സാംസൻ – 2അടിപൊളി  

 

“അതു വേണ്ട മച്ചു. ഈ അവസ്ഥയില്‍ നി ബൈക്ക് ഓടിച്ചാൽ നിന്നെ മെഡിക്കൽ കോളേജിലും നിന്റെ ബൈക്കിനെ ആക്രിക്കും കൊടുക്കേണ്ടി വരും. അതുകൊണ്ട്‌ ഓട്ടോ പിടിച്ച് ആദ്യം നിന്നെ ഞങ്ങൾ വീട്ടില്‍ കൊണ്ടാകാം.”

 

ആദ്യമൊക്കെ ഞാൻ സമ്മതിച്ചില്ല. പക്ഷേ എഴുനേറ്റിരിക്കാൻ ശ്രമിച്ച എനിക്ക് നേരാംവണ്ണം ഇരിക്കാൻ പോലും കഴിയാതെ താഴേ വീണു പോയതും അവർ പറഞ്ഞതിനോട് ഞാനും യോജിച്ചു

 

അങ്ങനെ, അറിയാവുന്ന ഒരു ഓട്ടോ ഡ്രൈവറെ ഗോപന്‍ ഫോൺ ചെയ്തു വിളിച്ചു. എന്നിട്ട് ഞങ്ങൾ കാത്തിരുന്നു.

 

ബീച്ചിൽ നിന്നും വെറും രണ്ടു കിലോമീറ്റര്‍ അകലെയാണ് നെല്‍സന്റെ വീടുള്ളത്. അവിടെ നിന്നും ഒരു കിലോമീറ്റര്‍ മാറി ഗോപന്റെ വീടും. പക്ഷേ ഇവിടെ നിന്നും പത്തു കിലോമീറ്റർ അകലെയായിരുന്നു എന്റെ വീട് സ്ഥിതി ചെയ്തിരുന്നത്.

 

അതുകൊണ്ട്‌ ഓട്ടോയിൽ എന്നെ എന്റെ വീട്ടില്‍ ആക്കിയ ശേഷം അവർ രണ്ടുപേരും തിരികെ വന്ന് എന്റെ ബൈക്കിനെ എങ്ങനെയെങ്കിലും നെല്‍സന്റെ വീട്ടില്‍ കൊണ്ടു വയ്ക്കാം എന്ന് നെല്‍സന്‍ പറഞ്ഞതും ഞാനും സമ്മതിച്ചു. എന്റെ താക്കോലും ഞാൻ കൊടുത്തു.

 

“നിനക്ക് സമയം കിട്ടും പോലെ വന്ന് ബൈക്കിനെ എടുത്താല്‍ മതി. താക്കോൽ ഞാൻ സുമയെ ഏല്‍പ്പിക്കാം.” അവന്‍ കള്ള ചിരിയോടെ പറഞ്ഞു. “എന്തായാലും നി നേരിട്ട് അവളുടെ മുന്നില്‍ ചെന്ന് ചാടി കൊടുക്കുന്നതും നോക്കി അവൾ ഇരിക്കുകയാണ്… ഞങ്ങളുടെ വാര്‍ഷിക പാര്‍ട്ടിക്ക് വരാത്ത ദേഷ്യം ഒക്കെ അവള്‍ ശെരിക്കും നിന്നെ കേൾപ്പിക്കും. നി അനുഭവിക്ക് മോനെ.”

 

“എടാ അളിയാ… നി ബൈക്കില്‍ തന്നെ ചാവി വച്ചാ മതി.” ഞാൻ ദയനീയമായി പറഞ്ഞതും അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചു.

 

അവസാനം ഓട്ടോയും വന്നു. രാത്രി പതിനൊന്ന് മണിക്ക് എന്നെ അവർ വീട്ടില്‍ കൊണ്ടാക്കിയപ്പൊ എന്റെ നല്ല മൂഡ് പിന്നെയും ചരിവിലേക്ക് നീങ്ങി.

 

ജൂലിയും സാന്ദ്രയും അമ്മായിയും എല്ലാം സിറ്റൗട്ടിൽ തന്നെ വിഷമത്തോടെ ഇരിക്കുകയായിരുന്നു.

 

“സാമേട്ടാ…!!” ജൂലി എന്നെ കണ്ടതും ഓടി വന്ന് എന്നെ താങ്ങിപിടിച്ചു. പക്ഷേ അവളുടെ കൈ തട്ടിമാറ്റി കൊണ്ട്‌ ഞാൻ എങ്ങനെയോ ആടിയാടി നടക്കാൻ തുടങ്ങി.

 

ഉടനെ സാന്ദ്ര ഓടി വന്ന് എന്നെ പിടിച്ചു സഹായിക്കാൻ ശ്രമിച്ചു. അവളുടെ കൈയും തട്ടിമാറ്റി കൊണ്ട്‌ അകത്തേക്ക് ഞാൻ നടന്നു.

 

“ചേട്ടൻ ഒരുപാട്‌ കുടിച്ചിട്ടുണ്ടല്ലൊ ഗോപേട്ടാ..?” ജൂലി വിഷമത്തോടെ പറയുന്നത് കേട്ടു. “ചേട്ടന് ചേരാത്ത സാധനങ്ങളെ എന്തിനാ നെല്‍സേട്ടാ വാങ്ങാൻ സമ്മതിച്ചത്…?”

 

പക്ഷേ ആരുടെ മറുപടിയും ഞാൻ കേട്ടില്ല. റൂമിൽ കേറി ഞാൻ ബെഡ്ഡിൽ കിടന്നത് മാത്രമേ ഓര്‍മയുള്ളു.

 

അടുത്ത ദിവസം വൈകിട്ട് അഞ്ചര യോടെയാണ് ഞാന്‍ ഉണര്‍ന്നത്. ജൂലി എന്റെ അടുത്തിരുന്ന് എന്നെ തന്നെ സങ്കടത്തോടെ നോക്കുകയായിരുന്നു.

 

എന്റെ ഹാങ്ങോവർ അപ്പോഴും മാറിയിരുന്നില്ല. തലയും കണ്ണും എല്ലാം വേദനിച്ചു. ഞാൻ മെല്ലെ കട്ടിലില്‍ നിന്നും താഴെ ഇറങ്ങാന്‍ ശ്രമിച്ചതും തെന്നി വീഴാന്‍ പോയി.

 

ജൂലി പാഞ്ഞു വന്ന് എന്നെ പിടിച്ചതും അവളുടെ കൈ ഞാൻ തട്ടിമാറ്റി. ഉടനെ ജൂലി കരയാന്‍ തുടങ്ങി. ഞാൻ മെല്ലെ നടന്ന് ബാത്റൂമിൽ കേറി.

 

തിരികെ വന്നപ്പോ ജൂലി ബെഡ്ഡിലിരുന്ന് അപ്പോഴും കരയുന്നതാണ് കണ്ടത്. അവളുടെ കണ്ണുനീര്‍ കണ്ടതും എനിക്കും വിഷമമുണ്ടായി.

 

“കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാൻ എന്റെ മനസ്സിനെ എങ്ങനെയൊക്കെയോ ഒരു അഡ്ജസ്റ്റ്മെന്റിലാക്കി കൊണ്ടു വരാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ നീയായിട്ട് ഒരുമിച്ച് കുളിക്കാന്‍ എന്നെ വിളിച്ചിട്ട് അവജ്ഞയും അറപ്പും വെറുപ്പും ഭയവും എല്ലാം പ്രകടിപ്പിച്ചപ്പൊ എനിക്ക് ചത്താല്‍ മതിയെന്ന് തോന്നി പോയി. ഞാൻ മൊത്തമായി തകർന്നു, ജൂലി. എന്റെ വ്യക്തിത്വം പോലും നശിച്ചു കഴിഞ്ഞു. എനിക്കിപ്പൊ എന്നോട് തന്നെ പുച്ഛം മാത്രമാണ് തോന്നുന്നത്. നി പ്രകടിപ്പിച്ച അറപ്പിനേക്കാളും കൂടുതൽ അറപ്പ് എന്നോട് തന്നെ എനിക്കിപ്പോളുണ്ട്. നേരത്തെ, ഏറ്റവും അറപ്പുളവാക്കുന്ന വെറും വൃത്തികെട്ട ജീവിയെ പോലെയാണ് എന്റെ ഭാര്യക്ക് മുന്നില്‍ ഞാൻ ചൂളി നിന്നത്. നിനക്ക് സെക്സ് വേണ്ടെങ്കിൽ വേണ്ട, അതെനിക്ക് സഹിക്കാൻ കഴിയും. പക്ഷേ നിന്നില്‍ നിന്നും ഉണ്ടാവുന്ന അവജ്ഞയും വെറുപ്പും അറപ്പും ഒന്നും എനിക്ക് താങ്ങാന്‍ കഴിയില്ല.” ഞാൻ എന്റെ വിഷമം പറഞ്ഞതും ജൂലി പൊട്ടിക്കരഞ്ഞു.

 

പെട്ടന്ന് അവളുടെ കരച്ചില്‍ കൂടിയതും എന്റെ സങ്കടവും വര്‍ദ്ധിച്ചു. ഞാൻ വേഗം ചെന്ന് ബെഡ്ഡിൽ അവള്‍ക്കടുത്തിരുന്നതും അവളെന്നെ എത്തി പിടിച്ചു.. അവളെന്റെ മടിയില്‍ ഇരുന്നെന്നെ കെട്ടിപിടിച്ചു കൊണ്ട്‌ ആർത്തുകരഞ്ഞു. നീറുന്ന മനസ്സോടെ ഞാനും അവളെ ചേര്‍ത്തു പിടിച്ചുകൊണ്ട് വെറുതെ ഇരുന്നു.

 

അല്‍പ്പം കഴിഞ്ഞ് അവളുടെ കരച്ചില്‍ നിന്നതും അവളെന്റെ മുഖത്തെ പിടിച്ചു കൊണ്ട്‌ കണ്ണില്‍ നോക്കി.

 

“എന്നെ കളഞ്ഞേക്ക് സാമേട്ടാ…! ഏതെങ്കിലും അനാഥാലയത്തിലോ മറ്റെവിടെയെങ്കിലുമൊ കൊണ്ട്‌ കളഞ്ഞേക്ക്. എന്നിട്ട് വേറെ പെണ്ണിനെ കെട്ടി നല്ലതുപോലെ സാമേട്ടൻ ജീവിക്കണം. കഴിഞ്ഞ രണ്ടു വര്‍ഷമായി എനിക്ക് തരാന്‍ കഴിയാതെ പോയതെല്ലാം അവളില്‍ നിന്നും നിങ്ങള്‍ക്ക് കിട്ടണം. എനിക്കൊരു വിഷമവും ഇല്ല. എന്നെ എവിടെയെങ്കിലും കൊണ്ട് കളഞ്ഞേക്ക്..!” അവള്‍ പിന്നെയും കരയാന്‍ തുടങ്ങി.

 

“എടി കഴുതെ, നിന്നെ ഞാൻ ഒരിടത്തും കൊണ്ട് കളയില്ല.” സങ്കടം സഹിക്കാതെ അവളെ ഞാൻ കൂടുതൽ ചേര്‍ത്തു പിടിച്ചു. “എല്ലായിപ്പോഴും എനിക്ക് നിന്നെ വേണം. മേലാൽ ഇങ്ങനെയൊക്കെ നിന്റെ മനസ്സിൽ പോലും ചിന്തിക്കരുത്. ഇങ്ങനത്തെ വാക്കുകളെ ഇനി എനിക്ക് കേള്‍ക്കേണ്ടി വന്നാല്‍ ഞാൻ തകർന്നു പോകും.” ഞാൻ പറഞ്ഞത് കേട്ട് ജൂലിയുടെ കരച്ചില്‍ തേങ്ങലായി മാറി.

 

“സോറി സാമേട്ടാ…! ഇനി ഞാൻ അങ്ങനെ ഒന്നും സംസാരിക്കില്ല, പ്രോമിസ്. ഞാൻ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും എനിക്കും സാമേട്ടൻ ഇല്ലാതെ ജീവിക്കാനെ കഴിയില്ല.” കരച്ചിൽ നിര്‍ത്താന്‍ ശ്രമിച്ചു കൊണ്ട്‌ അവള്‍ പറഞ്ഞു.

 

അതുകേട്ട് എന്റെ മനസ്സ് ശെരിക്കും പൊള്ളി. അവളുടെ മുടിയില്‍ തഴുകി കൊണ്ട്‌ നെറ്റിയില്‍ ഞാൻ ചുണ്ടിനെ അമർത്തിയതിനു ശേഷം മാറ്റി.

 

“ഇനി കരച്ചില്‍ മതിയാക്കി എന്റെ പുന്നാര ഭാര്യ എനിക്കൊരു കുട്ടൻ ചായ ഇട്ടു കൊണ്ട്‌ വേഗം വന്നേ. എന്റെ തല പൊട്ടി പൊളിയുന്നു.” അതും പറഞ്ഞ്‌ അവളെ ഞാൻ വിട്ടെങ്കിലും, എന്നെ വിട്ടാല്‍ എന്നെന്നേക്കുമായി അവള്‍ക്കെന്നെ നഷ്ടപ്പെടുമെന്നു ഭയന്നത് പോലെ അവളെന്നെ അള്ളി പിടിച്ചു വച്ചിരുന്നു. അതോടെ എന്റെ ഹൃദയം അവള്‍ക്കു വേണ്ടി അതിരറ്റ സ്നേഹം ചുരത്തി.

Leave a Reply

Your email address will not be published. Required fields are marked *