അവൻ – 3 10അടിപൊളി  

“നീ അതും ശ്രദ്ധിച്ച് ഇരിക്കയായിരുന്നോ?”

“പിന്നെ, എനിക്ക് കണ്ണൊന്നുമില്ലേ, എന്തൊരു നോട്ടമായിരുന്നു ഓരോരുത്തരും”

അങ്ങനെ തമാശകൾ പറഞ്ഞുകൊണ്ട് അവർ വീട്ടിലേക്കുള്ള നടത്തം ആരംഭിച്ചു.

അമ്പലത്തിൽ നിന്ന് വീട്ടിലേക്കുള്ള വഴി അധികം ദൂരമില്ല. വഴിയരികിലെ മരങ്ങളിൽ നിന്ന് ചീവീടുകളുടെ ശബ്ദം ഉയർന്നുകൊണ്ടിരുന്നു. ഇടയ്ക്കിടെ കടന്നുപോകുന്ന വാഹനങ്ങളുടെ വെളിച്ചം അവരുടെ മുഖത്തേക്ക് പതിച്ചു.

നടക്കുന്നതിനിടയിൽ അനഘ ആരതിയുടെ അടുത്തേക്ക് നീങ്ങി.

“എടാ, അശ്വതി എന്തെ വരാതിരുന്നേ…?

“അവൾക്ക് ഇതിലൊന്നും വലിയ താല്പര്യമില്ല ചേച്ചി. വീട്ടിൽ തന്നെ ഇരിക്കാനാണ് ഇഷ്ടം.”

“അതെന്താ, അമ്പലത്തിലൊന്നും വരാറില്ലേ?”

“വല്ലപ്പോഴും വരും. പക്ഷേ പൊതുവെ ഭയങ്കര ഇൻട്രോവേർട്ട് ആണ്. അധികം ആരോടും സംസാരിക്കില്ല. എപ്പോഴും എന്തെങ്കിലും പുസ്തകം വായിച്ചുകൊണ്ടിരിക്കും.”

ആരതി പറഞ്ഞത് കേട്ട് അനഘയ്ക്ക് കൗതുകമായി.

“എന്ത് പുസ്തകമാ കൂടുതലും വായിക്കുന്നത്?”

“അതൊക്കെ ബഹിരാകാശത്തെക്കുറിച്ചുള്ള പുസ്തകങ്ങളാണ്. നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ആകാശം, ഗാലക്സികൾ… അങ്ങനെ എന്തൊക്കെയോ. അവൾക്ക് സ്പേസ് ആണ് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം.”

“ആഹാ… കൊള്ളാലോ. അപ്പോ ഭയങ്കര ബുദ്ധിജീവിയാണല്ലേ?”

അനഘ ചിരിച്ചുകൊണ്ട് ചോദിച്ചു.

“അത് പിന്നെ പറയാനുണ്ടോ! ചില സമയത്ത് അവൾ പറയുന്ന കാര്യങ്ങളൊന്നും എനിക്ക് മനസ്സിലാവില്ല.

ബ്ലാക്ക് ഹോൾ, ലൈറ്റ് ഇയർ, ഗാലക്സി എന്നൊക്കെ പറഞ്ഞ് തുടങ്ങും. ഞാൻ ആണെങ്കിൽ കുറച്ചുനേരം കേട്ടിരിക്കും, പിന്നെ അവിടെനിന്ന് നൈസ് ആയിട്ട് വലിയും.”

ആരതിയുടെ സംസാരം കേട്ട് അരുണിമയും ചിരിച്ചു.

“അവൾ ആളു കൊള്ളാലോ, എപ്പോഴും ഞാൻ അവളോട് സംസാരിക്കണം എന്ന് വിചാരിക്കും പക്ഷെ അവൾ റൂമിന്ന് പുറത്തു ഇറങ്ങീട്ട് വേണ്ടേ ഒന്ന് മിണ്ടാൻ”

“ഹിഹി, അവൾ അങ്ങനെയാ ചേച്ചി, അവളെക്കാളും വലിയ ഇൻട്രോവെർട്ട് ഈ പഞ്ചായത്തിൽ വേറെ കാണില്ല.”

“അത് സാരമില്ല. പതുക്കെ പരിചയപ്പെടാം.”

അനഘയുടെ മറുപടി കേട്ട് ആരതി പുഞ്ചിരിച്ചു.

അങ്ങനെ അശ്വതിയെക്കുറിച്ചും പഠനത്തെക്കുറിച്ചും വീട്ടിലെ മറ്റു വിശേഷങ്ങളെക്കുറിച്ചുമൊക്കെ അവർ സംസാരിച്ചുകൊണ്ടിരുന്നു.

കുറച്ചുദൂരം കൂടി നടന്നപ്പോൾ അരുണിമ പെട്ടെന്ന് അനഘയുടെ നേരെ തിരിഞ്ഞു.

“ അനഘേ, നിന്നോട് ഒരു കാര്യം ചോദിക്കട്ടെ?”

“എന്താ ചേച്ചി?”

“നിനക്ക് ആരെങ്കിലുമുണ്ടോ?”

“ആര്?”

“ലവർ വല്ലതും, ഉണ്ടോന്ന്?”

ഒരു കള്ളച്ചിരിയോടെയാണ് അരുണിമ അത് ചോദിച്ചത്.

അരുണിമയുടെ ചോദ്യം കേട്ടതും അനഘ പൊട്ടിച്ചിരിച്ചു.

“ഏയ്… അങ്ങനെയൊന്നുമില്ല ചേച്ചി.”

“ശരിക്കും?”

“അതെ ചേച്ചി. എനിക്ക് ഇതുവരെ അങ്ങനൊന്നും ഉണ്ടായിട്ടില്ല.”

“എന്താ കാര്യം? ആരും നിന്നോട് പ്രണയം പറഞ്ഞിട്ടില്ലേ?”

“പറഞ്ഞിട്ടുണ്ട്, പക്ഷേ എനിക്ക് അങ്ങനെയൊരു താൽപര്യം തോന്നിയിട്ടില്ല.”

അനഘയുടെ മറുപടി കേട്ട് ആരതി പെട്ടെന്ന് ഇടയിൽ കയറി.

“ഇത്രയും സുന്ദരിയായ ചേച്ചിക്ക് ഇതുവരെ ഒരു ലവർ പോലും ഇല്ലെന്ന് പറഞ്ഞാൽ ആരാ വിശ്വസിക്കുക? കുറേ പേര് ചേച്ചിടെ പുറകെ നടന്നിട്ട് ഉണ്ടാവുമല്ലോ, ഒരാളെ പോലും ചേച്ചിക്ക് ഇഷ്ടായില്ലേ.”

“ഇല്ലല്ലോ എന്റെ ആരതി കുട്ടി”

അനഘ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

കുറച്ചുനേരം അനഘയെ നോക്കി

നടന്ന അരുണിമ വീണ്ടും ചോദിച്ചു.

“എന്നാൽ നിനക്ക് എങ്ങനെയുള്ള ഒരാളെയാണ് ഇഷ്ടം? എന്തെങ്കിലും സങ്കൽപ്പമുണ്ടോ?”

“അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല ചേച്ചി. എന്നെ മനസ്സിലാക്കുന്ന ഒരാളായിരിക്കണം. പിന്നെ സ്നേഹവും ബഹുമാനവും വേണം. അത്രയൊക്കെയേ ഉള്ളൂ.”

അപ്പോഴാണ് അനഘയ്ക്ക് ഒരു കാര്യം ഓർമ്മ വന്നത്.

“അല്ല, ഇത്രയും നേരം എന്നെക്കുറിച്ച് ചോദിച്ചല്ലോ. ഇനി ചേച്ചിയെക്കുറിച്ച് പറ?”

“എന്താ?”

“ചേച്ചിക്ക് ആരെങ്കിലുമുണ്ടോ? ബോയ്‌ഫ്രണ്ട് വല്ലതും?”

അനഘയുടെ ചോദ്യം കേട്ടതും ആരതി പൊട്ടി ചിരിച്ചു.അതു കണ്ടതും അരുണിമ അവളെ കണ്ണുരുട്ടി പേടിപ്പിച്ചു.അത് കണ്ട് അരുണിമയെ അവൾ ഒന്ന് ഇളിച്ചു കാണിച്ചു.

Updated: November 28, 2026 — 2:51 pm

Leave a Reply

Your email address will not be published. Required fields are marked *