ഞാനാ കൈപ്പടത്തില്‍ അരുമയായൊന്നു തഴുകി.
ആ കണ്ണുകളില്‍ ഇപ്പോള്‍ ഒരു നേരിയ പതറല്‍ പോലൊരു ഭാവം എനിക്ക് കാണാന്‍ കഴിഞ്ഞു. അവരെന്തോ പറയാനാഗ്രഹിക്കുന്നുണ്ടാവാം..എന്റെ ചിന്തകള്‍ തെറ്റാണെന്നോ മറ്റോ..!
“പിന്നൊരു ദിവസം അതേ മേമ എന്നെ കെട്ടിപ്പിടിച്ചു.. ഉമ്മ തന്നു…ഞാന്‍ തിരിച്ചും…! അതിനു ശേഷം പറമ്പില്‍ വച്ച് കുറെ ഉപദേശം…പിന്ന വഴക്ക്..! അപ്പൊ ഞാനോര്‍ത്തു,ആ കെട്ടിപ്പിടുത്തവും ഉമ്മയുമൊക്കെ എന്തിനായിരുന്നു..?!”
ഞാനൊരു നിമിഷം നിശബ്ദനായി.
ആ നിമിഷം എന്റെ വിരലുകളില്‍ അവരുടെ പിടുത്തമൊന്നു മുറുകിയയഞ്ഞു.
“അന്നു രാത്രി മേമ വന്ന് എന്റെ മുന്നില്‍ വല്ലാതെ സങ്കടപ്പെട്ടു…! വഴക്ക് പറഞ്ഞതിനൊക്കെ സോറി പറഞ്ഞു..ഇവിടുന്ന്‍ പോയിക്കളയരുതെന്നും.. അങ്ങനെന്തോക്കെയോ…!
ആ സന്ദര്‍ഭം ഓര്‍ത്തപോലെ അവരുടെ കണ്ണുകള്‍ ഒന്ന് പ്രകാശമാനമായി.
“മതി കണ്ണാ..ഇതൊക്കെ ഇപ്പൊ എന്തിനാ..?!!”
ആ ചുണ്ടുകളില്‍ ഒരു നേര്‍ത്ത പുഞ്ചിരി തെളിഞ്ഞണഞ്ഞു.
പക്ഷെ പൂര്‍ണമാക്കാതെ എനിക്ക് നിര്‍ത്താന്‍ പറ്റുമായിരുന്നില്ല.. കാരണം.. അതങ്ങനാണ്.!
” പിന്നെ ഇന്ന്…! എന്നോട് വഴക്കിട്ടു..അത് കഴിഞ്ഞ് കെട്ടിപ്പിടിച്ചു…ഉമ്മ വച്ച് കളിചിരിയും തമാശയുമൊക്കെയായി…ആകെയൊരു മാറ്റം…!! അന്ന് വന്നപ്പോ കണ്ട മേമയേയല്ല…!”
ഞാനാ കണ്ണുകളിലേക്ക് പ്രണയപുരസ്സരം നോക്കി.
“ഇപ്പൊ തോന്ന്വാ…എനിക്കത് പറയണം..മേമയുടെ മുഖത്തു നോക്കി പറയണം..! ഈ തണുപ്പത്ത്…മഞ്ഞു മൂടിയ ഈ നിലാവെട്ടത്ത്..ദാ..ഇങ്ങനെ
തൊട്ടുരുമ്മിയിരുന്നു കൊണ്ടിരിക്കെ…!! ആഹാ….എന്റെ മനസ്സില്‍ തോന്നിയ ആ കാര്യം തുറന്നു പറയാന്‍ ഇതിലും നല്ലൊരു അവസരം ഇനിയെപ്പോ വരാനാണ്..!!”
മേമയുടെ മുഖത്ത് പെട്ടെന്നൊരു ഭാവമാറ്റമുണ്ടായി.ഞാനെന്താണ് പറഞ്ഞു വരുന്നത് എന്ന്‍ മനസ്സിലായതുപോലൊരു ഭയപ്പാട് നിറഞ്ഞ പിടയല്‍ ഞാനാ കണ്ണുകളില്‍ കണ്ടു.
“മതി തമാശ പറഞ്ഞത്..വെള്ളം ചൂടായിക്കാണും..!”
എന്റെ നാവില്‍ നിന്നും അത് കേള്‍ക്കാനുള്ള ശക്തിയില്ലാതെയാവണം അവര്‍ വേഗം എഴുന്നെല്‍ക്കാനൊരുങ്ങി.
എന്നാല്‍ അതിനനുവദിക്കാതെ ഞാനവരെ അവിടെത്തന്നെ പിടിച്ചിരുത്തി.
“വിട് കണ്ണാ..വെള്ളം ചൂടായിക്കാണും..!”
അവരൊന്നു കുതറിയെങ്കിലും ഞാന്‍ ബലം പിടിച്ചു. ആ കണ്ണുകള്‍ ഒരു വല്ലായ്കയോടെ എന്റെ നേരെ നീണ്ടു. ‘പ്ലീസ് എനിക്കത് കേള്‍ക്കണ്ട’ എന്നൊരു അപേക്ഷാഭാവമായിരുന്നു ആ നോട്ടത്തില്‍..!
“മേമ ഇത് കേള്‍ക്കണം..! മേമയല്ലാതെ വേറെ ആരും കേള്‍ക്കാനുള്ളതല്ല ഇത്..പ്ലീസ്..വെറുതെയെങ്കിലും ഈ കാതുകളൊന്നു തുറക്കരുതോ..പ്ലീസ്..!”
അവര്‍ ദയനീയമായി എന്നെ നോക്കി.
“പ്ലീസ് മേമേ..വെറും പത്തു സെക്കന്റ്..പ്ലീസ്..!”
ഞാന്‍ ശരിക്കും കേണു.
അവര്‍ക്ക് എണീറ്റ് പോകണമെന്ന്‍ അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ എന്ത് കൊണ്ടോ അതിന് പറ്റുന്നില്ല. അല്‍പനേരം എന്തൊക്കെയോ ചിന്തിച്ചിരുന്ന ശേഷം അവരെന്റെ കണ്ണുകളിലേക്ക് തറഞ്ഞു നോക്കി. എന്തും കേള്‍ക്കാനുള്ള ശക്തി സംഭരിച്ചുള്ള നോട്ടം..!
“മേമേ..!”
ആ മൗനം അനുവാദമായെടുത്ത് ഞാന്‍ നനുത്ത സ്വരത്തില്‍ വിളിച്ചു.
പരസ്പരം കൊരുത്തു നിന്നിരുന്ന കൈപ്പത്തികള്‍ ഞാന്‍ മെല്ലെ സ്വതന്ത്രമാക്കി.
“ആദ്യമെന്നെ ചീത്ത വിളിച്ചപ്പോഴും പിന്നീട് കെട്ടിപ്പിടിച്ചപ്പോഴും ഉമ്മ വച്ചപ്പോഴുമൊന്നും എന്റെ മനസ്സില്‍ ഇങ്ങനൊരു തോന്നല്‍ വന്നിരുന്നില്ല. പക്ഷെ…അതെന്നും ഒരു ശീലമായി മാറിയപ്പോഴാണ് ആദ്യമായി അങ്ങനൊക്കെ ചിന്തിച്ചു പോയത്..! തെറ്റാണെന്നറിയാം..അങ്ങനൊന്നും മനസ്സില്‍ പോലും ചിന്തിക്കാന്‍ പാടില്ലെന്നറിയാം…പക്ഷേ..! ഓരോ ദിവസവും
മേമയില്‍ വന്ന മാറ്റങ്ങള്‍ കണ്ടാല്‍ ആര്‍ക്കും അങ്ങനൊക്കെ തോന്നും… എനിക്കും തോന്നി..! പിന്നെ രാത്രികളില്‍ ഉറക്കം വരാതെ കിടക്കുമ്പോഴൊക്കെ അത് മാത്രമായി എന്റെ ചിന്ത..! പറയണം തുറന്നു പറയണം..മേമ ഇനിയെങ്കിലും അതറിഞ്ഞേ പറ്റൂ..മനസ്സങ്ങനെ ആര്‍ത്തു വിളിച്ചു..! എന്റെ മേമയോട് ഇപ്പൊ..ഈ നിമിഷം ഞാനത് തുറന്നു പറയുകയാണ്…മേമയ്ക്ക്..മേമയ്ക്ക്..തലയ്ക്കെന്തോ കൊഴപ്പണ്ട്..!!”
