മീനാക്ഷി കല്യാണം – 6അടിപൊളി  

 

“ അതിന് … അതിന് ന്നെ അന്ന് കണ്ടിട്ടുണ്ടോ.!!” ആ കണ്ണെല്ലാം വിടർന്നുവന്നു.

 

“ഇല്ല, പക്ഷെ കൊറേ.. കൊറെ.. കേട്ടിട്ടുണ്ട്, അതുവച്ച് മനസ്സിൽ ഞാനൊരു രൂപം അങ്ങട് ഇണ്ടാക്കി.” അവൾക്കാകെ അത്ഭുതം.

“ഒരിക്കെ ചേടത്തി അവളുടെ ഒരു കസ്സിന് വേണ്ടി നിന്നെ  കല്ല്യാണമാലോചിച്ചാലോന്നു പറഞ്ഞേ വീട്ടിലെല്ലാരോടും, അത്ര സുന്ദരിയാണ്, നല്ല കുട്ടിയാണ് എന്നൊക്കെപറഞ്ഞപ്പൊ, ഞാൻ ഇണ്ടല്ലോ… അപ്പെല്ലാം മച്ചിലിരുന്നു കേട്ടിരുന്നേ. അന്നു ഞാനിങ്ങനെ ഇവിടെ വെളിയിൽ ഓട്ടിൻ പുറത്തിരുന്നു ഇതുപോലെ അമ്പിളിയേം നക്ഷത്രങ്ങളൊക്കെ കാണായിരുന്നു, അന്ന് ആകാശം നിറയെ നക്ഷത്രങ്ങളായിരുന്നേ. അതൊക്ക ഇടക്കിങ്ങനെ പെയ്തിറങ്ങാറുണ്ടേ…! അവരൊക്കെ താഴെ ആയോണ്ട് എന്നെ കണ്ടിരുന്നില്ല. അപ്പൊളിണ്ട് അമ്മ പറയണു ‘അവള് ഉണ്ണിക്ക് പറ്റിയ കുട്ടിയാന്ന്’. എനിക്കങ്ങട് നാണം വന്നില്ലെ. അപ്പൊ പക്ഷെ എല്ലാരും കൂടി അമ്മേനെ കളിയാക്കി; ‘ഒരു വേലേം കൂലീം ഇല്ലാതെ, നാട്ടിൽ തേരാപാരാ തെണ്ടി നടക്കണോനെയൊക്കെ എങ്ങനെയാ പുറത്തൊക്കെ പഠിച്ചു വളർന്ന, കോളേജിലൊക്കെ പഠിപ്പിക്കണ ഇത്രനല്ല കുട്ടിക്ക് ഇഷ്ടാവാ ന്ന് പറഞ്ഞിട്ട്.’ എനിക്കാകെ സങ്കടംവന്നേ. എന്നെ അങ്ങനെ പറഞ്ഞോണ്ടല്ല, അമ്മക്ക് ഞാൻ കാരണം കളിയാക്കല് കേക്കണ്ടി വന്നല്ലോന്ന് വച്ച്ട്ട്. എനിക്കിതൊക്കെ ശീലായിരുന്നു.പക്ഷെ അമ്മക്ക് അങ്ങനെയല്ലല്ലോ. ഒരുതരത്തിൽ പറഞ്ഞാൽ ഞാനാണ് എല്ലാത്തിനും കാരണം. ഒരുപാട് തീ തിന്നിട്ടാ അമ്മ പോയത്.” എന്റെ കണ്ണ് ചെറുതായിട്ട് നനഞ്ഞു. മീനാക്ഷിയുടെ കണ്ണിൽ നോക്കുമ്പോ, അവിടെയാകെ കണ്ണീര് വന്ന്നിറഞ്ഞ്, സ്പടികപാത്രത്തിൽ നിറഞ്ഞ ഒരുതടാകമായി മാറിയിട്ടുണ്ട്, അതിൽ നിലാവ് വെള്ളാരംക്കല്ലെറിഞ്ഞ് കളിക്കുന്നുണ്ട്.

 

ഞാൻ വേഗം സന്ദർഭം തമാശയാക്കാൻ പാട്പെട്ടു.

 

“ അങ്ങനെയങ്ങനെയങ്ങനെ… അന്ന് രാത്രി ഞാനിങ്ങനെ വന്ന് ചുരുണ്ടുംകൂടി കിടന്നപ്പോ, നിലാവിങ്ങനെ പതിയെപതിയെ മുറിയിലാകെ നിറഞ്ഞ്നിറഞ്ഞ് വന്നു. ഞാനറിയാതെ തന്നെ നിന്നെ വെറുതേ ഓർത്തു. ഓർക്കാൻ പ്രത്യേകിച്ച് ചെലവൊന്നുമില്ലല്ലോ,  ചുമ്മാ അങ്ങേട് ഓർത്തൂന്നേ. ആരാ ചോയ്ക്കണേന്ന് കണണല്ലോ.!! അല്ലപിന്നെ അരവിന്ദൻ്റെ അടുത്താകളി…” മീനാക്ഷിക്ക് ചിരിപൊട്ടി “അപ്പൊ ഉണ്ടടാ, ഇത്പോലെ സെറ്റ്സാരിയൊക്കെ ഉടുത്ത് മന്ദം മന്ദം, ൻ്റെ മീനാക്ഷികുട്ടി വരണു സമാധാനിപ്പിക്കാൻ. പിന്നെ നമ്മളിങ്ങനെ മിണ്ടീം പറഞ്ഞൊക്കെ ഇരുന്ന് അങ്ങനെയങ്ങനെ, അങ്ങട് ഉറങ്ങിപോയി.” ഞാൻ അവളെ ചേർത്ത് കെട്ടിപുണർന്നു. വല്ലാത്തൊരു ലോകംകീഴടക്കിയ സുഖം.

 

“ അന്നു കണ്ട അതേ ഛായ തന്നെയാണൊ ൻ്റെ മുഖത്തിന്” അവൾ കണ്ണ്നിറച്ച് കൊണ്ട് ആകാംഷയിൽ ചോദിച്ചു.

 

“അന്നൊരു മുഖം ഇണ്ടായില്ല, പക്ഷെ എൻ്റൊരു ഊഹം വച്ച് ശരീരo എതാണ്ട് ഇത് പോലെന്നെ ആയിരുന്നു” ഞാൻ ഒരു കള്ളചിരിചിരിച്ചു.

 

“ ശ്ശീ, വഷളൻ” അവളെന്റെ നെഞ്ചിലൊരിടിയിടിച്ചു. “പറയ്. ഞാൻ അന്നുകണ്ട അത്ര സുന്ദരിയാണോ?” അവളെന്റെ കണ്ണിൽ നോക്കിയാണ് ചോദിച്ചത് കള്ളംപറയാൻ പറ്റിയില്ല.

 

“അന്ന് ഞാൻ സൗന്ദര്യമായിട്ട് നിന്റെ സ്നേഹം മാത്രേ കണ്ടുള്ളു. അങ്ങനെ നോക്കാണെങ്കിൽ നീ ഇന്ന് അതിലും സുന്ദരിയാണ്.” അവളേതോ നിർവൃതിയിൽ പതിയെ ചിരിച്ചു. ആ നിറഞ്ഞ കണ്ണൊന്ന് തുളുമ്പി, ഒരുകുഞ്ഞു പനിനീർതുള്ളി താമരയിതൾ പോലുള്ള കവിളിണകളിൽ തഴുകിയിറങ്ങി എന്റെ വിടർത്തി വച്ച കൈവള്ളയിൽ വന്നുവീണു. ഞാൻ അത് ചുരുട്ടി നെഞ്ചോട് ചേർത്തു.

 

“ മീനാക്ഷി” ഞാൻ കണ്ണടച്ചിരിക്കുന്ന അവളെ വിളിച്ചു.

 

“മ്മ്..” അവൾ അടച്ചമിഴികൾ തുറക്കാതെ വിളികേട്ടു. ഞാനാ കൈകൾ കവർന്നെടുത്തു.

 

“നിനക്ക് എന്നെങ്കിലും, അവരു പറഞ്ഞപോലെ എന്നെപറ്റി തോന്നാണെങ്കിൽ, എന്നെ സ്നേഹിക്കാൻ കൊള്ളില്ലാന്നു തോന്നാണെങ്കിൽ, നീയത് ആദ്യം എന്നോട് പറയില്ലെ.  എന്നെ.., എന്നെ നീ ശരിക്കും സ്നേഹിക്കുന്നില്ലേ.” ഞാൻ ഒരു യാചകൻ്റെ പ്രതീക്ഷയിൽ അവളെ നോക്കി.

 

അത് അകത്തും പുറത്തും ഒരു മഴയുടെ തുടക്കമായിരുന്നു. പാൽനിലാവമ്പിളിയെ കാർമേഘം വന്ന് മൂടി, ഇടിമിന്നൽ ആകാശത്ത് പടർന്നു പന്തലിച്ചു. മഴപെയ്യുന്നതിലും ശക്തമായി അവളുടെ മിഴി പെയ്തിറങ്ങി. അവൾക്കു ഉത്തരംപറയാൻ എന്നല്ല സംസാരിക്കാൻ കൂടി കഴിയുന്നുണ്ടായിരുന്നില്ല.

 

ഒരാർത്തനാദത്തിൽ, അവളെൻ്റെ നെഞ്ചിൽ മഴയെന്ന പോലെ അലച്ചുതല്ലിവീണു. നെഞ്ച് പുതുമണ്ണ് പോലെ നനഞ്ഞു.

 

“ ന്നെ… യീ… ജീവിതത്തിൽ ആരെങ്കിലും സ്‌നേഹിച്ചിട്ടുണ്ടെങ്കിൽ… അത് നിങ്ങള്…. നിങ്ങള് മാത്രമാണ് ഉണ്ണിയേട്ടാ..” ആ വാക്കുകൾ ഇടറി മുറിഞ്ഞ് പോകുന്നുണ്ടായിരുന്നു. “ഇനിയും… ഈ ലോകം മുഴുവൻ എന്നെ വെറുത്താലും നിങ്ങളെന്നെ സ്നേഹിക്കൂന്ന് എനിക്കറിയാം. മീനാക്ഷിക്കത് മാത്രം മതി. യിപ്പൊ.. യീ… നിമിഷം ചത്ത് പോയാലും, കണ്ണടയടണേന് മുന്ന് നിങ്ങടെ മുഖാ ഓർക്കുള്ളോ.” ആ വാക്കുകൾ പാതിതേങ്ങലായിരുന്നു.

 

ഞാൻ കൂടുതൽ ഒന്നുംപറയിപ്പിക്കാതെ അവളെ നെഞ്ചിലേക്ക് അണച്ച് ചേർത്ത്പിടിച്ചു. എനിക്ക് ആദ്യമായിട്ടായിരുന്നു ഇത്രയും നിർവൃതി തോന്നുന്നത്. ജീവിതത്തിന് ഒരു അർത്ഥമുള്ളത് പോലെ തോന്നുന്നത്.

 

“ നിങ്ങക്ക് അറിയില്ല, മീനാക്ഷിക്ക് ഈ ജീവിതത്തിൽ തോന്നിയ ഒരേയൊരു പ്രണയം…. അത് നിങ്ങളാണ്.”

 

ഞാൻ അവളെ കുറച്ച്കൂടി ഇറുക്കി കെട്ടിപിടിച്ചു.

 

കുറേനേരം നിശ്ശബ്ദത ആ മുറിയെ കീഴക്കി , ശ്വാസതാളം മാത്രം ബാക്കിയായി.

 

“ഇനി എന്തൊക്കെയാ അന്നത്തെ ദിവാസ്വപ്നത്തിൽ ഉള്ളത്ന്ന് വച്ചാൽ ചെയ്താല്ലോ?!!” മീനാക്ഷി കുസൃതിയോടെ നെഞ്ചിൽ വിരൽവരച്ച് ചോദിച്ചു.

 

“ഒന്നും ഉണ്ടായില്ല, നമ്മളിങ്ങനെ ഇറുക്കികെട്ടിപിടിച്ച് കിടന്നുറങ്ങി. എനിക്കന്ന് അത്രയേ വേണ്ടീരുന്നുള്ളു.” ഞാൻ കയ്യൊന്നയച്ച് ഒന്നുകൂടി മുറുക്കെ അവളെ എന്നോടുചേർത്ത് നിശ്ശ്വാസമെന്നോണം പറഞ്ഞു.

 

“എനിക്കും” മീനാക്ഷി പറഞ്ഞ വാക്കിന് അവളോളം ആഴമുണ്ടായിരുന്നു. ഞങ്ങൾ അന്നും, എന്നും…. തുല്ല്യ ദുഃഖിതർ ആയിരുന്നു.

 

*******

പിറ്റേദിവസം രാവിലേതൊട്ടെ പണിയായിരുന്നു. മുറ്റം കാടുംപടലവും ഒക്കെ വെട്ടി ഒന്നു വൃത്തിയാക്കി, വീടിനകവും ഒന്ന് ഒതുക്കി, മാറലയും പൊടിയും എല്ലാം തട്ടി, പതിയെ ഉച്ചക്കുള്ള ഭക്ഷണത്തിൻ്റെ നീക്കത്തിലായി. എല്ലാവരും കൂടി ഉഷാറായി ഭക്ഷണമെല്ലാം കഴിച്ച് വെറുതേ വർത്തമാനമെല്ലാം പറഞ്ഞിരുന്നു. എല്ലാവർക്കും ആകെ സന്തോഷം. മീനാക്ഷി മാത്രം ഒരു മൂടികെട്ടിയ പോലെ നടപ്പാണ്. എന്തൊക്കെയോ അവൾക്ക് പറയാൻ ഉണ്ടെന്ന് തോന്നി. കൊഴപ്പമില്ല എന്തായാലും ഇനി കുറച്ച്ദിവസം ഇവിടെയുണ്ടല്ലോ, അവളുടെ മനസ്സൊക്കെയൊന്ന് തണുക്കട്ടെ. പതുക്കെ ചോദിച്ചു മനസ്സിലാക്കാം.

Leave a Reply

Your email address will not be published. Required fields are marked *