മീനാക്ഷി കല്യാണം – 6അടിപൊളി  

 

ഞാനവളെ നോക്കി. പൂത്തുലഞ്ഞ പറങ്കിമാവുകൾ അവളുടെ മുഖത്ത് നിഴൽചിത്രങ്ങൾ വരച്ചു കൊണ്ടിരുന്നു. പകലുകളിൽ രാത്രി മറന്നിട്ടുപോയ ഇരുൾചേലയുടെ കഷണങ്ങളെന്നപോലെ.

 

എന്തെ ഞാൻ ഇന്നുവരെ ഇവളെ കണ്ടില്ല. ഒരിക്കൽ പോലും കണ്ടിട്ടില്ല, കേട്ടിട്ടേയുള്ളു. വൈകുന്നേരങ്ങളിൽ അമ്മയുടെ കാലുഴിഞ്ഞ് കൊടുക്കുമ്പോൾ, പലപൊട്ടും നുറുങ്ങുകളും. അമ്മയുടെ കുഞ്ഞുകൂട്ടുകാരി. പ്രണയം തോന്നാൻ മാത്രം സമയമുണ്ടായിരുന്നില്ല. നാട്, നാടകം, കൂട്ടുകാർ, രാവിലെ ഇറങ്ങിയാൽ രാത്രി വളരെ വൈകും തിരിച്ചെത്താൻ. യാതൊരു പണിയും ഇല്ലാത്ത സമയത്തായിരുന്നു എനിക്ക് തീരെ സമയമില്ലാതിരുന്നത്, ഇപ്പൊ പിന്നെയും സമയമുണ്ട്. ഓർത്തപ്പോൾ എനിക്ക് തന്നെ ചിരിവന്നു.

 

രാഘവമാമൻ ഡൽഹിയിലെ ജോലി വിട്ട്, ഇവിടെ വന്നിട്ടും അധികം നാളായിട്ടുണ്ടാവില്ല. അവളെ കണ്ടാൽ ചെറുപ്പം തൊട്ടേ പുറത്ത് വളർന്ന കുട്ടിയാണെന്ന് പറയുകയേയില്ല. അന്നൊക്കെ നാട്ടിൽ എവിടെ തിരിഞ്ഞാലും മീനാക്ഷിയുടെ ഭംഗിയെ പറ്റി ആരെങ്കിലുമൊക്കെ പറഞ്ഞ് കേൾക്കാം. പക്ഷെ അത്രയും വലിയ പരാജയം ആയിരുന്ന എനിക്ക്, ഇനിയൊരു പെണ്ണിൻ്റെ വായിന്ന് നിരസനം കൂടി കേൾക്കാൻ ഉള്ള ത്രാണിയിണ്ടായില്ല, അതുകൊണ്ട് ആ ഭാഗത്തേക്ക് ചിന്തപോയില്ല. എങ്കിലും കണണംന്ന് ഉണ്ടായിരുന്നു. അമ്മയ്ക്ക് അത്ര ഇഷ്ടം ഉള്ള സ്ഥിതിക്ക് കണ്ണടച്ച് തന്നെ പറയാം എനിക്കും ഇഷ്ടവുംന്ന്. ഇഷ്ടം ഉണ്ടാവണത് മനസ്സിലാണല്ലോ. അതുകൊണ്ടെന്നെ, എപ്പഴേലും അവളെ വേറെ ഏതേലും ബഡുക്കൂസ് പയ്യൻമാർക്ക് ആലോചിക്കണ കാര്യം പറയുമ്പോൾ, ഒരിക്കപോലും കണ്ടിട്ടില്ലെങ്കിലും നെഞ്ചില് ചെറുതായിട്ട് കൊളുത്തിവലിക്കണ പോലെ ഒരു വേദന തോന്നും.

 

എന്തായാലും ഒരുവട്ടം കാലചക്രം കറങ്ങി തിരിഞ്ഞു വന്നപ്പോൾ അവളെന്നെയും നയിച്ച് എനിക്ക് മുമ്പെ നടപ്പുണ്ട്. ഇനിയൊരു വട്ടം കൂടി അതിന്റെ തിരിച്ചിലിനപ്പുറം ആലോചിക്കാനേ കഴിയുന്നില്ല.

 

പ്രണയമൊന്നുമില്ലെങ്കിൽ ഇവളെന്തിനാണ് ഈ നാട്ടിൽ നിന്നും ഒളിച്ചോടിയത്. എന്തിനാണവൾ സ്നേഹിക്കുന്നവരെ ഇത്ര ഭയക്കുന്നത്. ഇത്രയുമടുത്ത എൻ്റെടുത്തു നിന്നു പോലും അകലാൻ ശ്രമിക്കുന്നതെന്തിനാണ്. അവളുടെ മനസ്സിലുള്ള ദുഃഖങ്ങളും, അവളെ കുറിച്ചുള്ള രഹസ്യങ്ങളും എന്റെ മനസ്സിലിപ്പോഴും കീറാമുട്ടിയാണ്. പെണ്ണിനോളം മനസ്സിലാക്കാൻ കഴിയാത്ത മറ്റൊന്നും ലോകത്ത് കണ്ട് പിടിച്ചിരിക്കില്ല. പ്രണയം മാത്രമാണ് മനസ്സിലുള്ള ഒരേയൊരു വെട്ടം.

 

പ്രണയിക്കുന്നവർക്ക് ഒരു സമാന്തരമാനമുണ്ട്, ഒരു പാരലൽ ലോകം. അതിനുള്ളിൽ ഒരാൾ പൂർണ്ണമായും അകപ്പെട്ട് പോകുന്നത് എപ്പോഴാണ് എന്ന് കൃത്യമായി പറയാൻ കഴിയില്ല.അത് വരെ വിചാരിച്ചു വച്ചിരുന്ന വിചാരങ്ങളെല്ലാം അവിടെ പൊയ്പോവില്ല. അവിടെ ഒരുയുക്തിക്കും സ്ഥാനമില്ല. സന്തോഷത്തിനും, വേദനക്കും, പ്രതീക്ഷക്കുo അവിടെ മറ്റൊരു അളവ്കോലാണ്. ഒന്നിൽ നിന്നും തുടങ്ങി അനന്തതയിൽ ലയിക്കുന്ന യാനം. അവിടെ ക്ഷീണമില്ല, തടസങ്ങളില്ല, തോൽവികളില്ല, അതിരുകളില്ല, അവിടെ മരണം തന്നെയില്ല. അതിനകത്തുള്ളവർക്ക് യഥാർത്ഥ ലോകത്തുള്ളവരെയോ, അതോ പുറത്തുള്ളവർക്ക് തിരിച്ചോ മനസ്സിലാക്കിയെടുക്കാൻ കഴിഞ്ഞെന്നു വരില്ല.

 

ഞാനതിനുള്ളിലാണ്. ഇവിടെ എന്തിനും സൗന്ദര്യം കൂടുതലാണ്. സമയത്തിനു ദൈർഘ്യം കുറവാണ്. അകലേക്ക് കാഴ്ചകളില്ല. അടുത്ത്, വളരെയടുത്ത്.

 

വയൽവരമ്പ് വിട്ട് കയറ്റത്തിലുള്ള മണ്ണ് വഴിയിലേക്ക്, വലിയപേരാലിൻ്റെ വേരിറങ്ങിയ വഴിയിലൂടെ ശ്രദ്ധിച്ച് കയറി, കാളവണ്ടികളും ആട്ടിൻപറ്റങ്ങളും പോകുന്ന വഴിയിലൂടെ അൽപ്പം നടന്നപ്പോൾ, അകലെ വീട് കാണാം. നീലവാനത്തിൻ്റെ കീഴെ പച്ചപുതച്ച് അത് എന്നെയും കാത്ത് നീണ്ടുകിടക്കുന്ന വഴിയിലേക്കും നോക്കി തലക്ക് കയ്യും കൊടുത്തിരിക്കുന്നു. വല്ലാത്തൊരു സംഭ്രമം. അടുത്തൊന്നും വീടുകളില്ല, വലിയ പറമ്പുകളാൽ ഇടവിട്ട് അവ അകന്ന് കിടക്കുന്നു. പലതരം വൃക്ഷലതാദികൾ തഴച്ച് വളർന്ന് അഹംങ്കാരത്തിൽ ഇടുപ്പിൽ കൈയ്യുംകുത്തി ചുറ്റുംനോക്കി വെല്ലുവിളിച്ചു കൊണ്ടു നിൽക്കുന്നു. അവിടന്ന് വലത്തോട്ട് ചരിവിറങ്ങി അൽപ്പം നടന്നാൽ മീനാക്ഷിയുടെ വീടെത്തും. അതുകൊണ്ട് തന്നെ അവളുടെ അവസ്ഥയും  മറ്റൊന്നല്ല.

 

*************

ചെങ്കല്ല് കെട്ടിയ, കുറുങ്കാടും ചിത്രപ്പുല്ലും കളംവരച്ച അസ്‌ഥിതറയിൽ മഴയേൽക്കാതെ ഓട്ടുമുറികൾക്കുള്ളിൽ ഒരു ദീപം കെടാതെ ഉലഞ്ഞ് കത്തികൊണ്ടിരുന്നു. അമ്മയുടെ മുന്നിൽ വർഷങ്ങൾക്കു ശേഷം ഞങ്ങൾ പഴയ കുട്ടികൾ കണക്കെ എന്തോ പതീക്ഷിച്ച് ഇങ്ങനെ നിന്നു. പെയ്തൊഴിയാൻ വെമ്പി നിൽക്കുന്ന മഴയും, കാറ്റും, ഉലയുന്ന മനസ്സും, അകമെയും പുറമെയും മഴക്കോള്.

 

മക്കളേ…. പിന്നിൽ നിന്നും ഒരു ഇടറിയ തകർന്ന ശബ്ദം. ഗാംഭീരം ഏറെ കൈമോശം വന്നിട്ടുണ്ടെങ്കിലും ആ ശബ്ദം എനിക്കറിയാം, അച്ഛൻ…. തിരിഞ്ഞ് നോക്കാൻ മാത്രം ധൈര്യം കൈമുതൽ ഇല്ലെങ്കിലും നോക്കി. പരുഷമായ മുഖഭാവവും, വെട്ടിയൊതുക്കിയ വലിയ കൊമ്പൻ മീശയും, ചീകി നിവർത്തിയ മുടിയും, വടിപോലുള്ള വസ്ത്രങ്ങളും, വിരിഞ്ഞ നെഞ്ചും, തിളങ്ങുന്ന കണ്ണുകളും അവിടെ കണ്ടില്ല. പഴയ അച്ഛനേയല്ല. ഈ രണ്ടു വർഷത്തിൽ ഒരുപാട് വയസ്സായിരിക്കുന്നു. തളർന്ന് കവിളൊട്ടി, പാറി പറന്ന മുടിയും , ചുവന്ന ചരൽവഴി പോലെ രക്‌തം അരിച്ച് കയറിയ മുഖത്ത് വളർന്ന താടിരോമങ്ങളും, കൂനികൂടിയ ഒരു രൂപം. അച്ഛനെ അങ്ങനെ കണ്ടപ്പോൾ നെഞ്ചിലെവിടെയൊക്കെയോ ഒരു വേദന. സ്നേഹം നമ്മുക്ക് നഗ്നനേത്രങ്ങളിൽ മനസ്സിലാക്കിയെടുക്കാവുന്നതിലും സൂക്ഷ്മമായ എന്തോ പരമാണുവാണ്, ലോകത്തെല്ലാം നിർമ്മിക്കപ്പെട്ടിട്ടുള്ളത് അതിനാലാണ്.

 

ഒരാളില്ലാതാവുമ്പോൾ നമ്മുക്ക് ചുറ്റും അയാളുണ്ടാക്കിയെടുത്ത ഒരു മനോഹരലോകം കൂടിയില്ലാതാവുന്നു. പൂക്കളും പുഴകളും കാടും മലനിരകളും സുന്ദരസന്ധ്യകളും, ഞൊടിയിൽ ചാരമാകുന്നു. ആ ചാരത്തിൽ ചികയുന്ന പക്ഷികൾ നമ്മളെല്ലാം തുല്ല്യ ദുഃഖിതരാണ്. തുല്ല്യ ദുഃഖിതർ ലോകത്താകമാനം സമൻമാരാണ്. നമ്മുക്ക് ഭാഷയുണ്ട്. അതിൻ്റെ ലിപി കണ്ണുനീരാണ്.

 

മക്കളെ …. ആ വിളി പകുതിയൊരു തേങ്ങലായിരുന്നു. പെട്ടികരഞ്ഞ് കൊണ്ട് അച്ഛൻ കാലിടറി നിലത്തിരിക്കാൻപോയി. പെട്ടന്ന് ഉള്ളീന്നാരോ തള്ളിവിട്ടത്

പോലെ ഞാൻ ചെന്ന് താങ്ങിപിടിച്ചു. അലച്ച് കൊണ്ട് അച്ഛനെന്നെ മുറുക്കെ കെട്ടിപിടിച്ച് കരഞ്ഞ് കൊണ്ടിരുന്നു. ആ ശരീരം ഇടക്കിടെ ഉൾകിടിലംകൊണ്ടെന്ന പോലെ വിറക്കുന്നുണ്ട്, എൻ്റെ വിരൽതുമ്പിൽ അശക്തമായ ആ ഹൃദയമിടിപ്പ് തൊട്ടറിയാം.  വെട്ടിപിടിച്ചതെന്ന് കരുതിയതെല്ലാം അശേഷം തകർന്ന് നിലംപൊത്തിയ, നിസ്സാരനായ ഒരു മനുഷ്യൻ്റെ ഹൃദയമിടിപ്പ്. ‘അച്ഛൻ കരയോ…?!!, ഇതെന്ത് മറിമായം. അമ്മയിതെങ്ങാൻ കണ്ടാൽ ഞാൻ കരയീച്ചൂന്നാവില്ലേ.’ ഈ കണ്ട ശക്തരുടെ ശക്തിയെല്ലാം ഒരുപക്ഷെ അവരെ ചുറ്റിയ അശക്തരായിരുന്നിരിക്കണം. ആകാശം കണ്ണ്തുറന്ന് ഒരു മഴതുള്ളി വന്നെൻ്റെ മുഖത്ത് പതിച്ചു. നിമിഷം പ്രതി പെറ്റ് പെരുകി അതൊരു പെരുമഴയായി.

Leave a Reply

Your email address will not be published. Required fields are marked *