ഉറപ്പോടെയുള്ള അവളുടെ വാക്കുകൾ കേട്ടതും ആരോമലിന്റെ മുഖത്തെ ചിരി കൂടുതൽ വിടർന്നു.
“ പക്ഷേ ആദ്യം നമ്മൾ തീരുമാനിച്ച കാര്യം നടക്കണം.”
“ശരി, അതിന് ശേഷം നമ്മൾ ഇപ്പോൾ തീരുമാനിച്ച കാര്യവും നടക്കണം.”
അരുണിമ മറുപടിയൊന്നും പറഞ്ഞില്ല. അവൾക്ക് അവിടെനിന്ന് എത്രയും പെട്ടെന്ന് പുറത്തു കടക്കണം എന്നേ
ഉണ്ടായിരുന്നുള്ളു.
“എന്നാൽ ബാക്കി കാര്യങ്ങൾ വഴിയേ അറിയിക്കാം?”
“Okey.”
അരുണിമ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു.
മുറിയിൽ വീണ്ടും തനിച്ചായ ആരോമൽ ചുണ്ടിൽ ഒരു ചിരിയോടെ വാതിലിലേക്ക് നോക്കി. താൻ ഏറെ കൊതിച്ച അവളുടെ ആ ശരീരം തന്റെ കിടക്കയിൽ എത്തുന്ന ആ ദിവസത്തിനായി അവൻ കാത്തിരുന്നു.
അതേസമയം ഇടനാഴിയിലൂടെ നടന്നുപോകുന്ന അരുണിമയുടെ മനസ്സിൽ മറ്റൊരു ചിന്തയായിരുന്നു.
‘അനഘയെ കുടുക്കാനുള്ള പദ്ധതിയിൽ ആരോമലിനെ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനമായിരുന്നോ?’
അടുത്ത ദിവസങ്ങളിൽ അരുണിമയും അനഘയും തമ്മിലുള്ള അടുപ്പം പതുക്കെ വളർന്നുകൊണ്ടിരുന്നു.
അങ്ങനെ ദിവസങ്ങൾ കടന്നുപോയി.
ഒരാഴ്ചയ്ക്കുശേഷം ക്ഷേത്രത്തിലെ ഉത്സവപരിപാടികൾക്ക് തുടക്കമായി.
ഇന്ന് ഉത്സവത്തിന്റെ ആദ്യദിവസമാണ്.
രാവിലെ മുതൽ തന്നെ തറവാട്ടിൽ വലിയ തിരക്കായിരുന്നു. വീട്ടിലെ സ്ത്രീകളും പെൺകുട്ടികളും തങ്ങളുടെ വസ്ത്രങ്ങളും ആഭരണങ്ങളും മേക്കപ്പുമൊക്കെ തിരഞ്ഞെടുക്കുന്ന തിരക്കിലായിരുന്നു. ഓരോരുത്തരും ഇന്ന് ഏറ്റവും മനോഹരമായി ഒരുങ്ങണമെന്ന ആഗ്രഹത്തിലായിരുന്നു.
അതേസമയം പുരുഷന്മാർക്ക് മറ്റൊരു തിരക്കായിരുന്നു. ക്ഷേത്രത്തിലെ വിവിധ പരിപാടികളുടെ ക്രമീകരണങ്ങൾ, അതിഥികളെ സ്വീകരിക്കൽ, ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങൾ അവർക്കുണ്ടായിരുന്നു.
കൊച്ചിയിലെ ഓഫീസിന്റെ ചുമതലയുള്ള അർജുനും ഉത്സവത്തിൽ പങ്കെടുക്കാനായി വീട്ടിലെത്തിയിരുന്നു.
വൈകുന്നേരം ഓഫീസ് കഴിഞ്ഞ് അഭിജിത്ത് വീട്ടിലെത്തുമ്പോൾ വീട്ടിൽ അർജുൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
“ചേട്ടൻ ഇത് എപ്പോ വന്നു”
“ഞാൻ ദാ കുറച്ചു നേരത്തെ വന്നു കയറിയതെ ഉള്ളു”
“അല്ല, എല്ലാവരും എവിടെപ്പോയി?”
അഭിജിത്ത് അകത്തേക്ക് കയറുന്നതിനിടെ ചോദിച്ചു.
“എല്ലാവരും ക്ഷേത്രത്തിലേക്ക് പോയി. നീ വരുന്നുണ്ടെങ്കിൽ നമുക്ക് ഒരുമിച്ച് ഇറങ്ങാം.”
“ആണോ? എന്നാൽ ഞാൻ ഇപ്പോ ഇറങ്ങാം
ഒരു 5 മിനുട്ട്.”
അഭിജിത്ത് അധികം വൈകാതെ തന്നെ വസ്ത്രം മാറി തയ്യാറായി. ഇരുവരും കാറിൽ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.
ക്ഷേത്രത്തിന് അടുത്തെത്തിയപ്പോഴേക്കും ഉത്സവത്തിന്റെ ആദ്യദിവസത്തെ പ്രധാന പരുപാടിയായ ഘോഷയാത്ര ആരംഭിച്ചിരുന്നു.
വാഹനത്തിൽനിന്നിറങ്ങിയ അവർ ജനക്കൂട്ടത്തിനിടയിലൂടെ ക്ഷേത്രപരിസരത്തേക്ക് നടന്നു.
കാഴ്ചകൾ അതിമനോഹരമായിരുന്നു.
വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും ദേവീദേവന്മാരുടെ കൂറ്റൻ രൂപങ്ങളും മാതൃകകളും ഘോഷയാത്രയിൽ അണിനിരന്നിരുന്നു. അലങ്കരിച്ച വാഹനങ്ങളിൽ സ്ഥാപിച്ചിരുന്ന വലിയ വിഗ്രഹങ്ങളും വർണ്ണാഭമായ രൂപങ്ങളും കാണികളെ അത്ഭുതപ്പെടുത്തുന്നവയായിരുന്നു.
ചെണ്ടമേളത്തിന്റെ താളവും നാദസ്വരത്തിന്റെ ശബ്ദവും അന്തരീക്ഷമാകെ നിറഞ്ഞുനിന്നു.
ക്ഷേത്രത്തിന്റെ ഇരുവശങ്ങളിലും ഘോഷയാത്ര കാണാനായി നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നു. കുട്ടികളും മുതിർന്നവരും യുവാക്കളുമെല്ലാം വലിയ ആവേശത്തോടെ ഓരോ കാഴ്ചകളും ആസ്വദിക്കുകയായിരുന്നു.അഭിജിത്തും അർജുനും ജനക്കൂട്ടത്തിനിടയിൽ നിന്നുകൊണ്ട് ഘോഷയാത്ര ആസ്വദിച്ചുകൊണ്ടിരുന്നു, ഒരു പരിചയക്കാരനെ കണ്ടപ്പോൾ അർജുൻ അഭിയോട് നീ നടന്നോ ഞാൻ വരാം എന്നു പറഞ്ഞ് മറ്റവന്റെ കൂടെ പോയി, അഭി വീണ്ടും ഒറ്റയ്ക്കായി, അവൻ വീണ്ടും ഗോഷയാത്ര യിലേക്ക് നോട്ടം തിരിച്ചു.
അപ്പോഴാണ് എതിർവശത്തുള്ള ജനക്കൂട്ടത്തിനിടയിൽ അഭിജിത്തിന്റെ ശ്രദ്ധ ഒരു പെൺകുട്ടിയിലേക്ക് പതിഞ്ഞത്.
അവളുടെ മുഖം വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.
എങ്കിലും എന്തോ ഒരു പ്രത്യേക ആകർഷണം അവനു തോന്നി.
