അവരുടെ സ്നേഹ പ്രകടനങ്ങൾ ഗീതൂന് അത്രയ്ക് പിടിച്ചില്ല എന്നത് വ്യക്തം. അതിനിടേലാണ് അമ്മ അകത്ത് നിന്ന് ഓടി വന്ന് അവരുടെ അടുത്തേക്ക് പോയത്. സ്വന്തം മരുമോളെ മൈൻഡ് പോലും ചെയ്തില്ല.
എല്ലാരുടെ ചെന്ന് അവരെ നാല് പേരേം ആനയിച്ച് അകത്തേയ്ക്ക് കൊണ്ട് വന്നു. എല്ലാവരുടെയും സ്നേഹപ്രകടനങ്ങളും കുശലാന്വേഷണങ്ങളുമൊക്കെ ദുർഗ്ഗയോടായിരുന്നു.
എന്നാലും അവൾ ആദ്യം ചെന്നത് വരാന്തയുടെ മൂലയ്ക്ക് തൂണിനടുത്ത് നിന്ന ഗീതുവിനരികിലാണ്….
“ഗീതു ….അല്ലേ…..” ചിരിച്ച് കൊണ്ടവൾ ഗീതുവിനോട് ചോദിച്ചു.
ഇത്രയും നേരം തെല്ലഅസൂയയോടെ നിന്ന ഗീതു പെട്ടെന്ന് ആ ചോദ്യം കേട്ട് അമ്പരന്നു ….
“അ..അതെ….. എങ്ങനറിയാം…”
ഞാൻ ഫോട്ടോ കണ്ടിട്ടുണ്ട്. അത് പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു. ഒരു അപരിചിതനെ പോലെ ഞാനും ഒരു ചിരി പാസാക്കി….. പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ഞാനവളെ കാണുന്നത്. അന്ന് എന്തൊക്കെയോ പ്രശ്നമായിട്ട് പോയതാ അവൾ . ഓർക്കും തോറും മങ്ങുന്ന ഓർമ്മകൾ .
എന്തായാലും അവര് വന്നതോടെ നമ്മളെ ആർക്കും വേണ്ടാതായി. ബാഗ് അകത്ത് വച്ച് പുറത്ത് വന്നപ്പോഴാണ് അരവിന്ദനെ കണ്ടത്.
“അളിയാ ….എപ്പൊ എത്തി … ”
“ഞാനിപ്പൊ എത്തിയതേ ഒള്ളളിയാ ….”
“അത് ശരി, യു എസിന്ന് അമ്മാവനും കുടുംബോം വന്നെന്ന് കേട്ട് . എവിടേടാ ….. ?”
“ആ അകത്തൊണ്ട് ചെല്ല് ചെല്ല്….” ഞാനല്പം മടുപ്പോടെ പറഞ്ഞു.
“എന്താളിയ ഒരു സന്തോഷമില്ലാത്തെ … എന്തായാലും നിനക്ക് സന്തോഷം തരുന്ന ഒരു വാർത്തയൊണ്ട് … ”
“എന്താത് ….”
ശേഖരമ്മാവനൊക്കെ വന്നു.
“ഓ ഞാൻ കണ്ട് രാവിലെ ….”
“ആണോ എങ്കിലെ നീ ദോ അവിടെ നിക്കണ കുരുപ്പിനെ കണ്ടോ ….”
മുറ്റത്ത് നിന്ന് കളിക്കുന്ന 5 വയസ്സ്ക്കാരനെ നോക്കി അവൻ പറഞ്ഞു….
“അതാണ് നമ്മുടെ ചങ്കരന്റെ മോൻ ….”
“പോടാ…… അവനും ഒണ്ടോ ഇവിടെ …..”
“അതല്ലേ ഞാൻ പറഞ്ഞത് നിനക്ക് സന്തോഷ വാർത്ത ഉണ്ടെന്ന് … ”
“പോടാ അവ്ട്ന്ന് … പണ്ടെങ്ങോ എന്തോ നടന്നതിന് …..”
“ഉവ്വ ഉവ്വേ….. ” നീ ഇവിടെ നിക്ക് ഞാൻ അവരെ ഒക്കെ ഒന്ന് കണ്ടേച്ച് വരാം…..
“മ്…….” അവിനിപ്പൊ പറഞ്ഞിട്ട് പോയ ചങ്കരനാണ് എന്റെ ആജന്മ ശത്രു. ശങ്കർ എന്ന ചങ്കരൻ നമ്മുക്കെല്ലാവർക്കും കാണുമല്ലോ നമ്മളെ ചെറുപ്പം മുതലേ ചൊറിയാൻ മാത്രം വരുന്ന ഒരു അവതാരം ….. ത്‌ദന്നെ …..
ആരാ ഇവരൊക്കെ അല്ലെ?… ഇതൊക്കെയാണ് പ്രധാന കുടുംബ അംഗങ്ങൾ . വ്യക്തമായി പറയാം ….. എന്റെ മുത്തശ്ശിയ്ക്ക് 3 മക്കളായിരുന്നു. 2 പെണ്ണും ഒരാണും . അതിൽ ഇളയ മകൾ പണ്ടേ മരിച്ചു. മൂത്ത മകളുടെ മക്കളാണ് എന്റെ അമ്മയും പിന്നെ കുട്ടന്മാമനും. മുത്തശ്ശീടെ മകന്റെ മക്കളാണ് ശേഖരമ്മാവനും ലക്ഷ്മി അമ്മായിയും.
ഇനി എന്റെ അമ്മേടെ പേര് രാധ എന്നാണ് , അച്ഛൻ കൃഷ്ണനും. കുടുംബത്തിലെ ഒറ്റ മോൻ നോം മാത്രമാണ്. എന്റെ കുട്ടന്മാമന് രണ്ട് മക്കളാ. അതിൽ ആവണീടെ കല്യാണത്തിനാണ് ഇപ്പൊ ഇവിടെ കൂടിയത്. ആവണീടെ ചേട്ടനാണ് തൊട്ട് മുന്നേ സംസാരിച്ചിട്ട് പോയ അരവിന്ദൻ ,ഭാര്യ ഇന്ദു , രണ്ട് വയസായ ഒരു കുട്ടീം ഇണ്ട് അവർക്ക്
ഇനി ലക്ഷ്മി അമ്മായിയും മാധവന്മാമയും . ലക്ഷ്മി അമ്മായിടെ ഭർത്താവാണ് മാധവന്മാമ . മക്കൾ നേരത്തേ കണ്ട ഭാമയും ദുർഗ്ഗയും.
ശേഖരമ്മാവന്റെ ഭാര്യ ശാരദമ്മായി. അവർക്ക് രണ്ട് മക്കൾ. ശങ്കറും ശർമിളയും. ശങ്കർ കല്യാണം കഴിച്ചത് അനുരാധയെ ആണ് . ശർമ്മി മാരീഡ് അല്ല..
ഞാനും ആവണീം അരവിന്ദനും ദുർഗ്ഗയും ഭാമയും ചങ്കരനും ശർമീം ഒക്കെ ഒരുമിച്ച് കളിച്ച് വളർന്നവരാണ്. കൂട്ടത്തിൽ ഏറ്റവും ഇളയത് ഭാമയാണ്. ഞാനും അവളും തമ്മിൽ 9 വയസ്സ് വ്യത്യാസമുണ്ട്. അറിവ് വച്ച സമയത്താണ് കുടുംബക്കാര് പല വഴിക്ക് പോയത്. ആദ്യമൊക്കെ സങ്കടം തോന്നിയെങ്കിലും പിന്നെ എല്ലാം മറന്നു. അച്ഛന്റെ നാട്ടിൽ ഒരു പാട് കൂട്ടുകാരെ കിട്ടിയപ്പൊ ഞാൻ അമ്മേടെ വീട്ടുകാരെ ഒക്കെ മറന്നു. എന്നാലും അരവിന്ദനും ഞാനും ശങ്കരനുമൊക്കെ കുറച്ച് കാലം ഒരുമിച്ച് പഠിച്ചവരാണ്. കോളേജിൽ ഞാനും അരവിന്ദനും ഒരു ക്ലാസ്സിലായിരുന്നപ്പൊ ചങ്കരൻ നമ്മുടെ സീനിയർ ആയിരുന്നു. ചെറുപ്പം മുതലേ ചിരവൈരികളായിരുന്നു ഞങ്ങൾ . കോളേജിലും അങ്ങനൊക്കെ തന്നെ. കോളേജ് കഴിഞ്ഞപ്പോൾ എല്ലാം പോയി. അരിവിന്ദും ഞാനും ചങ്കരനുമൊക്കെ പല വഴിക്കായി. അരവിന്ദിന്റെ കല്യാണത്തിന് ശേഷം ദേ ഇപ്പഴാണ് കാണുന്നത്.
“ഈ വഴിയൊക്കെ അറിയോ നിനക്ക് ” പുറകിൽ നിന്നും കനത്ത ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞപ്പോൾ കണ്ടത് ചങ്കരനെയാണ്.
