ഒരു പ്രണയകഥ 4

“ആരെ നോക്കി നിക്കുവാ? വാ വേഗം…”

പുറകിൽ നിന്നും അച്ചു..

“അല്ല.. ഞാൻ വരണോ?”

“എന്താടോ ഇത്..? എന്നെ ഒറ്റയ്ക്ക് വിടാൻ എങ്ങനെ മനസ് വരുന്നു? പാവം അല്ലെ ഞാൻ?”

എനിക്ക് ചിരി വന്നു…

“ശരി…”

എന്ന് പറഞ്ഞു ഞാൻ അവളുടെ ഒപ്പം നടന്നു.. അകത്തു ചെന്നു ഒരു കോർണറിൽ ഇരുന്നു. നേരത്തെ പറഞ്ഞത് പോലെ അവൾ പൊറോട്ടയും ബീഫ് ഫ്രൈയും പറഞ്ഞു. എനിക്കും. കൂടാതെ ഓരോ കുലുക്കി സർബത്തും..

“ടാറ്റൂ? എന്താ ഇത്?”

അവൾ എന്റെ വലത്തേ കൈ എടുത്തു പിടിച്ച ശേഷം എന്റെ കയ്യിൽ നോക്കി..

“ഞാൻ പണ്ട് കോളേജിൽ ആയിരുന്നപ്പോൾ ബാംഗ്ലൂർ ടൂർ പോയപ്പോൾ അടിച്ചതാണ്.. “ട്രസ്റ്റ് യുവർ സ്ട്രഗിൾ…, നമ്മുടെ പാട്ടുകാരി ഇഗ്ഗിയുടെ കയ്യിൽ ഉള്ളതാണ്…”

“ഓഹോ.. നിങ്ങളുടെ പ്രയത്നത്തിൽ വിശ്വസിക്കുക.. അല്ലെങ്കിൽ നിങ്ങളുടെ കഷ്ടപ്പാടിൽ വിശ്വസിക്കുക… ഇറ്റ് മീൻസ് ഗുഡ് ഡേയ്സ് ആർ കമിങ്.. അല്ലെ?”

“അതെ.. “

ഞാൻ പുഞ്ചിരിയോടെ പറഞ്ഞു..

അപ്പോഴേക്കും ഓർഡർ ചെയ്ത സാധനങ്ങൾ എത്തി.. അവൾ സമയം കളയാതെ വലിച്ചു വാരി തിന്നാൻ തുടങ്ങി.. എനിക്ക് ചിരി വന്നു..

“അതെ.. കുറച്ചു നാള് പുറത്തു പോയി ജീവിച്ചു നോക്ക്.. ആർത്തിയൊക്കെ തന്നെ വരും…”

അവൾ ചിരിച്ചു കൊണ്ട് ബീഫ് വാരി വായിൽ ഇട്ടു..

“ശരിയാണ്.. “

എന്ന് ഞാനും പറഞ്ഞു…

ഞാനും കഴിച്ചു.. എല്ലാം കഴിഞ്ഞു പുറത്തു ഇറങ്ങി വീണ്ടും വണ്ടി എടുത്തു..

“വീട്ടിൽ ആരും ഇല്ല അച്ചു?”

അവൾ ഒരു നിമിഷം മ്ലാനം ആയി..

“സോറി ഞാൻ ചോദിച്ചത് പേർസണൽ കാര്യം ആണ്…”

ഞാൻ മെല്ലെ പറഞ്ഞു..

“വീട്ടിൽ എല്ലാവരും ഉണ്ട്.. എന്നാൽ എല്ലാവർക്കും തിരക്ക് ആണ് അർജുൻ….”

“മ്മ്മ്…. സോറി…”

“നോ പ്രോബ്ലം… വീട്ടിൽ നിന്നും വണ്ടി അയക്കാം എന്ന് പറഞ്ഞതാണ്.. പിന്നെ എനിക്ക് ഈ ഓവർ കേറിങ് ഒന്നും ഇഷ്ട്ടം അല്ലാതായി… ആരും ഇല്ല അതിനു…”

അവൾ പറഞ്ഞു നിർത്തി.. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയാതെ ആയി…

“വീട്ടിൽ ആരൊക്കെ ഉണ്ട് അർജുൻ? അച്ഛൻ ഇല്ല എന്നറിയാം…”

“അമ്മ അനിയത്തി.. ഞങ്ങൾ മൂന്ന് പേര് മാത്രമേ ഉള്ളു…”

“മ്മ്മ്.. സാധാരണ കുടുംബത്തിൽ ജനിക്കാനും വേണം ഒരു ഭാഗ്യം.. സ്നേഹം ഉണ്ടാകുമല്ലോ… “

അവൾ അത് പറഞ്ഞു ഒരു നെടുവീർപ്പ് ഇട്ടു…

പലതും സംസാരിച്ചു അവളുടെ വീട്ടിൽ എത്തി.. മണി മാളിക ആണ്. ഈ വീട് എനിക്കറിയാം. ഞാൻ ഇതിലെ പോയിട്ടും ഉണ്ട്..

ഞാൻ ട്രോളി എടുത്തു കൊടുത്തു. അവൾ ഒരു കവർ എനിക്ക് തന്നു..

“അതിൽ അർജുന്റെ പൈസ ഉണ്ട്.. കൂടിപ്പോയി എന്ന് പറഞ്ഞു തിരിച്ചു കൊണ്ടുവന്നാൽ ചന്തിക്കു പെട കിട്ടും ചെക്കാ…”

അവൾ അത് പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു.. ഞാൻ യാത്ര പറഞ്ഞു ഇറങ്ങി..

വീട്ടിൽ എത്തി കവർ എടുത്തു തുറന്നു നോക്കി.. കൂലിയുടെ ഇരട്ടി പണം.. തിരിച്ചു കൊണ്ടുപോയാൽ അടി തരും എന്നല്ലേ പറഞ്ഞത്.. അത് കൊണ്ട് ടിപ്പ് ആയി കണക്കാക്കാം..

ഞാൻ പൈസ എടുത്തു അമ്മക്ക് കൊടുത്തു.. എന്നും അങ്ങനെ ആണ്..

“ഏട്ടാ….”

എന്ന് വിളിച്ചു ചിഞ്ചു വന്നു കെട്ടിപിടിച്ചു..

“ഒന്ന് കുളിക്കട്ടെ പെണ്ണെ… “

അത് പറഞ്ഞിട്ടും അവൾ പിടി വിട്ടില്ല..

“പെണ്ണിന് കൊഞ്ചൽ കൂടി വരുന്നുണ്ട്. കെട്ടിച്ചു വിടാൻ ആയി…”

അമ്മ അവളെയും നോക്കി പറഞ്ഞു…

“കേട്ടണോടീ നിനക്ക്?”

ഞാൻ അവളുടെ മുഖം പൊക്കി നോക്കി.. നാണം..

“വേണ്ട ഏട്ടാ.. പഠിച്ചു ഒരു ടീച്ചർ ആയിട്ടു മതി കല്യാണം ഒക്കെ.. അല്ലെങ്കിൽ നമുക്ക് മൂന്ന് പേർക്കും ഇങ്ങനെ അങ്ങ് ജീവിച്ചാൽ പോരെ?”

“നിന്നെ പഠിപ്പിക്കുന്ന കാര്യം ഒക്കെ ഞാൻ നോക്കിക്കോളാം… അല്ലെ അമ്മെ..?”

“മ്മ്മ്.. നിനക്കോ ആഗ്രഹങ്ങൾ ഒന്നും നടന്നില്ല..”

“എന്റെ കാര്യം ഇനി എന്ത്.. ഇങ്ങനെ ഒക്കെ അങ്ങ് പോകും… “

“അങ്ങനെ ഒന്നും പോകില്ല മോനെ.. നിന്റെ കല്യാണം കണ്ടിട്ടേ ഞാൻ കണ്ണടക്കുള്ളൂ…”

“അമ്മ കുറച്ചു നേരത്തെ കണ്ണടക്കുന്നത് ഞാൻ കണ്ടതാണല്ലോ അമ്മെ?”

ചിഞ്ചു അത് പറഞ്ഞു എന്റെ പുറകിലോട്ടു മാറി.. അല്ലെങ്കിൽ ഇപ്പോൾ കിട്ടും എന്ന് അവൾക്ക് അറിയാം…

“പെണ്ണിന് കുറുമ്പ് കൂടുന്നുണ്ട് കേട്ടോ….!”

Leave a Reply

Your email address will not be published. Required fields are marked *