മീനാക്ഷി കല്യാണം – 6അടിപൊളി  

 

അയാൾ അത്ഭുതത്തിൽ എന്നെ നോക്കി. അമ്മയാണ് പറഞ്ഞ് തുടങ്ങിയത്…..

 

******

മുന്നിലേക്കുള്ള കാഴ്ചപോലും മറക്കുന്ന എടുത്തൊഴിക്കുന്നതു പോലെ മഴ , ഞാൻ സംഭ്രമത്തിൽ കടവിലേക്കോടി. അവിടെയെവിടെയെങ്കിലും അവൾ ഉണ്ടാകണേയെന്ന് അറിയാതെ മനസ്സാൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.

 

********

കനത്തമഴയെ വകവക്കാതെ ജങ്കാറിൽ ഒരറ്റത്ത് മീനാക്ഷി നിന്നു. അവളെല്ലാം നേരത്തേ തീരുമാനിച്ചിരുന്നു. കണ്ണുനീരെല്ലാം മഴയിലലിഞ്ഞ് ഒന്നായി മാറി. മഴയുടെ ശക്തി കൂടി കൂടി വരികെയാണ്. വളരെ കഷ്ടപ്പെട്ടാണ് ജങ്കാറ് അടുത്ത കരയിലേക്ക് പോകുന്നത്. ചെറുവഞ്ചികളെല്ലാം കരയിലേക്ക് കയറ്റിയിട്ടു. പുഴയിൽ ഒഴുക്കിൻ്റെ വേഗത നിമിഷംപ്രതി കൂടിവരുന്നുണ്ട്, അവളുടെ മനസ്സിൽ സങ്കടമെന്നപോലെ.

 

ഒരു തണുത്തകാറ്റ് അവളുടെ നനഞ്ഞുലർന്ന അളകങ്ങളെ തഴുകി കടന്നുപോയി. അവളെപ്പോഴത്തേയും പോലെ സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി ഒന്നു ചിരിക്കാൻ ശ്രമിച്ചു. അതേ മീനാക്ഷി പോസറ്റീവ് ആണ്, എല്ലാകാര്യത്തിലും, എന്നും…. ഇന്നും… ഈ ചങ്ക്പറിയുന്ന വേദനയിലും അവൾ ആർദ്രമായ ആകാശത്തെ നോക്കി പറഞ്ഞു, മീനാക്ഷി പോസ്റ്റീവ് ആണ്.

 

********

“ മോനേ മീനാക്ഷി,അവൾ എച്ച്.ഐ.വി. പോസറ്റിവ് ആണ്. നന്നേ ചെറുപ്പം തൊട്ടേ ആണ്. ഞാനും, ഇദ്ദേഹവും എല്ലാം എച്ച്.ഐ.വി. പോസറ്റിവ് ആണ്. മുലപ്പാലിൽ നിന്നും കിട്ടിയതാണ് എന്റെ മോൾക്ക്, ഞാൻ കൊടുത്തതാണ്. അന്ന്, ഒന്നും ഒരു അറിവുണ്ടായില്ല, നാണക്കേട് കാരണം അന്വേഷിച്ചുമില്ല, എങ്ങനെയാണ് ഇത് പകരാതെ നോക്കാന്ന്. ഇതിനെ നിയന്ത്രിച്ച് നിറുത്താൻ അന്നും മരുന്നുണ്ടായിരുന്നു. ആർട്ട് മെഡിക്കേക്ഷൻ. ഇവൻ ജനിക്കുമ്പോൾ ഞാൻ അത് ചെയ്തിരുന്നു.  ഒരുപക്ഷെ മീനാക്ഷിയെ പ്രസവിക്കുന്ന സമയത്ത് കുറച്ചൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ, എൻ്റെ മോൾക്ക് ഇതൊന്നും അനുഭവിക്കണ്ടി വരില്ലായിരുന്നു.” അമ്മ തകർന്ന ശബ്ദത്തിൽ പറഞ്ഞ് നിർത്തി.

 

മീനാക്ഷിയുടെ അച്ഛൻ ബാക്കി കൂടി പറയാൻ തുടങ്ങി…

“ഇപ്പോഴത്തെ പോലെ ആർട്ട് ചെയ്ത് കൊണ്ടുപോയിരുന്നെങ്കിൽ, ആർക്കും ഒന്നും അനുഭവിക്കണ്ടി വരില്ലായിരുന്നു. ഞാനാണ് ഇവൾക്ക് കൊടുത്തത്. പ്രായത്തിൻ്റെ ചേരത്തിളപ്പിനു കാട്ടികൂട്ടിയതിന് കിട്ടിയ പ്രതിഫലം.” അയാൾ തലതാഴ്തി തന്നെ പിടിച്ചുകൊണ്ടു തുടർന്നു….

 

എന്റെ തലയിൽ ഇരുട്ട് കയറിയിരുന്നു. ഞാൻ എവിടെയോക്കെയോ പിടിച്ച് നിന്നു.

 

*****

അരവിന്ദൻ ഓടി, തന്നെകൊണ്ട് പറ്റുന്നതിലും വേഗത്തിൽ തന്നെ. മഴയുടെ കനം കൂടികൂടി വന്നു, വസ്ത്രങ്ങളെല്ലാം വെള്ളംകുടിച്ച് ഭാരംവച്ച് പുറകിലേക്ക് വലിച്ചു കൊണ്ടിരുന്നു. കണ്ണിനുള്ളിൽ മഴവെള്ളമൊഴുകി ചുവന്ന് നീറിതുടങ്ങി. കാറ്റിൽ മരച്ചില്ലകളും, ഫലങ്ങളും, ഇലകളും പൊഴിഞ്ഞു വഴിമറക്കുന്നുണ്ട്. അവയിൽ ചിലത് ദേഹത്ത് തട്ടി തെറിച്ച് പോയി. ഇവയൊന്നും അവൻ അറിഞ്ഞത് തന്നെയില്ല. മീനാക്ഷിയുടെ കരഞ്ഞു കലങ്ങിയ മുഖം മാത്രമായിരുന്നു ഉള്ളിൽ. അന്ന് ലോകത്തുള്ള ഒന്നിനും  അവനെ ആ ശ്രമകരമായ പയനത്തിൽ നിന്നും പിടിച്ചു നിർത്താൻ കഴിയുമായിരുന്നില്ല.

 

*****

ജങ്കാറ് കടവെത്തിയ ഇളക്കത്തിൽ, മീനാക്ഷി ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു. കടവിലേക്കിറങ്ങി നടക്കും വഴി പുറകിൽ ഒരു കൂട്ടക്കരച്ചിലും, ബഹളവും ദുശ്ശകുനമായി കേട്ടു.

 

അപ്പുറത്തെ കടവിലേക്ക് പോകാനിറക്കിയ വഞ്ചി മറിഞ്ഞതാണ്. അതിലുണ്ടായിരുന്നവരെല്ലാം വേഗംതന്നെ നീന്തി കരക്ക്കയറി. മുൻപത്തേതിലും ശക്തിയിൽ പുഴയൊഴുകാൻ തുടങ്ങി. കലങ്ങി മറിഞ്ഞ വെള്ളം ഉരുൾപെട്ടിയതു പോലെ കലുഷമായി ഒഴുകിതുടങ്ങി. എന്തൊക്കെയോ, എവിടെനിന്നൊക്കെയേ ഒലിച്ചു വരുന്നുണ്ട്. അതിൽ കടപുഴകിയ മരങ്ങളും, ജീവികളും, വീട്ടുസാമാനങ്ങളും കാണാൻ ഉണ്ട്.

 

“മലവെള്ളമിറങ്ങി, ഇനിയാരും വഞ്ചിയിറക്കരുത്, അത് മരണത്തെ വിളിച്ച് വരുത്തുന്നത് പോലെയാണ്.” ആരോ പറഞ്ഞു.

 

പ്രകൃതി പോലും തന്റെ യാത്ര ശരിവക്കുന്നത് പോലെ, അതിനു കൂട്ടുനിൽക്കുന്നത് പോലെ അവൾക്ക് തോന്നി.

 

ഇനിയാരെങ്കിലും തന്നെ അന്വേഷിച്ച് വന്നാൽ പോലും, പുഴവരച്ച ഈ അഗ്നിരേഖ മറികടക്കാൻ മനുഷ്യരായവർ ആർക്ക് കഴിയും.

 

****** മഴനീര് വീണ് വഴുക്കലായ ചെളിമണ്ണിൽ തെന്നി ചരിവിലേക്ക് അരവിന്ദൻ, കയ്യ് കുത്തിയുരഞ്ഞ് നിരങ്ങിവീണു. കയ്യും കാലുമെല്ലാം തൊലിപോയ നീറ്റലും പുകച്ചിലുമൊന്നും അവനറിഞ്ഞതേയില്ല. അവിടന്നെഴുന്നേറ്റ് മഴവെള്ളമിറങ്ങി കുഴഞ്ഞ് കിടക്കുന്ന വയൽമണ്ണിലേക്ക് ചാടിയിറങ്ങി ഓടിതുടങ്ങി. ചളി, കാലിനെ തടയാൻ കഴിവതും നോക്കുന്നുണ്ട്. തോറ്റുകൊടുക്കാൻ അരവിന്ദന് അതവൻ്റെ ജീവിതമായിരുന്നു.

 

തൃശ്ശൂർപൂരത്തിനു ആണ്ട്തോറും പകൽ മൂന്നിനു നടക്കാറുള്ള ഗംഭീരവെടിക്കെട്ട് ഈ തോരാത്ത മഴയിൽ മാറ്റിവച്ചു. അന്ന് കാലാകാലങ്ങളായി വഴക്കമില്ലാത്തത് പോലെ, കല്പ്പാന്തത്തിൽ തോൽവിയടഞ്ഞ്, കമ്പക്കെട്ടിൻ്റെ ഘോഷങ്ങളില്ലാതെ, കരിമരുന്നിൻ്റെ ത്രസിപ്പിക്കുന്ന ഗന്ധമില്ലാതെ ദൈവങ്ങൾ പോലും ഉറക്കമായി. മഴ…, ഒടുങ്ങാത്ത മഴ…., ദൈവങ്ങൾ പോലും തേറ്റുപോയ മഴ.

 

പക്ഷെ മനുഷ്യൻ…. കല്ലിനെ ദൈവമാക്കിയ മനുഷ്യൻ, തുള്ളിയുറഞ്ഞെത്തിയ വെളിച്ചപ്പാടിൻ്റെ തലയരിഞ്ഞ്, കൊടും കാട് വെട്ടി, പൂരം തീർത്ത മനുഷ്യൻ.  മണ്ണിനും കാറ്റിനും കടലിനും കാട്ടാറിനും കീഴടങ്ങാത്ത മനുഷ്യൻ.

 

മലതുരന്ന് വഴിതീർത്ത മനുഷ്യൻ, കടലളന്ന് കരതീർത്ത മനുഷ്യൻ, കരയെത്താത്ത വാനങ്ങളിൽ കൽവച്ച് നടന്ന മനുഷ്യൻ. അവനു മുന്നിൽ പ്രകൃതി തോറ്റതിൽ അത്ഭുതമുണ്ടോ.

 

അവരിൽ പ്രമുഖൻ, കാമുകൻ…, പ്രണയിക്കുന്നവൻ !…. അരവിന്ദൻ…. അവനോടി…, മഴയേയും, എതിരെ ചുഴറ്റിവീശുന്ന കാറ്റിനെയും കീറിമുറിച്ച്, അവൻ്റെ പ്രണയത്തിനു വേണ്ടി…

******

“മോനേ, ഞങ്ങൾ രണ്ടുപേരും വലിയവരായിരുന്നു, ഞങ്ങൾക്കു പലയിടത്തും പിടിച്ചു നിൽക്കാം, പക്ഷെ അവളു കൊച്ചുകുഞ്ഞായിരുന്നു. ആ പ്രായത്തിലേ താങ്ങാവുന്നതിലേറെ അപമാനം അവൾ അനുഭവിച്ചിട്ടുണ്ട്. എല്ലാവർക്കും അറിയാമായിരുന്നു അവൾക്കു ഈ അസുഖം ഉണ്ടെന്ന്. അവരെല്ലാം പരമാവധി അകൽച്ച അവളോടു കാണിച്ചിട്ടുണ്ട്. കൂട്ടുകാരും, പരിചയക്കാരും, എന്തിന് ഈ നിൽക്കുന്ന ഇവൻ വരെ. ഇതെല്ലാം ഞങ്ങളെ എല്ലാവരെയും ബാധിക്കുന്ന കാര്യമായത് കൊണ്ട് തന്നെ പലപ്പോഴും അവളെ മാത്രം വിളിച്ച് സമാധാനിപ്പിക്കാൻ  ആർക്കും കഴിഞ്ഞിരുന്നില്ല.”

 

“ചെറുപ്പം മുതലെ വിട്ടൊഴിയാതെ രോഗങ്ങളായിരുന്നു, ഒന്നല്ല ഒരു നൂറുകൂട്ടം, ആശുപത്രി കിടക്കയിലെ സുഹൃത്തുക്കൾ ഓരോരുത്തരായി കൺമുൻപിൽ വച്ച് മരിച്ചപ്പോഴും, ഒന്നിനും അവള് കീഴടങ്ങീല. ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് എൻ്റെ മോളെന്താ ആത്മഹത്യ ചെയ്യാതിരുന്നതെന്ന്. അവൾക്ക് ഈ നശിച്ച ജീവിതത്തിലും ഭേദം എന്തുകൊണ്ടും മരണം തന്നെയായിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *