അപ്പോഴാണ് ആ കാലഘട്ടത്തിനു ഒട്ടും ചേരാത്ത ഒരാൾ മുറിയിലേക്കു വന്നത്. സെറ്റ്സാരിയുടുത്ത്, കയ്യിലൊരു ഗ്ലാസ് പാലുണ്ട്. ആ കാലഘട്ടത്തിൽ ഈ സമയത്ത്, ഈ കുളിരിൽ കിടക്കാൻനേരം ഇങ്ങനെ ഒരു സുന്ദരി സെറ്റുടുത്ത് മാദകതിടമ്പായായി മുറിയിൽ കയറി വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ആണുങ്ങളാരാണുള്ളത്. ഞാൻ ചരിഞ്ഞ് ഇടത്കയ്യിൽ തലചാരി അവളെ നോക്കികിടന്നു. ഒറ്റവലിക്ക് ആ പാല് മുഴുവൻ അവള് കുടിച്ചു. ചേച്ചി അവൾക്കു കുടിക്കാൻ കൊടുത്തയച്ചതാത്രെ. അത് എൻ്റെ മുന്നിൽ വച്ച്തന്നെ മുഴുവനായും കുടിക്കാനും പറഞ്ഞത്രെ ..!
“ ഛെ, ഇതന്ന് ദിവാസ്വപ്നത്തിൽ ഇല്ലായിരുന്നു, ഒട്ടും റൊമാൻ്റിക്ക് അല്ല.”
“എന്ത് ദിവാസ്വപ്നം” അവൾക്ക് കേൾക്കാൻ ആകാംഷ കയറി കട്ടിലിൽ ചാടികയറിയിരുന്നു. നല്ല പ്രായമുള്ള കട്ടിൽ പെട്ടന്നുണ്ടായ വേദനയിൽ ഒന്നു ഞരങ്ങികരഞ്ഞു.
“നീ ഈ മച്ചുംപൊളിച്ച് എന്നെയും കൊണ്ട് താഴെപോകോ പെണ്ണേ” അവൾ വെറുതെ ഇളിച്ച് എന്റെ നെഞ്ചിൽകുത്തി.
ഞാൻ എൻ്റെ കൗമാരസ്മരണകളുടെയും, അന്നത്തെ കൊച്ചുകൊച്ചു മോഹങ്ങളുടെയും കെട്ടഴിച്ചു. അവൾക്ക് ചിരിനിർത്താൻ പറ്റണില്ല.
“അപ്പൊ ഇങ്ങനത്തെ മോഹങ്ങളാലെ ഉള്ളിലുള്ളത്, ഈനേരത്ത് ഇങ്ങനെ ഒരു മാദകതിടമ്പ് വന്നാമാത്രം മതിയൊ.?!”
“ഇല്ല, ഇങ്ങനെ അടുത്തിരിക്കണം ഈ കട്ടിലിന്റെ ഓരത്ത്, എൻ്റെ ചാരത്ത്.”
“അപ്പൊ, അത്രേം മതിയോ ? അതോണ്ട് ദിവാസ്വപ്സം തീരോ?” കള്ളത്തരമാണ് അവളുടെ മുഖത്താകെ.
“ പോരാ, ഇങ്ങനെയിങ്ങനെയിങ്ങനെ…” ഞാൻ സെറ്റ് സാരിക്കുള്ളിൽ കൈകടത്തി പൊക്കിൾചുഴിയിൽ വിരൽകൊണ്ട് കളം വരച്ചു.
“യ്യോ…” അവളു പുളഞ്ഞ് അതിന്നു മുകളിൽ കൈവച്ച് എന്നെ നോക്കി കുറുമ്പോടെ ചോദിച്ചു. “ആട്ടെ, ആരെയാ ൻ്റെ മോൻ, ഇങ്ങനെയൊക്കെ സ്വപ്നം കണ്ടത്. വല്ല സിനിമാനടിമാരെയും ആണോ ?”
ഈ ചോദ്യത്തിന് നിങ്ങൾ ഭാര്യയോട് എന്ത് മറുപടി പറഞ്ഞാലും ഇടിയുറപ്പണ്. പക്ഷെ എൻ്റെ സത്യത്തിന് ഇടികിട്ടില്ലെന്ന് എനിക്കുറപ്പായിരുന്നു.
ഞാൻ വാനിൽ നിറനിലാവമ്പിളിയെ നോക്കിപറഞ്ഞു “നിന്നെ.”
“എന്നെയോ?!!, അവൾക്ക് കൗതുകമായി.” ഞാൻ അവളെ നോക്കിചിരിച്ചു. അവളുടെ മുഖത്ത് ആകാംഷ ശമിച്ചിരുന്നില്ല.
“ അതിന് … അതിന് ന്നെ അന്ന് കണ്ടിട്ടുണ്ടോ.!!” ആ കണ്ണെല്ലാം വിടർന്നുവന്നു.
“ഇല്ല, പക്ഷെ കൊറേ.. കൊറെ.. കേട്ടിട്ടുണ്ട്, അതുവച്ച് മനസ്സിൽ ഞാനൊരു രൂപം അങ്ങട് ഇണ്ടാക്കി.” അവൾക്കാകെ അത്ഭുതം.
“ഒരിക്കെ ചേടത്തി അവളുടെ ഒരു കസ്സിന് വേണ്ടി നിന്നെ കല്ല്യാണമാലോചിച്ചാലോന്നു പറഞ്ഞേ വീട്ടിലെല്ലാരോടും, അത്ര സുന്ദരിയാണ്, നല്ല കുട്ടിയാണ് എന്നൊക്കെപറഞ്ഞപ്പൊ, ഞാൻ ഇണ്ടല്ലോ… അപ്പെല്ലാം മച്ചിലിരുന്നു കേട്ടിരുന്നേ. അന്നു ഞാനിങ്ങനെ ഇവിടെ വെളിയിൽ ഓട്ടിൻ പുറത്തിരുന്നു ഇതുപോലെ അമ്പിളിയേം നക്ഷത്രങ്ങളൊക്കെ കാണായിരുന്നു, അന്ന് ആകാശം നിറയെ നക്ഷത്രങ്ങളായിരുന്നേ. അതൊക്ക ഇടക്കിങ്ങനെ പെയ്തിറങ്ങാറുണ്ടേ…! അവരൊക്കെ താഴെ ആയോണ്ട് എന്നെ കണ്ടിരുന്നില്ല. അപ്പൊളിണ്ട് അമ്മ പറയണു ‘അവള് ഉണ്ണിക്ക് പറ്റിയ കുട്ടിയാന്ന്’. എനിക്കങ്ങട് നാണം വന്നില്ലെ. അപ്പൊ പക്ഷെ എല്ലാരും കൂടി അമ്മേനെ കളിയാക്കി; ‘ഒരു വേലേം കൂലീം ഇല്ലാതെ, നാട്ടിൽ തേരാപാരാ തെണ്ടി നടക്കണോനെയൊക്കെ എങ്ങനെയാ പുറത്തൊക്കെ പഠിച്ചു വളർന്ന, കോളേജിലൊക്കെ പഠിപ്പിക്കണ ഇത്രനല്ല കുട്ടിക്ക് ഇഷ്ടാവാ ന്ന് പറഞ്ഞിട്ട്.’ എനിക്കാകെ സങ്കടംവന്നേ. എന്നെ അങ്ങനെ പറഞ്ഞോണ്ടല്ല, അമ്മക്ക് ഞാൻ കാരണം കളിയാക്കല് കേക്കണ്ടി വന്നല്ലോന്ന് വച്ച്ട്ട്. എനിക്കിതൊക്കെ ശീലായിരുന്നു.പക്ഷെ അമ്മക്ക് അങ്ങനെയല്ലല്ലോ. ഒരുതരത്തിൽ പറഞ്ഞാൽ ഞാനാണ് എല്ലാത്തിനും കാരണം. ഒരുപാട് തീ തിന്നിട്ടാ അമ്മ പോയത്.” എന്റെ കണ്ണ് ചെറുതായിട്ട് നനഞ്ഞു. മീനാക്ഷിയുടെ കണ്ണിൽ നോക്കുമ്പോ, അവിടെയാകെ കണ്ണീര് വന്ന്നിറഞ്ഞ്, സ്പടികപാത്രത്തിൽ നിറഞ്ഞ ഒരുതടാകമായി മാറിയിട്ടുണ്ട്, അതിൽ നിലാവ് വെള്ളാരംക്കല്ലെറിഞ്ഞ് കളിക്കുന്നുണ്ട്.
