മീനാക്ഷി കല്യാണം – 6അടിപൊളി  

 

അച്ഛൻ വേഗം ഞങ്ങളുടെ കയ്യും പിടിച്ച് ഉമ്മറത്തേക്ക് നടന്നു ഇപ്പോൾ ആ മുഖത്തൊരു ചിരിയുണ്ട്. ആരെയോ ചുറ്റിലും നോക്കിയത് കാണിച്ച് കൊടുക്കുന്നുണ്ട്.

 

വീടും മുറ്റവും ഒന്നും പഴയത് പോലെയില്ല. അടിച്ചുവാരി സുന്ദരമായി കിടക്കാറുള്ള മുറ്റത്ത് ആകെ കറുകപുല്ല് വളർന്ന് പടർന്ന് നിറഞ്ഞു, വരമ്പിൽ അവിടവിടെ പൊന്തക്കാട്ട് വളർന്ന് അതിരു കാണാതായായി, ഒരുപാട് ദിവസത്തെ പത്രങ്ങൾ ഇറയത്ത് കുന്നുകൂടി കിടക്കുന്നു, ഉത്തരം ചിലന്തികൾ കയ്യടക്കിയിട്ട് കാലം കുറെ ആയെന്നു തോന്നുന്നു, അവരവരുടെ ഇണകളെ ദ്രവിച്ച കഴുക്കോലിൽ ചേർത്ത് നിർത്തിപൂശുന്നു, കൊല്ലുന്നു, ശവം  വഴിയിലുപേക്ഷിച്ച് പോകുന്നു. കരിയിട്ടു പിടിച്ച ഉമ്മറത്തിൻ്റെ മങ്ങിയ തറ പണ്ട് മുഖം നോക്കാൻ പാകത്തിൽ തിളങ്ങുമായിരുന്നു. ഐശ്വര്യം ഒരു എണ്ണവിളക്കിൻ്റെ തിരികണക്കെ കാറ്റിൽ അണഞ്ഞു പോയ വീട്. വിണ്ണിലെ സ്വർഗ്ഗം മണ്ണിൽ വീണുടഞ്ഞിരിക്കുന്നു.

 

ആരുമില്ല അച്ഛനും കുറേ ഇരുട്ടും മാത്രമേ ആ വീട്ടിലുള്ളു. കുറച്ചപ്പുറം ഉള്ള ശന്തോച്ചി രാവിലെ തന്നെ ഓടിപിടഞ്ഞ് വന്ന് കുറച്ച് സമയത്തിൽ ചോറും ഒരു ഒഴുക്ക് കറിയും വച്ച്, വീട് മൊത്തം ഒന്നു ഓടിച്ച് വൃത്തിയാക്കി അതിലും വേഗത്തിൽ തിരിച്ച് വീട്ടിൽ പോകും, അവർക്ക് ഉച്ചക്ക് സൂര്യടീവിലെ കോലങ്ങൾ സീരിയല് കാണണ്ടതാണ്. വല്ലപ്പോഴും തോന്നിയാൽ മാത്രം മുറ്റവും അടിക്കും. മാസം ഉറുപ്പിക പതിനായിരത്തിൽ വാങ്ങാൻ മാത്രം ഉഴപ്പില്ല. ചേടത്തി ഇടക്ക് വന്നുപോകും, അവൾടെ ഇപ്പഴത്തെ പോസ്റ്റിംങ് ഇവിടെത്തെ മാലിന്യ നിർമാർജന ബോർഡിൻ്റെ ചെയർമാൻ ആയാണ്, ടൗണിൽ ഒഫീഷ്യൽ വസതിയുണ്ട്. ഞാൻ വന്നതറിഞ്ഞാ എന്തായാലും പിള്ളേരേം കൊണ്ട് കെട്ടിയെടുക്കാൻ സാധ്യതയുണ്ട്. അവക്കിവിടെ വന്ന് സ്ഥിരം നിന്നാലെന്താ, ഒരു മണിക്കൂറിൻ്റെ ദൂരല്ലെ ഇള്ളു, സർക്കാര് വണ്ടിയുള്ളതല്ലെ. സർക്കാരിൻ്റെ എണ്ണ കുറച്ച് അങ്ങട് കത്തട്ടെ. അല്ലേലും പണ്ടും അച്ഛനടക്കം എല്ലാർക്കും സ്വന്തം കാര്യങ്ങള് മാത്രേ ഇണ്ടായിരുന്നുള്ളോ.

 

മഴക്ക് പ്രാന്ത് പിടിച്ച് തുടുങ്ങി. തലങ്ങും വിലങ്ങും പെയ്ത് തന്നെ. എന്തായാലും വിളക്കും, നിറയും ഒന്നുമില്ലാതെ തന്നെ മീനാക്ഷി ആ വീടിൻ്റെ അകത്തളത്തിലെത്തിപ്പെട്ടു.

 

കുളിച്ച് ഇറങ്ങുമ്പോൾ കാണുന്നത് എന്തോ ചിന്തിച്ച് കമന്നു കിടക്കുന്ന മീനാക്ഷിയെയാണ്. എവിടന്നോ ഒരു ഓറഞ്ച് ധാവണി സംഘടിപ്പിച്ച് ഉടുത്തിട്ടുണ്ട്. മുന്നിൽ പൊറ്റക്കാടിൻ്റെ ഒരു ദേശത്തിൻ്റെ കഥയിലെ, മഴയത്ത് കുട കൊടുക്കുന്ന ആ മനോഹരവും നിഷ്കളങ്കവുമായ പ്രണയരംഗം തുറന്ന് വച്ചിട്ടുണ്ട്, പണ്ടെങ്ങോ ഞാനത് അടയാളപ്പെടുത്തി വച്ചതും മുന്നിൽ നിവർത്തി വച്ച്, കാലുരണ്ടും അന്തരീക്ഷത്തിൽ വെറുതേയിളക്കി അവളിങ്ങനെ കിടപ്പാണ്. അവളുടെ പുറത്തിനു കീഴേക്ക് നിതംബത്തിൻ്റെ ഉയർച്ച തുടങ്ങുന്നത് വരെയുള്ള വളവിൽ ഞാൻ വെറുതെ നനഞ്ഞ വിരലോടിച്ചു. കാര്യപ്പെട്ട ആലോചനയിൽ നിന്നും ഞെട്ടിയെണീറ്റ് അവളൊരു പതിഞ്ഞചിരി തന്നു ചോദിച്ചു.

“ഇവര് ഒരുമിക്കില്ലെ?!!” ഞാൻ ഒന്നും പറഞ്ഞില്ല. അതിനെ കുറിച്ച് പൊറ്റക്കാടും ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ ഒരുമിക്കില്ല എന്നത് ആർക്കും ഊഹിക്കാം. ഉത്തരം പറഞ്ഞില്ല.

 

*******

കൂട്ടാനൊക്കെ ഒരു വകയായത് കൊണ്ട്, ഞാൻ തേങ്ങ ഒരു മുറിയെടുത്ത് കനലിൽ ചുട്ട് , തൊടിയിൽ നിന്ന് നല്ല കാന്താരിയും മൂത്തകറിവേപ്പിലയും പൊട്ടിച്ച്, ഇത്തിരി കൂടംപുളിയും ചെറുള്ളിയും ചേർത്ത് നല്ല ശുദ്ധമായ ചക്കിലാട്ടിയ വെളിച്ചെണ്ണയിൽ വാട്ടി, അമ്മിക്കല്ലിൽ വച്ച് ചതച്ച് എടുത്ത് ചമ്മന്തിയാക്കി. പുളിതലക്ക് പിടിച്ച ഒരുതരി മോരെടുത്ത് , മഞ്ഞളും കുരുമുളകും ചതച്ച വെള്ളുള്ളിയും ചേർത്ത് കാച്ചിയെടുത്ത് എല്ലാവരും ഭക്ഷണം കഴിച്ചു. അച്ഛൻ ഇത്രനാളും ഭക്ഷണം കാണാത്ത കണക്ക് അതു ഒരുപാട് കഴിച്ചു. കണ്ണീരും നിലക്കാതെ ഒഴുകുന്നുണ്ടായിരുന്നു. അവസാനം ഒരു വേദനയുള്ള ചിരിവരുത്തി എന്നെ നോക്കി ഇങ്ങനെ മാത്രം പറഞ്ഞു.

 

“അവളുണ്ടാക്കണ അതേ രുചി.”

 

എനിക്ക് മറുപടി ഒന്നും പറയാൻ ഉണ്ടായിരുന്നില്ല, അച്ഛന് കേൾക്കാനും.

ശരിയാണ് ഇത് അമ്മയുടെ സിഗ്നേച്ചർ വിഭവങ്ങളായിരുന്നു. മീനാക്ഷി ഒന്നും മിണ്ടിയില്ല. അവൾക്ക് ഈ രുചി ഇതിനകം ശീലമായിട്ടുണ്ടല്ലോ. അതോണ്ട് അവള് മിണ്ടാതെയിരുന്ന് നല്ല കീറുകീറി.

 

*******

സംസാരിച്ച് ഇരിക്കലെ ഉച്ചമയങ്ങി, സന്ധ്യയുണർന്ന് വയലോരത്തവൾ സർക്കീട്ടിനിറങ്ങി. വിചാരിച്ച പോലത്തന്നെ. ചേടത്തിയും രണ്ടു തലതെറിച്ച പിടുങ്ങുകളും കറക്റ്റ് സമയത്ത് തന്നെ ഓടികിതച്ചെത്തി. ഓടിവന്ന് മീനാക്ഷിയെ കെട്ടിപിടിച്ചു സന്തോഷം കാട്ടി, എന്നെയൊന്ന് ഇരുത്തി നോക്കി, അവള് നേരെ അടുക്കളയിലേക്കോടി. ബാക്കിയിരുന്ന തേങ്ങാചമ്മന്തിയും മോരു കാച്ചിയതും ചോറും, രണ്ടു പപ്പടവുമായി തിരിച്ച് വന്ന് പണിതുടങ്ങി. ഇതൊക്കെ എങ്ങനെ മണത്ത് കണ്ടുപിടിക്കണാവോ. പണ്ട് അവളു വരണ കാലത്ത് അങ്ങ് മുസോറിയിലെ ഐ.എ.എസ്. ട്രൈനിംങ് കാമ്പിലെ ടേബിൾ മാനേഴ്സ് ആയിരുന്നു എല്ലാത്തിലും. അവിടെ വച്ചാണ് ചേട്ടനും അവളും പ്രേമത്തിലായത് തന്നെ. രണ്ട് പിള്ളേരായേപ്പിന്നെ ഗ്രഹണിപിടിച്ച പിള്ളേര് ചക്കക്കൂട്ടാൻ കണ്ടപോലെയാണ് അവളുടെ തീറ്റ.

 

ഞാൻ വെറുതെ അവളുടെ ആർത്തിനോക്കി. പ്രത്യേകിച്ച് നന്ദിയൊന്നും ഇല്ലെങ്കിലും, തളർത്താൻ പറ്റിയാലതും ചെയ്യുമെങ്കിലും അവക്ക് ഞാൻ ഉണ്ടാക്കണതെല്ലാം ജീവനാണ്. എന്നെക്കാളും ഒരു വയസ്സ് താഴെയാണ്. അതുകൊണ്ട് തന്നെ ഇവളായിരുന്നു അച്ഛൻ്റെ എനിക്കെതിരെയുള്ള പ്രധാന ആയുധം. അവളതിനൊത്ത് ഉണ്ടകയ്യിനെ പുച്ഛിക്കുകയും ചെയ്യും. ഞാൻ ഉണ്ടാക്കണ ഭക്ഷണം കുത്തിക്കേറ്റി എനിക്ക് തന്നെ പണിതരുന്ന ഒരു പ്രത്യേക സാധനം. അവളു മരംപൊടിക്കണ മെഷീനിൽ പൂളത്തടിയിറക്കുന്ന പോലെ പപ്പടം വലിയ ശബ്ദത്തിൽ വായിലേക്ക് കുത്തികയറ്റി, അതിനു പിന്നലെ ഒട്ടും സമയം കൊടുക്കാതെ ഒരുരുളയും തിരുകി. ശവം..!!, പിള്ളേരെ പറ്റിയൊക്കെ അവളു മറന്നൂന്ന് തോന്നണു. ഞാൻ പോകുമ്പോ കുറച്ച്കൂടി ചെറിയ പിള്ളേരായിരുന്നു. ഇപ്പോൾ ആരെയും ശല്യം ചെയ്യാൻ പാകത്തിൽ വളർന്ന് വലുതായി മുറ്റിനിൽക്കുന്നു രണ്ടും.

 

ഇതിനിടേല് അവരുടെ ആർത്തി തലക്ക്പിടിച്ച് പ്രാന്തായ തള്ള, ചേടത്തി, അവള് എന്നെ നോക്കുന്നുണ്ട്, ഒരു ചെറിയ ആശ്വാസത്തിൻ്റെ ചിരി അവളുടെ ചുണ്ടിലെവിടെയോ ഉണ്ട്. അതവൾ പുറത്ത് വരാതെ പിടിച്ച് നിറുത്തിയിട്ടുണ്ട്. കണ്ണില് ചെറിയ നനവ് പടരുന്നത് പോലെ. ഞാൻ വെറുതേ ചിരിച്ചുകൊണ്ട്, അവളോട് നിറുത്തണ്ട, പണിതുടരട്ടേന്ന് മുഖമിളക്കി ആക്ഷൻ കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *