പോലീസ് വന്നതും വധ ശ്രെത്തിന് കേസ് വന്നതും അങ്ങനെ ഓരോ നൂല മാലകൾ.
കേസ് പക്ഷെ നിലനിന്നില്ല…. ക്യാമ്പസ്സിൽ കയറി ഗുണ്ട വിളയാട്ടം.. പെൺകുട്ടികളെയും അദ്ധ്യാപികമാരെയും ഉപദ്രവിക്കൽ അതിന്റെ പരിണിത ഫലമെന്നോണം പിള്ളേര് പ്രതികരിച്ചത് എന്ന നിലയിൽ കേസ് തിരിഞ്ഞു.
ക്യാമ്പസ്സിൽ കയറിയ 12 പേരും അകത്തായി…
കോളേജ് യൂണിയൻ.അധ്യാപക സംഘടന. വിദ്യാർത്ഥി സംഘടന അങ്ങനെ എല്ലാവരും അനുകൂലമായി നിന്നു.
ക്യാമ്പസ്സിലെ താര രാജാക്കന്മാർ ആയി ഫിലോസഫി ബാച്ച്.
അന്ന് മുതൽ ഹിരണും കൂട്ടരും ഫാസിയ മിസ്സിന്റെ മുന്നിൽ പെടാതെ ഒഴിഞ്ഞു നടന്നു. എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും കൂടപ്പിറപ്പിന്റെ കൈ തല്ലിയൊടിച്ചതും ജയിലിൽ കയറ്റിയതും മിസ്സിന്റെ മനസ്സിൽ മറ്റൊരു തലത്തിൽ ഉണ്ടാകും എന്നുള്ള ചിന്ത.
എങ്ങനെ ഒക്കെ ഒഴിഞ്ഞു നടന്നിട്ടും പിറ്റേന്ന് എല്ലാവരും മിസ്സിന്റെ മുന്നിൽ പോയി പെട്ടു.
മിസ്സിന്റെ മുഖത്തു നോക്കാൻ കഴിയാതെ തല കുനിച്ചു നിന്ന എല്ലാവന്മാരെയും ഞെട്ടിച്ചത് മിസ്സിന്റെ പ്രതികരണം ആയിരുന്നു
ഹിരണിനെ വട്ടം കെട്ടിപിടിച്ചു അവന്റെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം. ഹിരണിനു മാത്രം ആയിരുന്നില്ല ബാക്കി നാല് പേരെയും ചേർത്ത് പിടിച്ചു മിസ്സ്
ഒന്നും മനസിലാകാതെ അന്തം വിട്ടു പരസ്പരം നോക്കി നിന്ന ഹിരണിനും കൂട്ടുകാർക്കും ഒരു പുഞ്ചിരി കൂടി സമ്മാനിച്ചു നിറഞ്ഞു തുളുമ്പിയ കണ്ണും തുടച്ചു മിസ്സ് നടന്നാകന്നപ്പോൾ ഒന്നും മനസിലാകാതെ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം നോക്കി നിൽക്കാനേ എല്ലാവർക്കും കഴിഞ്ഞോള്ളൂ.
ഇതെല്ലാം കണ്ടു പുഞ്ചിരി തൂകി നിന്ന രാജീവ് സാറിൽ നിന്നും അറിഞ്ഞത് മിസ്സിന്റെ ജീവിതത്തിലെ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത അനുഭവങ്ങൾ ആയിരുന്നു.
വളരെ ചെറിയ ഒരു ഫ്ലാഷ് ബാക്ക്
ഫാസിയ… ഉപ്പ.. ഉമ്മ..
3 പേര് അടങ്ങുന്ന മലപ്പുറം മഞ്ചേരിയിലെ ഒരു ഉൾനാട്ടിലെ സാധാരണ കുടുംബം.
മരം മുറിയും മറ്റു കൂലി വേലയും ആയി നടക്കുന്ന അലിക്ക് കിട്ടിയ നിധി ആയിരുന്നു ഭാര്യ സീനത്തും മകൾ ഫാസിയയും.
കുടുംബത്തിന്റെ പ്രാരാബ്ദങ്ങൾ അലട്ടിയിരുന്നതിനാൽ തത്കാലം മറ്റൊരു കുട്ടി വേണ്ട എന്ന് വച്ചതിനാൽ സഹോദര സ്നേഹം എന്തെന്ന് അറിയാതെ ആയിരുന്നു അവൾ വളർന്നത്. പിന്നീട് ഒരു കുഞ്ഞിന് വേണ്ടി ഇരുവരും കാത്തിരുന്നു എങ്കിലും സീനത്തിന് ഗർഭം ധരിക്കാൻ സാധിച്ചിരുന്നില്ല.
അത് കൊണ്ട് തന്നെ സ്നേഹത്തിൽ പൊതിഞ്ഞായിരുന്നു ഏക മകളെ ഇരുവരും വളർത്തിയത്.
പഠിക്കാൻ മിടുക്കിയായിരുന്ന ഫാസിയ ഒന്നാം ക്ലാസ് മുതൽ സ്കൂൾ ടോപ്പേർ ആയിരുന്നു. പത്തിലും പ്ലസ് 2 ഡിസ്ട്രിക് ടോപ്പറും.
പ്ലസ് ടു പഠിക്കുന്ന സമയത്തായിരുന്നു സീനത്തു വീണ്ടും ഗർഭിണി ആയതു.
ഒരു നീണ്ട കാലയളവിന് ശേഷം ഗർഭം ധരിച്ചതിനാലും അറിഞ്ഞപ്പോൾ അത് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യം ആയതിനാലും വളരെ വിഷമകരമായിരുന്നു സീനത്തിന്റെ ഗർഭ കാലം.
പ്ലസ് ടു റിസൾട് വന്നു ഡിസ്ട്രിക് ടോപ്പർ ആയതിന്റെ സന്തോഷത്തിൽ
ഒരനിയനെയോ അനിയത്തിയേയോ കാത്തിരുന്ന ഫാസിയയെ കണ്ണീരിലാഴ്ത്തി പ്രസവത്തോടെ സീനത് മരണമടഞ്ഞു. ഒപ്പം ആ കുഞ്ഞും.
ആ ഒരു ഷോക്കിൽ നിന്നും ഏകദേശം ഒരു വർഷം എടുത്തു അവൾ ഒന്ന് നോർമൽ ആകാൻ. തുടർ പഠനം നിർത്തി വീട്ടിൽ തന്നെ ഒതുങ്ങി കൂടാൻ ശ്രെമിച്ച ഫാസിയ ഉപ്പയുടെ നിർബന്ധത്തിനു വഴങ്ങി ഡിഗ്രി ചെയ്യുവാൻ തുടങ്ങി. പക്ഷെ പഴയ ഒരു ചുറു ചുറുക്കോ താല്പര്യം ഒന്നിനോടും അവൾക്കു ഉണ്ടായില്ല.
പതിനെട്ടിനോട് അടുക്കുന്ന മകളുടെ പ്രായവും അവളുടെ ശരീരത്തിലെ പ്രകൃതിദത്തമായ വളർച്ചയുമെല്ലാം ഒരു ഉപ്പയുടെ പരിമിതികൾക്കും അപ്പുറം ആണെന്നുള്ള തിരിച്ചറിവിൽ മകളുടെ ഭാവിയെ മുന്നിൽ കണ്ടു കൊണ്ട് അലി വീണ്ടും ഒരു വിവാഹം ചെയ്തു. ഭർത്താവ് മരിച്ച 15 വയസുള്ള ഒരു മകനുള്ള ഹസീന എന്ന സ്ത്രീയെ.
ഉമ്മയ്ക്കും അനിയനും പകരം ആയി അല്ല ഉമ്മയായും അനിയനായും തന്നെയാണ് അവൾ ഇരുവരെയും സ്നേഹിച്ചത്.
