♥️അവിരാമം♥️ – 5 16

ആഹാരത്തിനു മുന്നിൽ പ്രതിമ കണക്കെ മൂന്നു പേര് ഇരിക്കുന്നത് കണ്ടതോടെ ബിൻസിയുടെ സകല നിയന്ത്രണവും വിട്ടു. മുന്നോട്ടു വന്നു അവൾ ഹിരാണിനു മുന്നിലിരുന്ന പ്ലേറ്റ് കയ്യിൽ എടുത്തു.

കറികൾ സമം ചേർത്ത് കുഴച്ചു അവൾ ഒരു ഉരുള ഉരുട്ടി ഹിരണിനു നേരെ നീട്ടി.

മ്മ്….

അപ്പോളും അവൻ തല കുനിച്ചു തന്നെ ഇരുന്നു..

വാ തുറക്കെടാ… ഇല്ലേ ഇതെല്ലാം കൂടി ഞാൻ തല വഴി കമത്തും..

തന്റെ വാശിയും ദേഷ്യവും എല്ലാം ചേച്ചി പെണ്ണിന്റെ അധികാരത്തിന്റെ മുന്നിൽ തകർന്നു വീണതിന്റെയും നിരഞ്ജനയുടെ മുന്നിൽ വച്ചു അങ്ങനെ ഒരു സംഭവം നടന്നതിന്റെയും ഫലമെന്നോണം വായ തുറന്നു ആഹാരം ഏറ്റു വാങ്ങുന്ന സമയം അവന്റെ മിഴികളും ഈറനണിഞ്ഞു..

ഹിരണിന്റെ കണ്ണിൽ പടർന്ന കണ്ണ് നീർതുള്ളികളെ ബിൻസി പാടെ അവഗണിച്ചു. നിരഞ്ജനയുടെയും അമ്മയുടെയും മുന്നിൽ ഹിരൺ ഒരു വേള ചെറുതായില്ലേ എന്നവൾക്കും തോന്നാതിരുന്നില്ല. പക്ഷെ അതിനേക്കാൾ അവൾക്കു തന്റെ മോനുവിന് വയറു നിറച്ചു കഴിപിയ്ക്കണം എന്ന് മാത്രേ ഉണ്ടായിരുന്നുള്ളു…

വായിലെ മുറിവ് കാരണം അധികം ചവയ്ക്കാൻ കഴിയാതിരുന്ന ഹിരൺ ചവച്ചെന്നു വരുത്തി എല്ലാം അപ്പാടെ വിഴുങ്ങി.

ഇടം കണ്ണിട്ടു അമ്മയെ നോക്കിയപ്പോൾ ഇത്രയും സമയം ഉണ്ടായിരുന്ന സങ്കടങ്ങൾ എങ്ങോട്ടാ പോയി മറഞ്ഞത് പോലെ അവനു തോന്നി. ബിൻസിയുടെ പ്രവർത്തിയിൽ ചിരി കടിച്ചു പിടിച്ചു നിൽക്കുന്ന അമ്മയെ കണ്ടതോടെ അവന്റെ മനസിലുണ്ടായിരുന്ന എല്ലാ ഭാരവും ഒഴിഞ്ഞു പോയി.

ബിൻസി നീട്ടിയ ഓരോ ഉരുള ചോറും ഒരു അമ്മ മകൻ നിർവൃതിയുടെ വികാരത്തോടെ ഹിരൺ ഏറ്റുവാങ്ങി. ബിൻസി വാരി കൊടുത്തതിനാലും കലശലായ വിശപ്പുണ്ടായിരുന്നതിനാലും ഹിരൺ പതിവിലും കൂടുതൽ ആ സമയം കഴിച്ചു.

ആ സമയമത്രയും അവൻ ഇടം കണ്ണിട്ടു അമ്മയെയും നോക്കുന്നുണ്ടായിരുന്നു. പക്ഷെ മനഃപൂർവ്വം തന്നെ അവൻ നിരഞ്ജനയെ നോക്കാതിരിക്കാൻ പരിശ്രെമിച്ചു. ഒരു വേള നോട്ടം വീണാൽ ആ മുഖത്തു തന്നോടുള്ള പുച്ഛവും പരിഹാസവും കാണാൻ ഇടവന്നാൽ ഇപ്പോൾ തന്റെ മനസ്സിൽ തോന്നിയ എല്ലാ ആശ്വാസങ്ങളും സന്തോഷങ്ങളും ഒഴിഞ്ഞു പോകും എന്നുള്ളതും അവനു ഉറപ്പായിരുന്നു.

കഴിച്ചു എഴുന്നേറ്റ അവൻ ആർക്കും മുഖം കൊടുക്കാതെ കൈ കഴുകി മുകളിലേക്കു നടന്നു.

മുകളിലെ നിലയിലേക്ക് കയറുന്ന നിമിഷം അത്രയും അവന്റെ മനസ് മറ്റെന്തോ തേടി.

ആരോടെങ്കിലും ഒന്ന് ഫ്രീ ആയി ഇടപഴകാൻ കഴിഞ്ഞിരുന്നെങ്കിൽ.

ഇച്ചേയി ഉണ്ട്… തന്റെ എല്ലാമെല്ലാമാണ്. എന്തും തുറന്നു പറയാൻ കഴിയുന്ന ഒരാൾ.. പക്ഷെ എന്നിട്ടും എല്ലാം തുറന്നു പറയാൻ കഴിഞ്ഞിട്ടില്ല.. ഒരു പക്ഷെ ചില സമയങ്ങളിൽ ഒരു അമ്മയും മകനും ആകുന്നതു കൊണ്ടാവും……

മറ്റാരെങ്കിലും ഉണ്ടായിരുന്നെങ്കിൽ… കൂട്ടുകാരുടെ കൂടെ പോയാൽ എല്ലാം പറയാൻ കഴിയില്ല..വെള്ളമടിക്കാൻ കമ്പിനി കിട്ടും. അങ്ങനെ ആശ്വാസം കണ്ടെത്താൻ കഴിഞ്ഞേക്കും. പക്ഷെ എത്ര സമയത്തേയ്ക്ക്. ബോധമനസ്സിൽ നിലനിന്നു കൊണ്ട് ഇതിൽ നിന്നും ആശ്വാസം കണ്ടെത്തിയെ തീരൂ….

ഫോൺ റിങ് ചെയ്യുന്നത് കേട്ടുകൊണ്ടാണ് ഹിരൺ റൂമിലേക്ക്‌ ചെന്നത്. ഫോൺ കയ്യിൽ എടുത്തപ്പോളേക്കും റിങ് നിന്നിരുന്നു. പരിചയം ഇല്ലാത്ത ഒരു നമ്പർ.. ആ നമ്പറിൽ നിന്നും ടെക്സ്റ്റ്‌ മെസ്സേജ്ജും വാട്സ് ആപ് മെസ്സേജ്ജും ഉണ്ടായിരുന്നു. ഹിരൺ വാട്ട്സ് ആപ് തുറന്നു നോക്കി.

“ഹിരൺ… സൺ‌ഡേ വരില്ലേ…

ഞാൻ കാത്തിരിക്കും വരാതെ ഇരിക്കരുത് ”

അത് ആരെന്നു മനസിലാക്കാൻ അവനു അധികം സമയം വേണ്ടി വന്നില്ല..

അനീറ്റ….

അവന്റെ മനസ് അറിയാതെ ആ പേര് ഉരുവിട്ടു.

ഒരു പരാതിയും ഇല്ലാതെ അകന്നു നിന്നു തന്നെ സ്നേഹിച്ചവൾ. തന്റെ മനസെന്തെന്നു അറിഞ്ഞു ഒരു പരിഭവവും ഇല്ലാതെ വഴി മാറി നിന്നവൾ. ഒരുമിച്ചിരുന്നത് ഒരു മണിക്കൂർ മാത്രം ആ സമയം കൊണ്ട് തന്നെ പൂർണ്ണമായും മനസിലാക്കിയവൾ..

ഇപ്പോൾ തനിക്കു വേണ്ടത് അവളുടെ സാമീപ്യം തന്നെയാണ് എന്ന് ഹിരൺ ആ നിമിഷം തിരിച്ചറിഞ്ഞു…

അല്പം മുന്നേ വിളിച്ച നമ്പറിൽ അവന്റെ വിരലുകൾ പതിഞ്ഞു. കാൾ പ്രോഗ്രസ്സ് ചെയ്തു അവൻ ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു. ഒരു റിങ് പൂർത്തിയായതും അങ്ങേ തലയ്ക്കൽ അത് കണക്ട് ആയി….

Updated: July 14, 2026 — 2:11 pm

Leave a Reply

Your email address will not be published. Required fields are marked *