ഇതെങ്ങിനെ തന്റെ ബുക്കിനുള്ളിൽ വന്നു …?
ആ പ്രേമ ലേഖനത്തിലെ അവസാന വരിയിൽ അനുവിന്റെ കയ്യക്ഷരത്തിൽ കൂട്ടിച്ചേർത്ത
വാചകങ്ങൾ കണ്ടു തുള്ളിച്ചാടാൻ തോന്നി …
” – എന്നും അച്ചുവിന്റെ മാത്രം അനസൂയ – ”
ഒരു കോടി വസന്തം ഒന്നിച്ചു വിരിഞ്ഞപോലെ
തോന്നി… അനു തന്നെ സ്നേഹിക്കുന്നു വിശ്വാസം വരാതെ പല ആവർത്തി ആ വരികൾ വായിച്ചു..
അന്ന് തന്നെ, ആമ്പൽപ്പൂ പറിക്കാനിറക്കിയത് ഇതിനായിരുന്നോ…
ആ സ്നേഹം അറിയാതെ പോയ താനൊരു മണ്ടനാണെന്ന് തോന്നി ….
അന്ന് വൈകിട്ട് അമ്മ വന്നപ്പോൾ തന്റെ
മുഖത്തെ തെളിച്ചം കണ്ടാവണം , അല്പനേരം
അമ്മ കണ്ണുകൾ തന്നിൽ ആഴത്തിൽ പതിപ്പിച്ചു..
എന്തോ തിരഞ്ഞ ശേഷം പതിവ് പോലെ അകത്തേയ്ക്ക് പോയി ….
കിടന്നിട്ടു ഉറക്കം വരുന്നില്ല… അനുവിന്റെ മുഖം
മാത്രമാണ് മനസ്സിൽ. അവളുടെ ചിരിയും, സംസാരവും എല്ലാം ഓർക്കവേ തിരിച്ചറിയുക
ആയിരുന്നു താനും ഒരു കാമുകൻ ആയിരിക്കുന്നു….
ഞാനാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ എന്ന് തന്റെ ഹൃദയസ്പന്ദനം വിളിച്ചു ചൊല്ലുണ്ടായിരുന്നു……
അനുവിനെ ഒരു നോക്കുകാണുവാൻ ഉള്ളം
തുടിച്ചു കൊണ്ടിരുന്നു. അതിനായി ആദ്യം പത്രം ഇട്ടു കൊണ്ടിരിന്ന അനുവിന്റെ വീട്ടിൽ ഒരു നോക്കെങ്കിലും അവളെ കാണുക എന്ന ലക്ഷ്യ
ത്തോടെ ഒടുവിൽ ഇടാൻ തുടങ്ങി …
പക്ഷെ അവളെ കാണുവാൻ മാത്രം കഴിഞ്ഞില്ല.. അവൾ എത്തിയിട്ടില്ലെന്ന് മനസ്സിലായി…. ദിവസങ്ങളെ ഒരു വിധം തള്ളി നീക്കി…
റിസൾട്ട് വന്നു …ക്ലാസ് തുടങ്ങിയതിന്റെ അന്നാണ്
അനുവിനെ വീണ്ടും കാണുന്നത് …ഒരു മാസം കൊണ്ട് അവളുടെ സൗന്ദര്യം ഇരട്ടി ആയ പോലെ എനിക്ക് തോന്നി ….
അവൾക്കായ് എഴുതികൂട്ടിയ പ്രേമ ലേഖനങ്ങളിൽ ഒന്ന് ആരും കാണാതെ അവൾക്ക് വച്ചു നീട്ടുമ്പോൾ തുലാമാസത്തിലെ ഇടിമിന്നലിനെക്കാൾ ശബ്ദത്തിൽ എന്റെ ഇടനെഞ്ചു മിടിക്കുന്നുണ്ടായിരുന്നു….
ചുറ്റിനും നോക്കി ആരുമില്ലെന്നുറപ്പ് വരുത്തി
അവൾ അതു വാങ്ങിയപ്പോൾ സ്വർഗ്ഗം
കീഴടക്കിയ പോലെ തോന്നി …
ക്ലാസ്സ് നടക്കുമ്പോൾ ഞങ്ങളുടെ കണ്ണുകൾ കഥ പറയുകയായിരുന്നു ….
പേന കയ്യിലെടുക്കുമ്പോളെല്ലാം അവളുടെ പേര്
കുത്തിക്കുറിക്കാൻ മനസ്സ് വെമ്പൽ കൊണ്ടു ….
എഴുതാൻ പറ്റുന്നിടത്തെക്കെ അവളുടെ പേര്
മാത്രമായി…..
പ്രഭാതത്തിലെ തെളിമയിലും സന്ധ്യയുടെ ചോപ്പിലും എല്ലാം അവളുടെ മുഖമായിരുന്നു ….
വെള്ളയും, നീലയും നിറമുള്ള ലൂണാർ ചെരുപ്പിനടിയിൽ ലൗ ചിഹ്നത്തിനുള്ളിൽ
A+A
എന്നു ആഴത്തിൽ കൊത്തിവച്ചു ….
നടക്കുമ്പോൾ പഞ്ചാരമണ്ണിൽ ഞങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ പ്രണയത്തിന്റെ ലാളനയേറ്റു പതിഞ്ഞു കിടന്നു….
അന്ന് ബോർഡിൽ ഞങ്ങളുടെ പേരെഴുതാൻ
താൻപെട്ട കഷ്ടപ്പാട് ഓർക്കുമ്പോൾതന്നെ
ചിരിവരും…. എല്ലാവരെയും അറിയിക്കുക എന്ന
ഗൂഢലക്ഷ്യമായിരുന്നു എന്നെ അതിനു പ്രേരിപ്പിച്ചത് ….
അതിൽ താൻ വിജയിക്കുകയും ചെയ്തു….. വിവാഹം കഴിഞ്ഞശേഷം അവളോടത്
തുറന്നു പറയാമെന്നു മനസ്സാലുറപ്പിച്ചു…
ക്ലാസ് തുടങ്ങിയിട്ടും പത്ര വിതരണം തുടർന്നു… ഞാൻ ചെല്ലുന്ന സമയം നോക്കി അനു എനിക്കായ് കാത്ത് നിന്നിരുന്നു …
ഒരു വാക്ക് അല്ലെങ്കിൽ ഒരു നോട്ടം എനിക്കു അതു മതിയായിരുന്നു ….
അന്ന് പത്ര വിതരണം കഴിഞ്ഞ് വരുംവഴി എന്റെ വീടിനടുത്തുള്ള ദേവീ ക്ഷേത്രത്തിൽ കയറി ഒന്ന് തൊഴുതു…..
“കണങ്കാലിൽ ചരട് കെട്ടിയ അതിനൊപ്പം തന്നെ ആ പാദങ്ങളുടെ ശോഭ കൂട്ടാൻ സ്വർണ പാദസരം അണിഞ്ഞ… വലത്തെ ഇടുപ്പിൽ ആരും കാണാതെ സൂക്ഷിച്ചു വച്ച ആ കാക്കപുള്ളിയും ഉള്ള അനു എന്ന് ഏവരും വിളിക്കുന്ന
അനസൂയയെ എന്റെ മാത്രം അനുവായ് മാറ്റുവാൻ….
ആ കഴുത്തിൽ കുസ്യതി പൂണ്ടു കിടക്കുന്ന ഗോൾഡൻ ചെയിനൊപ്പം താൻ ചാർത്തുന്ന ആലിലത്താലിയും സീമന്തരേഖയിൽ എന്റെ പ്രണയത്തിന്റെ അടയാളമായി ചുവപ്പ് പടർത്താനും അവളെ സ്വന്തമാക്കുവാനും നിന്റെ അനുഗ്രഹം വേണം….. നിന്റെ അനുഗ്രഹം മാത്രം ”
എന്റെ ഈ ആഗ്രഹം സഫലമാക്കി തരണേ ദേവീ..
പ്രാർത്ഥനയോടെ മിഴികൾ തുറന്നു ഒരു വട്ടം കൂടെ ഭഗവതിയെ നോക്കിയ ശേഷം ഞാൻ കോവിലിന് ചുറ്റും വലം വച്ചു…
