അമ്മേ എന്നുള്ള അവന്റെ വിളിയിൽ പിന്നെ അവൾക്ക് ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല. മനസില്ല മനസോടെ അവൾ അർത്ഥ സമ്മതം മൂളി.
ഹാളിൽ നിന്നും അമ്മയും നിരഞ്ജനയും ഇരുവരെയും ശ്രെധിച്ചു നിന്നു എന്നതല്ലാതെ എന്താ കാര്യം എന്ന് ഇരുവർക്കും മനസിലായില്ല.
ബിൻസിയുടെ അർത്ഥ സമ്മതത്തോടെ ഹിരൺ അവളിൽ നിന്നും നടന്നകന്നു. ഒരു പത്തടി നടന്ന ഹിരൺ തിരിഞ്ഞു നിന്നു
ഇച്ചേയി… എന്നെ ബസ് സ്റ്റോപ്പ് വരെ ഒന്നാക്കുവോ.. ലേറ്റ് ആയ ചിലപ്പോ ബസ് കിട്ടില്ല….
ബസിനു പോകണ്ട.. എന്റെ കാർ ഉണ്ടല്ലോ അത് എടുത്തോ…..
അത് വേണ്ട ഡ്രൈവ് ചെയ്യാനുള്ള ഒരു മൂഡ് ഇല്ല പിന്നെ ബൈക്ക് തോമയുടെ കയ്യിലാണ്. വരുമ്പോ അതും എടുക്കണം ….
എന്നാ ഞാൻ കീ എടുത്തിട്ട് വരാം..
ബിൻസി കീ എടുക്കാൻ അകത്തു കയറി. പുറത്തു നിന്നു നോക്കിയ ഹിരൺ ബിൻസിയും അമ്മയും തമ്മിൽ സംസാരിക്കുന്നതു ആണ് കണ്ടത്
അമ്മയുടെ മുഖം വീണ്ടും ഇരുണ്ടു മൂടുന്നത് കണ്ടതോടെ ഇച്ചേയി എല്ലാം പറഞ്ഞു എന്നവന് മനസിലായി. ഒപ്പം എല്ലാം കേട്ട അവസ്ഥയിൽ നിരഞ്ജനയുടെ മുഖത്തു വിരിഞ്ഞ വിഷാധ ഭാവം ഹിരൺ ആദ്യമായി കാണുകയായിരുന്നു. നേരിൽ കാണുന്ന സമയത്തൊക്കെ ദേഷ്യവും പുച്ഛവും മാത്രം നിലനിന്നിരുന്ന ആ മുഖത്തു അങ്ങനെ ഒരു ഭാവം ഹിരണിന്റെ മനസ്സിൽ കൂടുതൽ സംശയങ്ങൾക്ക് ഇടവരുത്തി
കൂടുതൽ സമയം ആർക്കും മുഖം കൊടുക്കാതെ ഹിരൺ ഗേറ്റ് തുറന്നു റോഡിലേക്ക് നടന്നകന്നു
അൽപ ദൂരം നടന്നപ്പോളേയിക്കും ബിൻസി കാറുമായി എത്തിയിരുന്നു. അവളോടൊപ്പം മുൻ സീറ്റിൽ കയറിയിരുന്നതല്ലാതെ ബസ് സ്റ്റോപ്പ് എത്തുന്നത് വരെ അവൻ ഒന്നും മിണ്ടിയില്ല തിരിച്ചു അവളും
ബസിൽ കയറുമ്പോളും പരമാവധി ബിൻസിക്കൂ മുഖം കൊടുക്കാതിരിക്കാൻ ശ്രെമിച്ചു. ആരിൽ നിന്നെല്ലാമോ ഒളിച്ചോടാൻ ശ്രമിക്കുന്നത് പോലെ.
എത്തിയിട്ട് വിളിക്കണേ എന്നുള്ള ബിൻസിയുടെ വാക്കുകൾക്കു അവൻ ഒരു മൂളലിലൂടെ മാത്രം മറുപടി പറഞ്ഞു.
ബസ് ഓടി തുടങ്ങിയതും ബിൻസി കണ്ണടച്ച് കഴുത്തിലെ പൊന്കുരിശിൽ അമർത്തി പിടിച്ചത് കണ്ടതോടെ ഹിരണിന്റെ കൺ പോളകൾ അനിയന്ത്രിതമായി ഒന്ന് പിടഞ്ഞു.
പുറം കാഴ്ചകളിലേക്ക് കണ്ണും നാട്ടിരുന്ന ഹിരണിനെ ഉണർത്തിയത് അനീറ്റയുടെ കാൾ ആയിരുന്നു..
ഡാ……എത്ര നേരവായി ഞാൻ കിടന്നു വിളിക്കുന്നു…നീ എന്താ എടുക്കത്തെ!’..
ഇച്ചേയി കൂടെ ഉണ്ടായിരുന്നു അതാ…
നീ ഇപ്പൊ എവിടാ..!..
ബസിൽ.. അങ്ങോട്ട് വരുന്നു.!..
ചുമ്മാ കള്ളം പറയല്ലേ നീ…
നിന്നോട് കള്ളം പറയാനോ നിന്നെ കളിപ്പിയ്ക്കാനോപറ്റുന്ന ഒരു മാനസിക അവസ്ഥയിൽ അല്ല അനീറ്റ ഞാൻ…!
സത്യായിട്ടും നീ എന്നെ കാണാൻ വരുവാണോ അപ്പൊ…
മ്മ്!!..
ഹിരൺ ഒന്ന് മൂളിയതും അങ്ങേ തലയ്ക്കൽ കാൾ കട്ട് ആയി.
എന്തെ കട്ട് ആയതു എന്ന് ചിന്തിച്ചു തീരും മുന്നേ വാട്ട്സ് ആപ്പിൽ അനീറ്റ വീഡിയോ കാൾ ചെയ്തു
കാൾ അറ്റൻഡ് ചെയ്തു ഹിരൺ മുഖം ഫോക്കസ് ചെയ്തത്തോടെ അനീറ്റയുടെ മുഖം പൂർണചന്ദ്രനെക്കാൾ വര്ണാഭമായി വിടർന്നു.
ഒരു വേള അവൾ വിശ്വസിക്കാതെ ഇരുന്നതിന്നാലോ അല്ല എങ്കിൽ തന്റെ പ്രണയ നാഥൻ തന്നെ കാണാൻ വരുന്നു എന്നത് സത്യമാണ് തിരിച്ചറിഞ്ഞതിന്നാലോ അവളുടെ ഹൃദയം സന്തോഷത്തിന്റെ പെരുമ്പറ മുഴക്കി
ഹിരണിന്റെ മുഖത്തു നോക്കി വിവിധ ഭാവങ്ങൾ കണ്ണിലും മുഖതും വരുത്തി അനീറ്റ അങ്ങനെയേ നോക്കിയിരുന്നു. കണ്ണെടുക്കാൻ തോന്നാതെ തന്നെ. ഒന്നും സംസാരിക്കണം എന്ന് തോന്നിയില്ല അവൾക്കു അവന്റെ ശബ്ദം കേൾക്കണം എന്നും അവൾക്കു തോന്നിയില്ല. നോക്കിയിരിക്കുക… നോക്കും തോറും കൊതി കൂടി വരുന്ന ഹിരണിന്റെ നിഷ്കളങ്കമായ ആ മുഖത്തേയ്ക്ക് നോക്കിയിരിക്കുക അത് മാത്രേ അവൾ അപ്പോൾ ചിന്തിച്ചിരുന്നുള്ളു
കുസൃതി നിറഞ്ഞ അവളുടെ പ്രവർത്തികളും ഭവങ്ങളും കണ്ടതോടെ ഹിരണിന്റെ ചുണ്ടിന്റെ കോണിൽ ഒരു ചെറു പുഞ്ചിരി വിടർന്നു. അതെ പുഞ്ചിരിയോടെ അവൻ അവളോട് പുരികം രണ്ടും മേലേക്ക് ഉയർത്തി എന്തെ എന്ന് ആരഞ്ഞു.
