മീനാക്ഷി കല്യാണം – 6 Likeഅടിപൊളി  

 

കരയിലേക്ക് ബാഗും തൂക്കി ചാടിയിറങ്ങി ഞാൻ മീനക്ഷിക്കിറങ്ങാൻ കൈനീട്ടി. അവൾ പതിയെ എൻ്റെ കൈപിടിച്ചിറങ്ങി. കണ്ണെല്ലാം കരഞ്ഞ് കരഞ്ഞ് വീർത്തിരിപ്പുണ്ട്.

 

ഞാൻ ഒരു ഒഴുക്കൻമട്ടിൽ കുറുമാലിപ്പുഴയെ നോക്കി അവൾക്കു മുകളിൽ ജഡ കെട്ടിയ വാർമുടിയെന്ന കണക്കെ മഴമേഘങ്ങൾ കൂടുകൂട്ടുന്നുണ്ട്. പെയ്യാൻ കാത്തു നിൽക്കുന്ന മഴ. ആ ഭീകരത അന്തരീക്ഷത്തിലും കണ്ണാടി കണക്കെയുള്ള പുഴയിലും പ്രതിഫലിക്കുന്നുണ്ട്. ഭീകരതയോട് എന്നും ഒരു കമ്പം മനുഷ്യന് മനസ്സിൽ ബാക്കി കിടപ്പുണ്ട്.

 

നാട്ടുകാർ ചിലർ പുറുപിറുക്കുന്നുണ്ട്. ഞങ്ങൾക്ക് അതൊന്നും ശ്രദ്ധിച്ച് നിൽക്കാൻ സമയമുണ്ടായില്ല അതുകൊണ്ട് നടന്നു. തീർച്ചയായും അവർക്ക് ദേഷ്യം കാണും, ന്യായം തന്നെ. ഒരു കല്യാണം മുടക്കുക എന്ന് വച്ചാൽ, നാട്ടുകാരുടെ മെത്തം വെറുപ്പും വാങ്ങികൂട്ടുക എന്നാണർത്ഥം. പണ്ടെങ്ങാണ്ട് മാക്ക്വിവില്ലി പറഞ്ഞ പോലെ “നിങ്ങൾ ഒരാളുടെ അച്ഛനെ കൊന്നാൽ അയാൾ ഒരുപക്ഷെ ഭാവിയിൽ നിങ്ങളോട് ക്ഷമിച്ചെന്ന് വരും, പക്ഷെ അയാൾക്ക് കിട്ടാനിരുന്ന എന്തെങ്കിലും ഒരു മുതല് നിങ്ങൾ മുടക്കിയെന്നറിഞ്ഞാൽ, മരിച്ചാലും അയാൾ നിങ്ങളോട് പൊറുക്കില്ല”. ഒരു നേരത്തെ സുഭിക്ഷമായ സദ്യയാണ് ഞാൻ മുടക്കിയിരിക്കുന്നത്. ആരെങ്കിലും പിച്ചാത്തി വീശുന്നതിന് മുന്നെ വീട് പിടിക്കാൻ നോക്കാം.

 

ചായ സമോവറിൽ നിന്ന് ആവി പറക്കുന്ന ഒരു കവലയിൽ വച്ച് മീനാക്ഷി വെട്ടിതിരിഞ്ഞ് എന്നെ നോക്കി ചിരിച്ചു. ഉദയ സൂര്യൻ്റെ കിരങ്ങൾ അവളുടെ നേർത്ത കവിളുകളിൽ തട്ടി സ്വർണ്ണവർണ്ണത്തിൽ പ്രതിഫലിച്ചു. അവൾക്കറിയാം എനിക്കിതൊക്കെ, പ്രത്യേകിച്ച് വീട്ടിലേക്കുള്ള തിരിച്ചുപോക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്. അവൾക്ക് വേണ്ടി മാത്രമാണിത് ചെയ്യുന്നതെന്നും.

 

അവൾ തിരിഞ്ഞ് കൊച്ചുകുട്ടിയെ പോലെ, താളത്തിൽ മുന്നോട്ട് നടന്നു തുടങ്ങി. നാട്ടിലെത്തിയത് സന്തോഷമായിട്ടുണ്ട്.

 

മണ്ണിട്ട വഴി കടന്ന്, ചരിവിറങ്ങി പൂത്ത് നിൽക്കുന്ന പറങ്കിമാവുകളുടെ മറപറ്റി വയൽവരമ്പിലൂടെ ഭാരിച്ച ബാഗും പിടിച്ച് ഞാൻ പ്രയാസപ്പെട്ട് നടന്നു. മീനാക്ഷിക്ക് ആവേശം ഇരട്ടിയായി. കയ്യോക്കെ വിടർത്തി വട്ടം തിരിഞ്ഞ് മണ്ണിൻ്റെ ഗന്ധവും ആസ്വദിച്ചാണ് നടപ്പ്. വയലെല്ലാം കൊയ്ത് കഴിഞ്ഞ് അടുത്ത വിതക്ക് ഉഴുതുമറിച്ച് ഇട്ടിരിക്കാണ്. ഇവിടെ നിന്ന് നോക്കിയാൽ അങ്ങേയറ്റം വരെ ചുവന്ന മണ്ണ് കൊണ്ടുള്ള ഒരു കടലാണ്. അതില് മീനാക്ഷി ഒരു കടലാസ് തോണികണക്കെ നീങ്ങികൊണ്ടിരുന്നു. നിറവെയിലവൾക്ക് സ്വർണ്ണ കുടചൂടി.

 

പ്രൗഢഗംഭീരങ്ങളായ വാസ്തുവിദ്യ ശിൽപങ്ങൾ നിറഞ്ഞ പഴയ ഇല്ലങ്ങൾ വയലിനോട് ചേർന്നു നിൽപ്പുണ്ട്. ഭൂപരിഷ്കണ നിയമത്തിനു ശേഷം തകർന്ന പലതും ഇപ്പോൾ ജീർണ്ണനത്തിൻ്റെ വക്കിലെത്തിയെങ്കിലും, അവയുടെ ചിതലരിച്ച കോലായിലിപ്പോഴും അരച്ച ചന്ദനം മണക്കാറുണ്ട്. അതു കണ്ടപ്പോൾ എനിക്ക് പഴയൊരു കഥ ഓർമ്മയിൽ വന്നു. ഞാൻ അതു ചിന്തിച്ച് നോക്കുമ്പോൾ, മീനാക്ഷി ബാഗിനി അവളു പിടിക്കുമെന്ന് പറഞ്ഞ് കൈനീട്ടുന്നു.

 

“താ, ഞാൻ പിടിക്കാം ഉണ്ണിയേട്ട.”

 

“നിൻ്റെ തലക്കെന്താ മീനാക്ഷി വല്ല ഓളവും വെട്ടുന്നുണ്ടോ. അല്ലെങ്കി തന്നെ വയ്യ. നീയിതും കൂടി എങ്ങനെ പിടിക്കാനാണ്. ഞാൻ തന്നെ പിടിച്ചോണ്ട്.”

 

അതവൾക്ക് ക്ഷീണമായി, വാശികയറി.

 

“താ… ഇങ്ങട്.”

 

അവളത് വലിച്ച് വാങ്ങി, പക്ഷെ കയ്യികിട്ടിയപ്പോൾ മുഖം മാറി ഇത്ര ഭാരം  അവളും പ്രതീക്ഷിച്ച് കാണില്ല പാവം. കൊറച്ച് ദൂരം അതുവലിച്ചു നടന്നു നോക്കി. അവസാനം എന്നെ ദയനീയമായി നോക്കി.

 

“ഞാൻ കളിയാക്കില്ല മീനാക്ഷി. ബാഗ് തന്നോ ഞാൻ പിടിച്ചോളാ. ഇവിടെ വച്ച് പെണ്ണുങ്ങളെ ശക്തി പറഞ്ഞ് കളിയാക്കിയാ പാതായിക്കര നമ്പൂതിരിയാരുടെ വേളി ചോദിക്കാൻ വരുന്നാ പറയാ. ആ മന കണ്ടില്ലേ. അവടെ അവരുണ്ട്. എൻ്റെ ഒപ്പം ഒരു യക്ഷി തന്നെ ധാരാളമാണ്.”

Leave a Reply

Your email address will not be published. Required fields are marked *