ജീവിതമാകുന്ന നൗക – 10 Like

“ഞാൻ ക്ലാസ്സിലിലോട്ട് പോകട്ടെ”

“മോളെ പിന്നെ ഈ കാര്യം കുര്യൻ സാറിനോട് പറയല്ലേ.”

ഞാൻ തലയാട്ടിയിട്ട് ഓഫീസിൽ നിന്ന് ഇറങ്ങി.

പുറത്തിറങ്ങിയപ്പോൾ എനിക്ക് സന്തോഷമാണ് തോന്നിയത്. അവളെ ഇവിടെ എൻ്റെ കൈയിൽ കിട്ടും. പിന്നെ മീര മുതുക്കിയ വരച്ച വരയിൽ നിർത്താം. ഞാൻ നേരെ ക്ലാസ്സിലേക്ക് പോയി.

ക്ലാസ്സിൽ ചെന്നപ്പോളേക്കും രണ്ടാമത്തെ പീരീഡ് തീരാറായിട്ടുണ്ട്. സോഫിയ മാഡം ആണ്. പുള്ളിക്കാരി എന്നെ കണ്ട് ഒന്നമ്പരന്നു. പിന്നെ കയറി ഇരുന്നോളാൻ പറഞ്ഞു. എല്ലാവരും എന്നെ തുറിച്ചു നോക്കിയിരിക്കുകയാണ്. ഒരു നിമിഷത്തേക്ക് ഏത് സീറ്റിൽ ഇരിക്കണമെന്ന് അറിയാതെ ഞാൻ നോക്കി. അമൃതയുടെ അടുത്ത് ഒരു സീറ്റ് ഒഴുവുണ്ട്. പക്ഷേ അവളുടെ മുഖം കടന്നൽ കുത്തിയ പോലെയുണ്ട്. അത് കൊണ്ട് അങ്ങോട്ട് പോകേണ്ട. അടുത്തിരുന്ന അനുപമ ചിരിച്ചു കാണിച്ചു . ബാക്കിൽ അർജ്ജു കുമ്പിട്ടിരിക്കുകയാണ്. ഞാൻ സ്ഥിരം ഇരിക്കാറുള്ള സീറ്റിൽ രാഹുൽ ഇരിക്കുന്നുണ്ട്. അവൻ്റെ മുഖത്തു എന്നെ കാണുമ്പോൾ ഉള്ള പുച്ഛ ഭാവം. എങ്കിലും ബാക്ക് നിരയിൽ വേറെയും സീറ്റുകൾ ഒഴുവുണ്ട്. ഞാൻ നേരെ ബാക്കിലുള്ള ഒരു സീറ്റിൽ പോയിരുന്നു. എല്ലാവരും എന്നെ തിരിഞ്ഞു നോക്കുന്നുണ്ട്. മിക്കവരുടെ മുഖത്തു ഒരു സഹതാപം. അർജ്ജു അപ്പോഴും നോക്കിയില്ല. സുമേഷ് ഒരു കൈ കൊണ്ട് ഒരു ഹായ് കാണിച്ചു. ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു.
സോഫിയ മിസ്സ് അവരുടെ പോഡിയത്തിൽ കൈ കൊണ്ട് രണ്ടു അടി അടിച്ചു. എന്നിട്ട് ക്ലാസ്സ് എടുക്കാൻ തുടങ്ങി. ഇന്റർവെൽ ആയപ്പോൾ ഞാൻ അവിടെ തന്നെ ഇരുന്നു. ഞാൻ ക്ലാസ്സിൽ കയറിയപ്പോൾ മുതൽ ഇത് വരെ അർജ്ജു എന്നെ ഒന്ന് നോക്കിയത് പോലുമില്ല. അല്ലെങ്കിലും അന്നത്തെ പോലത്തെ സഹതാപം ഒന്നും അന്നക്ക് വേണ്ട. ഇൻട്രെവെൽ ആയപ്പോൾ രാഹുലിൻ്റെ ചെവിയിൽ എന്തോ പറഞ്ഞിട്ട് അർജ്ജു പുറത്തേക്കിറങ്ങി പോയി.

അനുപമ ഓടി വന്നു സംസാരിക്കാനായി. മറ്റു ക്ലാസ്സിൽ ഉള്ളവരൊക്കെ പുറത്തു വന്നു നോക്കി പോകുന്നുണ്ട്. പക്ഷേ ഞാൻ കരുതിയ പോലെയുള്ള പ്രശ്നങ്ങളൊന്നും ഇത് വരെ ഇല്ല. ക്ലാസ്സിലുള്ള ചില പെണ്ണുങ്ങളുടെ മുഖത്തു ഒരു സഹതാപ ഭാവമല്ലാതെ കുത്തുവാക്കുകളൊന്നുമില്ല.

പിന്നെയും കലിപ്പ് അമൃതക്ക് മാത്രമാണ്. അവള് വരണേൽ വരട്ടെ. അടുത്ത പീരീഡ് കഴിഞ്ഞാൽ ഉച്ചക്കുള്ള ബ്രേക്ക് ആണ്. അപ്പോൾ അറിയാം ആളുകളുടെ പ്രതീകരണം.

അടുത്ത പീരീഡ് തുടങ്ങിയപ്പോളും അർജ്ജു മാത്രം ക്ലാസ്സിലേക്ക് വന്നില്ല. ഞാൻ വന്നതിനി അവന് ഇഷ്ടപ്പെട്ടില്ലേ. ഇഷ്‌പ്പെട്ടില്ലെങ്കിൽ വീട്ടിൽ പോയിരുന്നോട്ടെ ഞാൻ എന്തായാലും ക്ലാസ്സിൽ വരും. പേരുദോഷം പെണ്ണായ എനിക്കല്ലേ.

ഉച്ചക്ക് അനുപമയുടെ കൂടെ നേരെ ക്യാന്റീനിലേക്ക് നടന്നു. സീനിയർസ് ഒക്കെ ക്ലാസ്സിൽ തന്നയാണ്. ഞങ്ങൾ കഴിച്ചിറങ്ങുമ്പോളെ സീനിയർസ് എത്തുകയുള്ളൂ.

നേരേ ക്യാന്റീനിൽ ചെന്ന് ബിരിയാണി തന്നെ പറഞ്ഞു. 1st എം.ബി.എ യിലെ രണ്ടു ബാച്ച് പിള്ളേരുണ്ടായിട്ടും ആ ടേബിളിൽ ഞാനും അനുപമയും മാത്രം. ഇത് എന്താണ് തൊട്ടുകൂടായ്മയോ. എങ്കിലും അതൊന്നും മൈന്ഡാക്കിയില്ല അനുപമയുമായി പാറു ചേച്ചിയുടെ കഥയൊക്കെ പറഞ്ഞിരുന്നു. അവൾക്ക് ഗോവ മുതൽ നടന്ന കാര്യങ്ങളൊക്കെ അറിയണമെന്നുണ്ട് എന്നെനിക്ക് മനസ്സിലായി.

“ഡി ക്ലാസ്സ് കഴിഞ്ഞു നീ വാ നമുക്ക് കഫെയിൽ പോകാം ഞാൻ നടന്നതൊക്കെ പറയാം “

കഴിച്ചു പുറത്തേക്കിറങ്ങിയപ്പോളേക്കും സീനിയർ പിള്ളേരൊക്കെ അകത്തു കയറാൻ നിൽക്കുന്നുണ്ട്. സീനിയർ ചേച്ചിമാരൊക്കെ എന്നെ നോക്കി എന്തൊക്കയോ കുശുകുശുക്കുന്നുണ്ട്. അരുൺന്ന് പറഞ്ഞ വായ്നോക്കി സീനിയറും അവൻ്റെ ഗാങ്ങും എന്നെ തന്നെ നോക്കി നിൽക്കുകയാണ്. ഡയലോഗ് വീഴും എന്നുറപ്പാണ്.

“അന്നകുട്ടിയോ മൂന്നാറിന് ഒരു ടൂർ പ്ലാൻ ചെയുന്നുണ്ട്. കൂടെ വരുന്നോ.”
ഒരുത്തൻ വിളിച്ചു കൂവിയതും എല്ലാവന്മാരും കൂടി ചിരിച്ചു. ഇത് ഞാൻ പ്രതീക്ഷിച്ചതാണ്. ഈ അവസരം പാഴാക്കരുത്. നേരെ വിളിച്ചു കൂവിയവൻ്റെ അടുത്തേക്ക് ചെന്ന്. എൻ്റെ വരവ് കണ്ടപ്പോൾ തന്നെ അവനൊന്ന് പേടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *