ് ഫോർഗിവ് മി…”

അവൾ അത് പറഞ്ഞു കരഞ്ഞു.. എന്റെ മനസ് ഒന്ന് അലിഞ്ഞു.. എന്നാലും എനിക്ക് നേരിടേണ്ടി വന്ന അപമാനം ഓർത്തപ്പോൾ ഒന്നും മിണ്ടാൻ
തോന്നിയില്ല..

അവൾ കുറച്ചു നേരം മിണ്ടാതെ ഇരുന്നു.. ഏങ്ങൽ അടിക്കുന്നുണ്ടായിരുന്നു.. എന്നാലും ഞാൻ ഒന്നും മിണ്ടിയില്ല..

“അജു… എന്റെ കല്ലറയുടെ അടുത്തെങ്കിലും വന്നു പറയണം അജു ക്ഷമിച്ചു എന്ന്……”

അവൾ പറഞ്ഞത് മനസിലാകാതെ ഞാൻ അവളെ തല ചെരിച്ചു നോക്കി..

Leave a Reply

Your email address will not be published. Required fields are marked *