“പെട്ടന്ന് ഇന്നലെ അങ്ങനൊക്കെ കേട്ടപ്പോ വിഷമോം ദേഷ്യോം ഒക്കെ വന്നുപോയി ചേച്ചി അതാ ഞാൻ, സോറി ചേച്ചി പറ്റിപ്പോയി ചേച്ചി എന്നോട് ക്ഷമിക്കണം “
വളരെ വിനയത്തോടെ അനഘ പറഞ്ഞു, അവളുടെ മുഖത്ത് കുറ്റബോധം പ്രകടമായിരുന്നു.
“ഞാൻ അല്ലെ അനഘ ശെരിക്കും സോറി പറയണ്ടേ… ഞാൻ ഒരിക്കലും അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു, ഇന്നലെ ഞാനും കുറച്ചു ടെൻഷനിൽ ആയിപ്പോയി അവരെ കാണാതെ വന്നപ്പോ എന്ത് പറ്റി എന്ന് പോലും അറിയാതെ ആകെ പ്രാന്തു പിടിച്ച അവസ്ഥ ആയിരുന്നല്ലോ, അതിന്റെ കൂടെ ആര്യ എനിക്ക് നേരെ ഒച്ച വെക്കുക കൂടി ചെയ്തപ്പോ ന്റേം കയ്യിന്ന് പോയി അനഘ,
സത്യം പറഞ്ഞാൽ ഞാൻ ആണ് നിങ്ങളോട് ഒക്കെ സോറി പറയേണ്ടത്, റിയലി സോറി അനഘ മനസ്സിൽ
ഒന്നും വെക്കരുത്.”
ഉള്ളിലേ യഥാർത്ഥ വികാരം ഒരു തരി പോലും പുറത്തു കാണിക്കാതെ, വളരെ സമർദ്ധമായി അരുണിമ അഭിനയിച്ചു, അതിൽ യാതൊരു സംശയവും അനഘയ്ക്ക് തോന്നിയില്ല എന്നു മാത്രമല്ല അരുണിമ ഇത്ര പാവം ആയിരുന്നോ എന്നുപോലും അവൾക്ക് തോന്നി.
“ഏയ് അതൊന്നും വേണ്ട, ചേച്ചി ക്ഷമിച്ചു എന്ന് കേട്ടപ്പോൾ തന്നെ എനിക്ക് സമാധാനമായി, എനിക്ക് അതുമതി”
അരുണിമയിൽ നിന്ന് ഇങ്ങനൊരു പ്രതികരണം അവൾ പ്രതീക്ഷിച്ചിരുന്നില്ല, പ്രേശ്നങ്ങൾ ഒന്നും ഇല്ലാതെ ഇത് തീർന്നല്ലോ എന്ന ആശ്വാസം അവൾക്കുണ്ടായി.
അപ്പോഴേക്കും അരുണിമ ബെഡിൽ വച്ചിരുന്ന ഡ്രസ്സുകൾ എടുത്ത് അണിയാൻ തുടങ്ങിയിരുന്നു, അപ്പോഴാണ് അനഘ ശെരിക്കും അരുണിമയെ ശ്രദ്ധിക്കുന്നത്, അരുണിമയുടെ തൂ വെള്ള ശരീരത്തിലൂടി ഒഴുകിയിറങ്ങുന്ന ഓരോ വെള്ളത്തുള്ളിക്ക് പോലും അഴക്കുണ്ടെന്ന് അവൾക്കുതോന്നി, അവളുടെ എല്ലാം തികഞ്ഞ, ഷേപ്പ് ഒത്ത ശരീരം ഏതൊരാണിനെയും നിശ്ചലനാക്കാൻ കെൽപ്പ് ഉള്ളതായിരുന്നു,
ചൊവ്വാ ദോഷം ഇല്ലായിരുന്നെങ്കിൽ ചേച്ചിയെ കെട്ടാൻ ആൺപിള്ളേർ ക്യു നിന്നേനെ എന്നവൾ ഓർത്തു.
“എടാ നീ താഴോട്ട് പൊക്കൊളു, ഞാൻ ഡ്രസ്സ് ഒക്കെ മാറ്റി മുടിയൊക്കെ ഒന്ന് ഉണക്കിയിട്ട് വരാം”
“ഒക്കെ ചേച്ചി…”
അതും പറഞ്ഞ് അനഘ താഴേക്ക് പോയി.
അനഘ നേരെ പോയത് അടുക്കളയിലേക്കാണ്, സ്ത്രീജനങ്ങൾ എല്ലാം നേരത്തെ തന്നെ അവിടെ ഹാജർ ആയിരുന്നു,ആ കൂട്ടത്തിൽ സുലോചനയും ഉണ്ടായിരുന്നു, അനഘയെ കണ്ടതും എല്ലാവരും ഒരു നിമിഷം അവളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
“എന്നാലും എന്റെ അനഘ നീ ഇന്നലെ എന്തു പണിയാ കാണിച്ചത്…”
അനഘയെ കണ്ടതും അമ്പിളി ചോദിച്ചു.
“അത് അമ്മായി… ഇന്നലെ പെട്ടന്ന് അങ്ങനൊക്കെ കേട്ടപ്പോ കയ്യിന്ന് പോയി”
“എന്നാലും നിന്നെക്കാളും
മൂത്തതല്ലേ അവൾ, അവളെ നീ തല്ലാൻ പാടുണ്ടോ”
രണ്ടാമത്തെ അമ്മായി കൂടി അഭിപ്രായം പറഞ്ഞു.
“നിങ്ങൾ ആ കൊച്ചിനെ ഒന്ന് വെറുതെ വിടുന്നുണ്ടോ, അരുണിമയുടെ ഭാഗത്തും തെറ്റുണ്ട്, അവളല്ലേ ആവശ്യം ഇല്ലാതെ ഓരോന്ന് പറഞ്ഞത് “
തന്നെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് അവർ രണ്ടുപേരും ശ്രമിക്കുന്നത് എന്ന് നന്നായി അറിയുന്ന സുലോചന, അനഘയെ ന്യായീകരിച്ചു.
“അനഘാ… മോളെ നീ അപ്പുറത്തോട്ട് പൊക്കോളു… ഇവിടിപ്പോ പണിയൊന്നും ഇല്ല”
സുലോചനയുടെ ഈ സമീപനം കണ്ട്, അനഘയടക്കം അവിടുള്ള എല്ലാവരും ഞെട്ടി, വെറുതെ പോലും ഒരാളോട് ഒരു നല്ല വാക്ക് പറയാത്ത സുലോചന ഇപ്പോൾ അനഘയ്ക്ക് വേണ്ടി സംസാരിക്കുന്നു, ഇതെല്ലാവരിലും ഞെട്ടൽ ഉണ്ടാക്കി, മറ്റുള്ളവരെ അത് അമ്പരപ്പിച്ചു എങ്കിൽ, ശോഭയുടെ ഉള്ളിൽ അതൊരു ആശ്വാസമായിരുന്നു. ഇതൊക്കെ ചെയ്യാൻ സുലോചനയ്ക്ക് അവളുടെയാതായ കാരണങ്ങൾ ഉണ്ടെന്ന് അവർക്ക് അറിയില്ലല്ലോ.
അരുണിമ താഴെ വരുമ്പോൾ കാണുന്നത്, നടുമുടത്തിനടുത്ത് ഇരുന്ന് ഫോണിൽ നോക്കി ഇരിക്കുന്ന അനഘയെ ആണ്, അവൾ നേരെ അനഘയ്ക്ക് അടുത്ത് വന്നിരുന്നു,
“എന്താ പരിപാടി…”
ഇരിക്കുന്നതിനിടയിൽ അരുണിമ ചോദിച്ചു.
“ആ ചേച്ചി വന്നോ… പരിപാടി ഒന്നുല്ല ഞാൻ ചുമ്മാ ഇൻസ്റ്റയിൽ തോണ്ടികൊണ്ട് ഇരിക്കാരുന്നു.”
ഫോൺ അരുണിമക്ക് കൂടി കാണാൻ പാകത്തിന് നിക്കി പിടിച്ചുകൊണ്ട് അവൾ അടുത്ത റീൽ play ചെയ്തു. അങ്ങനെ റീലുകൾ ഓരോന്നായി മാറി മാറി വന്നുകൊണ്ടിരുന്നു.
