♥️അവിരാമം♥️ – 5 16

കണ്ണുകൾ രണ്ടും പതിയെ പൂട്ടി ചുമൽ കൂച്ചി അവൾ ഒന്നുമില്ല എന്ന ഭാവം തിരിച്ചും കാണിച്ചു.

വിടർന്ന പുഞ്ചിരിയോടെ ഹിരൺ ശബ്ദമില്ലാതെ ചുണ്ടനക്കി ചോദിച്ചു

എന്തെ……

അതിനും അവൾക്കു മറുപടി ഉണ്ടായിരുന്നില്ല

മ്ച്ചും

ചുണ്ടുകൾ രണ്ടും കൂർപ്പിച്ചു ഒന്നുമില്ല എന്ന് അവൾ തിരിച്ചു പറഞ്ഞതിൽ പ്രണയത്തിൽ ചാലിച്ച ഒരു ഉമ്മ കൂടി കോർത്തിണക്കിയിരുന്നു

പരസ്പരം പുഞ്ചിരി തൂകി ഏറെ നേരം തുടർന്ന ഇരുവരുടെയും മൗനത്തിനു വിരാമമിട്ടുകൊണ്ട് അനീറ്റ വീണ്ടും സംസാരിച്ചു തുടങ്ങി

എപ്പോ എത്തും ഇവിടെ……

അറിയില്ല ബസിൽ അല്ലെ വരുന്നത്. എങ്ങനെ ആയാലും ഒരു നാല് മണിക്കൂർ അടുത്ത് എടുക്കും……

അയ്യോ അത്രെയും സമയം വേണോ.. എന്ന ബൈക്കില് വന്ന പോരായിരുന്നോ….

ഹിരണിനെ എത്രയും വേഗം കാണാൻ അവനുമായി ഒന്നിച്ച് ചേർന്നിരിക്കാൻ അവളുടെ ഉള്ളം തുടിച്ചു.

ബൈക്ക് തോമയുടെ കയ്യില…..

മ്മ്.. വേണ്ട ബസ് ആണ് സേഫ്. ബൈക്കൊക്കെ റിസ്ക്കാണ്…..

എന്ത് റിസ്ക്……

എന്തോരം അപകടങ്ങളാണ് ഉണ്ടാവനെ…

അത് ഇപ്പൊ നടന്നു പോയാലും വരാനുള്ളത് ആണേ വിളിക്കാതെ വന്നു കയറിക്കോളും…

ഹിരൺ സ്വന്തം അനുഭവത്തിൽ ഊന്നിയാണ് അത് പറഞ്ഞത്

ആഹ് അതും ശെരിയാണ്…. 8 മണിക്ക് മുന്നേ എത്തില്ല എങ്കിൽ ഒന്ന് വിളിക്കണേ… 8 മണി കഴിഞ്ഞാൽ പിന്നെ ഹോസ്റ്റലിൽ നിന്നു ഇറങ്ങാൻ പറ്റില്ല…ലേറ്റ് ആകുവാണെ ഞാൻ ഇറങ്ങി നിക്കാം

ഏയ് ഞാൻ അതിനു മുന്നേ എത്തും മാക്സിമം 7…..

ചിരിയും കളിയും നിറഞ്ഞു നിന്ന അവരുടെ സംഭാഷങ്ങൾക്ക് തിരശീല വീണു കൊണ്ട് രണ്ടു പേരുടെയും ഫോണിൽ നോട്ടിഫിക്കേഷൻ വന്നു. അനീറ്റയുടെ ഫോണിൽ ബാറ്ററി ലോ ആണെന്നുള്ള മുന്നറിയിപ്പ്.

പുഞ്ചിരിയിൽ പൂത്തുലഞ്ഞു നിന്ന അനീറ്റയുടെ മുഖം ഇരുണ്ട കാർമേഘം കണക്കെ മാറി.

സങ്കടം നിറഞ്ഞ ഭാവത്തോടെ അവൾ തുടർന്നു

 

എടാ എന്റെ ഫോൺ ഇപ്പൊ ഓഫ്‌ ആകും ചാർജ് ഇല്ല.. ഇവിടെ എന്തോ മൈന്റ്അനൻസ് നടക്കുവാ.. താഴെ വാർഡ്ന്റെ റൂമിൽ മാത്രേ കറന്റ്‌ ഉള്ളു.. ഞാൻ പോയി ചാർജ് ചെയ്യട്ടെ ഇല്ലേ പിന്നെ വിളിക്കാൻ പറ്റില്ല.ഞാൻ വയ്ക്കുവാണേ…

ചാർജാക്കിയിട്ടു വിളിക്കാട്ടോ… ഉമ്മ 😘😘

ഹിരണിനു തിരിച്ചു എന്തേലും പറയാൻ കഴിയുന്നതിനു മുന്നേ കാൾ കട്ട്‌ ആയിരുന്നു. അനീറ്റയുടെ ഫോൺ അപ്പോളേക്കും ഓഫ്‌ ആയി.

ഫോൺ ഡിസ്പ്ലേയിൽ അവളുടെ മുഖം മറഞ്ഞതോടെ ഹിരണിന്റെ മുഖത്തു വിരിഞ്ഞ പുഞ്ചിരിയും മാഞ്ഞു.

സത്യത്തിൽ അവൾ ആരാണ് എന്താണ് അവളുടെ സാമീപ്യം തന്നെ ഇത്രയും സന്തോഷവാൻ ആക്കുന്നത്…..

ഒരു പത്തു മിനിട്ട് മാത്രേ അവളുമായി ഇപ്പോൾ സംസാരിച്ചോള്ളൂ. പക്ഷെ ആ സമയം അത്രയും മനസിനുണ്ടായിരുന്ന വീർപ്പുമുട്ടൽ എല്ലാം തന്നെ മാറിയിരുന്നു.ഇപ്പൊൾ അവളുടെ കാൾ കട്ട്‌ ആയപ്പോൾ മുതൽ വീണ്ടും എന്തൊക്കെയോ ഒരു അസ്വസ്ഥത പോലെ.വീണ്ടും ഏകനായ പോലെ. ഹിരണിന്റെ ചിന്തകൾ ചരട് പൊട്ടിയ പട്ടം കണക്കെ പാറി നടന്നു.

പുറം കാഴ്ചകൾ ഒന്നിനും അവന്റെ മനസിനെ സ്വാധീനിക്കാൻ കഴിഞ്ഞില്ല.

സീറ്റിലേയ്ക്കൂ തല ചായ്ച്ചു അവൻ വീണ്ടും ഒരു മയക്കത്തിനായി പരിശ്രെമിച്ചു.

ഏറെ ന്നേരത്തെ പരിശ്രമം മനസിനെ എങ്ങനെയൊക്കെയോ ഒന്ന് നിയന്ദ്രിച്ചു. അതോടെ അവൻ വീണ്ടും ശാന്തമായ ഉറക്കത്തിലെയ്ക്ക് വഴുതി വീണു.

വാഹനകളുടെ ഹോൺ മുഴക്കിയുള്ള കലപില ശബ്ദങ്ങളും മറ്റു കോലാഹലങ്ങളുമെല്ലാം ഉറക്കം വിട്ടുണരാൻ അവനെ പ്രേരിപ്പിച്ചു.

രണ്ടു ദിവസത്തിന് ശേഷം ഉറങ്ങാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ട് എന്നാൽ ഉറങ്ങിയാലോ ഉണരാനും അതിനേക്കാൾ ഏറെ ബുദ്ധിമുട്ടും.

ബസിലെ സീറ്റിന്റെ പരിമിതിയിൽ ഇരുന്നുകൊണ്ട് തന്നെ ശരീരത്തിന്റെ ഏക്കച്ചക്കലുകൾ ഒരുവിധം നിവർത്തി അവൻ പുറത്തേയ്ക്ക് നോക്കി.

റോഡ് കനം ബ്ലോക്ക്. വാഹനങ്ങൾ എല്ലാം ഒരു അടുക്കും ചിട്ടയും ഇല്ലാതെ തലങ്ങും വിലങ്ങും അതിനിടയിൽ കിട്ടുന്ന ഗ്യാപ്പിൽ കുത്തി കയറ്റുന്ന ബൈക്കും ഓട്ടോയും.

മലയാളി എന്നും എവിടെയും മലയാളി തന്നെ. ഹിരൺ മനസ്സിൽ ഒരു ആത്മ ഗതം പറഞ്ഞു.

പുറത്തു കണ്ട കടയുടെ ബോർഡിൽ നോക്കി സ്ഥലം എവിടെ എന്ന് തീർച്ചപ്പെടുത്തി അടിമാലി കഴിഞ്ഞിട്ടേ ഉള്ളു. ഇനിയുമുണ്ട് കോട്ടയത്തിനു ഒന്നര മണിക്കൂർ സമയത്തെ ഓട്ടം. ബ്ലോക്ക് ഉടനെ എങ്ങും മാറിയില്ല എങ്കിൽ അത്രയും സമയം കൂടി താമസിക്കും.

Updated: July 14, 2026 — 2:11 pm

Leave a Reply

Your email address will not be published. Required fields are marked *