ചെറിയൊരു കുന്ന് കയറിയതും ഓടിട്ടൊരു വീടിനു മുൻപിലേക്ക് അവർ നടന്നു കയറി….
“സൗകര്യങ്ങൾ കുറവാണ്…എന്തായാലും ഈ പാതിരായ്ക്ക് പട്ടണത്തിലേക്ക് പോകുന്നതിലും ഭേദം ഇവിടെയാണ്…”
ഉമ്മറത്തേക്ക് കയറുന്നതിനിടയിൽ പീലി പറഞ്ഞു…. ദാസനൊന്നും മറുത്തു പറഞ്ഞില്ല പകരം അവനാ വീട് മൊത്തത്തിൽ നോക്കി കാണുന്ന തിരക്കിലായിരുന്നു… ആ ഒരു പരിസരത്തു ഓടിട്ടു ചായം പൂശിയ ഒരൊറ്റ വീട് പോലുമില്ല എന്നാലൊരു ഗുണ്ടയായാ പീലിയുടെ വീട്ടിൽ ഓടും ഒണ്ട് ചായവും പൂശിയിരുന്നു പോരാത്തതിന് അടച്ചുറപ്പുള്ള ജനലും വാതിലും….
“ഭാനു…ഭാനു…!!!!
കോലായിലേക്ക് കയറിയ പീലി വാതിലിൽ മുട്ടികൊണ്ട് അകത്തേക്ക് വിളിച്ചു…മിക്കവാറും കേശവേട്ടൻ പറഞ്ഞയാ പെണ്ണിനെ തന്നെ ആവും…
എന്നൊക്കെ കണക്ക് കൂട്ടികൊണ്ട് ദാസൻ വെളിയിൽ തന്നെ നിന്നു…അവന്റെ മനസ്സിൽ അകത്തുള്ളവൾ പീലിയുടെ ഭാര്യയോ മറ്റോ ആണെന്ന് ആണ്…അയാൾക്ക് തന്നെ അമ്പതിനോട് അടുത്ത് പ്രായമില്ലേ അപ്പൊ അകത്തു ഉള്ളവരും പ്രായമുള്ളവർ ആകും…. കളി വീട്ടിലെ ലീലയെ മനസ്സിൽ കുടിയിരുത്തിയവന്റെ മനസ്സ് മറ്റൊരു ചിന്തയിലേക്കും പോകാതെ അങ്ങനെ തന്നെയിരുന്നു….
കട കട എന്നൊരു ശബ്ദത്തോടെ അകത്തു നിന്ന് വിചാകിരി മാറുന്ന ശബ്ദം കേട്ട ദാസന്റെ കണ്ണുകൾ അലസമായി വാതിക്കലേക്ക് പാളി വീണു…ഒരല്പം തുറന്ന വാതിലിലൂടെ അവന്റെ കണ്ണ് ഉടക്കിയത് ഇളകി ആടിയൊരു സാരി തുമ്പിലേക്ക് ആയിരുന്നു….. പുറത്തു നിന്നൊരു കാറ്റ് വീശിയതും താനേതോ മായിക ലോകത്ത് വന്നെത്തി പെട്ടത് പോലവന് തോന്നിപ്പോയി….
ആരെയോ താൻ തേടുന്നത് പോലെയെന്ന് തോന്നിയ അവന്റെ കണ്ണുകൾ ആർത്തിയോടും ഉത്സാഹത്തോടും കൂടെ വാതിലേക്ക് തിരിഞ്ഞു…വെളുത്തു മെലിഞ്ഞ കാല്പാദങ്ങൾ…. ആരുടെ ആണത്…. അവന്റെ മനസ്സ് മന്ത്രിച്ചു….
എന്നാൽ വാതിൽ ഒരല്പം തുറന്നതും ആ കാലുകൾ ഉള്ളിലേക്ക് തന്നെ വലിഞ്ഞു…. അടിവെച്ചടിവെച്ചകത്തേക്ക് ആരോ പോയ ശബ്ദം കേട്ടതും അവനൊരു നിരാശയോടെ പീലിയെ നോക്കി…അയാൾ ആകട്ടെ ഇതെല്ലാം ഇവിടെ പതിവാണ് എന്നൊരു ഭാവത്തിൽ ഷർട്ട് ഊരി പുറത്തുള്ള അഴയിലേക്ക് ഇടുകയായിരുന്നു…
“ഇവിടെ പീലിച്ചേട്ടൻ മാത്രമേ ഉള്ളോ…?
എങ്ങനെ എവിടെ നിന്ന് ചോദിച്ചുതുടങ്ങണമെന്ന് അറിയാത്ത ദാസൻ ഒരു പിടിവള്ളിയെന്ന നിലയിൽ ചോദിച്ചുകൊണ്ട് അകത്തേക്ക് കയറി ഇരുന്നു..
“ഞാൻ മാത്രം അല്ലെടാ…നിന്റെ കഥയിൽ പുതിയൊരാളെ കൂടി ചേർക്കണം…എന്നാലേ അത് പൂർത്തിയാവൂ…”
പീലി പറഞ്ഞത് മനസിലാവാതെ ദാസൻ അയാളെ തന്നെ നോക്കി ഇരുന്നു….
“”ഹഹഹാ……ഹാ…!!
ദാസന്റെ ഇരിപ്പും ഭാവവും കണ്ട പീലിയൊരു പൊട്ടിച്ചിരിയോടെ വരാന്തയുടെ അരികിൽ ചാരി വെച്ചിരുന്ന ഓല മെടഞ്ഞ പായയെടുത്തു നിലത്തേക്ക് വിരിച്ചു…ദാസൻ ഉമ്മറത്തെ അരഭിത്തിയിൽ തന്നെയാണ് ഇരുപ്പ്…
പീലിയുടെ ചിരി കണ്ട ദാസൻ ഒരു നിമിഷത്തെ പകപ്പു മാറ്റിവെച്ചയാളെ നോക്കി…എന്താണ് പീലി ഉദ്ദേശിച്ചത്…
“എടാ നീയിങ്ങനെ നോക്കുവൊന്നും വേണ്ട…. ഞാനിന്നൊരല്പം സന്തോഷത്തിലാ…. അതുകൊണ്ട് തന്നെ ആണ് വഴിയിൽ നിന്ന് നിന്നെയും കൂടെ കൂട്ടിയത്…പഴയതൊക്കെ ഒന്ന് ഓർത്തെടുക്കാമല്ലോ…ഞാൻ തന്നെ മറന്നു തുടങ്ങി എല്ലാം…. “
കുന്തക്കാലിൽ പായിലിരുന്ന പീലി തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു….. അയാൾക്ക് ഒരല്പം പിരിമുറുക്കത്തിൽ നിന്ന് ശാന്തത കൈവരിച്ചത് പോലെ തോന്നി….
“ഇന്നാട്ടിലെനിക്ക് സുഹൃത്തുക്കൾ ഒന്നുമില്ല ദാസാ…അതുകൊണ്ടാ എല്ലാവരും കരുതും പോലെ ഞാനിങ്ങനെ നടക്കുന്നത്…. “
വിദൂരതയിലേക്ക് കണ്ണെറിഞ്ഞുകൊണ്ട് പീലി പറഞ്ഞു…. പതിയെ പതിയെ ദാസനും തോന്നി തുടങ്ങി സാഹചര്യങ്ങൾ മൂലമൊരു തെരുവു ഗുണ്ടയായി മാറിയ ആളാണ് പീലിയെന്ന്….
“നീ ഒരുനിമിഷം കാത്തിരിക്ക്…”
പെട്ടെന്ന് അതും പറഞ്ഞെണീറ്റ പീലി വീടിനുള്ളിലേക്ക് പോയി…നിമിഷങ്ങൾക്കകം ഒരു പൊട്ടിക്കാത്ത കുപ്പി വിദേശ മദ്യവും രണ്ടു ഗ്ലാസുമായി അയാൾ വെളിയിലേക്ക് വന്നു…
