മീനാക്ഷി കല്യാണം – 6 Likeഅടിപൊളി  

 

മക്കളേ…. പിന്നിൽ നിന്നും ഒരു ഇടറിയ തകർന്ന ശബ്ദം. ഗാംഭീരം ഏറെ കൈമോശം വന്നിട്ടുണ്ടെങ്കിലും ആ ശബ്ദം എനിക്കറിയാം, അച്ഛൻ…. തിരിഞ്ഞ് നോക്കാൻ മാത്രം ധൈര്യം കൈമുതൽ ഇല്ലെങ്കിലും നോക്കി. പരുഷമായ മുഖഭാവവും, വെട്ടിയൊതുക്കിയ വലിയ കൊമ്പൻ മീശയും, ചീകി നിവർത്തിയ മുടിയും, വടിപോലുള്ള വസ്ത്രങ്ങളും, വിരിഞ്ഞ നെഞ്ചും, തിളങ്ങുന്ന കണ്ണുകളും അവിടെ കണ്ടില്ല. പഴയ അച്ഛനേയല്ല. ഈ രണ്ടു വർഷത്തിൽ ഒരുപാട് വയസ്സായിരിക്കുന്നു. തളർന്ന് കവിളൊട്ടി, പാറി പറന്ന മുടിയും , ചുവന്ന ചരൽവഴി പോലെ രക്‌തം അരിച്ച് കയറിയ മുഖത്ത് വളർന്ന താടിരോമങ്ങളും, കൂനികൂടിയ ഒരു രൂപം. അച്ഛനെ അങ്ങനെ കണ്ടപ്പോൾ നെഞ്ചിലെവിടെയൊക്കെയോ ഒരു വേദന. സ്നേഹം നമ്മുക്ക് നഗ്നനേത്രങ്ങളിൽ മനസ്സിലാക്കിയെടുക്കാവുന്നതിലും സൂക്ഷ്മമായ എന്തോ പരമാണുവാണ്, ലോകത്തെല്ലാം നിർമ്മിക്കപ്പെട്ടിട്ടുള്ളത് അതിനാലാണ്.

 

ഒരാളില്ലാതാവുമ്പോൾ നമ്മുക്ക് ചുറ്റും അയാളുണ്ടാക്കിയെടുത്ത ഒരു മനോഹരലോകം കൂടിയില്ലാതാവുന്നു. പൂക്കളും പുഴകളും കാടും മലനിരകളും സുന്ദരസന്ധ്യകളും, ഞൊടിയിൽ ചാരമാകുന്നു. ആ ചാരത്തിൽ ചികയുന്ന പക്ഷികൾ നമ്മളെല്ലാം തുല്ല്യ ദുഃഖിതരാണ്. തുല്ല്യ ദുഃഖിതർ ലോകത്താകമാനം സമൻമാരാണ്. നമ്മുക്ക് ഭാഷയുണ്ട്. അതിൻ്റെ ലിപി കണ്ണുനീരാണ്.

 

മക്കളെ …. ആ വിളി പകുതിയൊരു തേങ്ങലായിരുന്നു. പെട്ടികരഞ്ഞ് കൊണ്ട് അച്ഛൻ കാലിടറി നിലത്തിരിക്കാൻപോയി. പെട്ടന്ന് ഉള്ളീന്നാരോ തള്ളിവിട്ടത്

പോലെ ഞാൻ ചെന്ന് താങ്ങിപിടിച്ചു. അലച്ച് കൊണ്ട് അച്ഛനെന്നെ മുറുക്കെ കെട്ടിപിടിച്ച് കരഞ്ഞ് കൊണ്ടിരുന്നു. ആ ശരീരം ഇടക്കിടെ ഉൾകിടിലംകൊണ്ടെന്ന പോലെ വിറക്കുന്നുണ്ട്, എൻ്റെ വിരൽതുമ്പിൽ അശക്തമായ ആ ഹൃദയമിടിപ്പ് തൊട്ടറിയാം.  വെട്ടിപിടിച്ചതെന്ന് കരുതിയതെല്ലാം അശേഷം തകർന്ന് നിലംപൊത്തിയ, നിസ്സാരനായ ഒരു മനുഷ്യൻ്റെ ഹൃദയമിടിപ്പ്. ‘അച്ഛൻ കരയോ…?!!, ഇതെന്ത് മറിമായം. അമ്മയിതെങ്ങാൻ കണ്ടാൽ ഞാൻ കരയീച്ചൂന്നാവില്ലേ.’ ഈ കണ്ട ശക്തരുടെ ശക്തിയെല്ലാം ഒരുപക്ഷെ അവരെ ചുറ്റിയ അശക്തരായിരുന്നിരിക്കണം. ആകാശം കണ്ണ്തുറന്ന് ഒരു മഴതുള്ളി വന്നെൻ്റെ മുഖത്ത് പതിച്ചു. നിമിഷം പ്രതി പെറ്റ് പെരുകി അതൊരു പെരുമഴയായി.

 

അച്ഛൻ വേഗം ഞങ്ങളുടെ കയ്യും പിടിച്ച് ഉമ്മറത്തേക്ക് നടന്നു ഇപ്പോൾ ആ മുഖത്തൊരു ചിരിയുണ്ട്. ആരെയോ ചുറ്റിലും നോക്കിയത് കാണിച്ച് കൊടുക്കുന്നുണ്ട്.

 

വീടും മുറ്റവും ഒന്നും പഴയത് പോലെയില്ല. അടിച്ചുവാരി സുന്ദരമായി കിടക്കാറുള്ള മുറ്റത്ത് ആകെ കറുകപുല്ല് വളർന്ന് പടർന്ന് നിറഞ്ഞു, വരമ്പിൽ അവിടവിടെ പൊന്തക്കാട്ട് വളർന്ന് അതിരു കാണാതായായി, ഒരുപാട് ദിവസത്തെ പത്രങ്ങൾ ഇറയത്ത് കുന്നുകൂടി കിടക്കുന്നു, ഉത്തരം ചിലന്തികൾ കയ്യടക്കിയിട്ട് കാലം കുറെ ആയെന്നു തോന്നുന്നു, അവരവരുടെ ഇണകളെ ദ്രവിച്ച കഴുക്കോലിൽ ചേർത്ത് നിർത്തിപൂശുന്നു, കൊല്ലുന്നു, ശവം  വഴിയിലുപേക്ഷിച്ച് പോകുന്നു. കരിയിട്ടു പിടിച്ച ഉമ്മറത്തിൻ്റെ മങ്ങിയ തറ പണ്ട് മുഖം നോക്കാൻ പാകത്തിൽ തിളങ്ങുമായിരുന്നു. ഐശ്വര്യം ഒരു എണ്ണവിളക്കിൻ്റെ തിരികണക്കെ കാറ്റിൽ അണഞ്ഞു പോയ വീട്. വിണ്ണിലെ സ്വർഗ്ഗം മണ്ണിൽ വീണുടഞ്ഞിരിക്കുന്നു.

 

ആരുമില്ല അച്ഛനും കുറേ ഇരുട്ടും മാത്രമേ ആ വീട്ടിലുള്ളു. കുറച്ചപ്പുറം ഉള്ള ശന്തോച്ചി രാവിലെ തന്നെ ഓടിപിടഞ്ഞ് വന്ന് കുറച്ച് സമയത്തിൽ ചോറും ഒരു ഒഴുക്ക് കറിയും വച്ച്, വീട് മൊത്തം ഒന്നു ഓടിച്ച് വൃത്തിയാക്കി അതിലും വേഗത്തിൽ തിരിച്ച് വീട്ടിൽ പോകും, അവർക്ക് ഉച്ചക്ക് സൂര്യടീവിലെ കോലങ്ങൾ സീരിയല് കാണണ്ടതാണ്. വല്ലപ്പോഴും തോന്നിയാൽ മാത്രം മുറ്റവും അടിക്കും. മാസം ഉറുപ്പിക പതിനായിരത്തിൽ വാങ്ങാൻ മാത്രം ഉഴപ്പില്ല. ചേടത്തി ഇടക്ക് വന്നുപോകും, അവൾടെ ഇപ്പഴത്തെ പോസ്റ്റിംങ് ഇവിടെത്തെ മാലിന്യ നിർമാർജന ബോർഡിൻ്റെ ചെയർമാൻ ആയാണ്, ടൗണിൽ ഒഫീഷ്യൽ വസതിയുണ്ട്. ഞാൻ വന്നതറിഞ്ഞാ എന്തായാലും പിള്ളേരേം കൊണ്ട് കെട്ടിയെടുക്കാൻ സാധ്യതയുണ്ട്. അവക്കിവിടെ വന്ന് സ്ഥിരം നിന്നാലെന്താ, ഒരു മണിക്കൂറിൻ്റെ ദൂരല്ലെ ഇള്ളു, സർക്കാര് വണ്ടിയുള്ളതല്ലെ. സർക്കാരിൻ്റെ എണ്ണ കുറച്ച് അങ്ങട് കത്തട്ടെ. അല്ലേലും പണ്ടും അച്ഛനടക്കം എല്ലാർക്കും സ്വന്തം കാര്യങ്ങള് മാത്രേ ഇണ്ടായിരുന്നുള്ളോ.

Leave a Reply

Your email address will not be published. Required fields are marked *