മീനാക്ഷി കല്യാണം – 6അടിപൊളി  

 

“ഞങ്ങൾ ഒരിക്കലും ഒരു നല്ല അച്ഛനും അമ്മയും ആയിരുന്നില്ല. ഒരിക്കലും അവളെ ഞങ്ങൾ അകമറിഞ്ഞ് സ്നേഹിച്ചിട്ടില്ല, മടിയിലിരുത്തി ഒന്ന് കൊഞ്ചിച്ചിട്ടില്ല.

എൻ്റെ കുഞ്ഞ് ഒത്തിരി സുന്ദരിയായിരുന്നു. അവളു ചെന്നിടത്തൊന്നും അവളുടെ അത്ര സൗന്ദര്യം ഉള്ള ആരും തന്നെ ഉണ്ടായിട്ടില്ല. പക്ഷെ ആരും അവളെ അവിടെയൊന്നും മനുഷ്യനായിട്ട് പോലും കണ്ടിരുന്നില്ല. എന്തൊക്കെ തന്നെ പറഞ്ഞാലും എയ്ഡ്സ് രോഗിയായ പെൺക്കുട്ടിയെ എപ്പോഴും സമൂഹം മറ്റൊരു കണ്ണിലാ കാണുള്ളു, അത്ര വികസനമുള്ള രാജ്യതലസ്ഥാനത്ത് അങ്ങനെയാണെങ്കിൽ ഇവിടെത്തെ കഥ പറയണോ. അതാ ആരോടും പറയാതിരുന്നത്.”

 

“ഞാനും ഒരച്ഛനല്ലെ അവളെ ആരെയെങ്കിലും പിടിച്ചേൽപ്പിക്കണ്ടെ. ചതിയാണ് ചെയ്യാൻ നോക്കിയത്, അവൻ പട്ടാളക്കാരൻ ആയത് കൊണ്ട് കാര്യമറിഞ്ഞാലും അഭിമാനം കരുതി, അവളെ കൈവിടില്ലാന്നു തോന്നിയത് കൊണ്ടാണ് കല്ല്യാണമാലോചിച്ചത്. പക്ഷെ എന്റെ കുഞ്ഞ് അറിഞ്ഞ് കൊണ്ട് ആരെയും ചതിക്കാൻ തയ്യാറായിരുന്നില്ല. അവളാർക്കും ബാധ്യതയാവാനും ഒരുക്കമായിരുന്നില്ല. അതുകൊണ്ടാണ് അവൾ ഓടിപ്പോയതെന്ന് എനിക്ക് ഇപ്പോഴും ഉറപ്പാണ്.”

 

“എങ്ങിനെയാണ്, നീ ഇതിനിടയിൽ വന്നുപെട്ടതെന്ന് എനിക്കറിയില്ല, പക്ഷെ അവൾ നിന്റെയൊപ്പം ഇത്രനാൾ എങ്ങും പോകാതെ നിന്നിട്ടുണ്ടെങ്കിൽ, എനിക്ക് ഉറപ്പാണ് അവൾക്ക് ഇഷ്ടമുള്ള എന്തോ ഒന്ന് നിന്നിൽ ഉണ്ടെന്ന്. അതെന്താണെന്ന് എനിക്ക് നീയിവിടെ വന്നപ്പോൾ നിന്റെ കണ്ണിൽ കാണാൻ കഴിഞ്ഞു. അത് അവളോടുള്ള സ്‌നേഹമാണ്. അതാണ് അവളെ നിൻ്റെടുത്ത് പിടിച്ച് നിർത്തിയത്. എൻ്റെ കുട്ടിക്ക് ജീവിതത്തിലാദ്യമായി കിട്ടിയ സ്നേഹമാണ് നീ. ഒരുപാട് കൊതിച്ചു പോയിണ്ടാവും ൻ്റെ കുട്ടി. ഇപ്പൊ അവള് പോയിട്ടുണ്ടെങ്കിൽ അതും നിന്നെയോർത്ത് മാത്രമാവും. നിന്നോടുള്ള സ്നേഹം കൊണ്ടാവും.”

 

മരണം…, ആത്മഹത്യ… ആ വാക്കുകൾ അവനെ ഭ്രാന്തനാക്കി. “അവളങ്ങനെയൊക്കെ ചിന്തിച്ചാൽ, അത് ശരിയാണെന്നാണോ. അതിന് ഞാൻ സമ്മതിക്കണ്ടെ. അതിനരവിന്ദൻ ചാവണം.” ഒട്ടും സമയം കളയാതെ, തിരിഞ്ഞുനോക്കാതെ അരവിന്ദൻ മഴയിലേക്കിറങ്ങിയോടി.

 

********** ചിന്തയുടെ തീവ്രത പരന്നില്ലാതായപ്പോഴാണ്, മീനാക്ഷി ഇരിക്കുന്ന സ്ഥലത്തിനെ കുറിച്ചു ബോധവതിയായത്. പെട്ടന്ന് വലിയശബ്ദത്തിൽ ഹോൺ മുഴക്കി മഴയൊട്ടും കാര്യമാക്കാതെ ഒരു മോട്ടോർബസ്സ് വന്ന് നിന്നു. അവളതിനുള്ളിലെ ഇരുട്ടിലേക്ക് ഒരുവട്ടം നോക്കി, അപ്പുറത്തെ കടവിലേക്ക് വിഴികൾ നട്ടു. അവനെ ഇട്ടെറിഞ്ഞ് പോകുമ്പോഴും, തന്നെ തിരിഞ്ഞവൻ വരുമെന്ന്, അവളുടെ മനസ്സ് അവളറിയാതെ തന്നെ തുടിച്ചിരുന്നു. ബസ്സിലേക്ക് കാലെടുത്ത് വച്ച് ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കി. അകലെ അലറിവിളിച്ചൊഴുകുന്ന പുഴക്കപ്പുറം, അലച്ച്തല്ലി പെയ്യുന്ന മഴക്കപ്പുറം,  നെഞ്ച്പൊട്ടി വിളിച്ചവൻ ഓടിവരുന്നു, തകർന്നുപോയ അവളുടെ പ്രാണനാഥൻ, അടക്കാനാവാത്ത ഹൃദയവേദനയിൽ അവൾ തിരിഞ്ഞു. ഇല്ല, ഞാനെന്ന പാഴ്‌ജൻമം തലയിലേറ്റാൻ മാത്രം, പാപം എൻ്റെ ഉണ്ണിയേട്ടൻ ചെയ്തിട്ടില്ല. ഇത് തന്നെ അധികമായി, ഇനി എന്റെ സമയമായി. മടുത്തു, എത്ര നാളായി ഈ ഒളിച്ചോട്ടം തുടങ്ങിയിട്ട്.

 

****** ഹൈഡിയ ബ്രോഡ്ബെൻ്റ് , ലോകം മുഴുവൻ പ്രശസ്തയായ എയ്‌ഡ്‌സ് കിഡ്. ഇൻ്റർവ്യൂ ഞാനും കണ്ടിട്ടുണ്ട്. ഓമനയായ ഒരു ആഫ്രോ-അമേരിക്കൻ കുട്ടി, വളരെ കൊച്ച്കുട്ടി. അവൾ ചെറുപ്പം മുതൽ എയ്സ്ബാധിതയാണ്. അവളനുഭവിച്ച ദുരിതങ്ങൾ, രോഗപീഢകൾ… ചെറുതിലെ തന്നെ തലച്ചോറിൽ അണുബാധ, രക്തസംക്രമ വ്യാധികൾ, ന്യൂമോണിയ, മറ്റു ഗുരുതരമായ രോഗാവസ്ഥകൾ, അബോധാവസ്ഥകൾ, എല്ലാം അന്ന് ഒരുപാട് വേദനിപ്പിച്ചതാണ്. ആശുപത്രി കിടക്കയിലെ ഒരുപാട് സുഹൃത്തുക്കൾ മരിക്കുന്നത്, വേദനയോടെ കാണേണ്ടി വന്ന കുഞ്ഞ്. എങ്കിലും അവളുടെ ജീവിതദർശ്ശനം ജീവിക്കലായിരുന്നു, മരണത്തിനും മുകളിൽ അതിമനോഹരമായി ജീവിക്കുകയെന്നത്. മീനാക്ഷിയുടെ ജീവിതവും, അത്തരം പീഢകളിൽ നിന്നുമുള്ള ഒരു അതിജീവനമായിരുന്നു. അരവിന്ദൻ്റെ ഉള്ളംകാൽ മുതൽ ഉച്ചിവരെ വൈദ്യുത പ്രവാഹങ്ങൾ സഞ്ചരിച്ചു. ഇതറിഞ്ഞിരുന്നെങ്കിൽ, നേരത്തേ… അൽപ്പമെങ്കിലുമറിഞ്ഞിരുന്നെങ്കിൽ, ഇപ്പോൾ സ്നേഹിക്കുന്നതിൻ്റെ ഒരു നൂറിരട്ടിയെങ്കിലും ഞാൻ അവളെ സ്നേഹിച്ചേനെ. ഇപ്പോൾ എന്നെവിട്ട് അകലാൻ നോക്കുമ്പോൾ എന്ത് പറഞ്ഞാണ് ഞാൻ തിരികെ വിളിക്കണ്ടത്. എങ്ങനെയാണ് എനിക്കവളെ വിട്ട് ജീവിക്കാൻ തന്നെ കഴിയില്ലെന്നു ഞാൻ മനസ്സിലാക്കി കൊടുക്കണ്ടത്. അവൾക്ക് മുൻപേ, ഒരു നിമിഷം മുൻപേയെങ്കിലും മരിച്ചോ?… മഴനീരിൽ, കൊഴുത്ത കണ്ണുനീരു കലർന്നതു തുടച്ചെറിഞ്ഞു ഞാൻ ഓടി, അകലെ കടവ് കാണാം, ഒരു പൊട്ടുപാലെ അക്കരെയിൽ അവളെയും. അവളെന്നെ കണ്ടിട്ടില്ല. ബസ്സിലേക്ക് കയറുകയാണ്.അതാ കരവിട്ടാൽ ഞാനവളെ എവിടെ ചെന്നു കണ്ട്പിടിക്കും.

 

******

പുഴക്കെന്തോ ഒരു മാറ്റംപോലെ. വല്ലാത്തൊരു ഒഴുക്കും, കലക്കവും, ഈശ്വരാ മലവെള്ളം ഇറങ്ങിയതായിരിക്കരുതേ.

 

പ്രാർത്ഥനകൾക്കെന്നും യതൊരു ഫലവുമില്ലതെ പോയി. മലവെള്ളം രാക്ഷസ ഭാവത്തിൽ  കുറുമാലിയെ പ്രാപിച്ചിരുന്നു. ഞാൻ അവിടെ ഓലകീറുനെയ്ത ഷെഡ്ഡിൽ ബീഡിയും പുകച്ചിരിക്കുന്ന തോണിക്കാരോട് ഒന്നുവിടാതെ അപേക്ഷിച്ചു, തോണിയിറക്കാൻ. ആരും തയ്യാറല്ലായിരുന്നു. ഇറക്കിയ തോണി കൺമുന്നിൽ മുങ്ങി, മലവെള്ളത്തിൽ ഒലിച്ച്പോയത് അവര് കണ്ണ്കൊണ്ടു കണ്ടതായിരുന്നു.ആ അപകടസാധ്യത ഏറ്റെടുക്കാൻ മാത്രം അവർക്കാർക്കും, നഷ്ടപ്പെടാൻ അപ്പുറത്ത് അവരുടെ പ്രാണനിരുപ്പില്ലായിരുന്നു, എനിക്കല്ലാതെ.

 

ഞാൻ അവരെ പറഞ്ഞ് മനസ്സിലാക്കാനുള്ള വിഫലശ്രമം ഉപേക്ഷിച്ച്, തലയിൽ കൈകൊടുത്ത്, ആ മഴയത്ത് വെറും മണ്ണിലിരുന്ന് വിലപിച്ചു. പിറകിൽ നിന്നും വരിയായി ഒഴികിയെത്തിയ മഴവെള്ളം എന്നെ തഴുകി പുഴയിലേക്കിറങ്ങി അതിൽ ലയിച്ചില്ലാതെയായി. എന്നെയെന്തിനോ നയിക്കുന്നത് പോലെ. ഞാൻ കണ്ണൊന്നിറുക്കിയടച്ചു തുറന്നു. ഞാൻ ഹൃദയംകൊണ്ട് ചിലത് തീരുമാനിച്ചിരുന്നു.

 

****

കാലംതെറ്റി പെയ്യുന്ന മഴ,….

 

ദിശയില്ലാതെ ചിതറിയടിച്ച ഒരു കാറ്റിൽ മഴത്തുള്ളികൾ ചരല് വാരിയെറിയും പോലെ മുഖത്ത് വന്നടിച്ചു വീണു. ചെവിയിൽ മഴക്കാറ്റിൻ്റെ മൂളക്കം മാത്രം. കൺമുന്നിൽ കുറുമാലിപ്പുഴ രൗദ്ര ഭാവത്തിൽ  മുടിയഴിഞ്ഞൊഴുകുന്നു. അവളെ ഇത്രയടങ്ങാത്ത കോപത്തിൽ ആരും ഇന്നേവരെ കണ്ടിരിക്കില്ല.

 

ഞാൻ അക്കരെക്ക് നോക്കി, കളിക്കുന്നത് മരണത്തോടാണ്.

 

ഞാൻ വള്ളമിറക്കില്ലെന്ന് അവസാനമായും പറഞ്ഞ തോണിക്കാരനെ ഒരിക്കൽ കൂടി നോക്കി.

Leave a Reply

Your email address will not be published. Required fields are marked *