അവസാനം കുപ്പികള്‍ കാലിയായതും ഞാൻ ആ മണലില്‍ മലര്‍ന്നു കിടന്നു. തല പൊട്ടി പിളരുന്നത് പോലെ തോന്നി. ആകാശത്ത് തെളിഞ്ഞു നിന്ന കോടാനുകോടി നക്ഷത്രങ്ങളെ എനിക്ക് ഒരൊറ്റ നക്ഷത്രം പോലെയാണ് കണ്ടത്.
“അളിയാ സമയം പത്തു മണി കഴിഞ്ഞു. നാളെ എനിക്ക് സ്കൂളിൽ പോകാനുള്ളതാടാ.” നെല്‍സന്‍ ടെൻഷനടിച്ചു.
“എനിക്കൊരു വെഡ്ഡിംഗ് ഷൂട്ടിങ് ഉണ്ട്..” ഗോപനും പറഞ്ഞു.
“നിങ്ങൾ രണ്ടുപേരും വിട്ടോ. കുറച്ച് കഴിഞ്ഞു ഞാൻ പോയേക്കാം.” വേദനിക്കുന്ന എന്റെ തലയിൽ അങ്ങിങ്ങായി ഞാൻ കൊട്ടി കൊണ്ട് പറഞ്ഞതും അവർ പരസ്പരം നോക്കി കണ്ണുരുട്ടി. അവര്‍ക്ക് എന്നെക്കാളും നല്ല ബോധം ഉണ്ടായിരുന്നു വെങ്കിലും ബൈക്ക് ഓടിക്കാനുള്ള വലിയ ബോധം ഒന്നും ഇല്ലായിരുന്നു.
“അതു വേണ്ട മച്ചു. ഈ അവസ്ഥയില്‍ നി ബൈക്ക് ഓടിച്ചാൽ നിന്നെ മെഡിക്കൽ കോളേജിലും നിന്റെ ബൈക്കിനെ ആക്രിക്കും കൊടുക്കേണ്ടി വരും. അതുകൊണ്ട് ഓട്ടോ പിടിച്ച് ആദ്യം നിന്നെ ഞങ്ങൾ വീട്ടില്‍ കൊണ്ടാകാം.”
ആദ്യമൊക്കെ ഞാൻ സമ്മതിച്ചില്ല. പക്ഷേ എഴുനേറ്റിരിക്കാൻ ശ്രമിച്ച എനിക്ക് നേരാംവണ്ണം ഇരിക്കാൻ പോലും കഴിയാതെ താഴേ വീണു പോയതും അവർ പറഞ്ഞതിനോട് ഞാനും യോജിച്ചു
അങ്ങനെ, അറിയാവുന്ന ഒരു ഓട്ടോ ഡ്രൈവറെ ഗോപന്‍ ഫോൺ ചെയ്തു വിളിച്ചു. എന്നിട്ട് ഞങ്ങൾ കാത്തിരുന്നു.
ബീച്ചിൽ നിന്നും വെറും രണ്ടു കിലോമീറ്റര്‍ അകലെയാണ് നെല്‍സന്റെ വീടുള്ളത്. അവിടെ നിന്നും ഒരു കിലോമീറ്റര്‍ മാറി ഗോപന്റെ വീടും. പക്ഷേ ഇവിടെ നിന്നും പത്തു കിലോമീറ്റർ അകലെയായിരുന്നു എന്റെ വീട് സ്ഥിതി ചെയ്തിരുന്നത്.
അതുകൊണ്ട് ഓട്ടോയിൽ എന്നെ എന്റെ വീട്ടില്‍ ആക്കിയ ശേഷം അവർ രണ്ടുപേരും തിരികെ വന്ന് എന്റെ ബൈക്കിനെ എങ്ങനെയെങ്കിലും നെല്‍സന്റെ വീട്ടില്‍ കൊണ്ടു വയ്ക്കാം എന്ന് നെല്‍സന്‍ പറഞ്ഞതും ഞാനും സമ്മതിച്ചു. എന്റെ താക്കോലും ഞാൻ കൊടുത്തു.
“നിനക്ക് സമയം കിട്ടും പോലെ വന്ന് ബൈക്കിനെ എടുത്താല്‍ മതി. താക്കോൽ ഞാൻ സുമയെ ഏല്‍പ്പിക്കാം.” അവന്‍ കള്ള ചിരിയോടെ പറഞ്ഞു. “എന്തായാലും നി നേരിട്ട് അവളുടെ മുന്നില്‍ ചെന്ന് ചാടി കൊടുക്കുന്നതും നോക്കി അവൾ ഇരിക്കുകയാണ്… ഞങ്ങളുടെ വാര്‍ഷിക പാര്‍ട്ടിക്ക് വരാത്ത ദേഷ്യം ഒക്കെ അവള്‍ ശെരിക്കും നിന്നെ കേൾപ്പിക്കും. നി അനുഭവിക്ക് മോനെ.”
“എടാ അളിയാ… നി ബൈക്കില്‍ തന്നെ ചാവി വച്ചാ മതി.” ഞാൻ ദയനീയമായി പറഞ്ഞതും അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചു.
അവസാനം ഓട്ടോയും വന്നു. രാത്രി പതിനൊന്ന് മണിക്ക് എന്നെ അവർ വീട്ടില്‍ കൊണ്ടാക്കിയപ്പൊ എന്റെ നല്ല മൂഡ് പിന്നെയും ചരിവിലേക്ക് നീങ്ങി.
ജൂലിയും സാന്ദ്രയും അമ്മായിയും എല്ലാം സിറ്റൗട്ടിൽ തന്നെ വിഷമത്തോടെ ഇരിക്കുകയായിരുന്നു.
“സാമേട്ടാ…!!” ജൂലി എന്നെ കണ്ടതും ഓടി വന്ന് എന്നെ താങ്ങിപിടിച്ചു. പക്ഷേ അവളുടെ കൈ തട്ടിമാറ്റി കൊണ്ട് ഞാൻ എങ്ങനെയോ ആടിയാടി നടക്കാൻ തുടങ്ങി.
ഉടനെ സാന്ദ്ര ഓടി വന്ന് എന്നെ പിടിച്ചു സഹായിക്കാൻ ശ്രമിച്ചു. അവളുടെ കൈയും തട്ടിമാറ്റി കൊണ്ട് അകത്തേക്ക് ഞാൻ നടന്നു.
“ചേട്ടൻ ഒരുപാട് കുടിച്ചിട്ടുണ്ടല്ലൊ ഗോപേട്ടാ..?” ജൂലി വിഷമത്തോടെ പറയുന്നത് കേട്ടു. “ചേട്ടന് ചേരാത്ത സാധനങ്ങളെ എന്തിനാ നെല്‍സേട്ടാ വാങ്ങാൻ സമ്മതിച്ചത്…?”
പക്ഷേ ആരുടെ മറുപടിയും ഞാൻ കേട്ടില്ല. റൂമിൽ കേറി ഞാൻ ബെഡ്ഡിൽ കിടന്നത് മാത്രമേ ഓര്‍മയുള്ളു.
അടുത്ത ദിവസം വൈകിട്ട് അഞ്ചര യോടെയാണ് ഞാന്‍ ഉണര്‍ന്നത്. ജൂലി എന്റെ അടുത്തിരുന്ന് എന്നെ തന്നെ സങ്കടത്തോടെ നോക്കുകയായിരുന്നു.
എന്റെ ഹാങ്ങോവർ അപ്പോഴും മാറിയിരുന്നില്ല. തലയും കണ്ണും എല്ലാം വേദനിച്ചു. ഞാൻ മെല്ലെ കട്ടിലില്‍ നിന്നും താഴെ ഇറങ്ങാന്‍ ശ്രമിച്ചതും തെന്നി വീഴാന്‍ പോയി.
ജൂലി പാഞ്ഞു വന്ന് എന്നെ പിടിച്ചതും അവളുടെ കൈ ഞാൻ തട്ടിമാറ്റി. ഉടനെ ജൂലി കരയാന്‍ തുടങ്ങി. ഞാൻ മെല്ലെ നടന്ന് ബാത്റൂമിൽ കേറി.
