“എന്താ…”
അവരുടെ കോപ്രായം കണ്ട് അനഘ ചോദിച്ചു.
“ലൈൻ ഉണ്ടോന്നോ, എത്രെണ്ണം ഉണ്ടെന്ന് ചോദിക്ക് ചേച്ചി”
ആരതി ചിരി നിർത്താനാവാതെ പറഞ്ഞു.
അരുണിമയുടെ മുഖത്ത് ഒരു ചമ്മിയ ചിരി പ്രത്യക്ഷപ്പെട്ടു.
“അങ്ങനെയൊന്നുമില്ല അനഘ, ഒന്നുരണ്ട് റിലേഷൻസ് ഉണ്ടായിട്ടുണ്ട് പിന്നെ അത് സെറ്റ് ആവില്ല എന്ന് തോന്നിയപ്പോ ഒഴിവാക്കി.”
“അതെന്താ… അവരാരും ചേച്ചിടെ വൈബ് ന് സെറ്റ് ആയില്ലേ”
അനഘ ചോദിച്ചു.
“ആദ്യം ഒക്കെ നന്നായിരുന്നു, അടുത്ത് അറിഞ്ഞപ്പോ ശെരിയാവില്ല എന്ന് തോന്നി”
അല്ലേലും ഒരാളെയും ഒരുപാട് നാൾ കൊണ്ട് നാടക്കാനൊന്നും അരുണിമയ്ക്ക് താല്പര്യമില്ല, ഒരാളെ മടുത്തു തുടങ്ങുമ്പോ അടുത്ത ആളെ പിടിക്കുക അത്ര തന്നെ.
“അവസാനത്തെ ചേട്ടനെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നല്ലോ”
ആരതി പറഞ്ഞു.
“ആ ഭംഗി മാത്രേ ഇണ്ടാർന്നുള്ളു, വേറൊന്നും കൊള്ളില്ലായിരുന്നു”
പറഞ്ഞു കഴിഞ്ഞ ശേഷമാണ് അരുണിമക്ക് അബദ്ധം മനസ്സിലായത്,
അത് കേട്ടതും കാര്യം മനസ്സിലായ അനഘ പെട്ടന്ന് അരുണിമയുടെ മുഖത്തേക്ക് നോക്കി, അത് അരുണിമ കാണുകയും ചെയ്തു, ഒരു
ചമ്മിയ ചിരിയായിരുന്നു അതിന് മറുപടി.
“അതെന്താ…”
ആരതിയുടെ സംശയം മാറിയിരുന്നില്ല.
“അതൊന്നും പിള്ളേർക്ക് പറഞ്ഞ മനസ്സിലാവില്ല, നീ പെട്ടന്ന് നടക്കാൻ നോക്ക് ഇപ്പൊത്തന്നെ ഇരുട്ടായി”
ഇനിയും നിന്നാൽ ആരതിയുടെ സംശയം കൂടും എന്ന് മനസ്സിലായ അരുണിമ അവളെ ഉന്തി തള്ളി മുന്നിൽ നടത്തിച്ചു.
അവർ വീണ്ടും നടത്തം തുടർന്നു. ഇത്രയും നാളായി പരസ്പരം അകന്നു നിന്നിരുന്ന അനഘയും അരുണിമയും ഇപ്പോൾ വളരെ സ്വാഭാവികമായി സംസാരിക്കുന്നതും ചിരിക്കുന്നതും ആരതിക്ക് അത്ഭുതമായിരുന്നു.
എന്നാൽ അരുണിമയുടെ മനസ്സിൽ മറ്റൊരു കണക്കുകൂട്ടലായിരുന്നു.അനഘയോടുള്ള ഈ അടുപ്പം എന്തിനു വേണ്ടിയാണെന്ന് അവൾക്ക് മാത്രമേല്ലേ അറിയുകയുള്ളു. ഓരോ ചിരിക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നത് മറ്റൊരു ലക്ഷ്യമായിരുന്നു.അനഘയുടെ വിശ്വാസം നേടിയെടുക്കുക.അവളുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം നേടുക.അതിന് വേണ്ടി എന്തും ചെയ്യാൻ അവൾ തയ്യാറായിരുന്നു.
പുറമേ അനഘയോടൊപ്പം ചിരിച്ചുകൊണ്ട് നടക്കുമ്പോഴും, തന്റെ അമ്മ പറഞ്ഞ പദ്ധതിയുടെ ഓരോ ഘട്ടവും അവൾ മനസ്സിൽ ആവർത്തിച്ചുകൊണ്ടിരുന്നു.
“ചേച്ചീ… എന്താ ആലോചിക്കുന്നത്?”
ആരതിയുടെ ചോദ്യം കേട്ടാണ് അരുണിമ ചിന്തയിൽനിന്ന് ഉണർന്നത്.
“ഏയ്… ഒന്നുമില്ലെടീ. ഓരോന്ന് ആലോചിച്ചതാ.”
“വേഗം വാ, ഒരുപാട് ഇരുട്ടായി.”
അനഘ പറഞ്ഞു.
മൂന്നുപേരും വീണ്ടും പെട്ടന്ന് തറവാട്ടിലേക്ക് നടന്നു. അവരുടെ സൗഹൃദം കണ്ടാൽ ആർക്കും അതിൽ അസ്വാഭാവികത തോന്നില്ലായിരുന്നു. പക്ഷേ ആ സൗഹൃദത്തിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടം അനഘയ്ക്ക് ഇപ്പോഴും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
അവർ തിരിച്ച് തറവാട്ടിൽ എത്തുമ്പോഴേക്കും അഭി വന്നിരുന്നു, അവൻ ഒരു കപ്പ് ചായയുമായി ഫോണും കയ്യിൽ പിടിച്ച് ഉമ്മറത്തോട്ട് വരുമ്പോളാണ്, കയ്യും പിടിച്ചു ഗേറ്റ് കടന്നു വരുന്ന അവരെ മൂന്നുപേരെയും കാണുന്നത്, ആദ്യം അവൻ അത് അശ്വതിയാണെന്ന്
ആണ് കരുതിയത്, എന്നാൽ അടുക്കും തോറും അത് അശ്വതി അല്ല മറിച് അരുണിമ ആണെന്ന് അവനു മനസിലായി,
“ഏഹ് ഇതൊക്കെ എപ്പോ….”
മനസിലാണ് പറഞ്ഞതെങ്കിലും അത് അറിയാതെ പുറത്തു വന്നു.
“എങ്ങനാ എപ്പഴാന്ന് ഒന്നും ആർക്കും അറിയില്ല, പക്ഷെ ഇന്ന് രാവിലേ മുതൽ ഇതാണ് ഇവിടത്തെ കാഴ്ച”
അവന്റെ ചോദ്യം കേട്ടുകൊണ്ട് പുറത്തോട്ട് വന്ന ആര്യ അവന്റെ സൈഡിലായി വന്നു നിന്നുകൊണ്ട് പറഞ്ഞു.
അപ്പോഴേക്കും അവർ വീടിന് അടുത്ത് എത്തിയിരുന്നു, അഭിയെ കണ്ടുതും ഒട്ടും മൈൻഡ് ആക്കാതെ അരുണിമ കയറി പോയി, അവനോരു ഹായ് കൊട്ത്ത് ആരതിയും കയറി പോയി,
“ആ അഭി നീ വന്നോ…”
എന്ന് ചോദിച്ച് അകത്തോട്ട് പോവാൻ നോക്കിയ അനഘയുടെ കയ്യിൽ പിടിച്ച് അവൻ അവളെ അവിടെ നിർത്തിച്ചു.
“അല്ല ഇതെന്താ കഥ, നിങ്ങൾ എങ്ങനെ ഇത്ര പെട്ടന്ന് കമ്പനി ആയി ”
അവൻ തന്റെ സംശയം മറച്ചു വയ്ക്കാതെ ചോദിച്ചു.
