ഒരു പ്രണയകഥ 5

ഭക്ഷണം കഴിഞ്ഞു ബൈക്ക് എടുത്തു ടൗണിൽ പോയി. കപ്പയും ബീഫും വാങ്ങി. കുറച്ചു ബേക്കറി സാധനങ്ങളും. വീട്ടിൽ വന്ന് അത് അമ്മക്ക് കൊടുത്തു.

അതൊരു പതിവ് ആണ്.

ഇതൊക്കെ ആണ് ഞങ്ങളുടെ കൊച്ചു കുടുംബം..

പറഞ്ഞത് പോലെ ഞാൻ അർജുൻ ഹരിദാസ്. അജു എന്ന് വീട്ടിൽ വിളിക്കും. അമ്മ സരസ്വതി. അനിയത്തി സിതാര. അവൾക്ക്‌ 19 വയസ് ആയി. എനിക്ക് 23 വയസും.

കുറച്ചു വർഷം ആയി ഇതാണ് ഞങ്ങളുടെ ജീവിതം. നല്ല വീടൊക്കെ ഉണ്ടായിരുന്നു. അച്ഛന്റെ മരണ ശേഷം അതൊക്കെ പോയി.. കൂട്ടുകാർക്കു വേണ്ടി മരിക്കും എന്ന് പറഞ്ഞുകൊണ്ടിരുന്ന അച്ഛന്റെ കൂട്ടുകാർ തന്നെ ആണ് അച്ഛൻ കുറെ അധികം പണം കൊടുക്കാൻ ഉണ്ടെന്നുള്ള രേഖ കാണിച്ചു തന്നത്.

വീട് വിൽക്കുക എന്നല്ലാതെ അമ്മക്ക് വേറെ വഴി ഇല്ലായിരുന്നു. സഹായത്തിനു എന്ന് പറഞ്ഞു വന്നവരുടെ കണ്ണുകൾ അമ്മയിൽ ആയിരുന്നു. അതിസുന്ദരി ആണ് എന്റെ അമ്മ.. അന്ന് ഇറങ്ങിയതാണ് കളത്തിൽ..

എം കോം ആദ്യ വർഷം പഠിച്ചു കൊണ്ടിരുന്ന ഞാൻ പൊയ്ക്കൊണ്ടിരുന്ന ജിമ്മിൽ ട്രെയ്നർ ആയി കയറി. ദിവസം 700 രൂപ കിട്ടും. പിന്നെ അടവിനു ഒരു വണ്ടി വാങ്ങി അത് ടാക്സി ആയി ഓടിക്കുന്നു. ഇത് രണ്ടും ഒരുമിച്ചു കൊണ്ട് പോകൽ വളരെ കഷ്ടപ്പാട് ആണ്..

എന്നാൽ എന്റെ അനിയത്തിയുടെ പഠിപ്പ് മുടങ്ങരുത്. അതുപോലെ വീട്ടിൽ ഒരു ബുദ്ധിമുട്ടും വരാൻ പാടില്ല.. അമ്മ നന്നായി തയ്ക്കും. അങ്ങനെ ഒരു ചെറിയ വരുമാനം അമ്മ ഉണ്ടാക്കുന്നുണ്ട്. അകെ മൊത്തം പറഞ്ഞാൽ കടങ്ങൾ ഒന്നും ഇല്ല. വണ്ടിയുടെ അടവ് ഉണ്ട്. എന്നാലും ഒരു സാധാരണ കുടുംബം.. സന്തോഷം ഉള്ളൊരു കൊച്ചു വീട്..

ബോഡി ബിൽഡിംഗ് ഒക്കെ പ്രൊഫഷണൽ ആയി ചെയ്യണം എന്നുണ്ട്. എന്നാൽ ഒരു പ്രോടീൻ പൗഡറിന്റെ വില ഉണ്ടെങ്കിൽ ഒരു മാസം ഞങ്ങൾ നന്നായി ജീവിക്കും. അപ്പൊ അങ്ങനെ പല ആഗ്രഹങ്ങളും കുഴിച്ചു മൂടി ജീവിക്കുന്നു. എന്നാലും സന്തോഷവാൻ ആണ്..

അന്നത്തെ ദിവസം വേഗം തീർന്നു…

***

പിറ്റേന്ന് രാവിലെ 5 മണിക്ക് എണീറ്റ് ഒന്ന് ഫ്രഷ് ആയി പഴയ പൾസർ ബൈക്കും എടുത്തു ഞാൻ ജിമ്മിലേക്ക് ചെന്നു. ജിം തുറന്നു ഒന്ന് ക്ലീൻ ചെയ്ത ശേഷം എല്ലാം ഒന്ന് സെറ്റ് ചെയ്തു.

ഡംബെല്സ് അവിടെയും ഇവിടെയും ഒക്കെ ആയി ചിതറി കിടക്കുന്നു. നമ്മുടെ ആളുകൾ എന്നാണ് ചിട്ടയും വൃത്തിയും പഠിക്കുക?

ഞാൻ മ്യൂസിക് സിസ്റ്റം ഓൺ ആക്കി. അപ്പോഴേക്കും കുറച്ചു പേര് വന്നു. അവരുടെ ഒപ്പം വർക്ക് ഔട്ട് ചെയ്തു കുറെ ഹെല്പും ചെയ്തു വന്നപ്പോൾ സമയം 11 മണി ആയി. ഇതിനിടയിൽ പോയി ഒരു സെറ്റ് ദോശ കഴിച്ചിരുന്നു..

ഇനി ജിം 5 മണിക്കാണ് തുറക്കുക. ഞാൻ അടച്ചു പുറത്തിറങ്ങി വീട്ടിലേക്കു വണ്ടി വിട്ടു.

അമ്മ തയ്യലിൽ ആണ്. അടുത്ത വീട്ടിലെ ചേച്ചിയുടെ ബ്ലൗസ് ആണ് തുന്നുന്നത്. അനിയത്തി ക്ലാസ്സിൽ പോയി..

ഞാൻ ഒന്ന് കുളിച്ചു ഒരു ചായയും കുടിച്ചു എന്റെ സുസുക്കി ഡിസയർ കാർ ഒന്ന് തുടച്ചു വൃത്തി ആക്കി. ടാക്സി വണ്ടി ആണ്. എനിക്ക് കൂടുതലും പരിചയക്കാർ വഴി വരുന്ന ഓട്ടം ആണ്.

ലോങ്ങ് ഓട്ടം കിട്ടിയാൽ ജിം കീ എന്റെ കൂട്ടുകാരൻ വന്നു കൊണ്ടുപോയ്ക്കോളും. അങ്ങനെ ഒരു നല്ല ഗുണം ഉണ്ട്.

ഞാൻ അമ്മയോട് പറഞ്ഞു വണ്ടി എടുത്തപ്പോൾ ആണ് ഒരു കാൾ വന്നത്..

എന്റെ കൂട്ടുകാരൻ അബ്ദു ആണ്. ഒരു ഓട്ടം ഉണ്ട്. എയർ പോർട്ടിൽ പോയി ഒരു മാഡത്തിനെ കൊണ്ടുവരണം. ഇന്ന് വൈകുന്നേരം 4 മണിക്ക് അവർ ഫ്ലൈറ്റ് ഇറങ്ങും..

ഇവിടുന്ന് 3 മണിക്കൂർ ഓട്ടം ഉണ്ട് നെടുമ്പാശേരിക്ക്.. ഇപ്പോൾ സമയം 12 കഴിഞ്ഞു.. നേരെ പോയേക്കാം… ഞാൻ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു നേരെ വണ്ടി വിട്ടു..

നല്ല ഓട്ടം കിട്ടിയ ഒരു സന്തോഷം.. ഞാൻ മൈലി സൈറസിന്റെ പാട്ടുകൾ വച്ചു. വണ്ടി ഓടിക്കുമ്പോൾ പോപ്പ് സോങ്‌സ് കേൾക്കാൻ സുഖം ആണ്..

ഇടയ്ക്കു ഇറങ്ങി ഊണ് കഴിച്ചു. പറയാതിരിക്കാൻ വയ്യ ചത്ത ഊണ്..

അല്ലപിന്നെ…

3 മണി കഴിഞ്ഞപ്പോൾ എയർപോർട്ടിൽ എത്തി. അവിടെ വണ്ടി പാർക്ക് ചെയ്തു കാത്തു നിന്നു.. 4 മണി കഴിഞ്ഞു 20 മിനുട് കൂടി ആയപ്പോൾ എന്റെ ഫോണിൽ ഒരു കാൾ വന്നു.

Leave a Reply

Your email address will not be published. Required fields are marked *