ജീവിതമാകുന്ന നൗക – 10

“ഡാ പിന്നെ സംസാരിക്കാം”

അതോടെ അവർ അവരുടെ സീറ്റിലേക്ക് തന്നെ പോയി.”

മറ്റേ ബാച്ചിൽ നിന്ന് ചിലരൊക്കെ പുറത്തു നിന്ന് എത്തി വലിഞ്ഞു നോക്കി പോകുന്നുണ്ട്. അതോടെ എനിക്ക് ചൊറിഞ്ഞു കയറി വന്നു. ക്ലാസ്സ് തുടങ്ങാറായപ്പോൾ രാഹുൽ ജെന്നിയുമായിട്ടുള്ള സംസാരം അവസാനിപ്പിച്ചു. എൻ്റെ അരികിൽ വന്നിരുന്നു.

ബെല്ലടിച്ചപ്പോഴേക്കും ബീന മിസ്സ് ക്ലാസ്സിൽ കയറി വന്നു. പക്ഷേ പഠിപ്പിക്കാനൊന്നും തുടങ്ങിയില്ല. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോളേക്കും അരുൺ സാറും മീര മാഡവും കടന്നു വന്നു. ഫുൾ സീരിയസ് മോഡ് ആണ്.

സംസാരമൊന്നും ഉണ്ടായില്ല ക്ലാസ്സിൽ വന്ന് നേരെ കൈയിലിരുന്ന സർക്കുലർ എടുത്തു വായിക്കുകയാണ് ചെയ്‌തത്.

“ടൂർ പോയതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ അന്വേഷണ വിധേയേമായി ദീപു രാമൻകുട്ടിയെ സസ്‌പെൻഡ് ചെയ്തിരിക്കുന്നു. ഈ വിഷയത്തെ കുറിച്ചുള്ള എല്ലാവിധ ഡിസ്കഷനുകളും നിരോധിച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അപമാനിക്കുന്ന പ്രവർത്തി ആരുടെയെങ്കിലും ഭാഗത്തു നിന്ന് ഉണ്ടായാൽ സസ്പെന്ഷൻ അടക്കമുള്ള ശിക്ഷാ നടപടികൾ ഉണ്ടാകുന്നതായിരിക്കും. കോളേജിൻ്റെ സൽപ്പേര് കളയുന്ന പ്രവർത്തി സോഷ്യൽ മീഡിയയിൽ അടക്കം ആരുടെ ഭാഗത്തു നിന്നുണ്ടായാലും ഡിസ്മിസ്സൽ അടക്കമുള്ള ശക്തമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കും .” (English)

അവരുടെ ടോണിൽ നിന്ന് തന്നെ അവര് സീരിയസ് ആണെന്ന് എല്ലാവർക്കും മനസ്സിലായി. എങ്കിലും സസ്പെന്ഷൻ ദീപുവിന് മാത്രം അപ്പോൾ കീർത്തനയെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ്. എനിക്ക് ചൊറിഞ്ഞു കയറി വന്നു.

” ഹലോ മാഡം, അപ്പോൾ കീർത്തനയെ എന്തു കൊണ്ട് സസ്‌പെൻഡ് ചെയ്യുന്നില്ല”

എൻ്റെ ചോദ്യം കേട്ടതും അവരുടെ മുഖം വലിഞ്ഞു മുറുകി. അരുൺ സാറിൻ്റെ ചെവിയിൽ എന്തോ പറഞ്ഞിട്ട് അവർ ചവിട്ടി തുള്ളി പോയി. അപ്പോഴാണ് ഈ വിഷയത്തിൽ കീർത്തനക്ക് എന്തോ റോൾ ഉണ്ടെന്ന് കാര്യം ക്ലാസ്സിൽ എല്ലാവരും അറിയുന്നത് തന്നെ. അതോടെ ക്ലാസ്സിൽ എല്ലാവരും തമ്മിൽ കുശുകുശുക്കലായി.

അരുൺ സാർ എന്നെ നോക്കി എല്ലാം ഹാൻഡിൽ ചെയ്തോളാം എന്ന രീതിയിൽ ആംഗ്യം കാണിച്ചു. ബീന മിസ്സാണെങ്കിൽ സൈലെൻസ് സൈലൻസ് എന്ന് വിളിച്ചു കൂകുന്നുണ്ട്.
അരുൺ സാർ എൻ്റെ അടുത്തക്ക് വന്ന് എല്ലാം വേണ്ട വിതം കൈകാര്യം ചെയ്തോളാം എന്ന് പറഞ്ഞു. ക്ലാസ്സൊന്നു കണ്ട്രോൾ ആയപ്പോൾ പുള്ളി പോയി.

ദേഷ്യം പോയില്ലെങ്കിലും ഞാൻ ഒന്നും മിണ്ടാതെ അവിടെയിരുന്നു. ആ തെണ്ടി ദീപുവിനെയും പുന്നാരമോൾ കീർത്തനയെയും കൈയിൽ കിട്ടിയിരുന്നേൽ രണ്ടെണ്ണം പൊട്ടിക്കാമായിരുന്നു. എന്നിട്ട് മതി സസ്പെന്ഷനും കോപ്പുമൊക്കെ.

അരുൺ സാർ പോയതും ഒന്നും സംഭവിക്കാത്ത ബീന മിസ്സ് തകൃതിയിയി പഠിപ്പിക്കൽ തുടങ്ങി.

*****

അന്ന വേർഷൻ:

ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു ഞാൻ സ്റ്റീഫനെ വിളിച്ചു. അവൻ ഇന്ന് കോളേജിൽ വന്നിട്ടില്ല എന്ന് പറഞ്ഞു. കുറച്ചു നേരം അവൻ്റെ അടുത്ത് സംസാരിച്ചപ്പോൾ ഒരു ആശ്വാസമായി.

വൈകി വന്നാൽ മതി എന്ന് അരുൺ സാർ പറഞ്ഞതുകൊണ്ട് ഞാൻ പാറു ചേച്ചിയുടെ കൂടെയാണ് ഇറങ്ങിയത്. ജംഗ്ഷനിൽ എത്തി ഓട്ടോ വിളിച്ചു കോളേജിലേക്ക്. നെഞ്ച് പട പട എന്നിടിക്കാൻ തുടങ്ങി, എങ്കിലും കോളേജിൽ കാല് കുത്തിയപ്പോൾ എന്തും നേരിടാം എന്നൊരു ധൈര്യം വന്നപോലെ. അല്ലെങ്കിലും തെറ്റ് ചെയ്യാത്തവർ എന്തിനു ഭയപ്പെടണം. ഓട്ടോയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ഓഫീസ് സ്റ്റാഫ് വന്ന് മീര മാഡത്തിൻ്റെ ഓഫീസിലേക്ക് എത്താൻ ആവിശ്യപ്പെട്ടു. ഞാൻ നേരെ അവരുടെ അടുത്തേക്ക് പോയി

ഞാൻ അകത്തേക്ക് കയറിയപ്പോൾ മീര മാം മുഖം കറുത്തിരിക്കുന്നുണ്ട്. എങ്കിലും എന്നെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു. അഭിനയം കൊള്ളാം. ഇവരെയൊക്കയാണോ ഞാൻ ബഹുമാനിച്ചിരുന്നതും സ്വന്തമെന്നു കരുതിയതും. ഒക്കെ പപ്പയുടെ പൊസിഷനും പണത്തോടുമുള്ള ബഹുമാനം മാത്രം

“അന്നാ മോൾ ഇരിക്ക്”

അവർ മുൻപിലെ കസേര ചൂണ്ടികാണിച്ചു പറഞ്ഞു .

“അന്നമോളുടെ ഭാഗത്തു തെറ്റൊന്നുമില്ല എനിക്കറിയാം. ഞാൻ അപ്പയോട് പറഞ്ഞു കോളേജിൽ വിടാൻ സമ്മതിപ്പിച്ചുണ്ട്. “

അവരുടെ തള്ള് കേട്ടുനിന്നതല്ലാതെ ഞാൻ ഒന്നും മിണ്ടിയില്ല. അതോടെ അവരുടെ മുഖത്തു ഒന്നു വാടി.

“പിന്നെ മോളെ രാവിലെ തന്നെ രണ്ടു ക്ലാസ്സിലും ഞാൻ നേരിട്ട് പോയി മാനേജ്മൻറെ സർക്കുലർ വായിച്ചായിരുന്നു. ആരെങ്കിലും മോൾക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ അവർക്കെതിരെ അപ്പോൾ തന്നെ നടപടിയെടുത്തോളം.”
“ദീപുവിനെ സസ്‌പെൻഡ് ചെയ്‌തു. ഒരാഴ്ച്ച കഴിഞ്ഞു അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടനെ തന്നെ ഡിസ്മിസ്സും ചെയ്തോളാം. “

അതിനും ഞാൻ ഒന്നും മിണ്ടിയില്ല.

“പിന്നെ മോളെ കീർത്തനയുടെ കാര്യം. അവള് ചെയ്‌തത്‌ പൊറുക്കാൻ പറ്റാത്ത തെറ്റാണ് എന്നറിയാം എങ്കിലും അവളുടെ ഭാവി ഓർത്തു മോള് അൽപം കനിവ് കാണിക്കണം. “

അവര് പറയും എന്ന് വിചാരിച്ച കാര്യം. അവരുടെ വായിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ച കാര്യം. എൻ്റെ തുരുപ്പു ഗുലാൻ എൻ്റെ ആവിശ്യമാണ് . അവൾ ഇവിടെയുണ്ടാകുക എന്നത്. കൂട്ടത്തിൽ നിന്ന് ചതിച്ചതിന് അവൾക്കിട്ട് കൊടുക്കണം.

“മാം, കീർത്തനയുടെ കാര്യം മാഡത്തിന് തീരുമാനിക്കാം. പക്ഷേ ഇവിടന്നങ്ങോട് എൻ്റെ ഒരു കാര്യത്തിലും, ഒരു കാര്യത്തിലും മാഡം ഇടപെടരുത്. ആ ഉറപ്പു മാഡം എനിക്ക് തരണം. “

“ശരി മോളുടെ കാര്യത്തിൽ ഇടപെടില്ല.”

“ഞാൻ ക്ലാസ്സിലിലോട്ട് പോകട്ടെ”

“മോളെ പിന്നെ ഈ കാര്യം കുര്യൻ സാറിനോട് പറയല്ലേ.”

ഞാൻ തലയാട്ടിയിട്ട് ഓഫീസിൽ നിന്ന് ഇറങ്ങി.

പുറത്തിറങ്ങിയപ്പോൾ എനിക്ക് സന്തോഷമാണ് തോന്നിയത്. അവളെ ഇവിടെ എൻ്റെ കൈയിൽ കിട്ടും. പിന്നെ മീര മുതുക്കിയ വരച്ച വരയിൽ നിർത്താം. ഞാൻ നേരെ ക്ലാസ്സിലേക്ക് പോയി.

ക്ലാസ്സിൽ ചെന്നപ്പോളേക്കും രണ്ടാമത്തെ പീരീഡ് തീരാറായിട്ടുണ്ട്. സോഫിയ മാഡം ആണ്. പുള്ളിക്കാരി എന്നെ കണ്ട് ഒന്നമ്പരന്നു. പിന്നെ കയറി ഇരുന്നോളാൻ പറഞ്ഞു. എല്ലാവരും എന്നെ തുറിച്ചു നോക്കിയിരിക്കുകയാണ്. ഒരു നിമിഷത്തേക്ക് ഏത് സീറ്റിൽ ഇരിക്കണമെന്ന് അറിയാതെ ഞാൻ നോക്കി. അമൃതയുടെ അടുത്ത് ഒരു സീറ്റ് ഒഴുവുണ്ട്. പക്ഷേ അവളുടെ മുഖം കടന്നൽ കുത്തിയ പോലെയുണ്ട്. അത് കൊണ്ട് അങ്ങോട്ട് പോകേണ്ട. അടുത്തിരുന്ന അനുപമ ചിരിച്ചു കാണിച്ചു . ബാക്കിൽ അർജ്ജു കുമ്പിട്ടിരിക്കുകയാണ്. ഞാൻ സ്ഥിരം ഇരിക്കാറുള്ള സീറ്റിൽ രാഹുൽ ഇരിക്കുന്നുണ്ട്. അവൻ്റെ മുഖത്തു എന്നെ കാണുമ്പോൾ ഉള്ള പുച്ഛ ഭാവം. എങ്കിലും ബാക്ക് നിരയിൽ വേറെയും സീറ്റുകൾ ഒഴുവുണ്ട്. ഞാൻ നേരെ ബാക്കിലുള്ള ഒരു സീറ്റിൽ പോയിരുന്നു. എല്ലാവരും എന്നെ തിരിഞ്ഞു നോക്കുന്നുണ്ട്. മിക്കവരുടെ മുഖത്തു ഒരു സഹതാപം. അർജ്ജു അപ്പോഴും നോക്കിയില്ല. സുമേഷ് ഒരു കൈ കൊണ്ട് ഒരു ഹായ് കാണിച്ചു. ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു.
സോഫിയ മിസ്സ് അവരുടെ പോഡിയത്തിൽ കൈ കൊണ്ട് രണ്ടു അടി അടിച്ചു. എന്നിട്ട് ക്ലാസ്സ് എടുക്കാൻ തുടങ്ങി. ഇന്റർവെൽ ആയപ്പോൾ ഞാൻ അവിടെ തന്നെ ഇരുന്നു. ഞാൻ ക്ലാസ്സിൽ കയറിയപ്പോൾ മുതൽ ഇത് വരെ അർജ്ജു എന്നെ ഒന്ന് നോക്കിയത് പോലുമില്ല. അല്ലെങ്കിലും അന്നത്തെ പോലത്തെ സഹതാപം ഒന്നും അന്നക്ക് വേണ്ട. ഇൻട്രെവെൽ ആയപ്പോൾ രാഹുലിൻ്റെ ചെവിയിൽ എന്തോ പറഞ്ഞിട്ട് അർജ്ജു പുറത്തേക്കിറങ്ങി പോയി.

Leave a Reply

Your email address will not be published. Required fields are marked *